ഒരു നല്ല നടന്റെ നിലയ്ക്കാത്ത യാത്രകൾ: നാടകം ചലച്ചിത്രം നാടകം

ഒരു നല്ല നടന്റെ നിലയ്ക്കാത്ത യാത്രകൾ: നാടകം ചലച്ചിത്രം നാടകം
March 19 04:45 2017

ബിജു പുത്തൂര്‌
നാടകനടൻ, സംവിധായകൻ, ചിത്രകാരൻ, സർവോപരി സിനിമാനടൻ ഇങ്ങനെ വേഷങ്ങളാടുമ്പോഴും ജനങ്ങളുടെ ഇടയിലൂടെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന ബാബു അന്നൂര്‌ എന്ന കലാകാരന്‌, ബാബുവേട്ടൻ എന്ന സുഹൃത്തിന്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ പറയാൻ പലതുമുണ്ട്‌. നമുക്ക്‌ ചോദിക്കാനും.
അന്നൂർ യുപി സ്കൂളിലെ ആറാം ക്ലാസുകാരൻ പയ്യന്‌ അന്ന്‌ പന്ത്രണ്ട്‌ വയസായിരുന്നു. തന്റെ ഏട്ടന്മാരായ രാമകൃഷ്ണനേയും തമ്പാനേയും സ്വാധീനിച്ചു നാടകത്തിലെത്തുമ്പോഴും മനസിൽ സിനിമയെന്ന മരീചികയായിരുന്നു. മേക്കപ്പും രംഗപടവും തൊഴിലായി മാറി. പ്രാദേശികസമിതികളുടെ കൊമേഴ്സ്യൽ നാടകങ്ങളിൽ നടന്മാരുടെ അഭാവത്തിൽ ബാബു അങ്ങനെ നടനായി. ആ നടൻ ഇന്ന്‌ കലാജീവിതത്തിന്റെ നാൽപത്തിരണ്ട്‌ വർഷം തികച്ചുകഴിഞ്ഞു. (1974-2016)
രവിവർമ്മ കലാനിലയത്തിന്റെ വാർഷികത്തിനുള്ള ‘കറുത്തനക്ഷത്ര’മായിരുന്നു ആദ്യ നാടകം. പിന്നെ നൂറിലധികം നാടകങ്ങൾ. 1998-ൽ എൻ ശശിധരനും ഇ പി രാജഗോപാലനും ചേർന്നെഴുതി മഞ്ചുളൻ സംവിധാനം ചെയ്ത ‘കേളു’ ബാബു അന്നൂരിനെ ശ്രദ്ധേയനാക്കി. ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ്‌, ഏറ്റവും നല്ല രചന, നല്ല അവതരണം, സംവിധാനം കൂടാതെ ഏറ്റവും നല്ല രണ്ടാമത്തെ നടനും ഈ നാടകത്തിലൂടെ തെരഞ്ഞെടുത്തു. ‘അഗ്നിയും വർഷവും’, ‘ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’, ‘ഉടമ്പടിക്കോലം’, ‘പ്രേമലേഖനം’, ‘അടുക്കള’, ടൈറ്റിൽ റോളുകളടക്കമുള്ള ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളുടെ നിര അങ്ങനെ പോകുന്നു. 2002ൽ ‘അഗ്നിയും വർഷവും’ എന്ന നാടകത്തിന്‌ സെക്കന്റ്‌ ബെസ്റ്റ്‌ ആക്ടർ പുരസ്കാരം ലഭിച്ചു.
സതീഷ്‌ പൊതുവാൾ രചിച്ച്‌ കെ പി ശശി സംവിധാനം ചെയ്ത ‘ഇലയും മുള്ളും’ എന്ന സിനിമയിലൂടെയാണ്‌ ബാബു അന്നൂര്‌ ആദ്യം സിനിമയിലെത്തുന്നത്‌. ടി വി ചന്ദ്രന്റെ ‘പാടം ഒന്ന്‌ ഒരു വിലാപ’ത്തിലെ കാസിം മാഷ്‌, ജയരാജിന്റെ ചിത്രങ്ങളായ ‘ഫോർ ദി പീപ്പിളി’ലെ വില്ലനായ കേന്ദ്രമന്ത്രി, ‘അശ്വാരൂഡനി’ലെ കൃഷ്ണൻമാസ്റ്റർ, ‘നായിക’യിലെ മേക്കപ്പ്മാൻ അങ്ങനെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുമ്പോഴും നാടകത്തിനും ചിത്രരചനയ്ക്കുമായി പ്രത്യേകം സമയം കണ്ടെത്തി.
ബഷീറിന്റെ കഥയെ ആസ്പദമാക്കി ടി വി ചന്ദ്രൻ ദൂരദർശനുവേണ്ടി 23 മിനിറ്റിൽ ‘ഒരു മനുഷ്യൻ’- ബഷീറായി മിനിസ്ക്രീനിലെത്തി. ദൂരദർശനിൽ തന്നെ പാറപ്പുറത്തിന്റെ പട്ടാളക്കാരൻ കഥയെ ആസ്പദമാക്കി കെ ആർ മോഹനൻ സംവിധാനം ചെയ്ത ‘ത്യാഗം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. മധുപാൽ സംവിധാനം ചെയ്ത ടെലിഫിലിം ‘ദൈവത്തിന്റെ സ്വന്തം ദേവൂട്ടി’ 2011ലെ സ്റ്റേറ്റ്‌ അവാർഡ്‌ നേടി. ടി വി ചന്ദ്രന്റെ ‘മങ്കമ്മയും’ ‘ഭൂമിയുടെ അവകാശികൾ’ എല്ലാം കുടുംബസദസുകൾ ഏറ്റെടുത്ത കഥകളായിരുന്നു.
2002ൽ കെ പി ശശി സംവിധാനം ചെയ്ത ഭാഷയില്ലാത്ത കാർട്ടൂൺ ചിത്രമായിരുന്നു ‘സെയിലൻസ്‌ സ്പേസ്‌’. അതിലെ നായകനായ പത്രപ്രവർത്തകനായി. പ്രദീപ്‌ നായരുടെ ‘ഒരിടം’, ഇന്ത്യൻ പ്രണയകഥയിലെ ഫഹദ്‌ ഫാസിലിന്റെ അച്ഛൻ, റോഷൻ ആൻഡ്രൂസിന്റെ ‘ഇവിടം സ്വർഗമാണ്‌’ എന്ന ചിത്രത്തിലെ രജിസ്ട്രാർ, മനോജ്‌ കാനയുടെ ‘അമീബ’, അവരാറെ ബേക്കയുടെ ‘നെഗലുകൾ’ എന്ന ചിത്രത്തിൽ മനോജ്‌ കെ ജയനോടൊപ്പം, പറുദീസയിലെ പൊൻകുന്നത്തുകാരൻ ഓട്ടോഡ്രൈവർ സഖാവ്‌ ഡേവിഡ്‌, സത്യൻ അന്തിക്കാടിന്റെ ‘എന്നും എപ്പോഴും’ മോഹൻലാൽ-മഞ്ജുവാര്യർ ചിത്രത്തിലെ അറ്റന്റർ, ഫഹദ്‌ ഫാസിലിനെ നായകനാക്കി വിനീത്‌ കുമാർ സംവിധാനം ചെയ്ത ‘അയാൾ ഞാനല്ല’ അരവിന്ദേട്ടൻ എന്ന ക്യാരക്ടർ ഗുജറാത്തിൽ അവിടെ കല്യാണം കഴിച്ച്‌ നായകനെ സഹായിച്ചുകൊണ്ടിരിക്കുന്നയാളാണ്‌.
ഇറങ്ങാനുള്ള അംബുജാക്ഷന്റെ ‘മുട്ടായിക്കള്ളനും മമ്മാലിയും’, സജീവൻ കടന്നപ്പള്ളിയുടെ ‘അതിജീവനം’ എന്നീ ചിത്രങ്ങളിലെ എളാപ്പനും, വട്ടൻ പ്രൊഫസറും ശ്രദ്ധേയമായ വേഷങ്ങളാണ്‌. സലീംകുമാറിന്റെ ‘കറുത്തജൂതൻ’ എന്ന ചിത്രത്തിലെ ബീരാൻകുട്ടി, അശോക്‌ ആർ നാഥിന്റെ ‘ബദർ’ എന്ന ചിത്രത്തിലെ മാധവൻ നായർ, അഭിലാഷ്‌ പിള്ളയുടെ ഡിസംബറിൽ ഗോവയിൽ അരങ്ങേറുന്ന ബിഗ്‌ ബജറ്റ്‌ നാടകം ‘ടെമ്പസ്റ്റ്‌’ എന്ന നാടകത്തിന്റെ തിരക്കിലാണദ്ദേഹം.
കലാരംഗത്ത്‌ 35 വർഷം പൂർത്തിയാക്കുന്ന ബാബു അന്നൂര്‌ നാടകസംവിധാനം, അഭിനയം, ഒപ്പം സിനിമയും ഒരുപോലെ കൊണ്ടുനടക്കുന്നയാളാണ്‌. കലാരംഗത്ത്‌ എത്ര ത്യാഗമനുഭവിച്ചാലും പരിഭവമില്ലാതെ ഇനി ചെയ്യാൻ മനസിലവശേഷിച്ച കഥാപാത്രം ഏതാണെന്ന്‌ ചോദിച്ചാൽ ‘കർണ’നാണ്‌ എന്നദ്ദേഹം പറയും.
ലഭിച്ച ഏത്‌ വേഷവും തന്മയത്വത്തോടെ ചെയ്യുന്ന, ചെയ്യാൻ കഴിയും എന്ന വിശ്വാസമുള്ള ഒരു ചിത്രകാരൻ കൂടിയായ ഈ കലാകാരൻ തന്റെ ആത്മാർഥതയുടെ സമർപ്പണത്തിന്റെ സമ്മാനമാണ്‌ തനിക്ക്‌ ലഭിച്ച സിനിമാവേഷങ്ങൾ എന്ന്‌ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ രവിവർമ ചിത്രങ്ങൾ നന്നായി വിറ്റുപോകുന്ന ചിത്രങ്ങളിലൊന്നാണ്‌.
ഭാര്യ പരിയാരം മെഡിക്കൽകോളജ്‌ പബ്ലിക്‌ സ്കൂൾ ടീച്ചറാണ്‌. മക്കൾ: സിദ്ധാർത്ഥ്‌ ബാബു, ഗൗതം ബാബു ഡിഗ്രി വിദ്യാർഥികളാണ്‌.

  Categories:
view more articles

About Article Author