എൻജിനിയറിങ്‌ എൻആർഐ ക്വാട്ട റദ്ദാക്കി; ഗൾഫ്‌ നാടുകളിൽ പ്രതിഷേധം

എൻജിനിയറിങ്‌ എൻആർഐ ക്വാട്ട റദ്ദാക്കി; ഗൾഫ്‌ നാടുകളിൽ പ്രതിഷേധം
April 19 03:15 2017
  • പ്രവാസി കുട്ടികൾക്ക്‌ നേരിട്ടുള്ള എൻജിനിയറിങ്‌ പ്രവേശനത്തിന്‌ ഇനി അഞ്ച്‌ വർഷം വിദേശത്ത്‌ പഠിക്കണം
  • കേന്ദ്രത്തിന്റെ വിദ്യാഭ്യാസാവകാശ നിഷേധത്തിനെതിരെ പ്രതിഷേധം പുകയുന്നു

കെ രംഗനാഥ്‌
ദുബായ്‌: അഞ്ച്‌ വർഷമെങ്കിലും വിദേശത്ത്‌ പഠിക്കാത്ത പ്രവാസി വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ നേരിട്ട്‌ എൻജിനീയറിങ്‌ പ്രവേശനത്തിന്‌ വിലക്ക്‌ ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ ഗൾഫ്‌ നാടുകളിൽ പ്രതിഷേധം പുകയുന്നു.
ഇന്ത്യയിൽ എൻജിനിയറിങ്‌ പ്രവേശനം ആരംഭിക്കുന്നതിന്റെ തൊട്ടുതലേന്നുള്ള ഈ ഉത്തരവുമൂലം നൂറുകണക്കിന്‌ പ്രവാസിക്കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനാണ്‌ വിലങ്ങുവീഴുന്നത്‌. ആറ്‌ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ പ്രവേശനം നേടിയ നാൽപതിനായിരത്തോളം വിദ്യാർഥികൾക്കാണ്‌ എൻജിനിയറിങ്‌ പഠന നിഷേധം. ഇവരിൽ സിംഹഭാഗവും മലയാളി കുട്ടികളാണ്‌. പ്രതിഭാസമ്പന്നരും ഭാവിവാഗ്ദാനങ്ങളുമായ ആയിരക്കണക്കിന്‌ കുട്ടികൾക്ക്‌ എൻജിനീയറിങ്‌ പ്രവേശനം നിഷേധിക്കുന്നത്‌ രാജ്യത്തിന്റെ ഭാവിതാൽപര്യങ്ങൾക്കുതന്നെ ദോഷം ചെയ്യുമെന്നാണ്‌ ദുബായ്‌ ഇന്ത്യൻ പബ്ലിക്‌ സ്കൂൾ മേധാവിയായ ഡോ. അശോക്‌ കുമാർ അഭിപ്രായപ്പെട്ടത്‌. ഈ ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ്സിങ്‌ സൂരിക്ക്‌ നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി പ്രവാസിസംഘടനകൾ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മോഡിക്ക്‌ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്‌. ഇന്ത്യയിലെ പ്രമുഖ എൻജിനിയറിങ്‌ വിദ്യാലയങ്ങളിൽ പ്രവേശനം തേടിയ പ്രവാസി വിദ്യാർഥികളോട്‌ നേരിട്ട്‌ പ്രവേശനം ഇനി അസാധുവാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
വിദേശത്ത്‌ രണ്ട്‌ വർഷം പ്ലസ്‌ വൺ, പ്ലസ്‌ ടു ക്ലാസുകളിൽ പഠിച്ച്‌ പാസാകുന്നവർക്ക്‌ ഇന്ത്യയിൽ നേരിട്ട്‌ എൻജിനീയറിങ്‌ പ്രവേശനം തേടാമെന്ന പ്രവാസി വിദ്യാർഥികളുടെ നേരിട്ടുള്ള പ്രവേശന പദ്ധതിയാണ്‌ കാലപരിധി അഞ്ച്‌ വർഷമാക്കിയ ഉത്തരവിലൂടെ കേന്ദ്രം റദ്ദാക്കിയത്‌. എൻആർഐ ക്വാട്ട ഇപ്രകാരം ഫലത്തിൽ എടുത്തുകളഞ്ഞിരിക്കുന്നു. നിശ്ചിത കാലപരിധി പൂർത്തീകരിക്കാത്തവർ ഇനി ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം എൻട്രൻസ്‌ പരീക്ഷയെഴുതണം. എൻട്രൻസ്‌ പരീക്ഷയ്ക്ക്‌ പ്രത്യേകം കോച്ചിങ്ങിന്‌ പോകുന്ന ഇന്ത്യൻ വിദ്യാർഥികളുമായി മത്സരിക്കാൻ പ്രവാസി വിദ്യാർഥികളിൽ നല്ലൊരു പങ്കിനും കഴിഞ്ഞെന്നു വരില്ല. ഇതുമൂലമാണ്‌ നേരിട്ടുള്ള എൻആർഐ ക്വാട്ടയിലൂടെ പലരും ഇന്ത്യയിൽ പഠനം നടത്തുന്നത്‌. മെഡിക്കൽ പ്രവേശനത്തിനും ഈ അഞ്ച്‌ വർഷ പരിധിയിലൂടെ നേരിട്ടുള്ള പ്രവേശനം വിലക്കുമെന്ന ആശങ്കയുമുണ്ട്‌. ഒരു വർഷത്തേയ്ക്ക്‌ ഇപ്പോഴത്തെ ഉത്തരവ്‌ മരവിപ്പിക്കുകയെങ്കിലും വേണമെന്ന ആവശ്യവും ഉയരുന്നു.

view more articles

About Article Author