ഒടുവിലവർ കണ്ടെത്തി; ഹനുമാൻ മലയാളി തന്നെ!

ഒടുവിലവർ കണ്ടെത്തി; ഹനുമാൻ മലയാളി തന്നെ!
May 17 04:45 2017

സഭാവലോകനം
ജി ബാബുരാജ്‌
രാമായണത്തിൽ ആത്മസമർപ്പണത്തിന്റെയും മഹാത്യാഗത്തിന്റെയും നേർബിംബമാണ്‌ ജടായു. സീതാപഹരണം നടത്തിയ രാവണനെ തടയുന്നതിനിടെ വെട്ടേറ്റ്‌ ചിറകുകളറ്റുവീണ ജടായുവിന്‌ വേറെ വിശേഷണങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ സ്ത്രീപക്ഷ ദർശനത്തിനുവേണ്ടി നിലകൊണ്ട്‌ രാവണന്റെ വെട്ടേറ്റു മരിച്ച ധീരരക്തസാക്ഷിയാണ്‌ ജടായു എന്നാണ്‌ മുല്ലക്കര രത്നാകരന്റെ പക്ഷം. തന്റെ മണ്ഡലമായ ചടയമംഗലത്തെ ജടായുപ്പാറ മനുഷ്യപക്ഷ തീർഥാടനകേന്ദ്രമായി മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നതിനിടെയാണ്‌ മുല്ലക്കര രാമായണ കഥകളിലേയ്ക്കു കടന്നത്‌. ജടായുവിന്റെ ജീവത്യാഗത്തെ സർക്കാരും ഒട്ടും ചെറുതായല്ല കാണുന്നതെന്ന്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി വ്യക്തമാക്കി. വിനോദസഞ്ചാര പദ്ധതികളുമായി കൂട്ടിയിണക്കി ജടായുപ്പാറയെ സംരക്ഷിക്കുമെന്ന്‌ മന്ത്രി സഭയ്ക്ക്‌ ഉറപ്പുനൽകി.
വിനോദസഞ്ചാരം, ഗതാഗതം, സഹകരണം, വാഹനനികുതികൾ എന്നീ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മുല്ലക്കര. സീതാപഹരണത്തിൽ നിന്ന്‌ നേരെ ചെന്നെത്തിയത്‌ ഹനുമാനിലേയ്ക്കാണ്‌. ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ ഒരു പാകിസ്ഥാനിയും പഞ്ചാബിയും മലയാളിയും തമ്മിൽ നടന്ന ചർച്ചയിലേയ്ക്കാണ്‌ മുല്ലക്കര സഭയെ ആനയിച്ചത്‌. രാമായണത്തിലെ അത്ഭുതകഥാപാത്രമായ ഹനൂമാൻ ഏതു നാട്ടുകാരനാണെന്നായിരുന്നു തർക്കം. സുലൈമാൻ, റഹ്മാൻ എന്നൊക്കെ കേട്ടിട്ടില്ല. അതുപോലെ ഹനുമാനും പാകിസ്ഥാൻകാരൻ തന്നെയെന്നായി ഒന്നാമൻ. കരുത്തിന്റെ കാര്യത്തിൽ പഞ്ചാബികളെ വെല്ലാൻ ആരുണ്ട്‌, ഹനുമാൻ പഞ്ചാബിതന്നെ എന്നായി രണ്ടാമൻ. മലയാളി പുച്ഛത്തോടെയാണ്‌ രണ്ടുവാദങ്ങളും തള്ളിയത്‌. “ആ സ്വഭാവം കണ്ടാൽ അറിഞ്ഞുകൂടേ ആളൊരു മലയാളിയാണെന്ന്‌. വേറൊരുത്തന്റെ ഭാര്യയ്ക്കുവേണ്ടി സ്വന്തം വാലിൽ തീകൊളുത്തി വീടു കത്തിക്കാൻ മലയാളിക്കല്ലാതെ ആർക്കു കഴിയും.” എന്തായാലും തർക്കം തീർപ്പായെന്നാണ്‌ മുല്ലക്കര പറയുന്നത്‌.
അതിഥി ദേവോഭവഃ എന്ന ഇന്ത്യൻ ദർശനത്തിലൂന്നിയാവണം കേരളത്തിലെ ടൂറിസം വളരേണ്ടതെന്നു പറഞ്ഞ മുല്ലക്കര നമ്മുടെ നാട്ടിൽ വരുന്നവരെ മാന്യമായി കൈകാര്യം ചെയ്യുമ്പോഴാണ്‌ മനുഷ്യൻ പൂർണനാവുന്നതെന്ന്‌ അഭിപ്രായപ്പെട്ടു. ഭാവനാസമ്പന്നനായ വ്യവസായിയെന്ന്‌ സ്വയം തെളിയിച്ചിട്ടുള്ള ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി തന്റെ ഭാവന കേരളത്തിന്റെ രക്ഷയ്ക്കായി വിനിയോഗിക്കണം. വൃദ്ധരുടെ ശാപം ഏൽക്കുന്നവൻ രക്ഷപ്പെടില്ലയെന്ന പഴമൊഴി മന്ത്രിയെ ഓർമ്മിപ്പിച്ച മുല്ലക്കര ട്രാൻസ്പോർട്ടിലെ പെൻഷൻകാരോട്‌ നീതിയും കരുണയും കാണിക്കണമെന്നും നിർദ്ദേശിച്ചു.
ഇന്നലെ ചോദ്യോത്തരവേളയിലും പിന്നീട്‌ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലും കെഎസ്‌ആർടിസിയെ ഒരു വർഷത്തിനകം ലാഭത്തിലാക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയ ഗതാഗത മന്ത്രിയോട്‌ അതിന്റെ ‘ട്രിക്ക്‌’ എന്താണെന്ന്‌ അംഗങ്ങൾ മാറിമാറി ചോദിച്ചിട്ടും മന്ത്രി പിടികൊടുത്തില്ല. “ഒട്ടും സംശയം വേണ്ടാ, ലാഭത്തിലാക്കും. പക്ഷേ ട്രേഡ്‌ സീക്രട്ട്‌ പുറത്തു പറയില്ല” എന്നായിരുന്നു ഇടയ്ക്കിടപെട്ട സ്പീക്കറോടും മന്ത്രി പ്രതികരിച്ചത്‌. ഇനിയും വെളിപ്പെടുത്താത്ത ട്രേഡ്‌ സീക്രട്ടിനെ അഭിനന്ദിച്ചുകൊണ്ടാണ്‌ കൊല്ലത്തുനിന്ന്‌ ദീർഘദൂര ബസ്സർവീസുകൾ വേണമെന്ന ആവശ്യം മുകേഷ്‌ ഉന്നയിച്ചത്‌.
സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന കേരള ബാങ്കിന്‌ സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ്‌ ഇ ടി ടൈസൺ മാസ്റ്റർ അഭിപ്രായപ്പെട്ടത്‌. ബ്ലേഡുകാരുടെ നീരാളിപ്പിടുത്തത്തിൽ നിന്ന്‌ മലയാളികളെ സദാ സംരക്ഷിച്ചുനിർത്തുന്ന സഹകരണമേഖലയെ തകർക്കാനാണ്‌ മോഡിയുടെയും കൂട്ടരുടെയും നീക്കം. പ്രതിപക്ഷം അക്കൂട്ടരുടെ കരുക്കളാവരുത്‌. ‘പാണ്ടൻ നായയുടെ പല്ലിന്‌ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല’ എന്ന കുഞ്ചൻനമ്പ്യാരുടെ കവിതാശകലമുദ്ധരിച്ചാണ്‌ പ്രതിപക്ഷത്തിന്റെ ചീറ്റിപ്പോകുന്ന സമരങ്ങളെ ടൈസൺ മാസ്റ്റർ പരിഹസിച്ചത്‌.
കോടീശ്വരൻ പിച്ചക്കാരനായി ജീവിക്കുന്നതുപോലെയാണ്‌ കെഎസ്‌ആർടിസിയുടെ ഇന്നത്തെ അവസ്ഥയെന്നാണ്‌ ലീഗിലെ പി കെ അബ്ദുറബ്ബ്‌ പറഞ്ഞത്‌. എക്കാലവും വായ്പയെ മാത്രം ആശ്രയിക്കുന്ന രീതിക്ക്‌ മാറ്റമുണ്ടാകണമെന്നും റബ്ബ്‌ നിർദ്ദേശം വച്ചു. സ്വന്തം നാടായ ഗുജറാത്തിൽപ്പോലും സഹകരണമേഖലയെ വരുതിയിലാക്കാൻ കഴിയാത്തതിന്റെ അസഹിഷ്ണുതയാണ്‌ നരേന്ദ്രമോഡി സഹകരണമേഖലയോടു കാണിക്കുന്നതെന്നാണ്‌ ജനതാദളിലെ കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്‌. ഒരു കുടുംബത്തിലുള്ളവർ ഒന്നിലേറെ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്‌ അധികനികുതി ചുമത്തണമെന്ന്‌ കൃഷ്ണൻകുട്ടി പറഞ്ഞപ്പോൾ കോൺഗ്രസിലെ കെ സി ജോസഫ്‌ ഇടപെട്ടു. കാലം മാറിയത്‌ കൃഷ്ണൻകുട്ടി മനസിലാക്കണമെന്നും ഒരു വീട്ടിൽതന്നെ ഒന്നിലേറെ വാഹനങ്ങൾ ചിലപ്പോൾ വേണ്ടിവരുമെന്നുമാണ്‌ ജോസഫ്‌ ചൂണ്ടിക്കാട്ടിയത്‌.
തന്റെ മണ്ഡലമായ തിരുവമ്പാടിയിലെ തുഷാരഗിരിയിലുള്ള ജോണിച്ചേട്ടന്റെ ചായക്കടയിലെ പുരാണം വിവരിച്ച സിപിഎമ്മിലെ ജോർജ്ജ്‌ എം തോമസ്‌ വിദൂര ദിക്കുകളിൽ നിന്നുവരെ അവിടത്തെ രുചിതേടി ആളുകൾ വരാറുണ്ടെന്നാണ്‌ പറഞ്ഞത്‌. ടൂറിസം വികസനത്തിൽ തനത്‌, പരമ്പരാഗത രുചിക്കൂട്ടുകൾക്ക്‌ പ്രത്യേക ഇടമൊരുക്കണമെന്നാണ്‌ ജോർജ്ജ്‌ എം തോമസ്‌ അഭിപ്രായപ്പെട്ടത്‌. കെഎസ്‌ആർടിസിയെ കുറിച്ചും വകുപ്പിൽ 28 ദിവസം മുമ്പുമാത്രം ചുമതലയേറ്റ മന്ത്രിയെക്കുറിച്ചും അംഗങ്ങളെല്ലാം ശുഭപ്രതീക്ഷ പുലർത്തിയെങ്കിലും വ്യത്യസ്തനായ പി സി ജോർജ്ജ്‌ അവിടെയും ഭിന്നസ്വരക്കാരനായി മാറി. ഇപ്പോഴത്തെ രീതിയനുസരിച്ച്‌ നീങ്ങിയാൽ കെഎസ്‌ആർടിസി നന്നാവുമെന്ന്‌ തനിക്കൊട്ടും പ്രതീക്ഷയില്ലെന്നാണ്‌ ജോർജ്ജ്‌ പറയുന്നത്‌.
പണ്ട്‌ ‘കൈയും തലയും പുറത്തിടരുത്‌’ എന്ന കെപിഎസിയുടെ നാടകത്തിൽ ട്രാൻസ്പോർട്ട്‌ ജീവനക്കാരെ വിമർശിച്ചിട്ടുള്ളത്‌ കെ വി അബ്ദുൾ ഖാദർ ചൂണ്ടിക്കാട്ടി. ഇന്ന്‌ ആ സ്ഥിതിയെല്ലാം മാറിയെന്നും ജീവനക്കാർ തികഞ്ഞ ആത്മാർഥതയോടെയാണ്‌ ജോലി ചെയ്യുന്നതെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
മെഡിക്കൽ പി ജി വിദ്യാർഥികളുടെ ഫീസ്നിരക്ക്‌ കൂട്ടിയതിനെച്ചൊല്ലി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം സഭയിൽ അൽപ്പനേരം ബഹളത്തിനിടയാക്കി. ഇടയ്ക്ക്‌ പത്തുമിനിറ്റോളം സഭ നിർത്തിവയ്ക്കേണ്ടിയും വന്നു.
തുല്യജോലിക്ക്‌ തുല്യവേതനം എന്ന മുദ്രാവാക്യമുയർത്തി എഐടിയുസി നടത്തുന്ന പഞ്ചദിന സത്യഗ്രഹം ഇ എസ്‌ ബിജിമോൾ സഭയിൽ പരാമർശിച്ചു. എഐടിയുസി ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാർ സാധ്യമായ ഇടപെടൽ നടത്തുമെന്നും ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ സഭയെ അറിയിച്ചു.
തെങ്ങുകയറ്റത്തിന്‌ ആളെക്കിട്ടാത്ത സാഹചര്യം കണക്കിലെടുത്ത്‌ പൊക്കം കുറഞ്ഞ ഇനം തെങ്ങുകൾ വികസിപ്പിച്ച്‌ കർഷകർക്ക്‌ വിതരണം ചെയ്യുമെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ അറിയിച്ചു. വരൾച്ചമൂലം കൃഷിയിറക്കാനാവാതെവന്ന പാലക്കാട്ടെ കർഷകർക്ക്‌ ആശ്വാസധനം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ മുൻകൈ എടുത്ത്‌ സംസ്ഥാനത്തെ ആയിരം സ്കൂളുകളിൽ സ്മാർട്ട്‌ ക്ലാസ്‌ മുറികൾ തുറക്കുമെന്ന്‌ ചർച്ചയ്ക്ക്‌ മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതേരീതിയിൽ സ്കൂളുകളിൽ ആധുനിക പാചകപ്പുരകളും നിർമ്മിക്കും.
വിവാഹാവശ്യങ്ങൾക്ക്‌ കെഎസ്‌ആർടിസി ബസുകൾ വാടകയ്ക്ക്‌ നൽകുന്ന പദ്ധതി പ്രാബല്യത്തിൽ വന്നതായി മന്ത്രി തോമസ്‌ ചാണ്ടി അറിയിച്ചു. കെഎസ്‌ആർടിസിയുടെ എൻജിനീയറിങ്‌ വിഭാഗം ഉടച്ചുവാർക്കും. വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധനയ്ക്കിടെ സ്ത്രീകളടക്കം ഏവരോടും മാന്യമായി പെരുമാറണമെന്ന്‌ പൊലീസിന്‌ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author