ഇവർക്ക്‌ വേണ്ടത്‌ സ്നേഹവും കരുതലും

ഇവർക്ക്‌ വേണ്ടത്‌ സ്നേഹവും കരുതലും
January 12 05:00 2017

എസ്‌ ഹനീഫാ റാവുത്തർ
സംരക്ഷണത്തിനും ചെലവിനും, സ്വത്തുക്കൾ തിരികെ വാങ്ങാനും മാതാപിതാക്കൾ മക്കൾക്കെതിരെ കേസുകൊടുക്കുന്ന സാമൂഹ്യ സാഹചര്യം കേരളത്തെ നാണം കെടുത്തുന്നു എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. മെയിന്റനൻസ്‌ ആന്റ്‌ വെൽഫയർ ഓഫ്‌ പേരന്റ്സ്‌ ആന്റ്‌ സീനിയർ സിറ്റിസൺസ്‌ ആക്ട്‌ പ്രകാരം ചുമതലപ്പെടുത്തപ്പെട്ട 21 ട്രൈബ്യൂണലുകളാണ്‌ കേരളത്തിലുള്ളത്‌. സംസ്ഥാനത്തെ 21 ആർഡിഒ മാരാണ്‌ ട്രൈബ്യൂണലുകളുടെ ചുമതല വഹിക്കുന്നത്‌. വിവരാവകാശ നിയമം വഴി ലഭിച്ച കണക്കുകൾ പ്രകാരം 2010 മുതൽ 10,132 കേസുകൾ മക്കൾക്കെതിരെ മാതാപിതാക്കൾ നൽകിയിരിക്കുന്നു. വാർധക്യകാലത്ത്‌ ജീവിതം തള്ളിനീക്കാൻ കേസിനുപോകേണ്ട ദുരവസ്ഥ മുതിർന്ന പൗരന്മാർക്ക്‌ വന്നുചേർന്നിരിക്കുന്നു. കേരളത്തിലെ സമൂഹവും ഭരണകൂടവും സത്വര നടപടികൾ കൈക്കൊള്ളേണ്ട മുൻഗണനാ മേഖലയായി മുതിർന്ന പൗരന്മാരുടെ സംരക്ഷണം മാറണം എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
വാർധക്യകാലത്ത്‌ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത്‌ സ്വന്തം ഉത്തരവാദിത്തമായി കണ്ട്‌ സന്തോഷത്തോടെ നിർവ്വഹിച്ചുവോ? നമ്മുടെ സമൂഹത്തിനെന്തുപറ്റി. നമുക്ക്‌ ചുറ്റും ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്ന കാര്യം സമൂഹവും ഭരണാധികാരികളും ഗൗരവമായി കാണുന്നുണ്ടോ എന്ന്‌ സംശയമാണ്‌. മക്കൾക്കെതിരെ അച്ഛനമ്മമാർ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഏങ്ങനെയുണ്ടായി, ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാൻ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്ത്‌ പരിഹാര നടപടികളെടുത്തില്ലെങ്കിൽ പ്രാകൃത സമൂഹത്തിന്റെ രീതിനീതികളിലേക്ക്‌ നാം പോവുമെന്ന കാര്യത്തിൽ സംശയമില്ല.
മാതാപിതാക്കളെ സംരക്ഷിക്കേണ്ടത്‌ മക്കളാണെന്ന്‌ നിയമനിർമ്മാണം നടത്തി ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുമാറിയ സർക്കാർ പേരന്റ്സ്‌ ആന്റ്‌ സീനിയർ സിറ്റിസൺസ്‌ മെയിന്റനൻസ്‌ ആക്ട്‌ ഫലപ്രദമായി നടപ്പിലാക്കാൻപോലും കൂട്ടാക്കുന്നില്ല.
പൊലീസ്‌ സ്റ്റേഷനുകളിൽ വയോജനങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കുകയും മാസത്തിലൊരിക്കൽ സന്നദ്ധ സംഘടനാപ്രവർത്തകരോടൊപ്പം അവരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്യണമെന്ന ഉത്തരവ്‌ പാലിക്കാൻ പൊലീസ്‌ ഡിപ്പാർട്ട്മെന്റ്‌ ഫലപ്രദമായ നടപടികളെടുക്കുന്നില്ല. ഇതിന്റെ ഫലമായി വയോജനങ്ങളെ പീഡിപ്പിക്കുന്നതും ഉപേക്ഷിക്കുന്നതുമായ സംഭവങ്ങൾ കൂടുന്നു.
വയോജനങ്ങളെ സംരക്ഷിക്കേണ്ടത്‌ മക്കൾ മാത്രമാണോ? സമൂഹത്തിന്‌, സർക്കാരിന്‌- ബാദ്ധ്യതയില്ലേ? ഇന്നു കാണുന്ന സമൂഹം കെട്ടിപ്പടുക്കുന്നതിന്‌ ജീവിതകാലം മുഴുവൻ അധ്വാനിച്ചവരല്ലേ വൃദ്ധജനങ്ങൾ! സമൂഹത്തെ പുരോഗതിയിലേക്ക്‌ നയിക്കാൻ അവർ ചെയ്ത സേവനങ്ങൾ മറക്കാനാവുമോ? അവരെ സംരക്ഷിക്കാൻ സർക്കാർ ബാദ്ധ്യസ്ഥരല്ലേ?
മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ മുതിർന്നവരുടെ സംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. 1961 ൽ ജനസംഖ്യയുടെ 5.83 ശതമാനമായിരുന്നു മുതിർന്നവരെങ്കിൽ 1991 ൽ അത്‌ 8.82 ശതമാനവും 2001 ൽ 9.79 ശതമാനവും 2011 ൽ 12.83 ശതമാനവുമായി ഉയർന്നു. ഇത്‌ 2021 ൽ 15.63 ശതമാനവും 2026 ൽ 20 ശതമാനവുമായിരിക്കും. അതായത്‌ 25 വർഷംകൊണ്ട്‌ വർദ്ധനയുടെ നിരക്ക്‌ ഏതാണ്ട്‌ ഇരട്ടിയാകും. കുട്ടികളെക്കാൾ വൃദ്ധരുടെ സംഖ്യ വർദ്ധിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നു എന്നാണിതിനർത്ഥം. ശിശു സംരക്ഷണത്തോടൊപ്പം മുതിർന്നവരുടെ സംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ്‌ ഈ വസ്തുതകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്‌.
ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ്‌ വാർദ്ധക്യകാലത്ത്‌ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും തിരക്കിനിടയ്ക്ക്‌ അവഗണിക്കുക. സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങൾ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴിൽ തുടർന്നും ചെയ്യാൻ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക്‌ കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക്‌ നയിക്കും. മുതിർന്നവർക്കുവേണ്ടി പകൽവീടുകൾ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടർന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളിൽ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ ചെയ്യണം. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ വയോജനങ്ങളെ പ്രേരിപ്പിക്കണം. ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണത്‌.
ഏകാന്തതയുമായി ബന്ധപ്പെട്ട്‌ അരക്ഷിതബോധവും വയോജനങ്ങളെ പിടികൂടുന്നു. അവരുടെ സുരക്ഷിത്വത്തിന്‌ അനിവാര്യമായും വേണ്ടത്‌ സാമൂഹിക സുരക്ഷിതത്ത്വമാണ്‌. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്‌. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പെൻഷൻ വയോജനങ്ങൾക്കും ലഭ്യമാക്കണം. മറ്റ്‌ പെൻഷനൊന്നും കിട്ടാത്തവർക്ക്‌ പ്രതിമാസം 3500 രൂപ പെൻഷ ൻ നൽകാൻ സർക്കാർ തയ്യാറാവണം. ഇന്ത്യൻ ഭരണഘടനയുടെ 41-ാ‍ം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനവും അനുശാസിക്കുന്ന വാർദ്ധക്യ കാലത്തെ സാമൂഹ്യ സുരക്ഷാപെൻഷന്റെ കാര്യം നടപ്പിലാക്കാൻ ഇനിയും അമാന്തിച്ചുകൂട.
ചെറിയ കുടുംബങ്ങൾ വർദ്ധിക്കുകയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾ കൂടുകയും തൊഴിൽതേടി അന്യദേശങ്ങളിലേക്ക്‌ മക്കൾ ചേക്കേറുകയും ചെയ്യുന്നത്‌ വർദ്ധിക്കുകയും ചെയ്യുമ്പോൾ മക്കളോടൊപ്പം വാർദ്ധക്യകാലജീവിതം സാദ്ധ്യമല്ലാത്ത അവസ്ഥ സംജതമാകുന്നു. മുതിർന്ന പൗരന്മാർക്ക്‌ ഒരുമിച്ച്‌ താമസിക്കാനുള്ള കമ്മ്യൂണിറ്റി ലിവിംഗ്‌ സെന്ററുകൾ സ്ഥാപിച്ച്‌ ഇതിനു പരിഹാരം കാണണം. ഒരു ഭാഗത്ത്‌ മുതിർന്നവരെ പരിത്യജിക്കുന്ന സ്ഥിതിവിശേഷം വ്യാപകമാവുകയും മറുവശത്ത്‌ ചെറുപ്പക്കാർ വൻതോതിൽ അന്യദേശങ്ങളിൽ കുടിയേറുന്നത്‌ വർദ്ധിക്കുകയും ചെയ്യുന്നതിനാൽ പാവപ്പെട്ടവർക്കും പണക്കാർക്കും വേണ്ടിയുള്ള വൃദ്ധ സദനങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരികയാണ്‌. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണ്‌. ഇത്‌ ഇന്ന്‌ കച്ചവടമാണ്‌. ചൂഷണത്തിന്റെ കേന്ദ്രവുമാണ്‌. വൃദ്ധസദനങ്ങളല്ല, കമ്മ്യൂണിറ്റി ലീവിംഗ്‌ സെന്ററുകളാണ്‌ ആവശ്യം. ഇത്‌ സർക്കാരിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം.സൗജന്യ പോഷകാഹാരം, സൗജന്യ ആരോഗ്യ ഇൻഷുറൻസ്‌, തൊഴിലവസരങ്ങൾ, വയോജനക്ഷേമവകുപ്പ്‌, വയോജനകമ്മീഷൻ, സമഗ്രസർവ്വേ, തുടങ്ങി വയോജനങ്ങൾക്ക്‌ മറ്റ്‌ നിരവധി ആവശ്യങ്ങളുണ്ട്‌.
മുതിർന്ന പൗരന്മാർക്ക്‌ വേണ്ടിയുള്ള ഒരു പരിപാടിയും അവർക്കു മാത്രമായി പരിമിതപ്പെടുത്താനാവില്ല. കാരണം പ്രായമാവുക എന്നത്‌ ഒരു തുടർ പ്രക്രിയയാണ്‌. ജനിക്കുമ്പോൾ മുതൽ പ്രായമാവുകയാണ്‌. നല്ല സമ്പാദ്യം, ആരോഗ്യകരമായ ജീവിത ശൈലി, സാമൂഹ്യ സംഘടനകളിലെ അംഗത്വവും പ്രവർത്തനവും തുടങ്ങിയവ ചെറുപ്പത്തിലേ കരുതിയാൽ വാർദ്ധക്യത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാവും. മൊത്തം ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകതന്നെ വേണം.
മുതിർന്ന പൗരന്മാരെ സംഘടിപ്പിച്ച്‌ അവരോടൊപ്പം പ്രവർത്തിച്ച്‌ അവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുകയും പ്രശ്നങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ്‌ സീനിയർ സിറ്റിസൺസ്‌ സർവ്വീസ്‌ കൗൺസിൽ. ഇന്നും നാളെയും കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ വയോജനങ്ങളെ സംബന്ധിച്ച്‌ നിർണായകമാണ്‌. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും.
(സീനിയർ സിറ്റിസൺസ്‌ സർവ്വീസ്‌ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)

  Categories:
view more articles

About Article Author