ഉത്തർ പ്രദേശിലെ സംഭവവികാസങ്ങൾ

January 03 05:00 2017

രാജ്യം ഉറ്റുനോക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ്‌ ഈ വർഷം ഉത്തർപ്രദേശ്‌ ഉൾപ്പെടെയുള്ള അഞ്ച്‌ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്നത്‌. പ്രസ്തുത തെരഞ്ഞെടുപ്പ്‌ വിധികൾ വരുംകാല രാഷ്ട്രീയത്തിന്റെ ദിശാസൂചകങ്ങളായിരിക്കുമെന്നതിൽ തർക്കമില്ല. സംസ്ഥാനം വിഭജിക്കപ്പെട്ടുവെങ്കിലും വലിയ നിയമസഭകളിലൊന്നും ഏറ്റവുമധികം ലോക്സഭാംഗങ്ങളുമുള്ള സംസ്ഥാനവും യുപി തന്നെയാണ്‌. 31 അംഗങ്ങളെ രാജ്യസഭയിലേയ്ക്ക്‌ തെരഞ്ഞെടുക്കാൻ അവസരമുള്ള സംസ്ഥാനവും ഇതാണ്‌. ഇതൊക്കെ കൊണ്ട്‌ ഉത്തർപ്രദേശ്‌ പിടിച്ചാൽ രാജ്യം പിടിച്ചുവെന്ന ധാരണ ദേശീയ രാഷ്ട്രീയത്തിൽ നേരത്തേ തന്നെ നിലവിലുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ യുപി നിയമസഭ തെരഞ്ഞെടുപ്പിന്‌ പ്രാധാന്യം വർധിക്കുന്നത്‌.
കഴിഞ്ഞ വർഷം നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ മുപ്പത്‌ തെരഞ്ഞെടുപ്പ്‌ റാലികളിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തത്‌. വൻ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മോഡി അന്ന്‌ നടത്തി. ബിജെപി അധ്യക്ഷൻ അമിത്‌ ഷായും മാസങ്ങളോളം ബിഹാറിൽ തന്നെ തമ്പടിച്ചാണ്‌ പ്രചരണം നടത്തിയത്‌. പക്ഷേ ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളടക്കം വിശാലസഖ്യത്തിന്‌ സന്നദ്ധമായതുകൊണ്ട്‌ ബിജെപിയെ മാറ്റിനിർത്താനായി.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്‌ വേളയിൽ നടത്തിയ എല്ലാ കുതന്ത്രങ്ങളും ബിജെപി ഇപ്പോൾ തന്നെ ഉത്തർപ്രദേശിൽ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു. വൻ കേന്ദ്ര പദ്ധതികളും സഹായങ്ങളും വാഗ്ദാനം ചെയ്താണ്‌ ഇപ്പോൾ അവർ അതിന്‌ ശ്രമിക്കുന്നത്‌. വർഗീയധ്രുവീകരണം നടത്തുന്നതിനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. വർഗീയ പ്രചരണങ്ങൾക്കൊപ്പം തന്നെ ആയിരക്കണക്കിന്‌ കലാപങ്ങളും സാമുദായിക അസ്വാസ്ഥ്യങ്ങളും അവിടെ സംഘപരിവാറിന്റെ ശ്രമഫലമായി അരങ്ങേറി.
കഴിഞ്ഞ ദിവസം രാജ്യത്തോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം യഥാർഥത്തിൽ യുപി തെരഞ്ഞെടുപ്പ്‌ ഉൾപ്പെടെ മുന്നിൽ കണ്ടുള്ള ഒന്നായിരുന്നു. നോട്ടുനിരോധനത്തിലൂടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ മറച്ചുവച്ച്‌ കുറേ വാഗ്ദാനങ്ങൾ നൽകിയത്‌ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുതന്നെയാണെന്ന്‌ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്‌.
ഈ പശ്ചാത്തലത്തിൽ വേണം ഇപ്പോൾ യുപി രാഷ്ട്രീയത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ കാണാൻ. സാമുദായിക രാഷ്ട്രീയത്തിന്‌ വളരെയധികം പ്രാധാന്യമുള്ള സംസ്ഥാനമാണ്‌ യുപി. യാദവ സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പലതും സജീവമാണിവിടെ. സവർണ മേധാവിത്വവും അതിന്റെ അടിച്ചമർത്തൽ നടപടികളുമാണ്‌ ജാതി രാഷ്ട്രീയത്തിന്‌ വേരു പിടിക്കാൻ സമകാലിക ഇന്ത്യയിൽ അവസരമുണ്ടാക്കിയത്‌. ജനാധിപത്യ മതേതര രാഷ്ട്രീയത്തിന്‌ ഈ സാഹചര്യം പോറലേൽപ്പിക്കുന്നുവെങ്കിലും ജാതി എന്നത്‌ ഒരു യാഥാർഥ്യമായി നിൽക്കുന്ന സാഹചര്യത്തിൽ ഇതിനെ അവഗണിക്കാനാകാത്ത സ്ഥിതിയുമുണ്ട്‌.
ജാതിയും മതവും വംശങ്ങളുമൊന്നും തെരഞ്ഞെടുപ്പ്‌ വിഷയങ്ങളാകരുതെന്ന സുപ്രിം കോടതിയുടെ സുപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്‌ ഇന്നലെയായിരുന്നു. എങ്കിലും തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ ഇടതുപ്രസ്ഥാനങ്ങൾ ഒഴികെയുള്ള പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമെന്നുറപ്പാണ്‌.
യുപി തെരഞ്ഞെടുപ്പ്‌ ഇതെല്ലാംകൊണ്ടുതന്നെ ദേശീയ പ്രാധാന്യമുള്ളതാകുകയാണ്‌. എന്നാൽ ബിജെപിയുടെ കുതന്ത്രങ്ങളും അവരുയർത്തുന്ന ആശയപരവും സാമൂഹ്യവുമായ വെല്ലുവിളികളുമൊന്നും പരിഗണിക്കാതെയുള്ള നിലപാടുകളാണ്‌ ഇപ്പോൾ യുപി ഭരിക്കുന്ന സമാജ്‌വാദി പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്‌. ജാതി രാഷ്ട്രീയമാണ്‌ പ്രധാനമെങ്കിലും രാജ്യത്ത്‌ ചിലപ്പോഴെങ്കിലും മതേതര നിലപാട്‌ സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപിയെ അകറ്റിനിർത്താനുള്ള ശ്രമങ്ങളാണ്‌ എസ്പിയിൽ നിന്ന്‌ എല്ലാവരും പ്രതീക്ഷിക്കുന്നത്‌. എന്നാൽ തങ്ങളുടെ രാഷ്ട്രീയത്തിന്റെ യഥാർഥ ലക്ഷ്യങ്ങൾ മറന്നുകൊണ്ടുള്ള കുടുംബപ്പോരാണ്‌ ഇപ്പോൾ ആ പാർട്ടിയിൽ നടക്കുന്നത്‌. അത്‌ മതേതര – ജനാധിപത്യ വിശ്വാസികൾക്ക്‌ നിരാശ നൽകുന്നതാണ്‌.
ബിഹാറിൽ ഉണ്ടായതുപോലെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ സഖ്യവും അതുവഴി ബിജെപിയെ അകറ്റിനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചില ശ്രമങ്ങൾ അവിടെ ആരംഭിച്ചതായിരുന്നു. അതിലുണ്ടാകാൻ പോകുന്നവർ ആരൊക്കെയെന്ന അവസാന ധാരണ ഉണ്ടായിട്ടില്ലെങ്കിലും പ്രതീക്ഷ നൽകുന്നതായിരുന്നു. അതിൽ വലിയൊരു പങ്ക്‌ വഹിക്കേണ്ടത്‌ മുലായത്തിന്റെയോ അഖിലേഷിന്റെയോ ആരുടേതായാലും എസ്പിയെന്ന പാർട്ടി തന്നെയാണ്‌. എന്നാൽ ഇന്ത്യൻ യാഥാർഥ്യങ്ങളെ തിരിച്ചറിയാതെയുള്ള അവരുടെ തമ്മിലടി ഭയാശങ്കകൾ ഉണ്ടാക്കുന്നുണ്ട്‌.
ഒരു പക്ഷേ വ്യക്തമായ രാഷ്ട്രീയ – ആശയ അടിത്തറയില്ലാതെ പിറവിയെടുക്കുന്ന പ്രസ്ഥാനങ്ങളിൽ കണ്ടുവരുന്ന സ്വാഭാവിക പ്രവണതയാണ്‌ കുടുംബാധിപത്യവും മറ്റും. എന്നാൽ ഇപ്പോഴത്തെ സങ്കീർണമായ സാഹചര്യത്തിൽ ഉത്തർപ്രദേശ്‌ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച്‌ സമാജ്‌വാദി പാർട്ടിയിൽ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാവരെയും നിരാശപ്പെടുത്തുന്നവ തന്നെയാണ്‌. തമ്മിലടിച്ച്‌ പന്നി കുന്നുകയറി എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന സാഹചര്യം അവിടെ ഉണ്ടാകരുതെന്നാണ്‌ രാജ്യസ്നേഹികൾ പ്രതീക്ഷിക്കുന്നത്‌.

  Categories:
view more articles

About Article Author