എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ തിയേറ്ററുകൾ ഒഴിവാക്കി റിലീസ്‌ ചെയ്യാനൊരുങ്ങി നിർമാതാക്കൾ

എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ തിയേറ്ററുകൾ ഒഴിവാക്കി റിലീസ്‌ ചെയ്യാനൊരുങ്ങി നിർമാതാക്കൾ
January 08 04:45 2017

കൊച്ചി : എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ തീയറ്ററുകൾ ഒഴിവാക്കി മറ്റ്‌ തീയേറ്ററുകളിൽ സിനിമകൾ റിലീസ്‌ ചെയ്യാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 12ന്‌ വിനീത്‌ നായകനായ കാംബോജി റിലീസ്‌ ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിന്‌ 19 നകം എക്സിബിറ്റേഴ്സ്‌ ഫെഡറേഷനിൽ നിന്ന്‌ അനുകൂല നിലപാട്‌ ഉണ്ടായില്ലെങ്കിൽ ഇവരുടെ തിയേറ്ററുകൾക്ക്‌ ഭാവിയിൽ ഒരു സിനിമയും നൽകേണ്ടതില്ലെന്നും നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു.
സിനി എക്സിബിറ്റേഴ്സിന്റെയും മൾട്ടിപ്ലക്സുകളിലും സർക്കാർ തിയറ്ററുകളിലും മറ്റുമാണ്‌ സിനിമകൾ റിലീസ്‌ ചെയ്യുക. 19 മുതൽ മറ്റ്‌ നാലു സിനിമകൾ ഓരോന്നായി റിലീസ്‌ ചെയ്യും. തുടക്കത്തിൽ നൂറോളം തീയറ്ററുകളിലാണ്‌ റീലിസിങ്‌ നടത്തുക. ഫെഡറേഷന്റെ തീയറ്ററുകൾ ഒഴിവാക്കി 19ന്‌ തമിഴ്‌ സിനിമ ‘ഭൈരവ’ പ്രദർശിപ്പിക്കാനും തീരുമാനമായി. ഇതേ മാതൃകയിൽ വരും ദിവസങ്ങളിലും മറ്റ്‌ ഭാഷാ ചിത്രങ്ങൾ റിലിസ്‌ ചെയ്യാനാണ്‌ ശ്രമം. ഒരാഴ്ച ഇടവിട്ട്‌ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫെഡറേഷനിൽ അംഗങ്ങളായ ഏതാനും തീയറ്ററുകളും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തയ്യാറായതായി ഭാരവാഹികളായ എം രഞ്ജിത്‌, സിയാദ്‌ കോക്കർ, ജി സുരേഷ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 16ന്‌ ആരംഭിച്ച സിനിമ പ്രതിസന്ധിയെത്തുടർന്ന്‌ മോഹൻലാലിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ദുൽഖറിന്റെ ജോമോന്റെ സുവിശേഷങ്ങൾ, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ സിനിമകളുടെ റീലീസിങ്‌ തടസ്സപ്പെട്ടിരുന്നു. ഈ സിനിമകൾ ഇടവിട്ട്‌ പ്രദർശിപ്പിക്കാനാണ്‌ നിർമാതാക്കളുടെയും വിതരണക്കാരുടെയും നീക്കം.

  Categories:
view more articles

About Article Author