ഇളംകുളം കുഞ്ഞൻപിള്ള മലയാള ഭാഷാ ചരിത്രകാരൻ

ഇളംകുളം കുഞ്ഞൻപിള്ള മലയാള ഭാഷാ ചരിത്രകാരൻ
March 04 04:45 2017

ഇളംകുളം കുഞ്ഞൻപിള്ള വിട പറഞ്ഞിട്ട്‌ ഇന്ന്‌ 44 വർഷം പൂർത്തിയാകുന്നു

അഞ്ജന ആർ പ്രസാദ്‌

മലയാള ഭാഷയുടെ വളർച്ചയുടെ പടവുകളും സാഹിത്യത്തിന്റെ വികാസവും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇളംകുളം പി എൻ കുഞ്ഞൻപിള്ള. പ്രാചീന സാഹിത്യകൃതികളും ശാസനങ്ങളും പഠനവിധേയമാക്കിക്കൊണ്ട്‌ പ്രാചീന കേരള ചരിത്രത്തിനും ഭാഷാസാഹിത്യ പഠനത്തിനും ഇളംകുളം കുഞ്ഞൻപിള്ള നൽകിയ സംഭാവനകൾ അതുല്യമാണ്‌.
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, ഇളംകുളം പുത്തൻപുരയ്ക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടെയും കടയക്കോണത്ത്‌ കൃഷ്ണക്കുറുപ്പിന്റെയും മകനായി 1904 ൽ കുഞ്ഞൻപിള്ള ജനിച്ചു. പറവൂർ, ചാത്തന്നൂർ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇരുപത്തിമൂന്നാമത്തെ വയസിൽ മാവേലിക്കര ഇംഗ്ലീഷ്‌ സ്കൂളിൽ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ജോലി ഉപേക്ഷിച്ച്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്റർമീഡിയറ്റിന്‌ ചേർന്നു. അണ്ണാമല യൂണിവേഴ്സിറ്റിയുടെ സംസ്കൃതം ഉപരിപഠനത്തിന്‌ അദ്ദേഹത്തിന്‌ സ്കോളർഷിപ്പ്‌ ലഭിച്ചു. അതിലൂടെ മദ്രാസ്‌ യൂണിവേഴ്സിറ്റിയുടെ മലയാളം വിദ്വാൻ പരീക്ഷ, ദക്ഷിണഭാഷാ ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ പരീക്ഷ എന്നിവയും പാസായി. പിന്നീട്‌ എം എക്ക്‌ തുല്യമായ ബി എ ഓണേഴ്സ്‌ നേടി. 1934 ൽ തിരുവനന്തപുരം ആർട്ട്സ്‌ കോളജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന്‌ 1942 ൽ യൂണിവേഴ്സിറ്റി കോളജ്‌ സ്ഥാപിതമായപ്പോൾ അവിടെ അധ്യാപകനായി. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ മലയാളം എം എക്ക്‌ കേര ള ചരിത്രം ഒരു വിഷയമായിരുന്നു. എന്നാൽ ഈ വിഷയം പഠിപ്പിക്കുന്നതിന്‌ പ്രാമാണിക ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിലേക്ക്‌ മറ്റ്‌ അധ്യാപകർ മടിച്ച്‌ നിന്നപ്പോൾ ഇളംകുളം ആ വെല്ലുവിളി ഏറ്റെടുത്തു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ 1949 ൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധിക്കപ്പെട്ടു. പ്രസിദ്ധ ചരിത്ര ഗവേഷകനായ സർ മോർട്ടിമർ വീലറുടെ കീഴിൽ ഹാരപ്പ, ബ്രഹ്മഗിരി, ചന്ദ്രവല്ലി തുടങ്ങിയ സ്ഥലങ്ങളിൽ വച്ച്‌ ഗവേഷണം നടത്തുന്നതിന്‌ ആ പ്രബന്ധം ഇളംകുളത്തിന്‌ അവസരം നൽകി.
സൂക്ഷ്മവും തെളിമയാർന്നതുമായ ഒരു ഭാഷാശൈലിക്ക്‌ ഉടമയായിരുന്നു ഇളംകുളം. പുരാതന തമിഴ്സാഹിത്യത്തിലും പ്രാചീന കേരള ഭാഷയിലും ദക്ഷിണാത്യ ശിലാതാമ്രശാസനങ്ങളിലും നടത്തിയ പഠനങ്ങൾ അദ്ദേഹത്തെ മഹാനായ ചരിത്രകാരനാക്കി. ‘ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽക്കൂടി’ എന്ന വ്യാഖ്യാനമാണ്‌ ഗവേഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്‌ വഴിത്തിരിവായത്‌. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, ‘കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ’ തുടങ്ങിയ പ്രൗഢമായ ചരിത്ര കൃതികളും കേരളഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ‘ഉണ്ണുനീലിസന്ദേശം’, കോക സന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥപഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യകൃതികൾ കുഞ്ഞൻപിള്ള മലയാളത്തിന്‌ സമ്മാനിച്ചു. “സ്റ്റഡീസ്‌ ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ്‌ ഇൻ കേരള ഹിസ്റ്ററി” എന്നീ ഇംഗ്ലീഷ്‌ കൃതികളും ‘പണ്ടത്തെ കേരള’ എന്ന തമിഴ്‌ കൃതിയും അദ്ദേഹം രചിച്ചു.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ നിഷ്പക്ഷവും ഏകാന്തവുമായ യാത്രകൾ നടത്തിയ അദ്ദേഹം ഒരു മികച്ച അധ്യാപകൻ കൂടിയായിരുന്നു. ഇളംകുളത്തിന്റെ രചനകൾ സാഹിത്യ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനകരമായി ഇന്നും നിലകൊള്ളുന്നു. പഠിച്ചും പഠിപ്പിച്ചും മലയാള സാഹിത്യത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആ മഹാത്മാവ്‌ 164 പടലങ്ങളുള്ള രാമചരിതത്തിന്റെ വ്യാഖ്യാനം രചിച്ചുകൊണ്ടിരിക്കെ 146-ാ‍ം പടലം ആരംഭം ആയപ്പോഴേയ്ക്കും 1973 ൽ ഹൃദയാഘാതത്തെ തുടർന്ന്‌ മരണമടഞ്ഞു.

  Categories:
view more articles

About Article Author