Monday
25 Jun 2018

എവിടെയാണ്‌ നഷ്ടക്കണക്ക്‌; രോഗികൾക്ക്‌ എന്ത്‌ ചാരിറ്റിയാണുള്ളത്‌

By: Web Desk | Thursday 20 July 2017 4:50 AM IST

അപർണ ലവകുമാർ എന്ന പൊലീസുകാരി കേരളക്കരയുടെ അഭിമാനമായി മാറിയ കഥ ഓർക്കുന്നുണ്ടാവും. ഒളിബിക്‌ മെഡൽ നേടിയല്ല അവർ മനസാക്ഷികളിൽ ഇടം പിടിച്ചത്‌. അപകടത്തിൽപ്പെട്ട ആശുപത്രിയിലെത്തിച്ച ഭർത്താവിനെ ചികിത്സിക്കാൻ പണമില്ലാതെ നിസഹായവസ്ഥയിലിരിക്കുന്ന യുവതിക്ക്‌ തന്റെ കയ്യിലെ സ്വർണവളകൾ ഊരി നൽകി മനുഷ്യത്വം കാണിക്കുകയായിരുന്നു അപർണ. വെള്ളവും വെളിച്ചവും പോലെ തന്നെ സുലഭമാണ്‌ നന്മയും എന്ന്‌ തെളിയിക്കുകയായിരുന്നു അവർ. വിഷയമതല്ല, മരണത്തെ മുന്നിൽ കണ്ട്‌ പിടയുന്ന ഒരാളുടെ ചികിത്സയ്ക്കുള്ള പണത്തിനോടാണ്‌ ആശുപത്രികളുടെ ആർത്തി. ജീവൻ തിരിച്ചുകൊടുത്തശേഷം മതി ഞങ്ങൾക്കുള്ള കൂലി എന്ന്‌ ഒരിടത്തും ഒരാളും പറയാതിരുന്നതിനാലാണ്‌ അപർണമാർ ഭൂമിയിലെ ദൈവങ്ങളായി മാറുന്നത്‌.
നഴ്സിന്‌ 20,000 രൂപ ശമ്പളം കൊടുത്താൽ നാട്ടിലെ ചെറുകിട ആശുപത്രികളെല്ലാം അടിച്ചിടേണ്ടി വരുമെന്നാണ്‌ വാദം. കിടത്തി ചികിത്സയില്ലാത്തിടത്തുനിന്ന്‌ തുടങ്ങി, 50 കിടക്കകളോടുകൂടിയവയാണ്‌ സാധാരണ ഗതിയിൽ ചെറുകിട ആശുപത്രി വിഭാഗത്തിലുള്ളത്‌. ഇവിടെ 20,000 രൂപ വീതം ശമ്പളം കൊടുക്കേണ്ടിവരിക ഏറിയാൽ അഞ്ച്‌ നഴ്സിനായിരിക്കും. എന്നാൽ, ഇവിടെ ദിനം പ്രതിയുണ്ടാവുന്ന വരുമാനത്തിന്‌ കൃത്യമായ കണക്കുപറയാനുണ്ടാവുകയുമില്ല. ശമ്പള വർദ്ധിപ്പിച്ചാൽ ചെറുകിടക്കാരുടെ നഷ്ടം പറയുന്ന വൻകിട മാനേജ്മെന്റുകൾ തങ്ങൾക്കുണ്ടാവുന്ന തിരിച്ചടിയെയാണ്‌ ഭയക്കുന്നത്‌. നഴ്സുമാർ തന്നെ ആക്ഷേപത്തോടെ പുറത്തുവിട്ട ചില നഷ്ടക്കണക്കുകൾ വിവരിക്കാം. അതിങ്ങിനെയാണ്‌: ഒപിയിൽ രജിസ്ട്രേഷൻ നടത്തുമ്പോൾ തുടങ്ങും ഹോസ്പിറ്റലിന്റെ നഷ്ട്ടം. അഞ്ചു പൈസ മുടക്കുള്ള ഒരു ചീട്ട്‌ കടലാസെടുക്കാൻ 100 രൂപ. ഡോക്ടറെ കാണാൻ 150 രൂപ. എട്ട്‌ രൂപ വിലയുള്ള ഒരു പാരസെറ്റമോളും രണ്ട്‌ രൂപ മുടക്കുള്ള സെട്രിസിനും 18 രൂപ മുടക്കുള്ള ഒരു കഫ്സിറപ്പും ഫർമസിയിലേക്ക്ു‍ കുറിക്കുമ്പോൾ ഈടാക്കുന്നത്‌ വെറും 450 രൂപ മാത്രം. ഇനി അഡ്മിറ്റ്‌ ചെയ്താൽ ഹോസ്പിറ്റലുകളുടെ നഷ്ടം വീണ്ടും കൂടുകയാണ്‌. ഐസിയുവിൽ ഒരു ഡോക്ടറുടെ വിസിറ്റിന്‌ കുറഞ്ഞത്‌ 250 രൂപ. നഴ്സിങ്‌ ചാർജ്ജ്‌ കുറഞ്ഞത്‌ 250 രൂപ. ഐസിയു ബെഡിന്റെ ചാർജ്ജ്‌ 1000 മുതൽ 5000 വരെ. ഒമ്പത്‌ രൂപ എംആർപി ഉള്ള ഒരു സർജിക്കൽ ഗ്ലോവ്സിന്‌ ഈടാക്കുന്നത്‌ 60 രൂപ മാത്രം. (ഒരു ദിവസം ഉപയോഗിക്കുന്നത്‌ കുറഞ്ഞത്‌ 10 എണ്ണം) മൂന്ന്‌ രൂപ എംആർപി ഉള്ള ഒരു സക്ഷൻ കത്തീറ്ററിന്‌ ഈടാക്കുന്നത്‌ 78 രൂപ മാത്രം. (ദിവസ ഉപയോഗം കണ്ടീഷൻ അനുസരിച്ച്‌ പത്തോ അധിലധികമോ). ക്യാനുലേഷൻ ഐവി ഇൻഫ്യൂഷൻ (പേര്‌ ഒരു ജാഡ ആണെന്നുള്ളൂ വെറുതെ ഗ്ലൂക്കോസ്‌ കേറ്റുന്നതിനാണ്‌) തുടങ്ങി 500 രൂപയിലധികം ഈടാക്കുന്നു. പ്രോസെജിയറുകൾ. പിന്നെ ഞങ്ങൾക്ക്‌ പോലും വിലയോ ആവശ്യകതയോ അറിയാത്ത നൂറിലധികം ബ്ലഡ്‌ ടെസ്റ്റുകൾ. എക്സ്‌ റേ. സീടി സ്കാൻ, എംആർഐ തുടങ്ങിയ ഒരു കൂട്ടം ടെസ്റ്റുകൾ വേറെ. ഒരു കാർഡിയാക്‌ മോണിറ്ററും സെൻട്രലൈസ്ഡ്‌ ഓക്സിജനും ഉള്ള ഡിപ്പാർട്ട്മെന്റ്‌ ആണെങ്കിൽ നനഷ്ടം പിന്നെയും കൂടും. പിന്നെ റെഫെറെൻസുകൾ എന്ന വിളിപ്പേരിൽ ഒരു പണിയും ഇല്ലാതിരിക്കുന്നവരെ വിളിച്ചു കൺസൾട്ടേഷൻ കൊടുക്കുന്ന ഒരു ഏർപ്പാടുണ്ട്‌. അതായത്‌ ചങ്കിനു വേദനയുമായി വരുന്നവന്റെ ചെവിയും മൂക്കും പരിശോധിക്കാൻ ഇഎൻടി, കാലു വേദനയുമായി വരുന്നവന്‌ ഡെന്റൽ കൺസൾട്ടേഷൻ, പല്ലു വേദനയുമായി വരുന്നവന്‌ ന്യൂറോ കൺസൾട്ടേഷൻ, മൂത്രത്തിൽ കല്ലുമായി വരുന്നവന്‌ കാർഡിയാക്‌ കൺസൾട്ടേഷൻ, അങ്ങിനെ പോകുന്നു ഒരു രോഗിയെ കയ്യിൽ കിട്ടിയാൽ ഉള്ള ആത്മാർഥത. 10,000 രൂപയിൽ താഴെ മുടക്കുള്ള മൂന്നു ദിവസത്തെ ഐസിയു വാസം കഴിയുമ്പോൾ രോഗിക്ക്‌ ബില്ല്‌ വെറും ഒരു ലക്ഷമോ അതിനു മുകളിലോ മാത്രം-വായിച്ചാൽ ചിരിയാണെങ്കിൽ ആശുപത്രിക്കുള്ളിലെ സത്യം ഇതാണെന്ന്‌ നഴ്സുമാർ വെളിപ്പെടുത്തുന്നതിലും കാര്യമുണ്ട്‌.
ചാരിറ്റിയുടെ ഒരു കണികപോലും ആശുപത്രി മാനേജ്മെന്റുകൾക്ക്‌ മുന്നിലില്ല. പനിയും പകർച്ച വ്യാധികളും പിടിപെട്ട സാധാരണക്കാരാരും വൻകിട ആശുപത്രികളെ അഭയം പ്രാപിക്കുന്നത്‌ കുറവാണ്‌. അമ്പത്‌ കിടക്കകളും ഇരുപത്‌ കിടക്കകളും ഉള്ള ഗ്രാമീണ മേഖലയിലെ ചെറിയ ആശുപത്രികളെയാണ്‌ ഇവർ ആശ്രയിക്കുക. ഇതും സർക്കാർ ആശുപത്രികളിൽ തിരക്കേറുന്ന സന്ദർഭത്തിൽ മാത്രം. മെഡിസിൻ വിഭാഗം തന്നെ വലിയൊരു വിഭാഗം സ്വകാര്യ ആശുപത്രികളും ഒഴിവാക്കുന്ന കൗതുകവും നിലനിൽക്കുന്നു. ഫൈവ്‌ സ്റ്റാർ ബാറിൽ ലോക്കൽ കൗണ്ടറിട്ട അവസ്ഥയാവുമെന്ന്‌ ഇതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ മറുപടി തന്ന മുതലാളിമാർവരെ നാട്ടിലുണ്ട്‌. ഈ സാഹചര്യത്തിൽ സർക്കാർ കുറേക്കൂടി യുക്തിഭദ്രവും വിവേകത്തോടെയുമുള്ള ഇടപെടൽ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
(അവസാനിച്ചു)