Saturday
26 May 2018

ഒറ്റമൂലി സൈക്കിൾ

By: Web Desk | Sunday 18 June 2017 4:45 AM IST

2017 സൈക്കിൾ കണ്ടുപിടിച്ചതിന്റെ 200-ാ‍ം വർഷം. ആഗോളതാപനം ചെറുക്കാൻ മാത്രമല്ല ആരോഗ്യമുള്ള തലമുറയ്ക്കും ഒറ്റമൂലിയാണ്‌ സൈക്കിൾ.

വലിയശാല രാജു

കേരളം രൂപീകൃതമാകുമ്പോൾ ഒരു ലക്ഷംപേർക്ക്‌ 150 മോട്ടോർവാഹനം എന്നായിരുന്നു കണക്ക്‌. എന്നാൽ 60-ാ‍ം വർഷത്തിലേക്ക്‌ എത്തുമ്പോൾ ആറുപേർക്ക്‌ ഒരു മോട്ടോർ വാഹനം എന്നായി. 65 ലക്ഷം കുടുംബങ്ങളുള്ള കേരളത്തിൽ ഒരു കോടി വാഹനങ്ങളായി. ഒരു കുടുംബത്തിന്‌ ഒരു വാഹനത്തിൽ കൂടുതൽ. ഒരു ദിവസം ഏകദേശം 3171 വാഹനങ്ങളാണ്‌ പുതിയതായി കേരളത്തിലെ നിരത്തിലിറങ്ങുന്നത്‌. 1000 ചതുരശ്രകിലോമീറ്ററിൽ 6,567 മോട്ടോർ വാഹനങ്ങളാണ്‌ ഇവിടെ ഓടുന്നത്‌. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇത്‌ വെറും 1,671 വാഹനങ്ങൾ മാത്രം. നാലിരട്ടി കൂടുതലാണ്‌ തമിഴ്‌നാടിന്റെ പകുതിപോലുമില്ലാത്ത ഈ കൊച്ചു കേരളത്തിൽ.
നിലവിൽ അപകടമില്ലാത്ത ഒരു ദിവസം പോലും കേരളത്തിൽ കടന്നുപോയിട്ടില്ല. പ്രതിദിനം 14 പേർ വിവിധ അപകടങ്ങളിൽ മരിക്കുന്നു. അതിലും കൂടുതൽ പേർക്ക്‌ അംഗഭംഗമുണ്ടാകുന്നു. 2016 മെയിൽ കേരളത്തിലെ അംഗപരിമിതരുടെ കൃത്യമായ സെൻസസ്‌ ആദ്യമായി എടുക്കുകയുണ്ടായി. കേരളത്തിലാകെ 7.76 ലക്ഷം പേർക്കാണ്‌ അംഗവൈകല്യമുള്ളത്‌. എന്നൽ അൽഭുതപ്പെടുത്തിയത്‌ അംഗപരിമിതരായവരിൽ 4.54 ലക്ഷം പേർ അപകടംമൂലം സംഭവിച്ചവരാണ്‌. ജന്മനാലോ, പോളിയോ മൂലമോ ഒക്കെ വൈകല്യം സംഭവിച്ചവർ 3.22 ലക്ഷമാണ്‌. അതായത്‌ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും അങ്ങനെയായതിൽ പ്രധാന കാരണം വാഹനാപകടങ്ങളാണ്‌. മരിക്കുന്നവരും അംഗവൈകല്യം ബാധിക്കുന്നവരിൽ ഭൂരിപക്ഷവും ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ്‌. ഈ രീതി മാറ്റമില്ലാതെ തുടരുകയാണെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ വാഹനാപകടംമൂലം മരണം സംഭവിക്കാത്ത ഒരു കുടുംബവും കേരളത്തിൽ അവശേഷിക്കില്ല. മറ്റൊരു സാമൂഹ്യസംഘടനയുടെ സർവേ റിപ്പോർട്ട്‌ പറയുന്നത്‌ രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചവരെക്കാൾ കൂടുതൽ പേർ വാഹനാപകടം മൂലം ഇതുവരെ കേരളത്തിൽ മരിച്ചിട്ടുണ്ടെന്നാണ്‌.
നമ്മുടെ വാഹനസംസ്കാരമാണ്‌ ഇവിടെ വില്ലൻ. നാം ആവശ്യത്തിനല്ല വാഹനം ഉപയോഗിക്കുന്നത്‌. പൊങ്ങച്ചം കാണിക്കാനാൺ്‌. വാഹനങ്ങളുടെ ആധിക്യം അപകടങ്ങൾ മാത്രമല്ല അത്‌ പുറന്തള്ളുന്ന കാർബൺഡയോക്സൈഡ്‌ ഭൂമിയെ അപകടകരമാംവിധം ചൂട്‌ പിടിപ്പിക്കുകയും ചെയ്യുന്നു.

ലോകത്ത്‌ വൻകിട സമ്പന്ന രാജ്യങ്ങൾ പലതും ഇപ്പോൾ മാറിച്ചിന്തിച്ച്‌ തുടങ്ങിയിരിക്കുന്നു. “ബൈസൈക്കിൾ” സംസ്കാരം എന്ന പേരിൽ ഒരു പ്രസ്ഥാനം തന്നെ അവിടങ്ങളിൽ ആരംഭിച്ചിരിക്കുന്നു. ഡെൻമാർക്ക്‌ ഇതിന്‌ നല്ല ഉദാഹരണമണ്‌. സമ്പന്നരാജ്യമാണ്‌. പ്രതിശീർഷ വരുമാനം 25,600 ഡോളർ. ആളോഹരി അഞ്ചോ ആറോ വാഹനങ്ങൾ വാങ്ങാൻ കെൽപുള്ളവരാണ്‌ ഡെൻമാർക്കുകാർ. പക്ഷേ അവരുടെ ഇഷ്ടവാഹനം സൈക്കിളാണ്‌. പ്രതിദിനം വിദ്യാർഥികളും പൊതുജനങ്ങളും വീട്ടമ്മമാരും ഉൾപ്പെടെ രാജ്യത്ത്‌ ആകെ അവർ സൈക്കിളിൽ യാത്ര ചെയ്യുന്നത്‌ 12 ലക്ഷം കിലോമീറ്ററാണ്‌.
നെതർലാൻഡ്‌ ആണ്‌ മറ്റൊരു സൈക്കിൾ രാജ്യം. ഇവിടെ സൈക്കിൾ പരീക്ഷയുണ്ട്‌. പ്രതിവർഷം ഒരു കോടി പേർ ഈ പരീക്ഷ എഴുതുന്നു. നമ്മുടെ നാട്ടിലെ ഡ്രൈവിങ്ങ്സ്കൂൾ പോലെ നെതർലൻഡിൽ സൈക്കിൾ സ്കൂളുകളുണ്ട്‌. ഇവിടെ സൈക്കിളിൽ യാത്ര ചെയ്യാൻ പഠിപ്പിക്കുന്നു. തലസ്ഥാനമായ ആംസ്റ്റർ ഡാമിൽ ജനസംഖ്യയെക്കാൾ സൈക്കിളുണ്ട്‌. ഏകദേശം ഒന്നര കോടി എണ്ണം. നെതർലാൻഡിലെ ഏതൊരു വൻ നഗരത്തിലൂടെയും യാതൊരു ട്രാഫിക്‌ തടസമില്ലാതെ നമുക്ക്‌ നടന്ന്‌ പോകാം. സൈക്കിൾ യാത്രക്കാർക്ക്‌ യാത്ര ചെയ്യാൻ പ്രത്യേക സൈക്കിൾ പാത തന്നെയുണ്ട്‌.
മഹാനഗരമായ ന്യൂയോർക്കും ഈ രാജ്യങ്ങളെ ചുവടുപിടിച്ച്‌ സൈക്കിൾ സൗഹൃദനഗരമായി മാറുകയാണ്‌. ഫലമോ തിരക്ക്‌ പിടിച്ച നഗരങ്ങളായിട്ടും യാതൊരു ട്രാഫിക്‌ തടസങ്ങളും അനുഭവപ്പെടുന്നില്ല. ചൈനയും, ജപ്പാനും സൈക്കിൾ മാന്യതയുടെ പ്രതീകമായി കാണുന്ന രാജ്യങ്ങളാണ്‌. ചൈനയിൽ അയ്യായിരം കിലോമീറ്റർ നീളം വരുന്ന ഒരു സൈക്കിൾ പാത അടുത്തിടെ ഉൽഘാടനം ചെയ്യപ്പെടുകയുണ്ടായി. സൈക്കിളിന്‌ പ്രാമുഖ്യം നൽകിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ മോട്ടോർ വാഹനാപകടം സംഭവിച്ചിരുന്ന ചൈനയിൽ ഇപ്പോൾ വളരെയധികം കുറഞ്ഞുതുടങ്ങി. എന്നുമാത്രമല്ല വൻ സാമ്പത്തിക നേട്ടവുമുണ്ടാകുന്നു.

പഠനങ്ങൾ പറയുന്നത്‌ സൈക്കിൾ ജനങ്ങളുടെ വാഹനമായി മാറ്റിയിട്ടുള്ള മിക്ക രാജ്യങ്ങളുടെയും വിദേശ കടഭാരം കുറയുന്നുവെന്നാണ്‌. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതിയാണ്‌ രാജ്യങ്ങളെ കടക്കെണിയിൽ പെടുത്തുന്നത്‌. ഇത്‌ രാജ്യത്തെ സാമൂഹ്യവികസനത്തെ പ്രതികൂലമായി ബാധിക്കും.
സൈക്കിൾ ദീർഘകാല ഗുണം രാജ്യത്തിന്‌ സമ്മാനിക്കും. അപകടം വളരെയധികം കുറയുന്നതുമൂലം ആഭ്യന്തരമായി പൗരന്മാരുടെ ചികിൽസാ ചെലവും മറ്റ്‌ ക്ഷേമസുരക്ഷാ പദ്ധതികളുടെ ചെലവും ഗണ്യമായി കുറയും. ചുരുക്കത്തിൽ രാജ്യങ്ങളുടെ സമ്പത്ഘടന മെച്ചപ്പെടുത്താൻ സൈക്കിൾ ഒരു മികച്ച ഘടകമണ്‌.
സൈക്കിൾ സംസ്കാരം ആശുപത്രികളുടെ എണ്ണം കുറയ്ക്കും
മോട്ടോർ വാഹനങ്ങളിൽ നിന്നും അന്തരീക്ഷത്തിലേക്ക്‌ പ്രവഹിക്കുന്ന പുകയിൽ കാർബൺ മോണോക്സൈഡ്‌, ഹൈഡ്രോ കാർബൺ, നൈട്രജൻ ഓക്സൈഡ്‌, ബെൻസീൻ മുതലായ വിഷവാതകങ്ങളാണ്‌ പ്രധാനമായും അടങ്ങിയിരിക്കുന്നത്‌. ഇവ നമ്മുടെ മൂക്കിലൂടെ ശരീരത്തിലെത്തുമ്പോൾ വിവരണാതീതമായ ആരോഗ്യപ്രശ്നങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.
കാർബൺ മോണോക്സൈഡിനെക്കുറിച്ച്‌ തന്നെ പരിശോധിക്കാം. ഇന്ധനങ്ങളുടെ അപൂർണജ്വലനം മൂലമുണ്ടാകുന്ന ഈ വാതകം നമ്മൾ ശ്വസിക്കുമ്പോൾ രക്തത്തിലെ ഹീമോഗ്ലോബിനെയാണ്‌ ആദ്യം ആക്രമിക്കുക. രക്തത്തിലൂടെ ഓക്സിജനെ കൊണ്ടുപോകുന്ന ഹീമോഗ്ലോബിനുമായി രാസപ്രവർത്തനത്തിലേർപ്പെടുന്ന കാർബൺ മോണോക്സൈഡ്‌ കാർബോക്സി ഹീമോഗ്ലോബിനായി മാറുന്നു. ഒരിക്കലും വിഘടിക്കാത്ത ഈ സംയുക്തം രക്തത്തിൽ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കുന്നു. ഇതിന്റെ ഫലമായി തലച്ചോർ, ഹൃദയം, കോശങ്ങൾ, ശരീരകലകൾ, എന്നിവയിലെത്തേണ്ട ഓക്സിജന്റെ അളവ്‌ കുറയുകയും ശ്രദ്ധക്കുറവ്‌, തലവേദന, ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങി പല രോഗങ്ങൾക്ക്‌ നാം അടിമപ്പെടുകയും ചെയ്യുന്നു. ഇവിടെ ഒരു വാതകം മനുഷ്യശരീരത്തിൽ ചെലുത്തുന്ന മാരകമായ പാർശ്വഫലങ്ങളെക്കുറിച്ചാണ്‌ സൂചിപ്പിച്ചത്‌. വാഹനപുകയിൽ നിന്ന്‌ വരുന്ന മറ്റ്‌ വാതകങ്ങൾ കൂടി ചേരുമ്പോൾ അവ എത്രയോ മാരകങ്ങളായ രോഗങ്ങളെയായിരിക്കും മനുഷ്യനിൽ ഉണ്ടാക്കുക. ഒരു മിനിറ്റിൽ വാഹനത്തിൽ നിന്നും പുറത്തുവരുന്ന പുക 100 സിഗററ്റുകൾ ഒന്നിച്ച്‌ കത്തിക്കുമ്പോൾ ഉണ്ടാകുന്നതിന്‌ തുല്യമായ വിഷമാണ്‌ ബഹിർഗമിപ്പിക്കുന്നത്‌.
വായുമലിനീകരണത്തിന്‌ പ്രധാനകാരണം വാഹനങ്ങളിൽ നിന്ന്‌ പുറന്തള്ളുന്ന പുകയാണ്‌. ഇന്ത്യയിൽ പ്രതിവർഷം 2.6 കോടി ജനങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക്‌ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നുണ്ട്‌. കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ നമ്മുടെ രാജ്യത്ത്‌ അന്തരീക്ഷ മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച്‌ 35,000 പേർക്കാണ്‌ ജീവൻ നഷ്ടപ്പെട്ടത്‌. തലസ്ഥാന നഗരിയായ ഡൽഹിയിൽ മാത്രം ഒരു ദിവസം 80 പേർ ഇങ്ങനെ മരിക്കുന്നുണ്ട്‌. പക്ഷേ ഇവരുടെ മരണകാരണമായി ഹൃദ്രോഗമോ, ശ്വസകോശ അലർജിയോ, അർബുദമോ മറ്റ്‌ കാരണങ്ങളോ ആയിരിക്കും മെഡിക്കൽ റിപ്പോർട്ടിലുണ്ടാകുന്നത്‌. നമ്മുടെ മെഡിക്കൽ സയൻസിൽ പോലും അന്തരീക്ഷമലിനീകരണം മൂലമുള്ള രോഗങ്ങളെക്കുറിച്ച്‌ വേണ്ടത്ര പഠനങ്ങളില്ല.
കേരളവും അന്തരീക്ഷ മലിനീകരണത്തിൽ ഏറെ മുന്നിലാണ്‌. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ്‌ മലിനീകരണതോത്‌. കേരളത്തിൽ പറയത്തക്ക വ്യവസായങ്ങളൊന്നും ഇല്ലാതിരിന്നിട്ടും വായു മലിനീകരണം രൂക്ഷമാകുന്നതിന്‌ കാരണം മോട്ടോർ വാഹനം തുപ്പുന്ന വിഷപ്പുകകളാണ്‌. ഒരു ദിവസം വായുമലിനീകരണം സൃഷ്ടിക്കുന്ന രോഗങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 12 ശതമാനം കേരളത്തിലാണ്‌. എന്നാൽ ഇന്ത്യയുടെ മൊത്തം ജനസംഖ്യയിൽ 1.18 ശതമാനം മാത്രമാണ്‌ കേരളീയർ എന്നോർക്കണം. ഇതിനൊക്കെ ഏക പരിഹാരം ജനങ്ങളിൽ സൈക്കിൾ സംസ്കാരം വളർത്തുക എന്നതാണ്‌.

ദേശീയ കുടുംബാരോഗ്യ സർവേയുടെ 2005ലെ കണക്ക്‌ പ്രകാരം കേരളത്തിൽ 28.1 ശതമാനം സ്ത്രീകൾക്കും 17.8 ശതമാനം പുരുഷന്മാർക്കും പൊണ്ണത്തടിയുണ്ട്‌. അമിതവണ്ണത്തിന്റെ കാര്യത്തിൽ രാജ്യത്ത്‌ രണ്ടാം സ്ഥാനക്കാരാണ്‌ കേരളീയർ. ഒന്നാം സ്ഥാനം പഞ്ചാബും. ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാത്ത കേരളത്തിൽ 30 ശതമാനത്തോളം പേർ അമിതമായി തടിയുള്ളവരാണ്‌. പൊണ്ണത്തടി മിക്ക രോഗങ്ങളുടെയും വാസസ്ഥലമാണ്‌.
വളരെ ചെറുപ്പം മുതൽ തന്നെ കേരളത്തിലെ കുട്ടികളിൽ കായികക്ഷമത വളരെ കുറഞ്ഞ്‌ വരുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. കേരള സർക്കാർ ആരോഗ്യസംബന്ധമായ കാര്യക്ഷമത പരിശോധന നടത്തിയതിന്റെ ഫലം വളരെ ശോചനീയമായിരുന്നു. കുട്ടികളിലെ ഈ കായികക്ഷമതാ കുറവ്‌ അവർ പ്രായപൂർത്തിയാകുമ്പോൾ ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞ്‌ കൂടുന്നതിന്‌ കാരണമാകുന്നു. ക്യാൻസർ കഴിഞ്ഞാൽ കേരളത്തിലെ അകാല മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത്‌ ഹൃദ്രോഗമാണ്‌. ഇതിന്‌ കാരണം കൊളസ്ട്രോൾ ആണ്‌.
സൈക്കിൾ യാത്ര പോലെ വ്യായാമം കിട്ടുന്ന മറ്റൊന്നില്ല. കൊളസ്ട്രോൾ പൂർണമായി ഇല്ലാതാക്കാൻ സൈക്കിൾ സവാരികൊണ്ട്‌ സാധിക്കുന്നു. പൊണ്ണത്തടിക്കും ദിവസവും ഒരു മണിക്കൂർ സൈക്കിൾ യാത്ര ചെയ്യുന്നത്‌ ഫലപ്രദമാണ്‌. നീന്തൽ കഴിഞ്ഞാൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും തൊടുന്ന ഒരു വ്യായാമ മുറയാണ്‌ സൈക്കിൾ സഞ്ചാരം. ഇതിന്റെയൊരു പ്രത്യേകത സൈക്കിൾയാത്ര വ്യായാമത്തിനായി പ്രത്യേക സമയം നീക്കിവയ്ക്കുന്നില്ല എന്നുള്ളതാണ്‌. റോഡിന്റെ അറ്റകുറ്റപ്പണി വളരെ കുറയുന്നതുകൊണ്ട്‌ കോടിക്കണക്കിന്‌ രൂപയായിരിക്കും അതുവഴി സർക്കാരിന്‌ ലാഭം ഉണ്ടാകുക. ഈ പണം മറ്റ്‌ ക്ഷേമ പ്രവർത്തനത്തിന്‌ സർക്കാരുകൾക്ക്‌ നീക്കിവയ്ക്കാൻ കഴിയും.
കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ മോട്ടോർ വാഹനം ഉപയോഗിക്കുന്നവരിൽ പകുതിപ്പേരെങ്കിലും സൈക്കിൾ യാത്രയിലേക്ക്‌ മാറുകയാണെങ്കിൽ നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറും. ഗതാഗത കുരുക്കുകൊണ്ട്‌ വീർപ്പ്മുട്ടുന്ന നമ്മുടെ നാടിന്‌ ഇത്‌ വലിയൊരു ശാപമോക്ഷമായിരിക്കും. എവിടെയും പാർക്ക്‌ ചെയ്യാം എന്നതുകൊണ്ട്‌ ഇന്നുണ്ടാകുന്ന ട്രാഫിക്‌ പ്രശ്നങ്ങളിൽ ബഹുഭൂരിപക്ഷവും കുറഞ്ഞുകിട്ടുന്നു. ചിലർ സമയലാഭത്തെക്കുറിച്ച്‌ വേവലാതിപ്പെടാറുണ്ട്‌. സൈക്കിളിന്‌ മോട്ടോർവാഹനത്തിന്റെ വേഗത ഇല്ലല്ലോ എന്നാണ്‌ അവർ ചൂണ്ടിക്കാട്ടുന്നത്‌. എന്നാൽ മണിക്കൂറുകളോളം ട്രാഫിക്‌ കുരുക്കുകളിൽ കുടുങ്ങികിടക്കുന്ന മലയാളി എത്രയോ സമയമാണ്‌ ദിവസവും അതിലേയ്ക്കായി പാഴാക്കുന്നതെന്ന്‌ മനസിലാക്കുന്നില്ല. ഏത്‌ കൊച്ചിടവഴിയിലൂടെയും സൈക്കിൾ കൊണ്ടുപോകാമെന്ന അനുകൂല സാഹചര്യവും പലപ്പോഴും നാം മനസിലാക്കാതെ പോകുന്നു. ഇന്ധനം നിറയ്ക്കുന്നതിന്റെ ലാഭം വേറെ.
സാമ്പത്തികമായും ആരോഗ്യപരമായും മനുഷ്യന്റെ ഉത്തമസുഹൃത്ത്‌ തന്നെയാണ്‌ സൈക്കിൾ. അതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. കുടുംബ ബജറ്റിൽ വൻതുകയാണ്‌ സൈക്കിളിലേക്ക്‌ മാറുന്നത്‌ മൂലം ലാഭിക്കാൻ പോകുന്നത്‌. മോട്ടോർ വാഹനം ഉള്ള ഒരു കുടുംബം ദിവസവും ഏറ്റവും കുറഞ്ഞത്‌ 100 രൂപയെങ്കിലുമാണ്‌ ഡീസൽ-പെട്രോൾ ഇനത്തിൽ ചെലവഴിക്കുന്നുണ്ട്‌. ഇത്‌ ലാഭിച്ചാൽ പ്രതിമാസം 3000 രൂപയുടെ നേട്ടമാണ്‌ ഉണ്ടാവുക. ആദ്യം വേണ്ടത്‌ പൊങ്ങച്ച സംസ്കാരവും ദുരഭിമാനവും വെടിയുക എന്നതാണ്‌.

വിഖ്യാത ശാസ്ത്രജ്ഞൻ ഐൻസ്റ്റിന്‌ സ്വന്തമായി സൈക്കിളുണ്ടായിരുന്നു. അദ്ദേഹം മിക്കപ്പോഴും സൈക്കിളിലാണ്‌ യാത്ര ചെയ്തിരുന്നത്‌. തന്റെ പല കണ്ടുപിടിത്തങ്ങൾക്കും കാരണം സൈക്കിൾ മാത്രമാണെന്നാണ്‌ ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളത്‌. വിവിധ പരീക്ഷണങ്ങളിൽ മുഴുകി തളർന്നിരിക്കുന്ന അവസരങ്ങളിൽ സൈക്കിളിൽ വെറുതെ ചവിട്ടിപോകുമ്പോൾ പുതിയ ആശയങ്ങൾ തലയിൽ ഉദിക്കുമത്രെ. സൈക്കിൾ യാത്ര ബുദ്ധിയെ പ്രചോദിപ്പിക്കുന്നതായാണ്‌ വേറെയും പല വൈദ്യശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. ഏതായാലും മരണംവരെയും ഐൻസ്റ്റീന്‌ സൈക്കിൾ സന്തത സഹചാരിയായിരുന്നു.