എതിർപ്പുകളെ അടിച്ചമർത്തി ഭൂമി ഏറ്റെടുത്ത്‌ ബിജെപിയുടെ കോർപ്പറേറ്റ്‌ ദാസ്യവൃത്തി

എതിർപ്പുകളെ അടിച്ചമർത്തി ഭൂമി ഏറ്റെടുത്ത്‌ ബിജെപിയുടെ കോർപ്പറേറ്റ്‌ ദാസ്യവൃത്തി
January 10 05:00 2017

അരുൺ ശ്രീവാത്സവ
ബംഗ്ലാദേശിലേയ്ക്ക്‌ വൈദ്യുതി നൽകുന്നതിനുള്ള പദ്ധതിക്കായി അദാനിക്കുവേണ്ടി ഝാർഖണ്ഡിലെ ആദിവാസി ഭൂരിപക്ഷ പ്രദേശമായ ഗോഡ്ഡയിൽ വൻ തോതിൽ ഭൂമി ബലം പ്രയോഗിച്ച്‌ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തെ ബിജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്‌. നാലായിരത്തോളം ഏക്കർ ഭമിയാണ്‌ ഏറ്റെടുക്കാൻ ശ്രമം നടത്തുന്നത്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റ തോഴൻ അദാനിയുടെ 15,000 കോടി രൂപ മുടക്കുന്ന പദ്ധതിക്ക്‌ ബലം പ്രയോഗിച്ച്‌ ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ്‌ ഏറ്റവുമൊടുവിൽ വിവാദമായിരിക്കുന്നത്‌. ആയിരക്കണക്കിന്‌ കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിച്ചും കൃഷിയവസാനിപ്പിച്ചുമാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. ഭൂമി നൽകാൻ തയ്യാറാകാത്തവരെ വിവിധ മാർഗങ്ങളിലൂടെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ നടപടി മുന്നോട്ടുകൊണ്ടുപോകുന്നത്‌. കഴിഞ്ഞ ഫെബ്രുവരി 17 നാണ്‌ ഝാർഖണ്ഡ്‌ സർക്കാർ അദാനി ലിമിറ്റഡുമായി സ്ഥലം ഏറ്റെടുത്തു നൽകുന്നതിനുള്ള കരാർ ഒപ്പിട്ടത്‌. അതിന്‌ ശേഷം അദാനിക്കുവേണ്ടി പൂർണമായും വഴിവിട്ട നടപടികളാണ്‌ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്‌.
ഇതിന്റെ ഭാഗമായി പ്രദേശത്തിന്‌ മാത്രമായി നിലനിന്നിരുന്ന രണ്ട്‌ ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തുകയാണ്‌ ആദ്യഘട്ടമായി ചെയ്തത്‌. ഫലഭൂയിഷ്ടവും രണ്ടും മൂന്നും വിള കൃഷി ചെയ്യുന്നതുമായ ഭൂമി മറ്റാവശ്യത്തിന്‌ വിട്ടു നൽകരുതെന്ന നിയമങ്ങളായിരുന്നു അവയെല്ലാം. ഈ നിയമങ്ങൾ നിലനിൽക്കുമ്പോൾ ഭൂമി ഏറ്റെടുക്കൽ അസാധ്യമാകുമെന്നതിനാലാണ്‌ അദാനിയെ സഹായിക്കുന്നതിന്‌ വേണ്ടി ആദ്യം നിയമഭേദഗതി നടത്തിയത്‌. ചോട്ടാനാഗ്പൂർ കുടിയായ്മ നിയമം, സാന്താൾ പർഗാന നിയമം എന്നിവയിലാണ്‌ ഭേദഗതി വരുത്തിയത്‌. പ്രദേശ വാസികൾക്ക്‌ വീടുവയ്ക്കാനും കൃഷി ആവശ്യത്തിനുമല്ലാതെ ഭൂമി തരം മാറ്റരുതെന്ന്‌ വ്യവസ്ഥ ചെയ്യുന്നവയായിരുന്നു ഈ രണ്ടു നിയമങ്ങളും. കൃഷിയിതര ആവശ്യങ്ങൾക്ക്‌ ഭൂമി കൈമാറ്റം ചെയ്യാനും നിയമപ്രകാരം സാധിക്കുമായിരുന്നില്ല. ആകെയുള്ള 2385 ൽ 2120 ഏക്കർ ഭൂമിയും നിയമത്തിന്റെ പരിധിയിൽ വരുന്നതായിരുന്നു.
പ്രസ്തുത നിയമത്തിലാണ്‌ ഭൂമി മറ്റാവശ്യങ്ങൾക്കും വിൽപന നടത്താമെന്ന ഭേദഗതി വരുത്തിയത്‌. അപ്പോൾ തന്നെ പ്രദേശവാസികളിൽ നിന്നും ആദിവാസികളിൽ നിന്നും ശക്തമായ എതിർപ്പുയർന്നുവെങ്കിലും അതൊന്നും കൂസാതെ നിയമസഭയിലെ ഭൂരിപക്ഷമുപയോഗിച്ച്‌ ഭേദഗതി പാസാക്കുകയായിരുന്നു.
നിയമത്തിന്റെ പരിരക്ഷ കൂടി ലഭിച്ചതോടെ പ്രദേശവാസികളിൽ നിന്ന്‌ നേരിട്ട്‌ ഭൂമി വാങ്ങാനുള്ള ശ്രമങ്ങളാണ്‌ അദാനി ഗ്രൂപ്പ്‌ ആ ദ്യം നടത്തിയത്‌. എന്നാൽ ചില ർ വിട്ടു നൽകാൻ തയ്യാറായെങ്കിലും ഭൂരിപക്ഷം പേരും ഫലഭൂയിഷ്ടമായ ഭൂമി നൽകാൻ സന്നദ്ധമായില്ല. 3500 ലധികം ഏക്കർ ഭൂമി പദ്ധതി നടപ്പിലാക്കണമെങ്കിൽ ഇനിയും ആവശ്യമായിട്ടുണ്ട്‌. അതുകൊണ്ടു തന്നെ അദാനി ഗ്രൂപ്പും അധികൃതരും ഭീഷണിയിലൂടെ ഭൂമി ഏറ്റെടുക്കുന്നതിനാണ്‌ ശ്രമം നടത്തുന്നത്‌.
അതിന്‌ പല വിധ മാർഗങ്ങൾ അവലംബിക്കുന്നു. സർക്കാർ ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഭൂവില നിശ്ചയിച്ച്‌ വിജ്ഞാപനം ചെയ്യുകയായിരുന്നു. നവംബർ പത്തിനായിരുന്നു ഇത്‌. 2013 ലെ സുതാര്യമായ ഭൂമി ഏറ്റെടുക്കലും മതിയായ നഷ്ടപരിഹാം നൽകലും നിയമത്തിന്റെ അടിസ്ഥാനത്തിൽ വിപണി വിലയുടെ നാലിരട്ടി തുകയാണ്‌ നൽകേണ്ടതെങ്കിലും തുച്ഛമായ നിരക്കാണ്‌ സർക്കാർ അദാനിക്കുവേണ്ടി നിശ്ചയിച്ചത്‌. ആദിവാസികളും കർഷക സംഘടനകളും പ്രതിഷേധിച്ചപ്പോൾ നിയമപരമായ മാർഗങ്ങളെ ദുരുപയോഗം ചെയ്തും സർക്കാർ സംവിധാനങ്ങളുപയോഗിച്ചും ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുകയാണിപ്പോൾ.
അമ്പതു വയസു കഴിഞ്ഞ, 70 ശതമാനം ശാരീരിക വൈകല്യമുള്ള അർജുൻ യാദവ്‌ എന്ന പ്രദേശവാസിക്ക്‌ ഡിസംബർ ഒന്നിന്‌ ലഭിച്ച നോട്ടീസ്‌ അതിന്റെ ഭാഗമായിരുന്നു. അർജുൻ യാദവിന്‌ പ്രദേശത്ത്‌ സ്വന്തമായി ഭൂമി പോലുമില്ല. നാട്ടിൽ നടന്ന സാമൂഹ്യാഘാത വിലയിരുത്തൽ തടസപ്പെടുത്താനും സംഘർഷം സൃഷ്ടിക്കാനും ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ ക്രിമിനൽ നടപടി നിയമം 107 പ്രകാരം കുറ്റം ചെയ്തെന്ന്‌ കാട്ടിയായിരുന്നു നോട്ടീസ്‌. ഗോഡ്ഡ സബ്ഡിവിഷണൽ മജിസ്ട്രേറ്റാണ്‌ നോട്ടീസ്‌ നൽകിയത്‌. ഡിസംബർ ഒന്നിനാണ്‌ നോട്ടീസ്‌ ലഭിച്ചതെങ്കിലും യഥാർഥത്തിൽ പ്രസ്തുത സാമൂഹ്യാഘാത വിലയിരുത്തൽ യോഗം നടത്താൻ തീരുമാനിച്ചത്‌ ഡിസംബർ പത്തിനായിരുന്നു. ഒരാഴ്ച കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന യോഗം തടസപ്പെടുത്തിയെന്ന്‌ കാട്ടി നേരത്തേ തന്നെ നോട്ടീസ്‌ അയച്ചതിന്‌ പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിന്റെ തെളിവാണിത്‌. കാരണം ആരെങ്കിലും യോഗം നടക്കുമ്പോൾ തടസപ്പെടുത്താൻ ചെന്നാൽ കേസിൽ കുടുക്കുമെന്ന മൂന്നാര്റിയിപ്പായിരുന്നു നോട്ടീസ്‌. ഇതിന്‌ സമാനമായ നോട്ടീസ്‌ പ്രദേശവാസികളായ പലർക്കും ലഭിച്ചുകൊണ്ടിരിക്കുകയാണ്‌.
ഝാർഖണ്ഡിൽ 28 ശതമാനം ഭൂമിയാണ്‌ വിള നടത്താനായി ഉപയുക്തമായിട്ടുള്ളതെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇതിൽ മഹാഭൂരിപക്ഷവുമുള്ളത്‌ ഗോഡ്ഡ മേഖലയിലെ വടക്ക്‌ കിഴക്കൻ ഭാഗങ്ങളിലാണ്‌. നെല്ലാണ്‌ ഇവിടത്തെ പ്രധാനമായ വിളയെങ്കിലും മറ്റ്‌ ധാന്യങ്ങളും കൃഷി ചെയ്യാറുണ്ട്‌. അദാനി ഗ്രൂപ്പും സർക്കാരും പ്രദേശത്തെ കർഷകരെ കൊള്ളയടിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നാണ്‌ കർഷകർ ആരോപിക്കുന്നത്‌.
1934 ലെ ഭൂരേഖകളെന്ന്‌ പറഞ്ഞ്‌ ചില രേഖകൾ കൊണ്ടു വരികയും ഗോഡ്ഡയിലെ ഭൂമി കാർഷികാവശ്യത്തിന്‌ ഉപയോഗിക്കുന്നില്ലെന്ന്‌ സമർഥിക്കാൻ ശ്രമിക്കുകയുമാണിപ്പോൾ ചെയ്യുന്നത്‌. തങ്ങളുടെ അംഗീകാരമില്ലാതെ ഒന്നും ചെയ്യില്ലെന്ന്‌ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ സാമൂഹ്യാഘാത പഠനത്തി(എസ്‌ഐഎ) ന്റെ പേരിൽ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്‌. എസ്‌ഐഎ എന്നത്‌ ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പും ചേർന്ന്‌ നടത്തുന്ന പരിഹാസ നാടകമായി മാറിയിരിക്കുകയാണ്‌. ഉദ്യോഗസ്ഥരും നഷ്ടപരിഹാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക്‌ കൂട്ടുനിൽക്കുകയും ചെയ്യുന്നു. എസ്‌ഐഎ യ്ക്കു ശേഷം ഭൂമി ഏറ്റെടുക്കൽ 841 കുടുംബങ്ങളിലെ 5339 പേരെ മാത്രമേ പദ്ധതി ബാധിക്കൂ എന്നും പ്രചരിപ്പിക്കുന്നു. അത്രയും കുടുംബങ്ങൾക്കായാലും 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരമായി നിശ്ചയിക്കണമെന്നാണ്‌ കർഷകർ ജില്ലാ ഭരണാധികാരികളോട്‌ ആവശ്യപ്പെടുന്നത്‌. അത്‌ അനുവദിക്കാനും അധികൃതരോ അദാനി ഗ്രൂപ്പോ തയ്യാറാകുന്നില്ല.
ഗുജറാത്തിൽ നിന്ന്‌ മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോഡിയുടെ തോഴനായി തീർന്ന അദാനിക്കു വേണ്ടിയാണ്‌ ഇപ്പോൾ കർഷകരെ കുടിയിറക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെങ്കിൽ കഴിഞ്ഞ കുറച്ചുകാലമായി കോർപ്പറേറ്റ്‌ ശക്തികൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശമാണ്‌ ഝാർഖണ്ഡ്‌. അതിനുള്ള പ്രധാന കാരണം കോർപ്പറേറ്റുകളുടെ ചട്ടുകമായ ഭരണാധികാരികളും താളത്തിന്‌ തുള്ളുന്ന ഉദ്യോഗസ്ഥവൃന്ദവുമാണ്‌ അവിടെയുള്ളത്‌ എന്നതു തന്നെ.
അതിനിടെ ഗോഡ്ഡയിലെ കൃഷിഭൂമി ഏറ്റെടുക്കലിനും വൻ തോതിലുള്ള കുടിയിറക്കൽ നീക്കത്തിനുമെതിരെ ബിജെപി എം പി യും മുൻ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ കരിയ മുണ്ഡെ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ആദിവാസി വിഭാഗത്തിൽ നിന്നുയർന്നു വന്ന നേതാവെന്ന നിലയിൽ നിലനിൽപിന്റെ ഭാഗമായാണ്‌ അദ്ദേഹം ഇത്തരമൊരു ചുവടുമാറ്റം നടത്തിയതെങ്കിലും സർക്കാർ അതിനൊന്നും വഴങ്ങുന്നില്ല.
2000 മുതൽ ഇതുവരെയായി 110 ധാരണാ പത്രങ്ങളാണ്‌ സർക്കാർ വിവിധ സ്വകാര്യ – കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുമായി ഒപ്പുവച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ പണ്ട്‌ മഹാജന്മാരായിരുന്നു തങ്ങൾക്കെതിര്‌, ഇന്ന്‌ വൻകിട കമ്പനികളാണെന്ന വ്യത്യാസം മാത്രമെന്നാണ്‌ ആദിവാസികളുടെയും കൃഷിക്കാരുടെയും നിലപാട്‌.

  Categories:
view more articles

About Article Author