Sunday
22 Oct 2017

ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സമ്മേളനവും നിയമക്കുരുക്കില്‍

By: Web Desk | Sunday 8 October 2017 1:44 AM IST

ഐഎന്‍ടിയുസിയിലെ വടംവലി

ഷാജി ഇടപ്പള്ളി
കൊച്ചി: ഐഎന്‍ടിയുസിയില്‍ നില നില്‍ക്കുന്ന അധികാര വടംവലി മൂലം വൈദ്യുതി വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സമ്മേളനവും നിയമക്കുരുക്കിലേക്ക്.
കെ പി ധനപാലന്‍ പ്രസിഡന്റും സിബിക്കുട്ടി ഫ്രാന്‍സിസ് ജനറല്‍ സെക്രട്ടറിയുമായ യൂണിയന്‍ കോണ്‍ഫെഡറേഷന്റെ പേരില്‍ ഈ മാസം 10 ,11 ,12 തീയതികളില്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇത് നിയമ വിരുദ്ധ സമ്മേളനമാണെന്നു ചൂണ്ടിക്കാട്ടി തമ്പാന്നൂര്‍ രവി പ്രസിഡന്റും സജീവ് ജനാര്‍ദ്ദനന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കോണ്‍ഫെഡറേഷന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമ്മേളനം തടഞ്ഞുകൊണ്ടുള്ള ഇന്‍ജെക്ഷന്‍ ഉത്തരവ് നേടിയിരിക്കുകയാണ്.
വൈദ്യുതി വകുപ്പിലെ മറ്റൊരു സംഘടനയായ ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായവരാണ് ധനപാലന്‍ അടക്കമുള്ളവരെന്നും അതിനാല്‍ യഥാര്‍ത്ഥ കോണ്‍ഫെഡറേഷന്‍ സംഘടനയുടെ പേരില്‍ സമ്മേളനം നടത്തുന്നതിന് അധികാരമില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി വകുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളും വ്യക്തികളും നേതൃത്വം നല്‍കുന്ന സംഘടനകളാണ് ഐഎന്‍ടിയുസിയുടെ പേരില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നത്. ഒരു സ്ഥാപനത്തില്‍ ഒരു സംഘടനാ മാത്രമേ പാടുള്ളുവെന്ന ഐഎന്‍ടിയുസിയുടെ തീരുമാനം നടപ്പാക്കാന്‍ ഇക്കാലമത്രയും ശ്രമങ്ങള്‍ നടത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. നേതാക്കളുടെ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ് പലപ്പോഴും ഇത് അട്ടിമറിക്കപ്പെട്ടത്. ഭരണകാലയളവില്‍ അവിഹിതമായ പല ഇടപാടുകളും നടത്താന്‍ നേതാക്കള്‍ സംഘടനയുടെ പിന്‍ബലം ഉപയോഗിക്കുന്നത് മൂലമാണ് ആര്‍ക്കും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതെന്നും സംഘടനകളിലെ ജീവനക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എം എസ് റാവുത്തര്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ മുതല്‍ ഐഎന്‍ടി യുസിയുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഒരുമിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതാണ്. പക്ഷെ ഒന്നും മുന്നോട്ടുപോയില്ല. വൈദ്യുതി വകുപ്പിലെ കഴിഞ്ഞ റഫറണ്ടത്തില്‍ കെ പി ധനപാലന്‍ വിഭാഗം യുഡിഎഫ് അനുകൂല സംഘടനകളുമായി ധാരണയില്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഐഎന്‍ടിയുസിയുടെ പേരിലുള്ള സംഘടനകളെ ഒന്നിപ്പിക്കാനുള്ള നീക്കം വീണ്ടും ആരംഭിച്ചത്.
പദ്മജ വേണുഗോപാല്‍, തമ്പാന്നൂര്‍ രവി, വി എസ് ശിവകുമാര്‍, ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ നയിക്കുന്ന സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തിയെങ്കിലും നേതൃത്വത്തെ ചൊല്ലിയുള്ള ഭിന്നതമൂലം ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിലെ എ, ഐ തര്‍ക്കങ്ങളും ഈ സംഘടനകളുടെ ലയനത്തെയും ബാധിച്ചിരിക്കുകയുമാണ്. കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി ഇനി സമ്മേളനം നടത്തിയാലും അത് സംഘര്‍ഷത്തില്‍ കലാശിക്കുവാനാണ് സാധ്യത.