ഇറാഖിൽ യു എസ്‌ രാസായുധപ്രയോഗം: അറബ്‌ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്‌

ഇറാഖിൽ യു എസ്‌ രാസായുധപ്രയോഗം: അറബ്‌ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്‌
June 18 04:45 2017

കെ രംഗനാഥ്‌
ദുബായ്‌: വൻ രാസായുധശേഖരമുണ്ടെന്ന കള്ളക്കഥ മെനഞ്ഞ്‌ സദ്ദാംഹുസൈനെ അട്ടിമറിയിലൂടെ പുറത്താക്കിയശേഷം അരുംകൊല ചെയ്ത അമേരിക്ക ഇറാഖിൽ കഴിഞ്ഞ ദിവസം നടത്തിയ രാസായുധ പ്രയോഗത്തിൽ ഗൾഫ്‌ – അറബി നാടുകളിലും വൻ പ്രതിഷേധം അലയടിക്കുന്നു.
മനുഷ്യാവകാശസംഘടനകളുടെ യു എന്നിന്റെ ഏകോപന ചുമതലയുള്ള മുഹമ്മദ്‌ സെർക്കൽ സാർവദേശീയ നിയമങ്ങൾ ലംഘിച്ച്‌ അമേരിക്ക നടത്തിയ വൈറ്റ്ഫോസ്ഫറസ്‌ ഉപയോഗിച്ചുള്ള രാസായുധ പ്രയോഗത്തെക്കുറിച്ച്‌ അന്താരാഷ്ട്രതലത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. മൊസൂളിലെ ഇടതൂർന്നു സ്ഥിതിചെയ്യുന്ന വീടുകൾക്കുമുകളിലൂടെയായിരുന്നു രാസായുധപ്രയോഗം.
കൊടുംചൂടിൽ ഉരുകുന്ന ഇറാഖിൽ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതിനു വിലക്കുള്ളപ്പോഴാണ്‌ ലക്ഷക്കണക്കിനു ജനങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്ന യു എസ്‌ രാസായുധപ്രയോഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്തരീക്ഷത്തിലെ ഓക്സിജനുമായി കൂടിച്ചേരുമ്പോൾ വെള്ള ഫോസ്ഫറസ്‌ വെളുത്ത പുകപടലവും കടുത്ത ചൂടുമുണ്ടാക്കുന്നു.
മൊസൂളിൽ വെള്ള പുകമറ രാസപ്രയോഗത്താൽ സൃഷ്ടിച്ച്‌ ഒരു തമസ്കരണമാണ്‌ യു എസ്‌ സേന നടത്തുന്നത്‌. വ്യോമാക്രമണങ്ങൾ വഴിയുള്ള ഈ രാസപ്രയോഗത്തെ കുറിച്ച്‌ ജനങ്ങൾക്ക്‌ തെളിവുകൾ നൽകാൻപോലും കഴിയാത്തതരത്തിൽ ജനജീവിതം ദുസഹമാക്കിയിരിക്കുന്നുവെന്നും സെർക്കൽ പറഞ്ഞു. അമേരിക്കയുടെ ഈ കിരാതവാഴ്ചയ്ക്കെതിരെ ഇറാഖ്‌ സർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author