ഇലനുള്ളും കൈകൾ…

ഇലനുള്ളും കൈകൾ…
January 06 04:50 2017

അനുകൃഷ്ണ എസ്‌
ഭക്ഷണവും ഭാഷ്യവും എല്ലാം ഡൈനിങ്‌ ഹാൾവിട്ട്‌ ഹോട്ടലുകളും റസ്റ്റോറന്റുകളും തേടിപ്പോയിട്ട്‌ നാളേറെയായി. ജീവിതശൈലിയിൽ വന്നമാറ്റം മനുഷ്യനെ അപ്പാടെ ഉലച്ചുകഴിഞ്ഞിരിക്കുന്നു.
ഭക്ഷണം നാവിനെ തൃപ്തിപ്പെടുത്തുന്നത്‌ മാത്രമായതും അവ വിളമ്പുന്നിടം ഭംഗിക്കുവേണ്ടി മാത്രം ഉതകുന്നതായും മാറുകകൂടിചെയ്തപ്പോൾ അത്‌ വീണ്ടും ദൃഡമായി. പണ്ട്‌ കാലത്ത്‌ മൺപാത്രങ്ങളിലും തുമ്പിലയിലും വിളംബിക്കഴിച്ച ആഹാരത്തിന്‌ സ്വാദിനോടൊപ്പം ആരോഗ്യത്തെകൂടി സംരക്ഷിക്കാനാകുമായിരുന്നു. ഇന്ന്‌ പഴമയിൽ പുതുമകൊണ്ടുവരാൻ ശ്രമിക്കുകയാണ്‌ ഒരുകൂട്ടം സ്ത്രീകൾ. പ്രകൃതി സൗഹൃദ പാത്രങ്ങൾ നിർമ്മിക്കുകയാണവർ. പൈൻമരത്തിന്റെ ഇലകളുപയോഗിച്ചാണ്‌ പ്ലേറ്റിന്റെ നിർമ്മാണം. ഒരു കുടിൽ വ്യവസായമായിട്ടാണ്‌ ഇവ നിർമ്മിക്കുന്നത്‌. ആരോഗ്യം സംരക്ഷിക്കാൻ കഴിയുന്നതിനൊപ്പം ഒരുകൂട്ടം സ്ത്രീകൾക്ക്‌ ജീവനോപാധിയാണിത്‌. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഫ്‌ ഡെമോക്രസി എന്ന കമ്പനിക്കുവേണ്ടിയാണ്‌ പാത്രങ്ങളുടെ നിർമ്മാണം നടക്കുന്നത്‌. പാത്രത്തിന്റെ നിർമ്മാണത്തിൽ യാതൊരു വിഷപദാർഥങ്ങളും ചേർക്കുന്നില്ല. നാലുപാളിയായി പൊതിഞ്ഞിരിക്കുന്ന പാത്രത്തിൽ ആദ്യത്തെ പാളിയിലും അവസാനത്തേതിലും ഇലകളാണ്‌. രണ്ടാമത്തെ പാളിയിൽ ജലംആഗീരണംചെയ്യാൻ ശേഷിയുള്ള പേപ്പറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ കണ്ഡമാൽ, സാംബൽപൂർ, അങ്കുൽ തുടങ്ങി 127 ഗ്രാമങ്ങളിൽ നിന്നുമുള്ള 3500ൽ അധികം സ്ത്രീകളാണ്‌ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്‌. മാസംതോറും ഒരു ലക്ഷം പൈൻ പ്ലേറ്റുകളാണ്‌ ഇവർ കമ്പനിക്ക്‌ നൽകുന്നത്‌. നമ്മുടെ സ്ത്രീകൾ സ്വയംപര്യപ്തരാകുന്നു എന്ന സന്തോഷം നിലനിൽക്കവെ തന്നെ മറുവശത്തിന്റെ പ്രായോഗികതയെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. കമ്പനിക്കു നൽകിയ കരാറനുസരിച്ച്‌ ഒരു ലക്ഷം പ്ലേറ്റുകൾ മാസംതോറും നൽകുമ്പോൾ അത്‌ പൈൻമരങ്ങളുടെ നിലനിൽപ്പിന്‌ ഭീഷണിയായി മാറുകയും ചെയ്യും. ദിനംപ്രതിയുള്ള ഇലനുള്ളൽ അതിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ, സുഗന്ധദ്രവ്യങ്ങളും മറ്റും കണ്ട്‌ മോഹിച്ചുവന്നവർ അടിമകളാക്കിയ ചരിത്രം നിലനിൽക്കുകകൂടി ചെയ്യുമ്പോൾ വെളിച്ചത്തിനു പിന്നിലെ കൂരിരുളിനെ ഭയക്കേണ്ടിയിരിക്കുന്നു.

view more articles

About Article Author