ഉത്തര മലബാറിൽ പുതിയ നദീതീര ടൂറിസം പദ്ധതി

ഉത്തര മലബാറിൽ പുതിയ നദീതീര ടൂറിസം പദ്ധതി
February 04 04:50 2017

തിരുവനന്തപുരം: ഉത്തര മലബാറിലെ നദികൾ കേന്ദ്രീകരിച്ച്‌ പുതിയ വിനോദസഞ്ചാര പദ്ധതിക്ക്‌ ടൂറിസം വകുപ്പ്‌ രൂപം നൽകി. ഉത്തരമലബാറിലെ കാസർഗോഡ്‌, കണ്ണൂർ ജില്ലകളിൽ കൂടി ഒഴുകുന്ന വളപ്പട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.
ഉത്തരമലബാറിന്റെ പാരമ്പര്യകലകൾ, തനതായ ഭക്ഷണം, പരമ്പരാഗത തൊഴിലുകൾ, കൃഷി രീതികൾ, കരകൗശല പാരമ്പര്യം, പ്രകൃതി ഭംഗി, ആയോധനകലകൾ ഇവയൊക്കെ വിനോദ സഞ്ചാരികൾക്ക്‌ പരിചയപ്പെടുത്തി കൊടുക്കുകയാണ്‌ ലക്ഷ്യം. പദ്ധതിയിലുളള എട്ട്‌ നദികളും എട്ട്‌ തീമുകളുടെ അടിസ്ഥാനത്തിൽ വികസിപ്പിക്കും. കണ്ണൂരിലെ നിർദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളം മുതൽ ബേക്കൽ വരെ നീളുന്ന ഏകദേശം 200 കി.മീ നദീതീരം പദ്ധതിയുടെ ഭാഗമായി വരും.
ഉത്തര മലബാറിലെ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിൽ അവസരം സൃഷ്ടിക്കുന്നതിലും പദ്ധതി പൂർത്തിയാകുമ്പോൾ ഒരു വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കുമെന്നാണ്‌ കരുതുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിൽ പി കെ ശ്രീമതി എം പി, എംഎൽഎമാരായ ജെയിംസ്‌ മാത്യു, സി കൃഷ്ണൻ, എം രാജഗോപാലൻ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ യു വി ജോസ്‌, അഡീ. ഡയറക്ടർ കെ ബാലമുരളി, കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി സംബന്ധിച്ച രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. അടുത്ത മാസം ഇത്‌ സംബന്ധിച്ച്‌ വിപുലമായ യോഗം കണ്ണൂരിൽ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

  Categories:
view more articles

About Article Author