ഇപിഎഫ്‌ പലിശനിരക്ക്‌ 0.15 ശതമാനം കുറച്ചു

ഇപിഎഫ്‌ പലിശനിരക്ക്‌ 0.15 ശതമാനം കുറച്ചു
December 20 04:45 2016

ന്യൂഡൽഹി: എംപ്ലോയിസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നടപ്പുസാമ്പത്തിക വർഷത്തിലേക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ്‌ 0.15 ശതമാനത്തിന്റെ കുറവ്‌ വരുത്തിയിരിക്കുന്നത്‌. കേന്ദ്ര തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന എംപ്ലോയീസ്‌ പ്രോവിഡന്ര്‌ ഫണ്ട്‌ ഓർഗനൈസേഷന്റെ സെൻട്രൽ ബോർഡ്‌ ഓഫ്‌ ട്രസ്റ്റീസി (സി ബി ടി)ന്റെ യോഗത്തിലാണ്‌ പലിശ കുറയ്ക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. നേരത്തെ 8.80 ശതമാനമായിരുന്ന നിരക്കാണ്‌ 8.65 ശതമാനമായി കുറച്ചിരിക്കുന്നത്‌. ഇത്‌ ഇപിഎഫിൽ നിക്ഷേപമുള്ള നാലു കോടിയോളം വരുന്ന ജീവനക്കാരെ ബാധിക്കും. നേരത്തെ ഈ വർഷത്തേക്കുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കേന്ദ്രസർക്കാർ കുറച്ചിരുന്നു. പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌, കിസാൻ വികാസ്‌ പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട്‌ എന്നിവയുടെ പലിശ നിരക്കുകളാണ്‌ നേരത്തെ കുറച്ചത്‌.
നേരത്തെ പലിശ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവ്‌ വരുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പി ഇ എഫ്‌ പലിശ 8.8ശതമാനത്തിൽനിന്ന്‌ 8.7 ശതമാനമാക്കാനുള്ള തീരുമാനാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌.

  Categories:
view more articles

About Article Author