Monday
23 Jul 2018

ഇസ്രയേലും തകിടം മറിയുന്ന ഇന്ത്യൻ വിദേശ നയവും

By: Web Desk | Friday 14 July 2017 4:55 AM IST

അഡ്വ ജി സുഗുണൻ
ഇന്ത്യൻ വിദേശ നയം എന്നും ചേരിചേരായ്മയിൽ അധിഷ്ഠിതമായ ഒന്നായിരുന്നു. ഈ നയത്തിന്റെ അടിത്തറ സ്വാതന്ത്ര്യസമര കാലത്ത്‌ ദേശീയ പ്രസ്ഥാനം തന്നെ രൂപപ്പെടുത്തിയതുമാണ്‌. ചേരിചേരായ്മയിൽ അധിഷ്ഠിതമായ ഈ നയം നമ്മുടെ രാജ്യത്ത്‌ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലം വരെ തുടരുകയായിരുന്നു. ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്ത്യയെ മൂന്നാം ലോകത്തിന്റെ നേതൃത്വത്തിലേക്കുയർത്തി. ഇന്ദിരാഗാന്ധിയും ഈ നയം തന്നെ തുടരുകയാണുണ്ടായത്‌. നരസിംഹ റാവുവിന്റെ കാലം മുതൽ ഈ നയത്തിൽ വെള്ളം ചേർക്കാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഈ വിദേശനയം ആകെ തിരുത്തിക്കുറിക്കാൻ കരുതിക്കൂട്ടിയുള്ള പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ്‌.
മോഡിയുടെ ഒടുവിലത്തെ അമേരിക്കൻ സന്ദർശനത്തിലൂടെ രാജ്യത്തിന്റെ വിദേശനയത്തിൽ നിന്നുള്ള പിന്നാക്കം പോക്കിന്‌ വേഗത കൂടുകയാണ്‌ ചെയ്തത്‌. സ്വേച്ഛാധിപത്യ ശക്തികൾക്കെതിരെയും, നവകോളനിവൽക്കരണത്തിനെതിരെയുമുള്ള പോരാട്ടങ്ങളിൽ അടിയുറച്ച നയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്‌ മോഡി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന അമേരിക്കൻ വിദേശനയം.
പലസ്തീൻ ജനതയെ സ്വന്തം നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടുകയും നിലനിൽപ്പിനായി അവർ നടത്തുന്ന പോരാട്ടങ്ങളെ ഭീകരതയെന്ന്‌ മുദ്രയടിച്ചു ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുന്ന ഇസ്രായേലി ഭരണകൂടവുമായി സൗഹൃദം പങ്കിടാൻ മാത്രം ദുഷ്ടത നിറഞ്ഞതല്ല നീതിക്കൊപ്പം നിലകൊള്ളുന്ന പാരമ്പര്യമുള്ള ഇന്ത്യയുടെ മതേതര -ജനാധിപത്യ മനസ്‌. യുഎൻ പ്രമേയങ്ങളും, അന്താരാഷ്ട്ര ധാരണകളുമൊന്നും കണക്കിലെടുക്കാതെ പലസ്തീൻ ജനതയെ കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ നയത്തെ ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ തന്നെ ചേരിചേരാ രാഷ്ട്രങ്ങൾക്കൊപ്പം നിന്നുകൊണ്ട്‌ നാം എതിർത്തു പോന്നതും അതുകൊണ്ടുതന്നെയാണ്‌.
ഈ ചേരിചേരാ നയത്തിലധിഷ്്ഠിതമായ ദേശീയ വികാരത്തെ അപ്പാടെ തൃണവൽഗണിച്ചുകൊണ്ടാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ പ്രസിഡന്റ്‌ ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഇസ്രായേലിൽ വച്ച്‌ ഉടമ്പടികൾ ഒപ്പുവച്ചിരിക്കുന്നത്‌. തീവ്രവാദികൾക്കും തീവ്രവാദ സംഘടനകൾക്കും, അവർക്ക്‌ സാമ്പത്തികമായും മറ്റും പിന്തുണ നൽകുന്നവർക്കുമെതിരായി ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ പറയുമ്പോൾ ഇക്കൂട്ടത്തിൽ ഇസ്രായേലും വരുമെന്ന യാഥാർത്ഥ്യം ബോധപൂർവ്വം നരേന്ദ്ര മോഡി വിസ്മരിച്ചിരിക്കുകയാണ്‌. സ്വാതന്ത്ര്യത്തിനും സ്വന്തം രാഷ്ട്രത്തിനും വേണ്ടി പോരാടുന്ന പാലസ്തീൻ ജനതയെ തീവ്രവാദികളോ, വിഘടനവാദികളോ ആയിക്കാണാൻ ഇന്ത്യൻ ജനതയ്ക്ക്‌ സാധിക്കുകയുമില്ല. ഈ ജനതയുടെ അവകാശങ്ങളാണ്‌ ഇപ്പോഴും ഇസ്രായേൽ ചോരയിൽ മുക്കികൊന്നുകൊണ്ടിരിക്കുന്നത്‌.
ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാനമായ പങ്കാളിത്വത്തിലേക്ക്‌ ഉയർത്താൻ ഇന്ത്യയും ഇസ്രയേലും തീരുമാനിച്ചിരിക്കുകയാണ്‌. ഭീകരതക്കെതിരെ കൂടുതൽ ശക്തമായി പോരാടുമെന്ന്‌ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക്‌ ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌..
ഇസ്രായേലും, ഇന്ത്യയും ഏഴിന കരാറിൽ ഒപ്പ്‌ വച്ചു. പ്രതിരോധം, സുരക്ഷ, ബഹിരാകാശം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കും. 40 ദശലക്ഷം ഡോളറിന്റെ ഇന്ത്യാ-ഇസ്രായേൽ വ്യവസായ വികസന ഗവേഷണ ഫണ്ടിന്‌ രൂപം നൽകാനുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു. കൃഷിയിൽ 2018 മുതൽ 2020 വരെ സഹകരിക്കാൻ പ്രവർത്തന പദ്ധതി തയ്യാറാക്കും
ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി മോഡിയാണെങ്കിലും നേരത്തെ തന്നെ പ്രസിഡന്റ്‌ പ്രണാബ്‌ മുഖർജി, മന്ത്രിമാരായിരുന്ന ശരത്‌ പവാർ, കബിൽ സിബൽ, കമൽനാഥ്‌, എസ്‌ എം കൃഷ്ണ തുടങ്ങിയവർ ഇവിടെ സന്ദർശിച്ചിട്ടുണ്ട്‌. പ്രസിഡന്റും, മന്ത്രിമാരും പാലസ്തീൻ കൂടി സന്ദർശിക്കുകയും, പലസ്തീൻ അനുകൂലമായ ഇന്ത്യൻ നിലപാട്‌ ആവർത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ തീർത്തും ഏകപക്ഷീയമായിരുന്നു മോഡിയുടെ സന്ദർശനം. പലസ്തീൻ–ഇസ്രയേൽ തർക്കത്തിൽ രണ്ടു രാജ്യങ്ങളെന്ന പരിഹാരം മോഡി പരാമർശിച്ചില്ലെന്ന്‌ ജറുസലേം പോസ്റ്റ്‌ ആദ്യപേജിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
മോഡി പലസ്തീൻ സന്ദർശിച്ചില്ലെന്ന്‌ മാത്രമല്ല 49 മണിക്കൂർ സന്ദർശനത്തിൽ ആദ്യദിനത്തിന്റെ പകുതിയും അദ്ദേഹം പലസ്തീനെ കുറിച്ച്്‌ പരാമർശിക്കുക പോലും ചെയ്തില്ലെന്ന്‌ വിവിധ പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇന്ദിരാഗാന്ധി രൂപപ്പെടുത്തിയ ബന്ധങ്ങളുടെ അസാന്നിദ്ധ്യം മോഡിയുടെ സന്ദർശനത്തിൽ പ്രകടമായിരുന്നുവെന്ന്‌ ഹാ അരറ്റ്സ്‌ പത്രം എഴുതുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യൻ നിലപാട്‌ സാമ്രാജ്യത്വത്തിനും കോളനി നവീകരണത്തിനും എതിരും മൂന്നാം ലോകരാജ്യങ്ങളോടും സാഹോദര്യം പുലർത്തുന്നവയുമായിരുന്നു –
ഹാ അരെറ്റ്സ്‌ ചൂണ്ടിക്കാട്ടുന്നു. ടൈംസ്‌ ഓഫ്‌ ഇസ്രയേലും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഊഷ്മളമായതിനെ കുറിച്ച്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌.
ഇസ്രായേലുമായി ബിജെപി സർക്കാർ നടത്തുന്ന സഖ്യം വ്യക്തമാക്കുന്നത്‌ അവരുടെ സാമ്രാജ്യത്വ-ഹിന്ദുത്വ വിദേശ നയമാണെന്ന്‌ സിപിഎമ്മും, സിപിഐയും ചൂണ്ടിക്കാട്ടി.
മോഡിയുടെ ഇസ്രായേൽ സന്ദർശനത്തിലൂടെ ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ വൻതോതിലുള്ള ആയുധ ഇടപാടുകൾക്ക്‌ വഴിയൊരുക്കുമെന്ന ആശങ്കയും വ്യാപകമാണ്‌. ഇപ്പോൾ തന്നെ അമേരിക്ക കഴിഞ്ഞാൽ ഇന്ത്യക്കേറ്റവും കൂടുതൽ ആയുധം വിൽക്കുന്ന രാജ്യം ഇസ്രായേലാണ്‌. ദാരിദ്ര്യവും അനീതികളും മൂലം രാജ്യത്തുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളെപ്പോലും ദേശവിരുദ്ധതയായി പെരുപ്പിച്ച്‌ കാട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാർ നേതൃത്വത്തിനും ഇത്തരം ഇടപാടുകൾക്കെല്ലാം നീതീകരണം കണ്ടെത്തുക എളുപ്പമായിരിക്കും.
മോഡി-നെതന്യാഹു കൂടിക്കാഴ്ചയെ ലോകചരിത്രത്തിലെ ഏറ്റവും തീഷ്ണമായ തീവ്രദേശീയതയായ സിയോണിസവും സമാന സങ്കുചിത ദേശീയത ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ ദേശീയതയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലായാണ്‌ ലോകം കാണുന്നത്‌.
ജൂതന്മാർക്ക്‌ പ്രത്യേക ജന്മദേശം രൂപവൽക്കരിക്കണമെന്ന ആശയവുമായി ഉടലെടുത്ത പ്രസ്ഥാനമാണ്‌ സിയോണിസം. തിയോഡർ ഹെർട്ട്സൺ ആണ്‌ ഈ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടത്‌.
ഇസ്രായേലുമായുള്ള അടുപ്പത്തിന്‌ ജനാധിപത്യ രാഷ്ട്രങ്ങൾ മടിച്ചു നിൽക്കുമ്പോഴാണ്‌ മോഡിയുടെ ഈ സന്ദർശനം നടന്നിരിക്കുന്നത്‌. അതുകൊണ്ടാണ്‌ ഇസ്രായേൽ ഇതൊരാഘോഷമാക്കി മാറ്റിയത്‌. ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയം പരിഗണിക്കുന്ന വേളയിൽ വിട്ടുനിന്ന്‌ ഇസ്രായേലിന്‌ പരോക്ഷ പിന്തുണ നൽകിയതിന്റെ തുടർച്ചയായിട്ടു തന്നെയാണ്‌ പലസ്തീൻ അതോറിറ്റി ആസ്ഥാനം സന്ദർശിക്കാതെ മോഡി പ്രകടമാക്കിയ സിയോണിസ്റ്റ്‌ അനുഭാവം.
ചരിത്രപരമായി അറബ്‌ ലോകത്തോടും പലസ്തീൻ ജനതയോടും ഈ രാജ്യം പുലർത്തി വന്ന സൗഹൃദത്തിന്‌ വിഘാതമാകുന്ന രീതിയിൽ റാമുള്ള സന്ദർശിക്കാതെ പ്രധാനമന്ത്രി മോഡി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കിയതും വളരെ തെറ്റായ സന്ദേശമാണ്‌ ലോകത്തിന്‌ നൽകിയിരിക്കുന്നത്‌.
യുഎന്നിൽ പലസ്തീൻ വിഭജനത്തെ എതിർത്ത്‌ വോട്ട്‌ ചെയ്ത ഇന്ത്യ 1950 ൽ ഇസ്രയേലിനെ അംഗീകരിച്ചുവെങ്കിലും 1992 വരെ നയതന്ത്ര ബന്ധം സ്ഥാപിക്കാതെ വിട്ടുനിൽക്കുകയാണ്‌ ചെയ്തത്‌. 1988 ൽ പലസ്തീൻ വിമോചന പ്രസ്ഥാനം നിലവിൽ വന്നപ്പോൾ ഇന്ത്യയാണ്‌ ആദ്യം അതിന്‌ അംഗീകാരം നൽകിയത്‌.
സിയോണിസത്തിന്റെ സ്ഥാപകൻ തിയോഡർ ഹെർസലിന്‌ സമശീർഷനാണ്‌ ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവും, വി ഡി സവർക്കർ തിയോഡർ എഴുതിയ പഴയ പുതിയ ഭൂമിയും സവർക്കറെഴുതിയ ഹിന്ദുത്വവും തീഷ്ണമായ രണ്ട്‌ വിചാര ധാരകളുടെ ഉറവിടങ്ങളുമാണ്‌.
പിറന്ന മണ്ണിൽ ജീവിച്ച്‌ മരിക്കാനുള്ള അവകാശത്തിനായി പലസ്തീനികൾ പതിറ്റാണ്ടുകളായി നടത്തുന്ന പോരാട്ടത്തെയാണ്‌ സിയോണിസ്റ്റുകൾ ഭീകരവാദം എന്നുവിളിച്ച്‌ ആക്ഷേപിക്കുന്നത്‌. ദശാബ്ദങ്ങളായി ഇന്ത്യ തുടരുന്ന പാലസ്തീൻ നയമാണ്‌ മോഡി സർക്കാർ അട്ടിമറിച്ചിരിക്കുന്നത്‌. അതോടൊപ്പം ചേരിചേരായ്മ അടിസ്ഥാനമാക്കി രാജ്യം തുടർന്നിരുന്ന മൗലിക നയങ്ങളിൽ നിന്നുമുള്ള വലിയ വ്യതിയാനവുമാണിത്‌.
ലോകത്ത്‌ നമ്മുടെ രാജ്യവും സാമ്രാജ്യ വിരുദ്ധ ചേരിയും പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌. എന്നാൽ പ്രതിലോമകാരികൾക്കും സാമ്രാജ്യത്വത്തിനും, വർഗ്ഗീയ പ്രീണന ശക്തികൾക്കും വിടുവേല ചെയ്യുന്ന നരേന്ദ്ര മോഡിയെ പ്പോലുള്ള ഭരണാധികാരികൾ രാജ്യത്തെ ഇക്കാര്യത്തിൽ ബോധപൂർവ്വം പുറകോട്ട്‌ നയിക്കാനാണ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാത്രം പുതിയ ഇസ്രയേൽ-ഇന്ത്യ ഉടമ്പടിയെ കണ്ടാൽ മതി.