ഇന്ന്‌ ലോക പുകയില വിരുദ്ധ ദിനം: യുവാക്കൾക്കിടയിൽ പുകവലി ശീലം കുറയുന്നു

ഇന്ന്‌ ലോക പുകയില വിരുദ്ധ ദിനം: യുവാക്കൾക്കിടയിൽ പുകവലി ശീലം കുറയുന്നു
May 31 04:50 2017

കെ കെ ജയേഷ്‌
കോഴിക്കോട്‌: ഇന്ന്‌ ലോക പുകയിലവിരുദ്ധ ദിനം ആചരിക്കുമ്പോൾ കേരളത്തിനുള്ളത്‌ പ്രതീക്ഷയുടെ കണക്കുകൾ. ഒരുകാലത്ത്‌ യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്ന പുകവലി ശീലം ഇന്ന്‌ വലിയ തോതിൽ കുറയുകയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളും നിയമം കർശനമാക്കിയതും മാധ്യമങ്ങളുടെ സജീവമായ ഇടപെടലും ഇതിന്‌ കാരണമായതായി ഐഎംഎയുടെ കോഴിക്കോട്ടെ പുകയില വിമുക്ത ദിനാചരണ പരിപാടികളുടെ പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. ഡോ. എ കെ അബ്ദുൾ ഖാദർ ജനയുഗത്തോട്‌ പറഞ്ഞു.
സിനിമകൾ ഉൾപ്പെടെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുമായാണ്‌ പുറത്തിറങ്ങിയിരുന്നത്‌. എന്നാൽ ആ സ്ഥിതിയ്ക്ക്‌ ഇന്ന്‌ വലിയ മാറ്റമുണ്ട്‌. പുകയില ഉത്പന്നങ്ങളുടെ ടാക്സ്‌ വർദ്ധിപ്പിക്കണമെന്ന ആവശ്യമായിരുന്നു മുൻകാലങ്ങളിൽ ഐഎംഎ ഉയർത്തിയിരുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ പാൻമസാല ഉൾപ്പെടെയുളളവയ്ക്ക്‌ 60 ശതമാനത്തോളമാണ്‌ ഇന്ന്‌ ടാക്സ്‌. വില വർദ്ധിപ്പിച്ചതും പുകവലിക്കാർക്ക്‌ സമൂഹത്തിൽ കിട്ടിയിരുന്ന മതിപ്പ്‌ അടുത്തകാലത്തായി തീരെ ഇല്ലാതായതും യുവാക്കളെ പുകവലിയെന്ന ദുശ്ശീലത്തിൽ നിന്ന്‌ പിന്തിരിപ്പിക്കുന്നുണ്ട്‌.
പാൻമസാല വിൽപ്പന പൂർണമായും നിരോധിച്ച സംസ്ഥാനത്ത്‌ പൊതുസ്ഥലത്തുള്ള പുകവലിയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്‌. സ്കൂൾ തലം മുതൽ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ്‌ സംസ്ഥാനത്ത്‌ നടന്നുവരുന്നത്‌. കേരളത്തിൽ പുകവലിയുടെ കാര്യത്തിൽ ആശ്വാസകരമായ വാർത്തകളുണ്ടെങ്കിലും ലോകത്ത്‌ ഇതല്ല സ്ഥിതിയെന്നും ഡോ. അബ്ദുൾ ഖാദർ വ്യക്തമാക്കി. 10 വർഷം മുമ്പ്‌ പുകയിലയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങൾ കാരണം 30 ലക്ഷത്തോളം ആളുകൾ മരണപ്പെട്ടിരുന്നെങ്കിൽ ഇന്നത്‌ 75 ലക്ഷമാണ്‌. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ കണക്കനുസരിച്ച്‌ 72 ലക്ഷം പേരുടെ ജീവനാണ്‌ പുകയില ഉപയോഗം കവർന്നിരിക്കുന്നത്‌.
യുവാക്കൾക്കിടയിൽ പുകവലി ശീലം കുറഞ്ഞുവരുന്നുണ്ടെങ്കിലും പുകയിലയുമായി ബന്ധപ്പെട്ടുള്ള മരണങ്ങൾ സംസ്ഥാനത്ത്‌ വർദ്ധിച്ചുവരിക തന്നെയാണ്‌. ശ്വാസകോശ രോഗങ്ങളും ശ്വാസകോശ ക്യാൻസറും വൻ തോതിലാണ്‌ ഇവിടെ വർദ്ധിക്കുന്നത്‌. മുൻകാലങ്ങളിൽ പുകവലി തുടർന്നുവന്ന ആളുകൾക്കാണ്‌ രോഗങ്ങൾ വ്യാപകമായി പിടിപെടുന്നത്‌.
ചെറുപ്രായത്തിലേ പുകവലിയ്ക്ക്‌ അടിമയായ ഒരാൾക്ക്‌ 35 വയസിന്‌ ശേഷം ശ്വാസകോശ ക്യാൻസർ വരാൻ സാധ്യത ഏറെയാണ്‌. സിഗരറ്റിന്റെയും മറ്റ്‌ ലഹരി വസ്തുക്കളുടെയും ഉപയോഗം സംസ്ഥാനത്തെ പുരുഷൻമാരിൽ വന്ധ്യത വർദ്ധിക്കാനും കാരണമായിത്തീരുന്നുണ്ട്‌.
പുകയില ഏത്‌ രൂപത്തിലും ഭാവത്തിലും അത്യധികം ആപൽക്കരമാണെന്ന്‌ ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. വി ജി പ്രദീപ്‌ കുമാർ പറഞ്ഞു. പാൻ മസാല വിൽപ്പന സംസ്ഥാനത്ത്‌ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധന നിയമങ്ങൾ വേണ്ടത്ര ശക്തമായ രീതിയിൽ നടപ്പാക്കപ്പെടുന്നില്ല. പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘പുകയില പുരോഗതിക്കൊരു ഭീഷണി’ എന്നതാണ്‌ ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ പുകയില വിമുക്ത ദിനാചരണ മുദ്രാവാക്യം. കുടുംബത്തെ ദാരിദ്രത്തിലേക്ക്‌ തള്ളിവിടുകയും പുകവലിക്കാരിൽ ഉണ്ടാകുന്ന അസുഖങ്ങൾക്ക്‌ ഏറെ പണം ചെലവഴിക്കേണ്ടിയും വരുന്നു. ഇതെല്ലാം വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയ്ക്ക്‌ ഭീഷണിയാണ്‌.

  Categories:
view more articles

About Article Author