എരുമകളിൽ വന്ധ്യത പ്രശ്നമാകുമ്പോൾ

എരുമകളിൽ വന്ധ്യത പ്രശ്നമാകുമ്പോൾ
April 08 04:45 2017

ഡോ. സാബിൻ ജോർജ്ജ്‌

കേരളത്തിൽ എരുമകളുടെ വലിയ കുറവു വന്നിരിക്കുമ്പോഴും എരുമകളെ ഇഷ്ടപ്പെടുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു വിഭാഗം കർഷകരുണ്ട്‌. ഇവർ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം എരുമകളിലെ വന്ധ്യതയാണ്‌. എന്നാൽ വന്ധ്യതയ്ക്ക്‌ കാരണമാകുന്ന ചില പ്രധാന പ്രശ്നങ്ങളെങ്കിലും ശാസ്ത്രീയ പരിപാലനത്തിലൂടെ ഒഴിവാക്കാൻ കർഷകർക്ക്‌ സാധിക്കുന്നതാണ്‌.
എരുമകളുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട്‌ സാധാരണ കർഷകർ പറയാറുള്ള സ്ഥിരം പരാതികളുണ്ട്‌. വയസു രണ്ടു കഴിഞ്ഞിട്ടും മദി കാണിക്കുന്നില്ല, മദിക്ക്‌ ശക്തമായ വ്യക്തമായ ലക്ഷണങ്ങളില്ല, രണ്ടോ അതിൽ കൂടുതലോ ദിവസങ്ങൾ നീളുന്ന മദി, പല തവണ കുത്തിവയ്പിച്ചാലും ഗർഭധാരണം നടക്കുന്നില്ല, 2-3 മാസം ഇടവിട്ടുള്ള മദി തുടങ്ങിയവയാണിത്‌. മേൽ പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരം തേടുന്നതിന്‌ മുമ്പ്‌ പശുക്കളുടേതിൽ നിന്നും വ്യത്യസ്തമായ ശാരീരിക സ്വഭാവ പ്രത്യേകതകൾ ഉള്ള മൃഗമാണ്‌ എരുമയെന്നും അവയുടെ പ്രത്യേകതകളെക്കുറിച്ചുമുള്ള പാഠങ്ങൾ എരുമ കർഷകർ മനസിലാക്കിയിരിക്കണം.
എരുമകളിൽ കിടാരികളിൽ മദിചക്രം 18-20 ദിവസവും, അമ്മമാരിൽ 20-24 ദിവസവുമാണ്‌. മദി സമയം 18-24 മണിക്കൂർ ആയിരിക്കും മദിയുടെ പുറം ലക്ഷണങ്ങൾ ശക്തമായി പ്രകടിപ്പിക്കുകയില്ല. പശുക്കളിൽ മദിയുടെ മുഖ്യലക്ഷണമായി നാം കാണുന്ന മറ്റു പശുക്കളുടെ പുറത്തു കയറുന്ന സ്വഭാവം എരുമകൾ കാണിക്കുക പതിവില്ല. എന്നാൽ മദിയിലുള്ള എരുമകൾ പോത്തുകളെ മേലിൽ കയറാൻ അനുവദിക്കുന്നു. മദിയില്ലെങ്കിൽ ഇതൊരിക്കലും അനുവദിക്കുകയുമില്ല. പാൽ കുറയുക, കരച്ചിൽ, പതിവില്ലാതെ ഓട്ടവും ചാട്ടവും, ഇടവിട്ട്‌ കുറഞ്ഞ അളവിൽ മൂത്രമൊഴിക്കൽ, ഈറ്റത്തിൽ തടിപ്പ്‌, തെളിഞ്ഞ മാച്ചു പോകൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചേക്കാം. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ എരുമകളിലെ മദി സമയം തിരിച്ചറിയാൻ കഴിയുകയുള്ളൂ. ആദ്യമായി എരുമകൾ മദി കാണിക്കുന്നത്‌ പശുക്കളുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം പ്രായമെത്തിയതിനു ശേഷമാണ്‌. നല്ല തീറ്റക്രമം അനുവർത്തിച്ചാൽ 30-36 മാസം പ്രായത്തിൽ ആദ്യ മദി ലക്ഷണം കാണിക്കുന്നു. ഈ സമയം 300 കിലോഗ്രാംവരെ തൂക്കവുമെത്തുന്നു. ഒന്നോർക്കുക പ്രായമല്ല ശരീരമാണ്‌ ഇക്കാര്യത്തിൽ പ്രധാനം.
എരുമകളിൽ ബീജാധാനം നടത്തുന്ന സമയം ഏറെ ശ്രദ്ധിക്കണം. മദിയുള്ള സമയത്ത്‌ അതായത്‌ മദിയുടെ മധ്യഭാഗത്തും മദി അവസാനിക്കുന്നതിന്‌ മുൻപുമാണ്‌ പറ്റിയ സമയം. അതായത്‌ മദി തുടങ്ങി 12 മണിക്കൂറിനു ശേഷം കുത്തിവയ്പ്‌ നടത്താം. മദി തുടങ്ങിയ സമയം അറിയാത്ത സാഹചര്യത്തിൽ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ബീജാധാനം നടത്തുകയും അടുത്ത ദിവസം മദിലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുത്തിവയ്പ്‌ ഒന്നുകൂടി നടത്തുകയും ചെയ്യണം. രണ്ട്‌ തവണ കുത്തിവയ്പ്‌ നടത്തിയിട്ടും ഗർഭധാരണം നടക്കാത്തവയേയും രണ്ടിൽ കൂടുതൽ ദിവസം മദി കാണിക്കുന്നവയേയും വെറ്ററിനറി ഡോക്ടറെ കൊണ്ട്‌ പരിശോധിപ്പിക്കണം.
കുത്തിവയ്പ്‌ സംബന്ധിച്ച അബദ്ധ ധാരണകൾ പുലർത്തുന്ന രീതികൾ കാര്യങ്ങൾ പഠിച്ച്‌ മാറ്റിയെടുക്കണം. ബീജാധാനത്തിനു ശേഷം വെള്ളം നൽകരുത്‌. ബീജാധാനത്തിനു മുമ്പ്‌ വെള്ളവും തീറ്റയും നൽകരുത്‌. ബീജാധാനത്തിന്‌ ശേഷം എരുമ കിടക്കരുത്‌, മൂത്രമൊഴിക്കരുത്‌ തുടങ്ങിയ പല ധാരണകളുമുണ്ട്‌. എന്നാൽ ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ ബീജാധാനത്തിനായി ഏറെ ദൂരം ഓടിച്ചുകൊണ്ടു വരിക, അടിക്കുക, വേദന നൽകുക തുടങ്ങിയ പ്രവൃത്തികൾ ഗർഭധാരണ സാധ്യത കുറയ്ക്കുന്നു.
വേനൽക്കാലമാണ്‌ എരുമകളുടെ പ്രധാന ശത്രു. ഈ സമയത്ത്‌ വന്ധ്യതയും പ്രശ്നമാകും. ഉയർന്ന ചൂട്‌ എരുമകൾ സഹിക്കില്ല. മദിലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുക, പ്രകടിപ്പിച്ചാലും ഗർഭധാരണം നടക്കാതിരിക്കുക എന്നിവയുണ്ടാകും. എന്നാൽ വർഷകാലം തുടങ്ങുന്നതോടെ മേൽ പറഞ്ഞ പ്രശ്നങ്ങൾ ചികിത്സയില്ലെങ്കിലും സാധാരണയായി അവസാനിക്കാറാണ്‌ പതിവ്‌. ഗർഭാശയ അണുബാധയും എരുമകളിൽ വന്ധ്യതയുണ്ടാക്കും. പ്രസവ സമയത്തും, മദി സമയത്തും മാത്രമാണ്‌ ഗർഭാശയം തുറക്കുന്നത്‌ ഈ സമയങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുന്നു. ഈ സമയത്തുണ്ടാകുന്ന പിഴവുകൾ അണുബാധയുണ്ടാക്കും അതിനാൽ പ്രസവവും, ബീജാധാനവും വിദഗ്ധ ഡോക്ടർമാർതന്നെ ചെയ്യാൻ ശ്രദ്ധിക്കണം. പോഷക കുറവും, വന്ധ്യതയുടെ കാരണമായതിനാൽ വെറ്ററിനറി ഡോക്ടറുടെ ഉപദേശ പ്രകാരം സമീകൃത തീറ്റക്രമം അനുവർത്തിക്കണം. പുല്ലിനും, വൈക്കോലിനും ഒപ്പം 2 കിലോഗ്രാം പാലിന്‌ ഒരു കിലോഗ്രാം സമീകൃത കാലിത്തീറ്റ എന്ന അളവിൽ നൽകണം.
എരുമകളുടെ ഗർഭകാലം 310-315 ദിവസമാണ്‌. പ്രസവം കഴിഞ്ഞാൽ 3-4 മാസങ്ങൾക്കുള്ളിലാവും മദിലക്ഷണങ്ങൾ. ആദ്യം മദി ഒഴിവാക്കി അടുത്ത മദിയിൽ ബീജാധാനം നടത്താം. മൂന്നു വർഷത്തിൽ രണ്ടു പ്രസവമെങ്കിലും കിട്ടിയാലേ എരുമ വളർത്തൽ വിജയകരമാകൂ. ചൂടു കൂടിയ സമയത്ത്‌ ഗർഭധാരണ ശേഷി കുറയുമെങ്കിലും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഗർഭധാരണശേഷി കൂടുതലുള്ളതായി കാണപ്പെടുന്നു. തണുത്ത കാലാവസ്ഥയും, പകലിന്റെ നീളക്കുറവും കാരണമാണിത്‌. ഈ സമയത്ത്‌ കാണുന്ന മദിയിൽ കുത്തിവെയ്പ്‌ നിർബന്ധമായും ചെയ്യണം.
എരുമ കർഷകർ മദിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകിച്ച്‌ മദി കണ്ട ദിവസം, ലക്ഷണങ്ങൾ തുടങ്ങിയ സമയം, അവസാനിച്ച സമയം തുടങ്ങിയ വിവരങ്ങളും കുത്തിവയ്പുമായി ബന്ധപ്പെട്ട തീയതികളും കൃത്യമായി എഴുതി സൂക്ഷിക്കുന്നത്‌ ഏറെ സഹായകരമാകും.
(ലേഖകൻ മണ്ണുത്തി
വെറ്ററിനറി കോളജിലെ
അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

  Categories:
view more articles

About Article Author