Saturday
26 May 2018

എച്ച്‌എൽഎൽ സ്വകാര്യവൽക്കരണം അനുവദിച്ചുകൂട

By: Web Desk | Friday 16 June 2017 4:55 AM IST

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലയിലുള്ള മിനിരത്ന സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ്‌ കീയർ സമ്പൂർണ സ്വകാര്യവൽക്കരണത്തെ നേരിടുന്നു. കഴിഞ്ഞ ഇരുപതുവർഷത്തിലേറെയായി ലാഭകരമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ നൂറുശതമാനം ഓഹരികളും രണ്ട്‌ ഘട്ടമായി ലേലത്തിലൂടെ സ്വകാര്യവൽക്കരിക്കാനാണ്‌ നീതിആയോഗ്‌ കേന്ദ്ര സർക്കാരിനോട്‌ ശുപാർശ ചെയ്തിരിക്കുന്നത്‌. എച്ച്‌എൽഎല്ലിന്റെ ഓഹരി വിൽപനയ്ക്ക്‌ നീതി ആയോഗ്‌ നിർദേശിക്കുന്ന രീതി ശ്രദ്ധേയമാണ്‌. മറ്റ്‌ പല പൊതുമേഖലാ സ്ഥാപനങ്ങളുടെ യും ഓഹരികൾ ‘സ്ട്രാറ്റജിക്‌ സെയിലി’ലൂടെ വിറ്റഴിക്കുമ്പോൾ ഇവിടെ അത്‌ ലേലത്തിലൂടെയാവാം എന്ന ആത്മവിശ്വാസമാണ്‌ അവർ പ്രകടിപ്പിക്കുന്നത്‌. നഷ്ടത്തിൽ പ്രവർത്തിക്കുന്നതും ഏറെ ലാഭകരമല്ലാത്തതുമായ പൊതുമേഖലാ വ്യവസായങ്ങൾ അതിന്റെ മാനേജ്മെന്റ്‌ സഹിതം സ്വകാര്യമേഖലയ്ക്ക്‌ കൈമാറാൻ സർക്കാർ അവലംബിക്കുന്ന മാർഗമാണ്‌ സ്ട്രാറ്റജിക്‌ സെയിൽ. ലാഭകരമായി പ്രവർത്തിക്കുന്നതും വിപുലമായ സാധ്യതയുള്ളതുമായ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ സ്വകാര്യ കുത്തകകൾ മത്സരബുദ്ധിയോടെ രംഗത്തുണ്ടാവുമെന്ന്‌ നീതി ആയോഗിന്‌ ഉറപ്പുണ്ട്‌. എച്ച്‌എൽഎല്ലിന്റെ മൊത്തം ഓഹരി നിക്ഷേപം 291 കോടി രൂപയാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. അതിൽ തന്നെ 274 കോടിയും എച്ച്‌എൽഎൽ ബയോടെക്കിന്റേതാണ്‌. എന്നാൽ കേരളത്തിൽ മാത്രം ഈ മിനിരത്ന സ്ഥാപനത്തിന്റെ മൊത്തം ആസ്തി എത്ര കുറച്ചു കണക്കാക്കിയാലും ആയിരം കോടി രൂപ കവിയും. അത്തരം ഒരു സ്ഥാപനം സമ്പൂർണമായി കയ്യടക്കാൻ ലഭിക്കുന്ന അവസരത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തക കോർപ്പറേറ്റുകൾ ക്യൂനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾക്ക്‌ ലോകവ്യാപകമായ മാർക്കറ്റും അതിന്റെ വൻ ആവശ്യകതയും കണക്കാക്കിയാൽ കച്ചവടത്തിന്റെ പിന്നിൽ നീതി ആയോഗിനും കേന്ദ്രഭരണം കയ്യാളുന്നവർക്കും കോർപ്പറേറ്റുകൾക്കുമുള്ള താൽപര്യമെന്തെന്ന്‌ ആർക്കും ഊഹിക്കാവുന്നതേയുള്ളു.
1966 ൽ തിരുവനന്തപുരത്തെ പേരൂർക്കടയിൽ കേരള സർക്കാർ സെന്റിന്‌ ഒരു രൂപ നിരക്കിൽ വിട്ടുനൽകിയ സ്ഥലത്താണ്‌ ഇന്ന്‌ എച്ച്‌എൽഎൽ എന്ന പേരിൽ അറിയപ്പെടുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ്‌ ലിമിറ്റഡ്‌ എന്ന കേന്ദ്ര പൊതുമേഖലാ വ്യവസായത്തിനു തുടക്കമായത്‌. ഇന്ന്‌ ലോകത്ത്‌ ഏറ്റവുമധികം ഗർഭനിരോധന ഉറകളടക്കം ഉൽപ്പാദിപ്പിച്ച്‌ ആരോഗ്യ രംഗത്തെ അതീവ തന്ത്രപ്രധാന സ്ഥാപനമായി വൈവിധ്യവൽക്കരിക്കപ്പെട്ട്‌ പടർന്നു പന്തലിച്ച ഒന്നായി അത്‌ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ഗർഭനിരോധന ഉറകളുടെ ഗണ്യമായ ഒരു പങ്ക്‌ നിർമിച്ച്‌ ഏറ്റവും കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കുന്ന എച്ച്‌എൽഎൽ മാരകമായ എയ്ഡ്സ്‌ രോഗ പ്രതിരോധത്തിനു നൽകിയ സംഭാവന മാത്രം മതി ആ സ്ഥാപനത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാൻ. അതിന്‌ പുറമെ ഗർഭനിരോധന ഗുളികകൾ, കോപ്പർടി, രക്തസഞ്ചികൾ തുടങ്ങി പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഏറ്റവും സാധാരണക്കാർക്ക്‌ താങ്ങാനാവുന്ന വിലയിൽ ലോക വിപണിയിലെത്തിക്കുന്ന സ്ഥാപനത്തിന്റെ തന്ത്രപരമായ പ്രാധാന്യം വിവരിക്കേണ്ടതില്ല. ഇത്തരം ഒരു സ്ഥാപനത്തിന്റെ അഭാവത്തിൽ ജനസംഖ്യ നിയന്ത്രണ കുടുംബക്ഷേമ പദ്ധതികൾ വിജയത്തിലെത്തിക്കാൻ രാജ്യത്തിന്‌ ഒരിക്കലും കഴിയുമായിരുന്നില്ല. അതിനുപുറമെ കേരളത്തിന്റെയും ഗുജറാത്ത്‌ അടക്കം രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെയും പൊതുജനാരോഗ്യ പദ്ധതികളിൽ ഈ സ്ഥാപനത്തിനുള്ള സ്ഥാനം അദ്വിതീയമാണ്‌. അത്തരം ഒരു സ്ഥാപനത്തെ കോർപ്പറേറ്റ്‌ മൂലധന ശക്തികൾക്ക്‌ താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി അടിയറവയ്ക്കാൻ നീതി ആയോഗും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കം മിതമായ ഭാഷയിൽ തികഞ്ഞ ജനദ്രോഹവും രാജ്യദ്രോഹവുമാണ്‌.
വ്യാവസായികമായ പിന്നാക്കാവസ്ഥയിൽ നിന്നും കേരളത്തെ മോചിപ്പിക്കാനും സംസ്ഥാനത്ത്‌ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയും ലക്ഷ്യം വച്ച്‌ ഏതാനും ചില കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്ത്‌ കൊണ്ടുവരാൻ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇന്ന്‌ ആയിരക്കണക്കിന്‌ കോടി രൂപ റിയൽ എസ്റ്റേറ്റ്‌ മൂല്യമുള്ള നൂറുകണക്കിന്‌ ഏക്കർ ഭൂമി തികച്ചും സൗജന്യമായോ നാമമാത്രമായ വിലയ്ക്കോ പാട്ടത്തിനോ സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിലാണ്‌ അവയെല്ലാം വളർന്നു പന്തലിച്ചത്‌. എച്ച്‌എംടി, എഫ്‌എസിടി, എച്ച്‌എൽഎൽ എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഉദാരീകരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കാലത്ത്‌ കേന്ദ്ര അധികാരം കയ്യാളിയ ബിജെപിയടക്കമുള്ള മുതലാളിത്ത രാഷ്ട്രീയ പാർട്ടികൾക്ക്‌ അവ കേവലം റിയൽ എസ്റ്റേറ്റ്‌ വിൽപന ചരക്കുകൾമാത്രമാണ്‌. രാജ്യത്തിന്റെയും ജനങ്ങളുടെയും വളർച്ചയിലും പുരോഗതിയിലും നിർണായക പങ്ക്‌ വഹിച്ചതും ഇപ്പോഴും ലാഭകരമായി പ്രവർത്തിക്കുന്നവയും വൻ സാധ്യതകളുള്ളതുമായ ഇത്തരം സ്ഥാപനങ്ങളെ കച്ചവട ചരക്കാക്കി മാറ്റാൻ ഒരു ശക്തിയേയും അനുവദിച്ചുകൂട.