ഇമാന്റെ ചികിത്സ ഇനി അബുദാബിയിൽ: ഭാരം 171 കിലോയായി കുറഞ്ഞെന്ന്‌ ആശുപത്രി അധികൃതർ

ഇമാന്റെ ചികിത്സ ഇനി അബുദാബിയിൽ: ഭാരം 171 കിലോയായി കുറഞ്ഞെന്ന്‌ ആശുപത്രി അധികൃതർ
April 29 04:44 2017

പ്രത്യേക ലേഖകൻ
അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീയായ ഈജിപ്റ്റിലെ ഇമാൻ അബ്ദുൽ അത്തിയെ ഭാരം കുറയ്ക്കാനുള്ള തുടർചികിത്സയ്ക്കായി അടുത്തയാഴ്ച അബുദാബിയിലെ ബുർജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ലുലുഗ്രൂപ്പിന്റെ കീഴിലുള്ള വിപിഎസ്‌ ഹെൽത്ത്‌ കീയർ ചെയർമാൻ ഡോ. ഷംസീർ വയലിലും സിഇഒ ഷാജിർഗഫാറും ബുർജീലിലെ വിദഗ്ധ ഡോക്ടർമാരും ഇമാനെ ഇപ്പോൾ ചികിത്സിക്കുന്ന മുംബൈയിലെ സെയ്ഫീ ആശുപത്രിയിലെത്തി ചർച്ചകൾ നടത്തി അബുദാബിയിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. എത്തിഹാദ്‌ എയർവേസിലെ എട്ട്‌ സീറ്റുകൾ ഇളക്കി മാറ്റി ഇമാനെ പ്രത്യേക ഇരിപ്പിടത്തിലാക്കി കൊണ്ടുവരാനാണ്‌ പദ്ധതി.
500 കിലോ ഭാരമുണ്ടായിരുന്ന ഇമാനെ ഈജിപ്റ്റിൽ അലക്സാണ്ട്‌റിയയിലെ താമസസ്ഥലത്തെ വാതിൽ പൊളിച്ച്‌ ക്രെയിൻ ഉപയോഗിച്ച്‌ പുറത്തിറക്കിയാണ്‌ വിമാനത്തിലെ ചരക്ക്‌ അറയിൽ പ്രത്യേക സംവിധാനമൊരുക്കി മുംബൈയിലേയ്ക്ക്‌ കൊണ്ടുവന്നത്‌. ആശുപത്രിയുടെ മുകളിലെ നിലയിലെ ജനാലകൾ മാറ്റിയ ദ്വാരത്തിലൂടെയായിരുന്നു ഇമാന്റെ അഡ്മിഷൻ. മാർച്ച്‌ ഏഴിന്‌ ഡോ. റുഫസൽ ലക്ഡാവാലയുടെ നേതൃത്വത്തിൽ ഭാരറാണിയുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയും നടത്തി. ഇതോടെ ഭാരം ഗണ്യമായി കുറഞ്ഞു. ഇപ്പോൾ ഭാരം വെറും 171 കിലോ മാത്രമാണെന്ന്‌ ഡോ. ലക്ഡാവാല അവകാശപ്പെട്ടു.
എന്നാൽ ഒരു ഗ്രാം ഭാരം പോലും കുറഞ്ഞിട്ടില്ലെന്നാണ്‌ മുപ്പത്താറുകാരി ഇമാന്റെ കൂട്ടിരിപ്പുകാരി അനുജത്തി ഷൈമസലിം തർക്കിക്കുന്നത്‌. ഇമാന്റെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും കണ്ടാൽ ഭാരം കുറഞ്ഞുവെന്നു കാണാം. ഷൈമ തന്റെ ചേച്ചിയെ അബുദാബിയിലേയ്ക്ക്‌ മാറ്റാൻ പറയുന്ന കാരണവും ഭാരം കുറഞ്ഞില്ലെന്നതു തന്നെ. എന്നാൽ തങ്ങൾ ഈ ഭാരതർക്കത്തിനില്ലെന്നും ഇപ്പോഴത്തെ ഭാരം 171 കിലോ എന്ന്‌ ഡോ. ലക്ഡാവാല പറഞ്ഞത്‌ വിശ്വാസത്തിലെടുക്കുന്നുവെന്നുമാണ്‌ ഡോ. ഷംഷീർ വയലിൽ അറിയിച്ചത്‌.

view more articles

About Article Author