ഐഎഎസ്‌ സമരത്തിന്റെ പരിണാമഗുപ്തി

January 10 05:00 2017

സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ സമരം നടക്കേണ്ടതായിരുന്നു. എന്നാൽ സർക്കാരിന്റെ ശക്തമായ നിലപാടിനെ തുടർന്ന്‌ അവസാനനിമിഷം സമരം ഉപേക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതമായി.
സമരം നടത്തുന്നുവെന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും ചില ഐഎഎസ്‌ ഉദ്യോഗസ്ഥർ വിജിലൻസ്‌ കേസുകളിൽ പ്രതികളാക്കപ്പെടുന്ന സാഹചര്യമാണ്‌ കൂട്ട അവധിയെടുക്കൽ സമരം പ്രഖ്യാപിക്കുന്നതിലേയ്ക്ക്‌ നയിച്ചതെന്നാണ്‌ വിശദീകരിക്കപ്പെട്ടിരുന്നത്‌. ഇപി ജയരാജന്റെ ബന്ധു നിയമന വിവാദത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തപ്പോൾ അതിൽ ഐഎഎസ്‌ ഉദ്യോഗസ്ഥനായ പോൾ ആന്റണി ഉൾപ്പെട്ടതാണ്‌ പെട്ടെന്നൊരു സമരത്തിലേയ്ക്ക്‌ നീങ്ങാൻ ഇടയാക്കിയതെന്നാണ്‌ പുറത്തുവന്നിരിക്കുന്ന വിവരം.
ഐഎഎസ്‌ ഉദ്യോഗസ്ഥർ കേസിൽപ്പെടുന്ന സംഭവങ്ങൾ വൻ വിവാദമായി മാറുന്ന സാഹചര്യത്തെ തുടർന്ന്‌ തിരുവനന്തപുരത്ത്‌ ചേർന്ന ഐഎഎസ്‌ അസോസിയേഷൻ യോഗത്തിലാണ്‌ തീരുമാനമുണ്ടായത്‌. വിജിലൻസ്‌ ഡയറക്ടറുടെ നടപടികൾക്കെതിരെ മുഖ്യമന്ത്രിയെ ഐഎഎസ്‌ അസോസിയേഷൻ നേതാക്കൾ നേരിട്ടുകണ്ട്‌ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ്‌ വിജിലൻസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തിയിരുന്നു.
ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെടുന്നത്‌ പുതിയ സംഭവമല്ല. അനധികൃത സ്വത്തു സമ്പാദിച്ച കേസിൽ പ്രതികളായിരുന്ന പലരും ഇപ്പോഴും സർവീസിലുണ്ട്‌. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടവരിൽ തൊഴിൽ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. അദ്ദേഹം അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ അന്വേഷണം നേരിടുകയാണ്‌. മലബാർ സിമന്റ്സ്‌ മുൻ മാനേജിങ്‌ ഡയറക്ടർ പത്മകുമാർ, ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി കെ എം എബ്രഹാം തുടങ്ങിയവരെല്ലാം വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്‌.
അതിനർഥം ഇവരെല്ലാം കുറ്റവാളികളാണെന്നല്ല. ലഭ്യമായ പരാതികൾ അന്വേഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അന്വേഷണത്തിൽ തെളിവുകൾ ലഭ്യമായാൽ മാത്രമേ കുറ്റക്കാരനാകുന്നുള്ളൂ.
ഇത്തരം സംഭവങ്ങൾ മുൻകാലത്തും ഉണ്ടായിട്ടുണ്ട്‌. ഐഎഎസ്‌ ഉദ്യോഗസ്ഥരും മന്ത്രിമാരുമടക്കം പ്രതികളായ നിരവധി കേസുകൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്‌. കേരള പിറവി മുതൽ അത്തരം കേസുകൾ കാണാവുന്നതാണ്‌. പല കേസുകളും അന്വേഷണത്തോടെ അവസാനിച്ചുവെങ്കിൽ ചിലത്‌ അനന്തര നടപടികളിലേയ്ക്ക്‌ പോയി. അവിടെ താൻ കുറ്റവാളിയല്ലെന്ന്‌ തെളിയിക്കാൻ ഉദ്യോഗസ്ഥന്‌ അവസരമുണ്ട്‌. അത്‌ ചെയ്ത്‌ കുറ്റവിമുക്തമാക്കപ്പെട്ട കേസുകളും നിരവധിയാണ്‌.
ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ അന്നൊന്നുമില്ലാത്ത നീക്കങ്ങളാണ്‌ ഇത്തവണ സംസ്ഥാനത്തെ മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്‌. ലളിതമായ ഭാഷയിൽ ഇത്‌ സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണെന്ന്‌ വേണം കരുതാൻ.
എന്നാൽ സമ്മർദ തന്ത്രത്തിന്‌ വഴങ്ങാതെ ശക്തമായ നിലപാടാണ്‌ സംസ്ഥാന സർക്കാർ കൈക്കൊണ്ടത്‌. ധീരമായിരുന്നു ആ നടപടി. ഐഎഎസ്‌ ഉദ്യോഗസ്ഥർ ഒരുസമര രൂപത്തിലേയ്ക്ക്‌ പോകാൻ തീരുമാനിച്ചത്‌ അംഗീകരിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ വികാരമറിയിക്കാൻ തന്നെ വന്നുകണ്ട ഉദ്യോഗസ്ഥരോട്‌ അർഥശങ്കയ്ക്കിടയില്ലാത്ത വിധം മറുപടി നൽകി. അതിനു ശേഷമാണ്‌ അവധിയെടുക്കൽ സമരം മാറ്റിവച്ചത്‌.
ഈ സംഭവങ്ങൾ ഐഎഎസ്‌ ഉദ്യോഗസ്ഥർക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാൻ തടസമാകുന്നുവെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. സത്യസന്ധമായും നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന്‌ ഒരു തടസവും സംസ്ഥാനത്തില്ല. മുൻ ഇടതു സർക്കാരുകളുടെ കാലത്തും അതുതന്നെയായിരുന്നു സ്ഥിതി.
എന്നാൽ സ്വതന്ത്ര പ്രവർത്തനത്തിന്റെ പേരിൽ പൊലീസിന്റെയും മറ്റ്‌ അന്വേഷണ ഏജൻസികളുടെയും മേൽ നിയന്ത്രണമേർപ്പെടുത്തണമെന്നാണ്‌ ഐഎഎസ്‌ അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തിന്റെ ഭംഗ്യന്തരേണയുള്ള അന്തസ്സത്ത. അതിന്‌ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കില്ലെന്നാണ്‌ ഇന്നലെ അവരോട്‌ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളുടെ കാതൽ.
സമരത്തിലേയ്ക്ക്‌ പോകുന്നതിന്‌ മുമ്പ്‌ തന്നെ ഇതിനെ ഐഎഎസ്‌ – ഐപിഎസ്‌ പടലപ്പിണക്കമാക്കാനുള്ള ശ്രമം ചില കോണുകളിൽ നിന്നുണ്ടായിരുന്നു. അതിന്റെ ഫലമായാണ്‌ അസാധാരണമായ ചില അന്വേഷണ ശ്രമങ്ങൾ ചില പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ ചില വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായത്‌. ഇത്തരം ആശാസ്യകരമല്ലാത്ത സമീപനങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്‌ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്‌. സാധാരണ പൗരനില്ലാത്ത അവകാശങ്ങൾ ഐഎഎസ്‌ ഉദ്യോഗസ്ഥർക്കെന്നല്ല ഒരുദ്യോഗസ്ഥനും ഇല്ലതന്നെ. അതുകൊണ്ട്‌ തന്നെയാണ്‌ സർക്കാർ ശക്തമായ നിലപാട്‌ സ്വീകരിക്കാൻ നിർബന്ധിതമായതും എഐഎസുകാർക്ക്‌ സമരമുപേക്ഷിക്കേണ്ടിവന്നതും.

  Categories:
view more articles

About Article Author