ഒരു മൂക്കുത്തി കഥ

ഒരു മൂക്കുത്തി കഥ
March 17 04:46 2017

മൂക്കുത്തിയോടുള്ള എന്റെ പ്രണയം എന്നെ പരിചയം ഉള്ളവരിൽ ഒരു തമാശയാണ്‌. പലരും ചിരിച്ചും പരിഹസിച്ചും പറയുന്ന ഈ പ്രണയം ആരംഭിച്ചത്‌ അതിനോടുള്ള കൗതുകവുമായി ബന്ധപ്പട്ടു അന്വേഷിച്ച പല പല കഥകളിൽ നിന്നുമാണ്‌. അതിനേക്കാളുപരി ഒരു അനുഭവത്തിൽ നിന്നും. ഇവിടെ ഇതിന്റെ ചരിത്രം പറയാം.
സ്ത്രീകൾ മൂക്കിൽ അണിയുന്ന ഒരു ആഭരണമാണ്‌ മൂക്കുത്തി. സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ സ്ത്രീകളുടെ ഒരു പ്രധാന ആഭരണമാണ്‌ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകൾ പരമ്പരാഗതമായ രീതിയിൽ മൂക്ക്‌ കുത്തി വിവിധ തരം ആഭരണങ്ങൾ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികൾ ഉപയോഗിക്കുന്നുണ്ട്‌. ചെറിയ ശതമാനം പുരുഷന്മാരും മൂക്കൂത്തി അണിയുന്നതായി കാണുന്നു. മൂക്കിന്റെ പാലത്തിനു ചുവടെ രണ്ടു നാസാദ്വാരങ്ങളിലും തൂങ്ങി നിൽകുന്ന രീതിയിലും മൂക്കുത്തിയുണ്ട്‌. ഭാരതത്തിലെ ചില നൃത്തരൂപങ്ങളിലും ചില പ്രാക്തന സംസ്കാരങ്ങളിലും ഇത്തരം മൂക്കുത്തി ഉപയോഗിച്ചിരുന്നു. ഫുലാനി വംശജരാണ്‌ ഇത്‌ കൂടുതലും ഉപയോഗിക്കുന്നത്‌.
4000 വർഷങ്ങൾക്ക്‌ മുൻപുള്ള രേഖകളിൽ മധ്യേഷ്യയിലാണ്‌ ഈ സമ്പ്രദായം തുടങ്ങിയതെന്നും പിന്നീട്‌ 1500 വർഷങ്ങളോടെ ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശത്തേക്ക്‌ ജനങ്ങൾ കുടിയേറിയതോടെ മൂക്കുത്തി ഇന്ത്യയിലും പൂർവേഷ്യയിലും വ്യാപിച്ചു എന്നും കാണുന്നു. മൂക്കുത്തിയെക്കുറിച്ച്‌ ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്‌. ഉൽപത്തി പുസ്തകത്തിൽ അബ്രാഹിന്റെ പുത്രനായ ഇസഹാക്കിന്റെ ഭാവിവധുവിനു ഷാങ്ങ്‌ എന്ന കമ്മൽ നൽകിയതായി പറയുന്നു (ഹീബ്രുവിൽ മൂക്കുത്തിയെന്നു വിവർത്തനം).
പാരമ്പര്യമായി പ്രസവം എളുപ്പമാക്കാനായി മൂക്കിന്റെ ഇടത്തുവശത്തായിട്ടാണ്‌ മൂക്കുത്തി അണിയുന്നത്‌ എന്ന്‌ പറയപ്പെടുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ്‌ മൂക്കിന്റെ ഇടതുവശത്തെ ആയുർവേദഗ്രന്ഥങ്ങളിലും പരാമർശിച്ചുകാണുന്നത്‌. ശുശ്രുതൻ രചിച്ച ആയുർവേദ ഗ്രന്ഥമായ ശുശ്രുത സംഹിതയിൽ മൂക്കുത്തിയെകുറിച്ച്‌ പരാമർശമുണ്ട്‌. ദ്രാവിഡ സംസ്കാരത്തിൽ ഭൂമിദേവിയുടെ പ്രതീകമായ പാർവതിയോടുള്ള ആദരവായും മൂക്കുത്തിയെ കണക്കാക്കുന്നു. ദക്ഷിണേഷ്യൻ വിവാഹവേളകളിൽ നവവധു ‘ഗീസമ’ എന്നു പേരുള്ള ആഭരണം ധരിക്കാറുണ്ട്‌. മൂക്കുത്തിയും അതിൽ നിന്നു തുടങ്ങി തലയുടെ ഒരു വശത്തേയ്ക്ക്‌ (ചെവിയുടെ പിറകിലേക്ക്‌) നീളുന്ന ഒരു ചെയിനും ഉൾപ്പെടുന്നതാണിത്‌. മരണാനന്തരക്രിയക്കുള്ള ചിലവിനായി മൂക്കുത്തി ധരിക്കുന്നു എന്ന പാരമ്പര്യവും ദക്ഷിണേന്ത്യയിൽ നില നിൽക്കുന്നുണ്ട്‌.
9, 10 നൂറ്റാണ്ടുകളിൽ സ്ത്രീകളുടെ വൈവാഹിക ചിഹ്നമായിരുന്നു മൂക്കുത്തി. ഇത്‌ പല ഇന്ത്യൻ ഭാഷകളിലും ‘നഥ്‌’ എന്നറിയപ്പെടുന്നു. സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നതിനും ഈ മൂക്കുത്തികൾ ധരിച്ചിരുന്നു. രാജ്ഞികൾ, മന്ത്രി പത്നിമാർ, ധനികരായ സ്ത്രീകൾ, ഇവർ മുത്തുകൾ, പവിഴങ്ങൾ, രത്നകല്ലുകൾ എന്നിവ പതിച്ച മൂക്കുത്തികളുപയോഗിച്ചു. എന്നാൽ മറ്റുള്ളവർ വെള്ളികൊണ്ടുണ്ടാക്കിയ മൂക്കുത്തിയായിരുന്നു ഉപയോഗിച്ചിരുന്നത്‌. 15-ാ‍ം നൂറ്റാണ്ടോടു കൂടി ജനപ്രിയമായ ഈ ആഭരണം 1718 നൂറ്റാണ്ടോടുകൂടി കരയാമ്പൂ, ആണി, മുള്ള്‌ എന്നിവ ഉപയോഗിച്ച്‌ പല വൈവിധ്യമാർന്ന തരത്തിൽ ഉപയോഗിച്ചു തുടങ്ങി. ഇന്നത്തെ രീതിയിലുള്ള മൂക്കുത്തികൾ 20 ാ‍ം നൂറ്റാണ്ടോടു കൂടിയാണ്‌ രൂപപ്പെട്ടത്‌.
പഹാരികളും പഷ്ഠൂൺ വംശജരും മൂക്കിനിരുവശത്തും മൂക്കുത്തി ധരിക്കുന്നു. ദക്ഷിണേന്ത്യയിലെ തമിഴ്‌ വംശജരും ഇത്തരത്തിൽ ഇരു വശത്തും മൂക്കുത്തി ധരിക്കുന്ന ശീലക്കാരാണ്‌. മരണശേഷം ഉദകക്രിയകൾക്ക്‌ വേണ്ടി വരുന്ന ചെലവ്‌ മൂക്കുത്തിയിൽ നിന്ന്‌ ഇടാക്കാം എന്ന സാമ്പത്തികവശവും മൂക്കുത്തി ധരിക്കുന്നതിനു പിറകിൽ ഉണ്ടെന്ന്‌ കരുതുന്നു. മറ്റ്‌ ഏത്‌ ആഭരണങ്ങളെയും പോലെ മൂക്കുത്തി എളുപ്പം ഊരി മാറ്റാനാവില്ല എന്നതാണിതിനു പിന്നിലെ ആശയം. ദക്ഷിണേന്ത്യ, രാജസ്ഥാൻ, പഞ്ചാബ്‌ എന്നിവിടങ്ങളിൽ മൂക്കിന്റെ ഇരുവശങ്ങളിലും മൂക്കുത്തി ധരിക്കുന്ന ‘നത്തോരി’ എന്ന രീതി കണ്ടുവരുന്നു. മഹാരാഷ്ട്രയിലെ സ്ത്രീകൾ മുഖത്തിന്റെ ഒരു വശം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള വലിയ നത്തോരികൾ ഉപയോഗിച്ചു വരുന്നു. ബംഗാളിസ്ത്രീകൾ വിവാഹിതരാണെന്ന്‌ അറിയിക്കാനുള്ള അടയാളമായി മുക്കുത്തി ധരിക്കുന്നു. ഇന്ത്യയിലെ ചില ആദിവാസി ഗോത്രവർഗ്ഗക്കാരിലെ സ്ത്രീകൾ ചെവിയിലും മൂക്കിലുമായി നിരവധി ആഭരണങ്ങൾ അണിയുന്നവരാണ്‌. തമിഴ്‌നാട്ടിൽ വളരെ പ്രശസ്തമായ, എട്ടു കല്ലുള്ള ത്രികോണാകൃതിയുള്ള മൂക്കുത്തിയാണ്‌ ‘ബേസരി’. രാജസ്ഥാനി സ്ത്രീകൾ ‘മാധുരി’, ‘ലാത്കൻ’, ‘ലാവൂങ്ങ്‌’ തുടങ്ങിയ പേരുകളിലുള്ള മൂക്കുത്തികൾ ധരിക്കുന്നു.പഞ്ചാബികൾ ധരിക്കുന്ന മൂക്കുത്തി ‘ശികാർ പുരിനാദ്‌’ എന്നറിയപ്പെടുന്നു. ബീഹാറിൽ ‘ചുച്ചീ’ എന്നറിയുന്ന മൂക്കുത്തികളാണ്‌ ധരിക്കുന്നത്‌. മഹാരാഷ്ട്രയിലെ മൂക്കുത്തിക്ക്‌ ‘ഗുച്ചേദാർ നാദ്‌ ‘ എന്നാണ്‌ പറയുക.
കേരളത്തിൽ ഒരു കാലഘട്ടത്തിൽ താഴ്‌ന്ന ജാതിയിൽ പെട്ട സ്ത്രീകൾക്ക്‌ മൂക്കു കുത്തുവാൻ അവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരെ നടന്ന സമരമാണ്‌ മൂക്കുത്തി ലഹള എന്നും മൂക്കുത്തി സമരം എന്നും മൂക്കുത്തിവഴക്ക്‌ എന്നുമെല്ലാം അറിയപ്പെടുന്നത്‌ . വർഷങ്ങൾക്കു മുൻപ്‌ പന്തളത്താണു സംഭവം.വിലക്ക്‌ വകവയ്ക്കാതെ ഒരു യുവതി പന്തളം ചന്തയിൽ മൂക്കുത്തിയിട്ടു നടന്നു. ഇത്‌ കണ്ട്‌ ഇരിക്കപ്പൊറുതി കെട്ട ഉയർന്ന സമുദായക്കാരായ ചിലർ അവരുടെ മൂക്കുത്തി വലിച്ചു പറിച്ച്‌ ദൂരെയെറിഞ്ഞു. അവരെ ഉപദ്രവിക്കുകയും ചെയ്തു. ഇതു കേട്ടറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരൻ പന്തളം ചന്തയിലെ സകല സ്ത്രീകൾക്കും സ്വർണമൂക്കുത്തിയുണ്ടാക്കി കൊടുത്തു. അതിട്ടു നടക്കാനും പറഞ്ഞു. ഇവരെ ആരും അപമാനിക്കാതിരിക്കാൻ ദിവസങ്ങളോളം പണിക്കർ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ അധകൃതരായ പെണ്ണുങ്ങളെല്ലാം സ്വർണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല. ഒരു ലഹള തന്നെ ഉണ്ടാക്കി അവകാശം നേടിയെടുത്തതാണ്‌ ഇന്ന്‌ കേരളത്തിലെ മൂക്കുത്തി.
പരശുരാമൻ പ്രതിഷ്ഠിച്ചെന്നു പറയപ്പെടുന്ന കന്യാകുമാരി ദേവീ വിഗ്രഹത്തിൽ മാണിക്യത്തിൽ തീർത്തൊരു മൂക്കുത്തിയുണ്ട്‌. മൂക്കുത്തിയുടെ തിളക്കം ദൂരെ നിന്നുവരെ കാണാം. മൂക്കുത്തിയുടെ തിളക്കം കണ്ട്‌ ദീപസ്തംഭത്തിൽ നിന്നുള്ള പ്രകാശമാണെന്നു തെറ്റിദ്ധരിച്ച്‌ പണ്ട്‌ കപ്പലുകൾ അടുപ്പിക്കാൻ ശ്രമിക്കുമായിരുന്നത്രെ. പക്ഷേ, അവയിൽ പലതും കരയോടു ചേർന്നുള്ള പാറകളിലിടിച്ചു തകർന്നു. അങ്ങനെയാണ്‌ കോവിലിന്റെ കിഴക്കേ കവാടം അടച്ചിടാൻ തീരുമാനിച്ചത്‌. ഇപ്പോൾ വിശേഷദിവസങ്ങളിൽ പ്രത്യേക സ്നാനത്തിനു വേണ്ടി മാത്രമാണ്‌ കിഴക്കേ കവാടം തുറക്കുക.
ചിലർ മൂക്കുത്തിയെ ഭംഗിയായി കാണുമ്പോൾ ഒരു വിഭാഗം ആളുകൾ ഇതിനെ താഴ്‌ന്ന നിലയിൽ കാണുന്നവരും ഉണ്ട്‌. ഓരോ വിഭാഗങ്ങളിലും ഓരോ അർഥങ്ങളാണ്‌ മൂക്കുത്തിക്കുള്ളത്‌. ഉത്തര ഇന്ത്യയിലെ ചില വിഭാഗങ്ങളിൽ കല്യാണ ശേഷം അണിയുന്ന സിന്ദൂരം പോലെയാണ്‌ മൂക്കുത്തിയും. മൂക്കുത്തിയുമായി ബന്ധപ്പെട്ടു രസകരമായ അനേകം കഥകളുണ്ട്‌.
എങ്ങാനും കല്യാണം കഴിക്കുകയാണെങ്കിൽ ഓൾക്ക്‌ മൂക്കുത്തി ഉണ്ടാവും എന്ന്‌ പ്രതിജ്ഞയെടുത്ത ഒരു സുഹൃത്താണ്‌ ഈ രചനയുടെ അണിയറയിൽ.

view more articles

About Article Author