ഐ ഐ ടി കാമ്പസ് ഉദ്ഘാടനം സെപ്റ്റബറില്‍ നടക്കും

May 20 01:26 2017

 

പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടന ചടങ്ങ് സെപ്റ്റംബറില്‍ നടക്കുമെന്നാണ് സൂചന. പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഡോ മഹേന്ദ്രനാഥ് പാണ്ഡെയാണ് സംബന്ധിച്ചു സൂചന നല്‍കിയത്.
സംസ്ഥാന സര്‍ക്കാരും ഐഐടി അധികൃതരും അഭ്യര്‍ഥിച്ചതനുസരിച്ച് നേരത്തെ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മന്ത്രി വരവ് റദ്ദാക്കിയിരുന്നു. ഐഐടികളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ സഹമന്ത്രിയായ മഹേന്ദ്രനാഥ് പാണ്ഡെ ട്രാന്‍സിറ്റ് ക്യാംപസിന്റെയും ചുറ്റുമതില്‍ നിര്‍മാണത്തിന്റെയും മറ്റും പുരോഗതി വീക്ഷിച്ചു.
പ്രകൃതിഭംഗി കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും രാജ്യത്തെ തന്നെ മികച്ച ക്യാംപസായി ഇതു മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണയ്ക്കും സഹായത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ബാക്കിയുള്ള സ്ഥലമേറ്റെടുപ്പ് വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.
പാലക്കാട് ഐഐടി ഡയറക്ടര്‍ പി.ബി. സുനില്‍ കുമാര്‍, കലക്ടര്‍ പി. മേരിക്കുട്ടി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ഐഐടിക്കായി 504.54ഏക്കര്‍ ഭൂമിയാണ് ആവശ്യമെന്നും ഇതില്‍ 367.87 ഏക്കര്‍ സ്വകാര്യ ഭൂമി, 44.81 ഏക്കര്‍ വനഭൂമി എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കലക്ടര്‍ പി. മേരിക്കുട്ടി മന്ത്രിയെ അറിയിച്ചു.
സ്വകാര്യഭൂമിയില്‍ 323.22 ഏക്കര്‍ ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കുന്നതു പുരോഗതിയിലാണ്. വനഭൂമിക്കു പകരം ഭൂമി അട്ടപ്പാടിയില്‍ നല്‍കാനും നടപടികള്‍ നടന്നുവരുന്നതായി കളക്ടര്‍ പറഞ്ഞു. ഹോസ്റ്റല്‍, ലാബ് കെട്ടിടങ്ങളുടെ പണി ഓഗസ്റ്റിന് മുന്‍പായി പൂര്‍ത്തിയാകുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
14 കിലോമീറ്ററിലേറെ വരുന്ന ചുറ്റുമതിലില്‍ നാലിലൊന്നും പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ അഹല്യ ക്യാംപസിലാണ് ഐഐടിയുടെ താല്‍ക്കാലിക ക്യാംപസ് പ്രവര്‍ത്തിക്കുന്നത്.

view more articles

About Article Author