ഒരു കോടി വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നു: ജൂൺ അഞ്ചിന്‌ തുടക്കം

ഒരു കോടി വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നു: ജൂൺ അഞ്ചിന്‌ തുടക്കം
May 05 04:45 2017

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ പദ്ധതിക്ക്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത മാസം ഒരു കോടി വൃക്ഷത്തൈ നട്ടു പിടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ സംസ്ഥാന വ്യാപകമായി പദ്ധതിക്ക്‌ തുടക്കം കുറിക്കാനാണ്‌ തീരുമാനമായത്‌. വനം-കൃഷി വകുപ്പുകൾ സംയുക്തമായാണ്‌ വൃക്ഷത്തൈകൾ ഒരുക്കുന്നത്‌. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന്‌ വിദ്യാലയങ്ങളിലൂടെയും പഞ്ചായത്ത്‌, കുടുംബശ്രീ, സന്നദ്ധസംഘടനകൾ എന്നിവ വഴിയും വൃക്ഷത്തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തവും ഉറപ്പുവരുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തത്‌.
പദ്ധതിക്ക്‌ വേണ്ടി 72 ലക്ഷം വൃക്ഷത്തൈകൾ വനംവകുപ്പ്‌ ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. അഞ്ച്‌ ലക്ഷം തൈകൾ കൃഷി വകുപ്പും വളർത്തിയിട്ടുണ്ട്‌. ബാക്കി 23 ലക്ഷം തൈകൾ കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണത്തോടെ ഉടനെ തയ്യാറാക്കും. തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയാണ്‌ നട്ടുപിടിപ്പിക്കുന്നത്‌. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്‌, ഗ്രാൻഡിസ്‌ മുതലായ മരങ്ങൾ പാടില്ലെന്നും തീരുമാനിച്ചു. പരിസ്ഥിതിക്ക്‌ ദോഷമുണ്ടാക്കുന്ന ഇത്തരം മരങ്ങൾ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂൺ അഞ്ചിന്‌ തുടക്കം കുറിക്കും. സർക്കാർ ഭൂമിയിൽ ജലചൂഷണത്തിന്‌ ഇടയാക്കുന്ന മരങ്ങൾ വെട്ടിമാറ്റി, നല്ല മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ്‌ തീരുമാനം.
40 ലക്ഷം മരങ്ങൾ സ്കൂൾ വിദ്യാർഥികൾ വഴിയാണ്‌ വിതരണം ചെയ്യുന്നത്‌. ഓരോ വിദ്യാർഥിക്കും ഓരോ മരം. അവ കുട്ടികൾ വീട്ടുമുറ്റത്ത്‌ വളർത്തി പരിപാലിക്കണമെന്നാണ്‌ നിർദേശം. വീട്ടുമുറ്റത്ത്‌ മരം വളർത്താൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക്‌ സ്കൂൾ വളപ്പിലോ പൊതുസ്ഥലത്തോ മരം വളർത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ്‌ ചെയ്തുകൊടുക്കും. കുട്ടികൾ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവർക്ക്‌ പ്രോത്സാഹന സമ്മാനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്‌. സ്കൂൾ വിദ്യാർഥികൾക്ക്‌ വൃക്ഷത്തൈ നൽകുന്ന പരിപാടി ‘മരക്കൊയ്ത്ത്‌’ എന്ന പേരിലാണ്‌ നടപ്പാക്കുകയെന്ന്‌ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വൃക്ഷത്തൈകൾ സൗജന്യമായാണ്‌ വിതരണം ചെയ്യുന്നത്‌.
പഞ്ചായത്തുകൾ വഴി 25 ലക്ഷം തൈകളാണ്‌ വിതരണം ചെയ്യുന്നത്‌. എല്ലാ ജില്ലകളിലും വനം വകുപ്പിന്‌ നഴ്സറികളുണ്ട്‌. അവിടെ നിന്ന്‌ തൈകൾ ജൂൺ അഞ്ചിന്‌ മുമ്പ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേർന്ന്‌ വിദ്യാലയങ്ങളിലും മറ്റു വിതരണ കേന്ദ്രങ്ങളിലും എത്തിക്കണം. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ കലാ-കായിക സംഘടനകളെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കും. ജൂൺ മാസം കേരളത്തിൽ വൃക്ഷത്തൈ നടൽ മാസമായി മാറ്റാനാണ്‌ പരിപാടി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത്‌ അതത്‌ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ വനം മന്ത്രി കെ രാജു, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌, ഹരിതകേരളം വൈസ്‌ ചെയർപെഴ്സൺ ഡോ. ടി എൻ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്‌, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എം ശിവശങ്കരൻ, കൃഷി വകുപ്പ്‌ ഡയറക്ടർ ബിജു പ്രഭാകർ, പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ പി കെ പഥക്‌ എന്നിവർ പങ്കെടുത്തു.
ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ മരങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക എന്നത്‌ ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്‌. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളർത്തണമെന്ന്‌ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author