ഏകാന്തതയുടെ നിറങ്ങൾ

ഏകാന്തതയുടെ നിറങ്ങൾ
May 07 04:45 2017

വേലുത്തമ്പിദളവയുടെ ചിത്രം വരച്ചു വിഖ്യാതനായ കലാകാരനാണ്‌ ഐവർകാല ചൂണ്ടയ്ക്കാമലയിൽ കെ എസ്‌ ശങ്കർ. വേലുത്തമ്പിയുടെ വീരഹൂതിയാൽ പ്രശസ്തമായ മണ്ണടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്റെ വേലുത്തമ്പിദളവാ സ്മാരക മ്യൂസിയം ശങ്കർ വരച്ച പ്രസിദ്ധമായ എണ്ണച്ഛായാചിത്രത്തിന്റെ സാന്നിധ്യത്താലും ഇന്ന്‌ ശ്രദ്ധേയമാണ്‌

ചവറ സുരേന്ദ്രൻപിള്ള
ജജനിച്ച മണ്ണിനോടുള്ള അപാരമായ കൂറ്‌ കൊണ്ടാണ്‌ വേലുത്തമ്പി ദളവ ഇന്നും ജനമനസുകളിൽ ജീവിക്കുന്നത്‌. സമാനതകളില്ലാത്ത വീര്യത്തിന്റെ ഉത്തമോദാഹരണമായിരുന്നു വേലുത്തമ്പിദളവയുടെ പോരാട്ടം. വേലുത്തമ്പിദളവയുടെ ചിത്രം വരച്ച വിഖ്യാതനായ കലാകാരനാണ്‌ ഐവർകാല ചൂണ്ടയ്ക്കാമലയിൽ കെ.എസ്‌ ശങ്കർ. വേലുത്തമ്പിയുടെ വീരഹൂതിയിൽ പ്രശസ്തമായ മണ്ണടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പുരാവസ്തുവകുപ്പിന്റെ വേലുത്തമ്പിദളവാ സ്മാരക മ്യൂസിയം കെ.എസ്‌. ശങ്കർ വരച്ച വേലുത്തമ്പിയുടെ പ്രസിദ്ധമായ എണ്ണച്ഛായാചിത്രത്തിന്റെ സാന്നിധ്യത്താലും ഇന്ന്‌ ശ്രദ്ധേയമാണ്‌. ചിത്രത്തിന്റെ ഒറിജിനലാണ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.
വ്രതവും ശുദ്ധിയും പാലിച്ചു പൂജയും പ്രാർത്ഥനയും നടത്തി ഒരു തപസുപോലെയാണു ശങ്കർ വേലുത്തമ്പിദളവയുടെ ചിത്രം വരച്ചത്‌. വേലുത്തമ്പിയുടെ 230-ാ‍ മത്‌ ജന്മദിനാഘോഷങ്ങൾ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 1995 മെയ്‌ 5 മുതൽ 14 വരെ മണ്ണടി ഫെസ്റ്റിനേഷനോടനുബന്ധിച്ച്‌ നടന്ന പ്രദർശനത്തിൽ വയ്ക്കുന്നതിനുവേണ്ടിയായിരുന്നു വേലുത്തമ്പിദളവയുടെ പൂർണകായ എണ്ണഛായാചിത്രം വരച്ചത്‌.
ചരിത്രപുരുഷാരാധനയ്ക്ക്‌ പൂർണത കൈവരുത്താൻ ജന്മസിദ്ധമായ ചിത്രരചനയെ അതിവിശിഷ്ടമായൊരു ഉപാസനയായി കരുതുകയാണ്‌ ആർട്ടിസ്റ്റ്‌ ശങ്കർ. തച്ചുശാസ്ത്രവൈദഗ്ധ്യത്തിന്റെ പര്യായമായി പരിലസിച്ചിരുന്ന ചുണ്ടയ്ക്കാമല തറവാട്ടിൽ എസ്‌. കൃഷ്ണനാചാരിയുടെയും നാരായണി അമ്മാളിന്റെയും മകനായി 1948 നവംബർ 3 നാണ്‌ ഈ ചിത്രകാരൻ ജനിച്ചത്‌. ബാല്യകാലത്ത്‌ മനസിലുദിച്ച മോഹം പിന്നീട്‌ യാഥാർത്ഥ്യമായത്‌ തച്ചുശാസ്ത്രത്തിന്റെ ഏടുകൾ നിറഞ്ഞ തറവാട്ടിലെ പൂജാമുറിയിൽ നിന്നായിരുന്നു. കുലദൈവങ്ങളെ മനസിൽ ധ്യാനിച്ചു ചായം കൈയ്യിലെടുത്തപ്പോൾ ശങ്കർപോലും വിചാരിച്ചു കാണില്ല ; തന്റെ ചിത്രങ്ങൾ ഇത്രമനോഹരമാകുമെന്ന്‌. കാവും കളരിയും കുടുംബക്ഷേത്രവും പടിപ്പുരയിലെ വ്യാളീമുഖങ്ങളുമൊക്കെ ശങ്കറിന്റെ മനസിൽ ഭാവനയുടെ നിറപ്പകിട്ടാർന്ന ലോകത്തേക്കുള്ള കവാടങ്ങളായിരുന്നു.
ബാല്യം മുതലേ ചിത്രം വരച്ചിരുന്ന ശങ്കറിനെ അധ്യാപകർക്കും സഹപാഠികൾക്കും വലിയ കാര്യമായിരുന്നു. സയൻസ്‌ അധ്യാപകർക്ക്‌ അധ്യാപനത്തിനു സഹായകമാവും വിധമുള്ള ചിത്രങ്ങൾ ശങ്കർ വരച്ചുകൊടുത്തിരുന്നു. എസ്‌.എസ്‌.എൽ.സി കഴിഞ്ഞപ്പോൾ ചിത്രകല പഠിക്കണമെന്ന ശങ്കറിന്റെ ആഗ്രഹത്തിനു വീട്ടുകാരും വഴങ്ങി. ശങ്കറിന്റെ ഗുരുനാഥനും കടമ്പനാട്‌ ബോയ്സ്‌ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററുമായ പി. നാരായണപിള്ളയുടെ ഉപദേശവും ഈ ആഗ്രഹത്തിനു പ്രചോദനമായിരുന്നു. പതിനഞ്ചാം വയസിൽ ചിത്രകലാ പഠനം തുടങ്ങി. കൊട്ടാരക്കര ഹരിഹരയ്യരുടെയും തുടർന്ന്‌ തിരുവനന്തരപുരം ഗോവിന്ദനാചാരിയുടെയും ശിക്ഷണത്തിൽ ചിത്രകല അഭ്യസിച്ചു ഡിപ്ലോമ നേടി. 1966 ൽ 18-ാ‍ം വയസിൽ തന്നെ ചിത്രകലാ അധ്യാപകനായി ഐവർകാല ഡി.വി.എൻ.എസ്‌.എസ്‌. യു.പി സ്കൂളിൽ നിയമനവും ലഭിച്ചു. ജോലികിട്ടിയതോടെ വരകളുടെയും വർണങ്ങളുടെയും ലോകം മാത്രമായി മാറുകയായിരുന്നു ശങ്കറിന്റെ ജീവിതം. ഉച്ചയൂണു കഴിഞ്ഞാലുടൻ ശങ്കർ സാറിന്റെ ചുറ്റും കുട്ടികൾ അടുത്തുകൂടും. വിസ്തൃതമേറിയ സ്കൂൾ കെട്ടിടത്തിന്റെ ഒരു മുറി മുഴുവൻ ശങ്കറിന്റെ അരുമ ശിഷ്യന്മാർ വരച്ചുകൂട്ടിയ ചിത്രങ്ങളാണ്‌.
ഭാരതത്തെ അടക്കി ഭരിച്ചിരുന്ന വിദേശികളോടുള്ള വെറുപ്പ്‌ ബാല്യം മുതലേ ശങ്കറിൽ രൂഡമൂലമായിരുന്നു. ഐവർകാലക്കു സമീപം മണ്ണടിയിൽ വീരമൃത്യു വരിച്ച വേലുത്തമ്പിദളവയോടുള്ള ആരാധനയാണ്‌ ആ വീരപുരുഷന്റെ എണ്ണഛായാചിത്രം വരയ്ക്കാൻ ശങ്കറിനെ പ്രേരിപ്പിച്ചത്‌. 1974 ൽ മണ്ണടി പി. വി. നായരും, കെ.എസ്‌. ശങ്കറും ചേർന്ന്‌ വേലുത്തമ്പിമെമ്മോറിയൽ ചരിത്രമ്യൂസിയം എന്ന കലാസാംസ്കാരിക സ്ഥാപനത്തിനു രൂപം കൊടുത്തു. മ്യൂസിയത്തിന്റെ വാർഷികാഘോഷങ്ങളിൽ ശങ്കറിന്റെ ചിത്രകലാപ്രദർശനം പതിവായിരുന്നു. 1977 ൽ ലോകമലയാള സമ്മേളനത്തോടനുബന്ധിച്ചു കേരളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ നടത്തിയ ചിത്രപ്രദർശനത്തിൽ ശങ്കർ ഒരുക്കിയ വയലാറിന്റെയും മഹാത്മാഗാന്ധിയുടെയും ഉൾപ്പെടെയുള്ളവരുടെ എണ്ണഛായാചിത്രങ്ങൾ ആർട്ടിസ്റ്റ്‌ കെ.എസ്‌ ശങ്കർ എന്ന കലാകാരന്റെ നാമം ജനഹൃദയങ്ങളിൽ അരക്കിട്ടുറപ്പിച്ചു. ചിത്രരചനയ്ക്ക്‌ ജലഛായം, എണ്ണഛായം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ശങ്കറിന്‌ ക്ലാസിക്‌ ശൈലിയിലുള്ള ചരിത്രചിത്രങ്ങൾ വരയ്ക്കുന്നതിലാണു ഏറെ താൽപര്യം. പോർട്രെയ്റ്റുകളിലും റിയലിസ്റ്റിക്‌ ചിത്രങ്ങളിലുമുള്ള ശങ്കറിന്റെ കലാവിരുത്‌ ഒന്നുവേറെ തന്നെയാണ്‌.
കേരള പഴമയിലലിഞ്ഞു ചേർന്ന ജൈനമത സംസ്കാരത്തിന്റെ ഏടുകളിലേക്ക്‌ വെളിച്ചം വീശുന്ന വർദ്ധമാനമഹാവീരന്റെ 2500-ാ‍മത്‌ നിർവാണ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ കോഴിക്കോട്‌ തൃക്കോവിൽ ജൈനക്ഷേത്രത്തിനു സമീപമുള്ള ജൈനർ കമ്മ്യൂണിറ്റിഹാളിൽ സംസ്ഥാന ഇൻഫർമേഷൻ, ആർക്കിയോളജി വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രപ്രദർശനം മുക്തഖണ്ഠമായ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1981 ൽ രാജാരവിവർമയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്തും 1984 ൽ തൃപ്പൂണിത്തുറ ഹിൽപാലസിൽ തുടങ്ങിയ പുരാവസ്തു മ്യൂസിയത്തിലും ആർട്ടിസ്റ്റ്‌ ശങ്കറിന്റെ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു.
1995 ലെ അധ്യാപക കലാവേദിയുടെ സംസ്ഥാന അവാർഡ്‌, 1972 ൽ കൊയിലാണ്ടി ഒ.പി. കെ.എം കലാസമിതി നടത്തിയ ചിത്രകലാമത്സരത്തിൽ ലഭിച്ച മെരിറ്റ്‌ അവാർഡ്‌, 2005 ലെ കലാസരിത്‌ സാംസ്കാരിക സമിതി അവാർഡ്‌ എന്നിവയൊക്കെ നേട്ടങ്ങളുടെ പട്ടികയിൽ ചിലതുമാത്രം. 2004 ൽ ഐവർകാല ഡി.വി.എൻ.എസ്‌.എസ്‌ യു.പി സ്കൂളിൽ നിന്നും വിരമിക്കുമ്പോൾ ചിത്രരചനയിലും, കവിതാരചനയിലും പ്രാഗത്ഭ്യം തെളിയിക്കുന്ന രണ്ടു കുട്ടികളുടെ പ്രോത്സാഹനാർഥം ഒരു എൻഡോവ്മെന്റ്‌ കൂടി ഏർപ്പെടുത്തിയിട്ടേ 38 വർഷത്തെ സേവനത്തിനുശേഷം സ്കൂളിന്റെ പടിഇറങ്ങിയുള്ളു. 2013 ഓഗസ്റ്റ്‌ 15 നു ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീരവിശങ്കറിന്റെ ബാംഗ്ലൂരിലെ ആശ്രമം സന്ദർശിച്ച്‌ അദ്ദേഹത്തിന്റെ ഒരു എണ്ണച്ഛായാചിത്രം ആർട്ടിസ്റ്റ്‌ ശങ്കർ സമ്മാനിച്ച വേളയിൽ ഗുരുജി ചിത്രകാരനെ പൊന്നാടയണിയിച്ചാദരിച്ചത്‌ വലിയൊരു സാഫല്യമായി ശങ്കർ കരുതുന്നു.
പൈതൃക സിദ്ധികൊണ്ടാകണം, ശങ്കറിന്റെ മകൻ എം.ടെക്‌ ബിരുദധാരിയായ മഹേഷ്‌ ശങ്കറും വരയുടെ ലോകത്ത്‌ തൽപരനാണ്‌. ആർട്ടിസ്റ്റ്‌ ശങ്കറിന്റെ കലോപാസനയ്ക്ക്‌ ഊടും പാവും നെയ്യാൻ ഭാര്യ സുധയും എപ്പോഴും ഒപ്പമുണ്ട്‌. താൽപര്യമുള്ളവരെ ചിത്രകല പഠിപ്പിക്കാനും ഇപ്പോൾ ശങ്കർ സമയം കണ്ടെത്തുന്നു. പകൽ സമയത്തെ ചിത്രരചനയും ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള ചിന്തയും പഠനവും ജീവിതം കലയ്ക്കുവേണ്ടി പൂർണമായും ഉഴിഞ്ഞു വച്ചിരിക്കുന്ന ഈ കലാകാരനെ പൂർണനാക്കുന്നു.

  Categories:
view more articles

About Article Author