ഉദ്യാന പാതകൾക്കും വേണം കരുതൽ

ഉദ്യാന പാതകൾക്കും വേണം കരുതൽ
July 04 04:45 2017

രമ്യ മേനോൻ

ആധുനിക ജീവിതത്തിൽ ഉടമസ്ഥർ വീടിനൊപ്പം ഉദ്യാനങ്ങളെയും അഴകിൽ പരിഗണണിക്കാറുണ്ട്‌. ഒരു പക്ഷെ മുമ്പുള്ള കാലങ്ങളെക്കാളും പൂന്തോട്ടം വീടിന്റെയും ഉടമസ്ഥരുടെയും ജീവിതങ്ങളിൽ പൂന്തോട്ടങ്ങൾ കണ്ടുവരാറുള്ളത്‌ ഇക്കാലങ്ങളിലാണ്‌. വീടിനോളം പണം ചെലവാക്കിയാകും ചിലർ ഉദ്യാനങ്ങളെയും നിർമ്മിക്കുക. വീടിന്റെ എല്ലാ നിർമ്മാണ വേളകളിലും നൽകുന്ന ശ്രദ്ധ പൂന്തോട്ടങ്ങളിലെയും നിർമ്മാണ വേളയിലും വേണമെന്നാണ്‌ കാർഷിക വിദഗ്ദർ വിലയിരുത്തുന്നത്‌.
പൂന്തോട്ടങ്ങൾക്കിടയിൽ നിർമ്മിക്കാറുള്ള നടപ്പാതകൾ ശല്യമായി തീരുക മഴക്കാലങ്ങളിലാണ്‌. ഒരൽപം ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ നമുക്കൊഴിവാക്കാവുന്നതേയുള്ളു. ഉദ്യാനത്തിലെ നടപ്പാതകൾ മഴക്കാലത്ത്‌ പലയിടങ്ങളിലും വെള്ളച്ചാലുകളായി രൂപാന്തരപ്പെടാറുണ്ട്‌. ഇത്‌ തടയാൻ നടപ്പാതകളും റോഡുകളും നിർമ്മിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും നിർമ്മിക്കണം. ഒഴുകിപ്പോകാതെ മതിൽക്കെട്ടിനുള്ളിൽത്തന്നെ കെട്ടിക്കിടക്കുന്ന ജലം കൊതുക്‌ വളരുന്നതിനും കാരണമായേക്കും.
ഉദ്യാനത്തിൽ ഉലാത്തുന്നതിനും ഉദ്യാനപരിപാലനത്തിന്‌ ഉപയോഗിക്കുന്നപലവിധ യന്ത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നതിനും പാതകൾ ആവശ്യമാണ്‌. ഒരിക്കൽ നിർമിച്ചുകഴിഞ്ഞാൽ പിന്നീടൊരിക്കലും ഇവയ്ക്ക്‌ സ്ഥാനചലനം സംഭവിച്ചുകൂടാ. അതിനാൽ വളരെ ശ്രദ്ധയോടുകൂടി വേണം ഇവ നിർമ്മിക്കാൻ.
പാതയുടെ മേൽഭാഗത്ത്‌ പാകിയിരിക്കുന്നത്‌ എന്തു വസ്തുവാണെന്നതനുസരിച്ചിരിക്കും അതിന്റെ ഭംഗി. ഉദ്യാനത്തിലെ പ്രധാന ഘടകങ്ങളായ പൂപ്പടർപ്പുകൾ, പുൽത്തകിടുകൾ മുതലായവയ്ക്കനുസരിച്ചു വേണം റോഡുകളുടെയും നടപ്പാതകളുടെയും സ്ഥാനനിർണയം നടത്തുന്നത്‌. ആവശ്യത്തിൽ കൂടുതൽ നടപ്പാതകൾ നിർമ്മിക്കുന്നത്‌ പൂന്തോട്ടത്തിന്റെ ആകർഷകത കുറയക്കും. പൂന്തോട്ടത്തിന്റെ രണ്ടു ഭാഗങ്ങൾ തമ്മിൽ കൂട്ടിയിണക്കുവാൻ പാതകൾ വളരെ ഉപയുക്തമാണ്‌. പാതയുടെ ഇരുവശങ്ങളിലും സിമന്റോ, ഇഷ്ടികയോ, കല്ലോ കൊണ്ടുള്ള ബോർഡറുകൾ ഉണ്ടാക്കാം. ഇങ്ങനെയുള്ള സംവിധാനങ്ങൾ പുൽത്തകിടിയും പൂപ്പടർപ്പും മറ്റും പാതയിലേക്ക്‌ അതിക്രമിച്ചു കടക്കുന്നതിനെ തടഞ്ഞ്‌ നടപ്പാതയെ വൃത്തിയായി സൂക്ഷിക്കും. പൂവള്ളികൾ പടർത്തിയ കമാനങ്ങൾ (ആർച്ചുകൾ) നടപ്പാതകൾക്ക്‌ ഭംഗി പകരുന്നു. റോക്കറി (കൃത്യമമായി ഉണ്ടാക്കുന്ന പാറക്കെട്ട്‌) താമരക്കുളം എന്നിവയിലേക്ക്‌ നയിക്കുന്ന ചെറിയ നടപ്പാതകൾക്ക്‌ രണ്ട്‌ അടി വീതി മതി. വെള്ളം കെട്ടി നിൽക്കുന്ന ഇടമായതുകൊണ്ടുതന്നെ ഇടയ്ക്ക്‌ വെള്ളം മാറ്റാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഏറ്റവും രോഗജന്യമായേക്കാവുന്ന ഇടം ഉദ്യാനങ്ങളായേക്കും.
ഉദ്യാനത്തിലെ നടപ്പാതകൾ വർഷക്കാലങ്ങളിൽ വെള്ളച്ചാലുകളായി രൂപാന്തരപ്പെടാതിരിക്കാനുള്ള സംവിധാനം ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനായി നടപ്പാതകളും റോഡുകളും നിർമ്മിക്കുമ്പോൾ ഒപ്പം വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും നിർമ്മിക്കണം. പേമാരിയുടെ സമയങ്ങളിൽ നാം ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്‌ നീർച്ചാലുകൾ. കൂടുതൽ അളവ്‌ വെള്ളം ഉൾക്കൊള്ളാനുള്ള കഴിവ്‌ ചെറിയ ചാലുകൾക്കുണ്ടാകാറില്ല. ഇതുകൊണ്ട്തന്നെ വീതി കുറഞ്ഞ ചാലുകളാണെങ്കിൽ നീളത്തിൽ പോകാതെ അൽപ്പം വളഞ്ഞ്‌ പുളഞ്ഞ്‌ നിർമ്മിക്കുകയാണെങ്കിൽ വെള്ളത്തിന്റെ ശക്തികുറയ്ക്കാൻ ഇതുകൊണ്ട്‌ സാധിക്കും. കൂടാതെ മഴക്കാലങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്‌ നടപ്പാതകളിലുണ്ടാകാറുള്ള പായൽ. തെന്നി വീഴുന്നതിനുള്ള സാധ്യത അധികമായതുകൊണ്ട്‌ തന്നെ ഇവയെ എപ്പോഴും വൃത്തിയാക്കേണ്ടത്‌ അത്യാവശ്യമാണ്‌. വെള്ളം ഭൂമിയിലേയ്ക്ക്‌ ഇറങ്ങിപ്പോകാനുള്ള രീതിയിൽ പാതയുടെ നിർമ്മാണം നടത്തുകയാണെങ്കിൽ ഭൂഗർഭ ജലത്തിന്റെ അളവിൽ വർധനവുണ്ടാക്കാനും നമുക്ക്‌ സാധിക്കും. അതുവഴി ആ പ്രദേശത്തെ ജല ലഭ്യത കൂട്ടാനും നമുക്ക്‌ കഴിയും. മഴക്കാലത്തിലെ വെള്ളത്തെ പാഴാക്കി കളയേണ്ടിയും വരില്ല.
ഭംഗി നല്ലതാണ്‌. എന്നാൽ ഭംഗി ക്രമേണ അഭംഗിക്ക്‌ വഴിവെക്കാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കണമെന്ന്‌ മാത്രം.

  Categories:
view more articles

About Article Author