ഇമ്യൂണോളജിയുടെ പിതാവ്‌ എഡ്വേർഡ്‌ ജന്നറിന്റെ ജന്മദിനം

ഇമ്യൂണോളജിയുടെ പിതാവ്‌ എഡ്വേർഡ്‌ ജന്നറിന്റെ ജന്മദിനം
May 16 04:45 2017

ജോസ്‌ ചന്ദനപ്പള്ളി
1796-ൽ എഡ്വേർഡ്‌ ജന്നർ എന്ന ഇംഗ്ലീഷ്‌ ഡോക്ടർ വികസിപ്പിച്ച വസൂരി വാക്സിനിലൂടെ തുടങ്ങിയ വാക്സിനേഷൻ 221 വർഷം (2016-2017-ൽ) പിന്നിടുമ്പോൾ കോടിക്കണക്കിനു മനുഷ്യരുടേയും ജന്തുക്കളുടേയും ജീവൻ രക്ഷാ മരുന്നായി മാറിയിരിക്കുന്നു. മോറിസ്‌ ഹെലിമാൻ കണ്ടെത്തിയ അഞ്ചാം പനിക്കുളള വാക്സിൻ മാത്രം ഓരോ വർഷവും പത്തു ലക്ഷത്തോളം പേരെ മരണത്തിൽ നിന്ന്‌ രക്ഷിക്കുന്നതായാണ്‌ കണക്ക്‌. ജലദോഷം മുതൽ എയ്ഡ്സ്‌ വരെയുളള നിരവധി രോഗങ്ങൾ ഉണ്ടാക്കുന്ന അതിസൂക്ഷ്മ ജീവികളാണ്‌ വൈറസുകൾ. ജീവനുളളതിനു വേണ്ട പ്രത്യേകതകൾ മിക്കതും ഇല്ലാത്ത കൂട്ടരാണിവർ. അതുകൊണ്ടു തന്നെ വൈറസുകളെ ജീവനുളളവയിലാണോ ഇല്ലാത്തവയിലാണോ ഉൾപ്പെടുത്തേണ്ടത്‌ എന്ന സംശയവും ഉണ്ടാവും. വൈറസുകളെ ജീവിക്കുന്ന രാസവസ്തുക്കൾ എന്നു വിളിക്കാം. ഇവയ്ക്ക്‌ സാധാരണ ജീവികൾക്കുളളതുപോലെ കോശമോ, കോശദ്രവ്യമോ, മർമമോ ഒന്നുമില്ല. ആകെയുളളത്‌ (ആർഎൻഎ-ഡിഎൻഎ) മാത്രമാണ്‌. അതുകൊണ്ടു തന്നെ ഇവയ്ക്ക്‌ ആതിഥേയ കോശത്തെ ആശ്രയിച്ചു മാത്രമെ ജീവിക്കാൻ കഴിയൂ. കോശത്തിനു പുറത്ത്‌ ഇവ ജീവനറ്റവയായിരിക്കും. ഈ അവസ്ഥയിൽ ഇവയെ ക്രിസ്റ്റലുകളാക്കി എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം. പിന്നീട്‌ ആതിഥേയ കോശത്തിലേക്ക്‌ കടത്തിവിട്ടാൽ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും. കോശത്തിനുള്ളിലെത്തുന്ന വൈറസിന്റെ ന്യൂക്ലിക്കാസിഡ്‌ അവിടെവച്ച്‌ പെരുകി വർദ്ധിക്കുന്നു. ഇവയാണ്‌ ഒട്ടനവധി രോഗങ്ങൾക്ക്‌ കാരണമാകുന്നതും.
ഏറ്റവും പരിചിതമായ വൈറസ്‌ രോഗമാണ്‌ ജലദോഷം. ഇൻഫ്ലുവൻസ, അഞ്ചാംപനി, മഞ്ഞപ്പനി, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, പേപ്പട്ടിവിഷബാധ, ചിക്കൻപോക്സ്‌, വസൂരി, മുണ്ടിനീര്‌, പിളളവാതം, ചിക്കുൻഗുനിയ, എയ്ഡ്സ്‌, റൂബെല്ല തുടങ്ങിയ നിരവധി രോഗങ്ങൾ വൈറസ്‌ മൂലമാണുണ്ടാകുന്നത്‌. ഇവയിൽ വസൂരി (സ്മാൾ പോക്സ്‌) ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ച മഹാനായ ഡോക്ടറാണ്‌ എഡ്വേർഡ്‌ ജെന്നർ. വാരിയോള മേജർ വൈറസ്‌ മൂലമുണ്ടാക്കുന്ന രോഗമാണ്‌ വസൂരി. നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ഈ രോഗം 1977-ഓടുകൂടി ഇല്ലാതായിരുന്നു. 1980 മെയ്‌ 8-ന്‌ വസൂരി രോഗം ഭൂമുഖത്തു നിന്ന്‌ തുടച്ചു നീക്കിയതായി ഡബ്ല്യുഎച്ച്‌ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെന്നർ വികസിപ്പിച്ചെടുത്ത വാക്സിനേഷൻ ആണ്‌ ഇതിനു സഹായകമായത്‌. വാക്സീനിയ വൈറസ്‌ ആണ്‌ വസൂരി വാക്സിൻ ആയി ഉപയോഗിച്ചത്‌. ആധുനിക പ്രതിരക്ഷ ശാസ്ത്രത്തിന്റെ (ഇമ്യൂണോളജിയുടെ) പിതാവും മാർഗദർശകനുമായി എഡ്വേർഡ്‌ ജെന്നറിനെ കണക്കാക്കുന്നു. 1749 മെയ്‌ 17-ന്‌ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർക്ഷയറിലെ ബെർക്ക്ലിയിൽ എഡ്വേർഡ്‌ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1761 മുതൽ ഇദ്ദേഹം സോഡ്ബറിയിലെ ഡാനിയേൽ ലഡ്ലോ എന്ന ഭിഷഗ്വരന്റെ കീഴിലും തുടർന്ന്‌ രണ്ടുകൊല്ലക്കാലം ലണ്ടനിലെ സെന്റ്‌ ജോർജ്ജ്‌ ആശുപത്രിയിൽ പ്രസിഡന്റായ ഡോ. ജോൺ ഹണ്ടറുടെ കീഴിൽ അനാറ്റമിയിലും ശസ്ത്രക്രിയയിലും പരിശീലനം നേടി.

1773-ൽ ബെർക്ക്ലിയിൽ മടങ്ങിയെത്തി ഗ്രാമീണ ഡോക്ടറായി സേവനം നടത്തി. വസൂരിക്കെതിരെ 18-ാ‍ം ശതകത്തിന്റെ ആദ്യ കാലത്ത്‌ ഇംഗ്ലണ്ടിൽ പ്രചാരണത്തിലുണ്ടായിരുന്നതും റോബർട്ട്സൺ വികസിപ്പിച്ചെടുത്തതുമായ (1768) പ്രതിരക്ഷാരീതി ജെന്നറും ആദ്യനാളുകളിൽ സ്വീകരിച്ചിരുന്നു. 1775 മുതൽ വസൂരിയെക്കുറിച്ച്‌ നിരവധി പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം ഗോവസൂരി ബാധിച്ചവർക്ക്‌ പിന്നീട്‌ മാരകമായ വസൂരി ബാധിക്കുന്നില്ല എന്നു മനസിലാക്കി. ഇത്‌ ആ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു പ്രത്യേക ജാനസിൽപ്പെട്ട ഗോവസൂരി അണുക്കൾക്ക്‌ മാത്രമാണ്‌ ഇതിനു കഴിവുളളതെന്നും ഇദ്ദേഹം കണ്ടെത്തി. 1796 മെയ്‌ 14-ന്‌ അദ്ദേഹം സുപ്രധാനമായൊരു കണ്ടെത്തൽ നടത്തി. വസൂരിക്ക്‌ സമാനമായ ഗോവസൂരി ബാധിച്ചവർക്ക്‌ വസൂരി ഉണ്ടാകുന്നില്ല എന്നതായിരുന്നു ആ കണ്ടെത്തൽ. ഗോവസൂരി ബാധിച്ച സാറാ നെമിസിന്റെ കൈകളിൽ നിന്ന്‌ ഊറിവന്ന ദ്രവം കുത്തിയെടുത്ത്‌ ജെന്നർ ആരോഗ്യവാനായ ജയിംസ്‌ ഫിപ്സ്‌ എന്ന എട്ടു വയസുകാരനിൽ കുത്തിവച്ചു. ഗോവസൂരി ബാധിച്ച ഫിപ്സ്‌ 48 ദിവസം കൊണ്ട്‌ രോഗവിമുക്തനായി. വസൂരിയുടെ വൈറസുളള ഫിപ്സിൽ കുത്തിവച്ച്‌ ജന്നർ പരീക്ഷണം തുടർന്നു. പക്ഷേ ഫിപ്സിന്‌ വസൂരി ബാധിച്ചില്ല. ജന്നർ വൈദ്യശാസ്ത്രത്തിലെ സുപ്രധാന കണ്ടുപിടിത്തത്തിന്‌ നാന്ദികുറിക്കുകയും ചെയ്തു. ഇതേ പരീക്ഷണം ഇദ്ദേഹം പലരിലും ആവർത്തിച്ചു. ഈ സമ്പ്രദായത്തിന്‌ അദ്ദേഹം വാക്സിനേഷൻ എന്ന പേരു നൽകി. (വാക്ക എന്ന ലാറ്റിൻ പദത്തിന്‌ പശു എന്നാണ്‌). ഈ വാക്സിനേഷൻ മൂലമാണ്‌ വസൂരിരോഗത്തെ തുടച്ചു നീക്കാൻ സാധിച്ചത്‌. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുകയാണ്‌ വാക്സിനേഷൻ നടത്തുമ്പോൾ ചെയ്യുന്നത്‌. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശരീരത്തിലെ കാവൽ ഭടന്മാരായ ശ്വേതരക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ്‌ വാക്സിനേഷനിലൂടെ ചെയ്യുന്നത്‌.
തന്റെ ഗവേഷണത്തിന്റെ വിശദാംശങ്ങൾ ഉൾകൊണ്ടുളള ‘ആൻ ഇൻക്വയറി ഇൻടു ദ കോസസ്‌ ആന്റ്‌ ഇഫക്്ട്സ്‌ ഓഫ്‌ ദ വാറിയോളെ വാക്സിൻ’ എന്ന ഗ്രന്ഥത്തിലാണ്‌ വൈറസ്‌ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. ഈ ഗ്രന്ഥത്തിന്റെ പ്രകാശത്തോടെ വാക്സിനേഷൻ പ്രക്രിയയ്ക്ക്‌ വമ്പിച്ച പ്രചാരം സിദ്ധിച്ചത്‌. ഇതു കൂടാതെ മൂന്ന്‌ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. 1972-ൽ സെന്റ്‌ ആൻഡ്രൂസ്‌ സർവകലാശാലയിൽ നിന്നും ജെന്നർക്ക്‌ എംഡി ബിരുദം ലഭിച്ചു. ഓക്സ്ഫെഡ്‌ സർവകലാശാലയും എംഡി നൽകി ജെന്നറെ ആദരിച്ചു (1813). തുടർ ഗവേഷണത്തിന്‌ പാർലമെന്റ്‌ ഒരു വൻ തുക ജെന്നർക്ക്‌ അനുവദിക്കുകയും ചെയ്തു. വൈദ്യശാസ്ത്രത്തിനു പുറമെ പക്ഷി നിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുളള പഠനം തുടങ്ങി പല ശാസ്ത്ര വിഷയങ്ങളിലും ജെന്നർ തൽപരനായിരുന്നു. 1788-ൽ ജെന്നർ കാതറിൻ കിങ്ങ്സ്കോട്ടിനെ വിവാഹം ചെയ്തു. 1823 ജനുവരി 26-ന്‌ പക്ഷാഘാതത്തെ തുടർന്ന്‌ 73-ാ‍ം വയസിൽ ജെന്നർ ബെർക്ക്ലിയിൽ അന്തരിച്ചു. ബെർക്ക്ലിയിലെ സെന്റ്‌ മേരീസ്‌ ചർച്ച്‌ സെമിത്തേരിയിലുളള ജെന്നർ കുടുംബക്കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു.

  Categories:
view more articles

About Article Author