ഒരു കരംകൊണ്ട്‌ താഡനവും മറുകരംകൊണ്ട്‌ തലോടലുമെന്ന കാപട്യം

March 18 05:00 2017

ആരോഗ്യ പരിപാലന പരിപാടിക്കായി ജിഡിപിയുടെ 2.5 ശതമാനം ചിലവഴിക്കും. യുപിയിലെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളും. 2022ഓടെ ‘പുതിയ ഇന്ത്യ’ സൃഷ്ടിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന്റെ മുമ്പിൽ നിരത്തുന്ന മോഹന സുന്ദര വാഗ്ദാന പരമ്പരകളിൽപ്പെട്ട ഏറ്റവും പുതിയ നമ്പറുകളിൽ ചിലതാണ്‌ ഇവ. സമാന്തരമായി പുറത്തുവരുന്ന ശ്രദ്ധേയമായ മറ്റുചില വാർത്തകളുമുണ്ട്‌. 2015-16 സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപനയിൽ നിന്നു മാത്രം ജനങ്ങളിൽ നിന്ന്‌ കൊള്ളയടിച്ചത്‌ 2.87 ലക്ഷം കോടി. തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനത്തേക്കാൾ 34 ശതമാനം അധികമാണിത്‌. ഉത്തർപ്രദേശിലെ കർഷകരുടെ ബാങ്ക്‌ വായ്പ എഴുതിത്തള്ളുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനത്തിനെതിരെ ഇന്ത്യൻ ബാങ്ക്‌ അസോസിയേഷൻ ഇതിനകം രംഗത്തുവന്നിട്ടുണ്ട്‌. 2022ഓടെ പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിനാകട്ടെ അദ്ദേഹം 2014ലെ തെരഞ്ഞെടുപ്പ്‌ കാലം മുതൽ നൽകിവരുന്ന വാഗ്ദാനങ്ങളുടെ ഗതിതന്നെ ആയിരിക്കുമെന്ന്‌ വേണം കരുതാൻ. ജനാഭിലാഷത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കാത്ത തെരഞ്ഞെടുപ്പ്‌ ഫലങ്ങളുടെ ഓളത്തിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ്‌ ‘പുതിയ ഇന്ത്യ’ എന്ന്‌ നിഷ്പക്ഷമതികളായ രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നു. ബിജെപി നാളിതുവരെ നൽകിയ വാഗ്ദാനങ്ങളുടെ ലംഘന പരമ്പരകളിൽ ഒന്നിനെപറ്റിയെങ്കിലുമോ, നോട്ട്‌ അസാധൂകരണമടക്കം ജനദ്രോഹ നടപടികളെപറ്റിയോ, ഖേദം പ്രകടിപ്പിക്കാനോ മോഡി തയാറല്ലെന്നത്‌ ഇതിനകം വ്യക്തമായിക്കഴിഞ്ഞു. മറിച്ച്‌, വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും ജനങ്ങളെ കബളിപ്പിച്ച്‌ അധികാരം നിലനിർത്താൻ ‘ഒരു കരംകൊണ്ട്‌ താഡനവും മറു കരംകൊണ്ട്‌ താലോലിക്കലു’മെന്ന കുടിലതന്ത്രമാണ്‌ ഭരണകൂടം അവലംബിക്കുന്നത്‌.
പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ രാജ്യാന്തര വിപണിയിൽ റെക്കോഡ്‌ വിലയിടിവുണ്ടായ കാലഘട്ടത്തിലാണ്‌ അതിന്റെ ആനുകൂല്യങ്ങൾ അപ്പാടെ ജനങ്ങൾക്ക്‌ നിഷേധിച്ച്‌ മോഡി ഭരണകൂടം വമ്പിച്ച പകൽക്കൊള്ള നടത്തിയത്‌. പാചകവാതക സബ്സിഡി ഉപേക്ഷിക്കാൻ സത്യസന്ധരായ കോടാനുകോടി ഉപഭോക്താക്കളെ പ്രേരിപ്പിച്ച പ്രധാനമന്ത്രി സബ്സിഡിരഹിത പാചകവാതകത്തിന്റെ വില ക്രമാതീതമായി ഉയർത്തി ഉപഭോക്താക്കളുടെ പോക്കറ്റടിക്കുകയാണ്‌ ഫലത്തിൽ ചെയ്തത്‌. ഇന്ത്യയെക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലുള്ളതിനേക്കാൾ എത്രയോ ഉയർന്നതാണ്‌ ഇവിടെ പാചകവാതകത്തിന്റേയും പെട്രോളിയം ഉൽപന്നങ്ങളുടേയും വിലയെന്നത്‌ ആ കൊള്ള തുറന്നുകാട്ടാൻ മതിയായതാണ്‌. അത്തരത്തിൽ കൊള്ള തുടരുമ്പോഴാണ്‌ ആരോഗ്യപരിപാലനത്തിന്‌ ജിഡിപിയുടെ 2.5 ശതമാനം ‘ചെലവഴിച്ചു തുടങ്ങുമെന്ന്‌’ ആരോഗ്യനയം 2017ൽ വാഗ്ദാനം ചെയ്യുന്നത്‌. യുപിയിലെ കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചരണവേളയിൽ മോഡി നൽകിയ വാഗ്ദാനം ചട്ടലംഘനമാണ്‌. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ കർഷകരോടുള്ള നഗ്നമായ വിവേചനമാണ്‌. അത്തരത്തിൽ ബിജെപി സർക്കാർ കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ്‌ പ്രവർത്തിക്കുന്നതെങ്കിൽ അത്‌ ആദ്യം ചെയ്യേണ്ടത്‌ മോഡി വിശ്വസ്തൻ ദേവേന്ദ്ര ഫട്നാവിസ്‌ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ്‌. ദിനംപ്രതി വിളക്കിൽ ഇയാംപാറ്റകളെപോലെ കർഷകർ ജീവനൊടുക്കുന്ന വിദർഭ ആ സംസ്ഥാനത്താണല്ലോ? ഏതെങ്കിലും ഒരു സംസ്ഥാനത്തെ കർഷകർക്ക്‌ മാത്രമായി വിശേഷാൽ ആനുകൂല്യങ്ങൾ നൽകാൻ ഒരുമ്പെടുന്നത്‌ രാജ്യത്തെ കാർഷിക കലാപത്തിലേയ്ക്ക്‌ തള്ളിവിടാൻ മാത്രമേ സഹായകമാവു. പുതിയ ഇന്ത്യയെക്കുറിച്ചുള്ള വാഗ്ദാനം ‘അച്ചേ ദിൻ ആയേഗ’ എന്ന പഴയ വാഗ്ദാനത്തിന്റെ കുഴിമാടത്തിൽ നിന്നാണ്‌ ഉയരുന്നതെന്ന്‌ ജനങ്ങൾ വൈകിയെങ്കിലും തിരിച്ചറിയാതിരിക്കില്ല.
നരേന്ദ്രമോഡി നിതാന്ത തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ കോർപ്പറേറ്റ്‌ ലോകത്തിന്റെ മടിശീലയായിരുന്നു മോഡിയുടെ മുതലിരുപ്പെങ്കിൽ ഇന്ന്‌ അത്‌ പൊതുഖജനാവായി മാറിയിരിക്കുന്നു. ജനകീയ പ്രശ്നങ്ങൾക്ക്‌ സ്ഥായിയായ പരിഹാരം കാണുന്നതിന്‌ പകരം പൊതുഖജനാവിൽ നിന്നും യഥേഷ്ടം പണം ചിലവഴിച്ച്‌ സ്വകാര്യ കുത്തകകൾ വഴി പൊതുജന ആരോഗ്യ പരിപാടികൾ നടപ്പാക്കുന്നതിനെപ്പറ്റിയാണ്‌ മോഡിയുടെ ആരോഗ്യനയം പറയുന്നത്‌. കർഷകന്റെ ഉത്തമതാൽപര്യങ്ങൾ സംരക്ഷിക്കാനുതകുന്നവിധം അവന്‌ വായ്പകളും ആദായകരമായ വിലയും വിളനാശത്തിനും കാലാവസ്ഥാവ്യതിയാന കെടുതികൾക്കെതിരെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിന്‌ ദേശവ്യാപക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്‌ പകരം വോട്ട്ബാങ്കുകൾ സൃഷ്ടിക്കാനുള്ള കുടിലതന്ത്രമാണ്‌ നരേന്ദ്രമോഡി പ്രയോഗിക്കുന്നത്‌. കള്ളപ്പണം വിദേശത്തുനിന്നും കൊണ്ടുവന്ന്‌ ഓരോ പൗരന്റേയും ബാങ്ക്‌ അക്കൗണ്ടിൽ അധികാരത്തിലേറി നൂറുദിനംകൊണ്ട്‌ നിക്ഷേപിക്കുമെന്നും അഛേ ദിൻ ആയേഗ എന്നും മെയ്ക്‌ ഇൻ ഇന്ത്യ എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളുടേയും വാഗ്ദാനങ്ങളുടേയും ഗതി തന്നെയായിരിക്കും പുതിയ ഇ
ന്ത്യയെന്ന വാചകക്കസർത്തിനും. ജനങ്ങൾ ഇത്തരത്തിൽ നിരന്തരം കബളിപ്പിക്കപ്പെട്ടുകൂടാ. യഥാർത്ഥ ജനാധിപ
ത്യത്തിന്റെ പുനഃസ്ഥാപനവും അതിനുവേണ്ടിയുള്ള പോരാട്ടവുമാണ്‌ നരേന്ദ്രമോഡിയുടെ രാഷ്ട്രീയ കാപട്യത്തിനും ജനവഞ്ചനയ്ക്കുമുള്ള മറുപടി.

  Categories:
view more articles

About Article Author