എഐടിയുസി പഞ്ചദിന സത്യഗ്രഹസമരം ഇന്ന്‌ അവസാനിക്കും

എഐടിയുസി പഞ്ചദിന സത്യഗ്രഹസമരം ഇന്ന്‌ അവസാനിക്കും
May 19 03:20 2017

തിരുവനന്തപുരം: കുറഞ്ഞ വേതനം 18,000 രൂപ ആയി പ്രഖ്യാപിക്കുക, കരാർ കാഷ്വൽ ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ എഐടിയുസി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ നടന്നുവരുന്ന പഞ്ചദിന സത്യഗ്രഹം നാല്‌ നാൾ പിന്നിട്ടു. അഞ്ചാം ദിവസമായ ഇന്ന്‌ വൈകിട്ടോടെ സത്യഗ്രഹസമരം അവസാനിക്കും.
നാലാം ദിവസത്തെ സമരം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താകെ വിവിധ മേഖലകളിൽ കരാർ, കാഷ്വൽ, ദിവസവേതന അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിപക്ഷവും സ്ത്രീതൊഴിലാളികളാണെന്ന്‌ കെ മല്ലിക അഭിപ്രായപ്പെട്ടു. സ്ത്രീകളോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന വിധത്തിൽ ദിവസ വേതനക്കാരായിട്ടുള്ള തൊഴിലാളികളെ സംരക്ഷിക്കുന്നതരത്തിലുള്ള നടപടികൾ അടിയന്തരമായി എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു.
കെ പി ശങ്കരദാസ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എംഎൽഎമാരായ ഇ ടി ടൈസൺ മാസ്റ്റർ, ചിറ്റയം ഗോപകുമാർ, വി ആർ സുനിൽകുമാർ, നേതാക്കളായ എം രാധാകൃഷ്ണൻ നായർ, എ എൻ രാജൻ, വി മോഹൻദാസ്‌, കെ ജി ശിവാനന്ദൻ, പി വി സത്യനേശൻ, അഡ്വ. പി പി ഗീത, അഡ്വ. ഇന്ദിരാരവീന്ദ്രൻ, എ എം റിയാസ്‌, പി ജി മോഹൻ, ആർ എച്ച്‌ ചിത്ര, ആർ പ്രസാദ്‌, കെ എം ജയദേവൻ, ശാന്തിനി വിദ്യാനന്ദൻ, കെ കെ ജയറാം, വി കെ ലതിക എന്നിവർ പ്രസംഗിച്ചു. വൈകിട്ട്‌ പൊതുമേഖലാ ബാങ്കുകളും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടികളും എന്ന വിഷയത്തിൽ നടന്ന ജനകീയ സദസ്‌ കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എഐടിയുസി സംസ്ഥാന സെക്രട്ടറി എം സുജനപ്രിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, കെ പി ശങ്കരദാസ്‌, എഐബിഇഎ ദേശീയ സെക്രട്ടറി കെ എസ്‌ കൃഷ്ണ, ആർ പ്രസാദ്‌, പ്രൊ. ഉദയകല, ഇ എം സതീശൻ, കെ ദിലീപ്‌, എഐബിഇഎ ജില്ലാ സെക്രട്ടറി എസ്‌ സുരേഷ്‌, എഐടിയുസി ജില്ലാ വൈസ്പ്രസിഡന്റ്‌ പട്ടം ശശിധരൻ സ്വാഗതവും ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി പി എസ്‌ നായിഡു നന്ദിയും പറഞ്ഞു.

  Categories:
view more articles

About Article Author