Monday
23 Apr 2018

ഉണർത്തെഴുന്നേൽപ്പിന്റെ കാഹളമുയർത്തുന്ന ലോങ്ങ്‌ മാർച്ച്‌

By: Web Desk | Monday 17 July 2017 5:00 AM IST

രാജ്യത്തെ രക്ഷിക്കുക, രാജ്യത്തെ മാറ്റുക എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയ യുവജന സംഘടനയായ അഖിലേന്ത്യാ യുവജന ഫെഡറേഷനും (എഐവൈഎഫ്‌) സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നേരവകാശികളായ അഖിലേന്ത്യ വിദ്യാർഥി ഫെഡറേഷനും (എഐഎസ്‌എഫ്‌) കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ജാഥയ്ക്ക്‌ ജനയുഗം അഭിവാദ്യം അർപ്പിക്കുന്നു, ആശംസകൾ നേരുന്നു. രാജ്യം കടന്നുപോകുന്ന അതീവ സങ്കീർണവും സംഘർഷഭരിതവും ജനജീവിതത്തെ ഭീതിയുടെ നിഴലിലാക്കിയിരിക്കുന്നതുമായ സന്ദർഭത്തിൽ വിപ്ലവ യുവജന വിദ്യാർഥി പ്രസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഈ രാഷ്ട്രീയ ദൗത്യം ജനങ്ങൾക്ക്‌ ഏറെ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നുണ്ട്‌. ഒരു സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ പരമാധികാര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യ എന്ന സങ്കൽപവും അതിന്റെ അസ്തിത്വവും ഉയർത്തിപ്പിടിക്കാൻ യുവജന വിദ്യാർഥി സമൂഹം ഏറ്റെടുത്ത അതിബൃഹത്തായ പ്രചാരണ സംരംഭമായി അത്‌ ചരിത്രത്തിൽ സ്ഥാനം പിടിക്കും. വൈവിധ്യമാർന്ന ഭാഷകളുടെയും സംസ്കാരങ്ങളുടെയും ജീവിതരീതികളുടെയും വിശ്വാസ പ്രമാണങ്ങളുടെയും ആചാരമര്യാദകളുടെയും സംഗമഭൂമിയാണ്‌ ഇന്ത്യ. ആ യാഥാർത്ഥ്യങ്ങളെ അപ്പാടെ നിരാകരിച്ച്‌ മതമൗലികവാദത്തിന്റെയും കാലഹരണപ്പെട്ട വർണാശ്രമ ധർമങ്ങളുടെയും അന്ധവിശ്വാസ ജടിലതയുടെയും സമ്പൂർണാധിപത്യത്തിന്റെ മറവിൽ സമസ്ത മനുഷ്യാവകാശങ്ങളെയും സാമൂഹ്യനീതിയേയും സാമ്പത്തിക സമത്വ ദർശനങ്ങളെയും തകർക്കാൻ മൂലധന ശക്തികൾ ആവനാഴിയിലെ എല്ലാ അടവുകളും കുതന്ത്രങ്ങളും പ്രയോഗത്തിൽ കൊണ്ടുവരാനുള്ള തീവ്രയത്നത്തിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. നരേന്ദ്രമോഡി സർക്കാരിനെ അധികാരത്തിലെത്തിച്ച പൊതു തെരഞ്ഞെടുപ്പ്‌ മുതൽ ഇങ്ങോട്ടുള്ള ഓരോ തെരഞ്ഞെടുപ്പുകളും ഭൂരിപക്ഷത്തിന്റെ പരാജയവും ന്യൂനപക്ഷത്തിന്റെ ആധിപത്യവുമാണ്‌ രാജ്യത്ത്‌ നടമാടുന്നതെന്ന്‌ ആവർത്തിച്ച്‌ തെളിയിച്ചുവരികയാണ്‌. അതിനെ ചെറുക്കാൻ വിശാലമായ ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികളുടെ ഐക്യത്തിനും കൂട്ടായ ചെറുത്തു നിൽപ്പിനുമുള്ള ആഹ്വാനമാണ്‌ കാലഘട്ടം നൽകുന്നത്‌. കാലഘട്ടത്തിന്റെ ആ ദൗത്യമാണ്‌ എഐവൈഎഫും എഐഎസ്‌എഫും ഏറ്റെടുത്തിരിക്കുന്നത്‌.
ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കായി നിലനിർത്തുക എന്നതുതന്നെയാണ്‌ രാജ്യവും ജനതയും നേരിടുന്ന ഏറ്റവും കനത്ത വെല്ലുവിളി. സ്വതന്ത്ര ഇന്ത്യയുടെ ആ അടിസ്ഥാന സ്വഭാവ സവിശേഷത തകർക്കാനാണ്‌ ആർഎസ്‌എസ്‌- സംഘ്പരിവാർ പിന്തുണയോടെ മോഡി സർക്കാർ ശ്രമിക്കുന്നത്‌. ഇന്തോനേഷ്യ കഴിഞ്ഞാൽ ഭൂഗോളത്തിൽ ഏറ്റവും അധികം ഇസ്ലാം മതവിശ്വാസികൾ അധിവസിക്കുന്ന രാഷ്ട്രമാണ്‌ നമ്മുടേത്‌. മതത്തിന്റെയും ഭക്ഷണ രീതികളടക്കം അവരുടെ സംസ്കാരത്തിന്റെയും പേരിൽ അവർ രാജ്യത്ത്‌ കടന്നുകയറിയ അധിനിവേശ ശക്തികളാണെന്ന്‌ വരുത്തിതീർക്കാനാണ്‌ ശ്രമം. ഹിന്ദുമതത്തിന്റെ വൈവിധ്യ സവിശേഷതകളെത്തന്നെ നിഷേധിക്കുന്ന സംഘ്പരിവാർ ഹിന്ദുത്വത്തിന്റെ പേരിൽ കോടാനുകോടി വരുന്ന മതന്യൂനപക്ഷങ്ങളെ രാജ്യത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാനാണ്‌ ശ്രമിക്കുന്നത്‌. ചാതുർവർണ്യത്തിന്റെ അതിർവരമ്പുകളിൽനിന്നും ദളിതരെ അനേക കാതം അകറ്റി നിർത്തിയിരുന്ന വരേണ്യർ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വിജയത്തിന്‌ ദളിത്‌ ലേബൽ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ ആ ജനതകളെ തെരുവുകളിലും മൊഹല്ലകളിലും അതിക്രൂരമായി മർദിച്ചൊതുക്കുന്നത്‌ ദിനചര്യയാക്കി മാറ്റിയിരിക്കുന്നു. അത്തരമൊരു പ്രതിലോമ സാമൂഹ്യക്രമം ഉറപ്പിച്ചു നിർത്താൻ വിദ്യാഭ്യാസരംഗമടക്കം വിജ്ഞാന സാംസ്കാരിക മേഖലകളെയാകെ കാവിവൽക്കരിച്ച്‌ കൈപ്പിടിയിലൊതുക്കുന്നു. മോഡി സർക്കാർ കയറൂരി വിട്ടിരിക്കുന്ന ഭ്രാന്തൻ സംഘങ്ങൾ ഫലത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ്‌ സാമൂഹ്യക്രമത്തിന്റെ ലക്ഷ്യം മൂലധനശക്തികളുടെ പാദസേവയല്ലാതെ മറ്റൊന്നല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള മുതലാളിത്ത കോർപ്പറേറ്റ്‌ സാമ്രാജ്യത്വങ്ങൾക്ക്‌ യഥേഷ്ടം കൊള്ളയടിക്കാൻ കഴിയുന്ന ഒന്നായി രാജ്യത്തെയും ജനതയേയും മാറ്റിയെടുക്കുകയാണ്‌ അവരുടെ ലക്ഷ്യം.
125 കോടിയിലധികം വരുന്ന ജനതയെ തീറ്റിപ്പോറ്റുന്ന കർഷകൻ ഗതികേടിന്റെയും നൈരാശ്യത്തിന്റെ പാതാളക്കുഴികളിലാണ്‌. ദശാബ്ദങ്ങളായി അനവരതം പോരാടി നേടിയ അവകാശങ്ങളോരോന്നും തൊഴിലാളികളിൽ നിന്ന്‌ കവർന്നെടുക്കപ്പെടുന്നു. മൂലധന നിക്ഷേപത്തെപ്പറ്റിയും നൈപുണ്യ വികാസത്തെപ്പറ്റിയും വീമ്പിളക്കുന്ന മോഡി ഭരണകൂടമാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം തൊഴിൽ രഹിതരെ സൃഷ്ടിച്ചിട്ടുള്ളത്‌. നമ്മുടെ സർവകലാശാലകൾ ദുർമരണങ്ങളുടെയും ആത്മഹത്യകളുടെയും ഭീതിയുടെയും നിഴലിലാണ്‌. സ്ത്രീസുരക്ഷയും അവരുടെ അവകാശ ബോധവും ഇത്രയേറെ വെല്ലുവിളിക്കപ്പെട്ട മറ്റൊരു കാലമുണ്ടാവില്ല. രാജ്യത്തിന്റെ ഈ യഥാർത്ഥ ചിത്രം ജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാട്ടാനും വിമോചനത്തിന്റെ മാർഗം തുറന്നുവയ്ക്കാനുമുള്ള ദൗത്യമാണ്‌ കന്യാകുമാരി മുതൽ ഇന്ത്യ ചരിത്രത്തിലെ എക്കാലത്തെയും പ്രചോദനത്തിന്റെ ഉറവിടമായ രക്തസാക്ഷികളുടെ ചക്രവർത്തി ഭഗത്സിങ്‌ അന്ത്യവിശ്രമം കൊള്ളുന്ന ഹുസൈനിവാലയിലേക്കുള്ള യുവജന വിദ്യാർഥി ലോങ്ങ്‌ മാർച്ച്‌. അത്‌ മഹത്തായ ഒരു ജനതയുടെ ഉണർത്തെഴുന്നേൽപ്പിനുള്ള കാഹളമാണ്‌ ഉയർത്തുന്നത്‌.