ഐഎസ്‌ ഭീകരർ സൗദിയിലേയ്ക്ക്‌

ഐഎസ്‌ ഭീകരർ സൗദിയിലേയ്ക്ക്‌
January 11 04:45 2017

മദീനയിലെ പ്രവാചക പള്ളിയാക്രമണത്തിലെ മുഖ്യപ്രതിയും കൂട്ടാളിയും നുഴഞ്ഞുകയറിയത്‌ സിറിയയിൽ നിന്ന്‌

പ്രത്യേക ലേഖകൻ
റിയാദ്‌: സിറിയയിൽ ഐഎസ്‌ ശക്തിദുർഗങ്ങളായ ആലിപ്പോയും പാൽമിറയും സർക്കാർ-റഷ്യൻ സഖ്യം പിടിച്ചെടുക്കുകയും പല ഭാഗങ്ങളിൽ നിന്നും അവരെ തുരത്തുകയും ചെയ്യുന്നതിനിടയിൽ ഇസ്ലാമിക ഭീകരർ ഇറാഖും യമനും വഴി സൗദി അറേബ്യയിലേക്ക്‌ പലായനം ചെയ്യുന്നതായി സൂചന.
ഇക്കഴിഞ്ഞ ജൂലൈയിൽ മദീനയിലെ പുണ്യതീർഥാടന കേന്ദ്രമായ പ്രവാചകന്റെ പള്ളി ആക്രമിച്ച കേസിലെ മുഖ്യപ്രതി തയേ ബിൻ സലിം ബിൻ യസ്ലാം അൽസേയെയും കൂട്ടാളി തലാൽ ബിൻ സമ്രാൻ അൽ സയേദിയേയും കഴിഞ്ഞ ദിവസം ഒരു സൗദി സുരക്ഷാഭടൻ ഒറ്റയ്ക്ക്‌ വെടിവച്ചു കോന്നിരുന്നു. ഇവർ ബൽറ്റ്‌ ബോംബുകളണിഞ്ഞ്‌ ചാവേറുകളായി എത്തിയത്‌ സിറിയയിൽ നിന്നാണെന്നാണ്‌ സൂചന. നോമ്പുതുറ സമയത്ത്‌ മദീനാപള്ളി ആക്രമണത്തിൽ 11 സുരക്ഷാഭടന്മാരും അഞ്ച്‌ ബംഗ്ലാദേശ്‌ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഇവരിൽ മുഖ്യപ്രതി തയേബിൻ സലിം ഐഎസിന്റെ സിറിയയിലെ ബോംബ്‌ നിർമാണ വിദഗ്ധനായിരുന്നു. ഇരുവരും സൗദി സ്വദേശികളാണ്‌.
ആക്രമണത്തിനുശേഷം സിറിയയിലായിരുന്ന കൊലയാളികൾ റഷ്യൻ-സിറിയൻ ആക്രമണത്തിൽ നിൽക്കക്കള്ളിയില്ലാതെ യമനിലേക്ക്‌ കടന്നു. എന്നാൽ യെമൻ സേനയും സൗദി അറേബ്യൻ സഖ്യസേനയും ചേർന്ന്‌ ചെങ്കടൽ തീരത്തെ സർക്കാർ വിരുദ്ധ അൽഹുനി ഭീകരരുടെ ശക്തികേന്ദ്രങ്ങൾ തകർത്തതോടെയാണ്‌ ഇരുവരും സൗദി അറേബ്യയിലേയ്ക്ക്‌ നുഴഞ്ഞുകയറിയതെന്നാണ്‌ സൂചന. ഇരുവരേയും സുരക്ഷാഭടൻ ഒറ്റയ്ക്ക്‌ കൈത്തോക്കിൽ നിന്ന്‌ വെടിയുതിർത്താണ്‌ വകവരുത്തിയത്‌.
ഈ സംഭവത്തെത്തുടർന്ന്‌ സൗദിയിലെങ്ങും ഭീകര വേട്ട ശക്തമാക്കിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

  Categories:
view more articles

About Article Author