ഉച്ചഭാഷിണി ഉപയോഗം: നടപടിക്രമങ്ങള്‍ ലഘൂകരിക്കണം

January 11 01:55 2017

 

കോട്ടയം: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും, ഫീസ് നിരക്ക് കുറയ്ക്കണമെന്നും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണ്ണവും ബുദ്ധിമുട്ട് ഉളവാക്കുന്നതുമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ വരുമാന വര്‍ദ്ധനയ്ക്കായി അപേക്ഷാഫീസ് കുത്തനെ കൂട്ടിയത് വിപരീത ഫലമാണ് ഉളവാക്കിയത്. വരുമാനം കൂടിയില്ലെന്ന് മാത്രമല്ല ഗണ്യമായി കുറയുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു പ്രാദേശിക യോഗത്തിനായുള്ള അനുമതിക്കായി നിലവില്‍ സ്ഥലത്തെ സബ്ബ് ട്രഷറിയില്‍ നിന്ന് ചെല്ലാന്‍ വാങ്ങി പൂരിപ്പിച്ച് ട്രഷറി സീല്‍ വയ്പ്പിച്ച് പ്രസ്തുത ട്രഷറിക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പണം അടച്ച്, പ്രത്യേക അപേക്ഷയും, നിശ്ചിത ഫോറത്തോടുമൊപ്പം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച് അപേക്ഷയില്‍ സ്റ്റേഷന്‍ ഓഫീസറുടെ സീലും, ഒപ്പും വാങ്ങണം.പിന്നീട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ കൊടുത്ത് അവിടെ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഒപ്പും, സീലും വാങ്ങി പ്രത്യേക അനുമതി ഫോറത്തോടൊപ്പം ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിക്കണം. അവിടെ നിന്ന് അനുമതി വാങ്ങി അനുമതി പത്രം പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ തിരികെ എത്തിക്കുമ്പോള്‍ മാത്രമാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനായുള്ള അനുമതി ലഭിക്കുന്നത്.
ഉച്ചഭാഷിണി ഉപയോഗത്തിനായുള്ള അപേക്ഷാ ഫോമുകള്‍ നിശ്ചിത സ്ഥലങ്ങളിലോ, ഓഫീസുകളിലോ ലഭ്യമല്ല. ട്രഷറിയില്‍ ചെല്ലാന്‍ വാങ്ങാനും പൂരിപ്പിച്ച് സീല്‍ വയ്പ്പിക്കാനും ക്യൂ നില്‍ക്കണം. പിന്നീട് ട്രഷറി അക്കൗണ്ടുള്ള ബാങ്കില്‍ ചെല്ലാന്‍ അടയ്ക്കണം. തുടര്‍ന്ന് അപേക്ഷയുമായി പോലീസ് ഓഫീസുകളില്‍ ചെല്ലുപ്പോള്‍ സ്റ്റേഷന്‍ ഓഫീസറോ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോ, ഡി.വൈ.എസ്.പിയോ സ്ഥലത്തില്ലെങ്കില്‍ അപേക്ഷയില്‍ തീര്‍പ്പാകാന്‍ വരുന്ന കാലതാമസം വേറെ. പെട്ടെന്ന് സംഘടിപ്പിക്കപ്പെടുന്ന യോഗങ്ങള്‍ക്ക് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും കഴിയില്ല. ഈ കടുത്ത സങ്കീര്‍ണ്ണത മൂലം നിയമവിധേയമല്ലാതെ യോഗങ്ങള്‍ നടക്കുകയും, സര്‍ക്കാരിന് ലക്ഷണകണക്കിന് രൂപയുടെ വരുമാന നഷ്ടവുമാണ് ഉണ്ടാകുന്നത്.
പ്രാദേശിക യോഗങ്ങള്‍ക്കായുളള അനുമതി പൊലീസ് സ്റ്റേഷനിലോ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസറുടെ കാര്യാലയത്തെയോ ചുമതലപ്പെടുത്തിയാല്‍ സങ്കീര്‍ണ്ണതകളും, ബുദ്ധിമുട്ടുകളും ഒഴിവാക്കി നിയമവിധേയമായി യോഗങ്ങള്‍ നടത്താന്‍ കഴിയും. സര്‍ക്കാരിന് ഈ രംഗത്ത് നിന്നുള്ള വരുമാനം കൃത്യമായി ലഭിക്കുകയും ചെയ്യുമെന്ന് ഇസ്‌കഫ് ജില്ലാ കമ്മറ്റിയോഗം നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെയും നിയമസഭാ സാമാജികരുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ഇസ്‌കഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.പ്രശാന്ത് രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റോജന്‍ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബേബി ജോസഫ്, വി.വൈ.പ്രസാദ്, രാജേഷ് രാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഡ്വ.ആര്‍. ബിനു, അര്‍ജുന്‍ കെ.ഷാജി, അഡ്വ. കെ.ആര്‍. പ്രവീണ്‍, ബിജു തോമസ്, പി.എസ്.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

  Categories:
view more articles

About Article Author