ഒറ്റയ്ക്കുപാടിയ പൂങ്കുയിൽ തീർത്ത നാദവിസ്മയം

ഒറ്റയ്ക്കുപാടിയ പൂങ്കുയിൽ തീർത്ത നാദവിസ്മയം
January 06 04:50 2017

അശ്വതി രാമകൃഷ്ണൻ/ ജയലക്ഷ്മി എ കെ

വിധി കണ്ണിലെഴുതിയത്‌ നിറഞ്ഞ അന്ധകാരമാണെങ്കിലും വിജി എന്ന വൈക്കം വിജയലക്ഷ്മിയുടെ നാവിൽ നിറച്ചതത്രയും സംഗീതത്തിന്റെ നിറമധുരമായിരുന്നു. വിരലുകളിൽ തീർത്തത്‌ നാദത്തിന്റെ അനശ്വര ചാതുരിയും. അതുകൊണ്ടുതന്നെ കാഴ്ചയുടെ പരിമിതികൾക്കപ്പുറം അവൾ പറന്നുയരുന്നത്‌ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്കാണ്‌. വൈക്കം വിജയലക്ഷ്മിയെന്ന ഗായികയ്ക്ക്‌ മാത്രം സമ്മാനിക്കാൻ കഴിയുന്ന സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക്‌.
വൈക്കം ഉദയനാപുരത്ത്‌ ഉഷാനിലയത്തിൽ വി മുരളീധരന്റെയും പി കെ വിമലയുടെയും മകളായ വിജിയുടെ കണ്ണിൽ ജന്മനാ തന്നെ നിറഞ്ഞത്‌ അന്ധതയായിരുന്നു. പക്ഷേ, അച്ഛന്റെയും അമ്മയുടെയും കലാപാരമ്പര്യം അതേ പൂർണ്ണതയിൽ തന്നെ അവളിൽ നിറഞ്ഞിരുന്നുവെന്ന അവരുടെ തിരിച്ചറിവാണ്‌ വിജയലക്ഷ്മി എന്ന അനശ്വര പ്രതിഭയുടെ ഉദയത്തിന്‌ പിന്നിൽ. ഒന്നരവയസ്സുമുതൽ റേഡിയോ ഗാനങ്ങൾ കേട്ട്‌ പാടിയ അവളെ സംഗീതത്തിന്റെ ലോകത്തേക്ക്‌ എത്തിച്ചത്‌ അച്ഛനാണ്‌.
തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട്‌ തന്നെ ട്യൂണുകൾ കേട്ട്‌ പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത്‌ ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ ‘ഗായത്രി വീണ’ എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി. വിജയലക്ഷ്മിയുടെ അച്ഛനാണ്‌ തംബുരുവിനെ പരിഷ്ക്കരിച്ച്‌ ഇലക്ട്രിക്‌ വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്‌. ‘ഗായത്രി വീണ’ കൊണ്ട്‌ നിരവധി സംഗീതക്കച്ചേരികൾ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോൽസവം, സൂര്യ ഫെസ്റ്റിവൽ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി വിജി മാറുകയായിരുന്നു.
ശൈശവം ചെന്നൈയിലായിരുന്നെങ്കിലും അഞ്ചാം വയസ്സിൽ നാട്ടിലെത്തി. പിന്നീട്‌ കാസറ്റുകൾ കേട്ടായി പാട്ട്‌ പഠനം. തുടർന്ന്‌ ആറാം വയസ്സിൽ യേശുദാസിന്‌ ദക്ഷിണ സമർപ്പിച്ചു. അതിനു ശേഷം വൈക്കം ഉദയനാപുരം ചാത്തനാകുടി ദേവിക്ഷേത്രത്തിലായിരുന്നു വിജയലക്ഷ്മിയുടെ അരങ്ങേറ്റം. ഗുരുമുഖത്തു നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങുന്നത്‌ ഏഴു വയസുമുതലാണ്‌. ആദ്യഗുരു അമ്പലപ്പുഴ തുളസി . പിന്ന്ീ‍ട്‌ വൈക്കം പ്രസന്ന, സുമംഗല , വിൻസെന്റ്‌ മാഷ്‌ തുടങ്ങി പലരും. ഇപ്പോൾ മാവേലിക്കര പൊന്നമ്മാൾ, പി സുബ്രഹ്മണ്യൻ, നെടുമങ്ങാട്‌ ശിവൻകുട്ടി എന്നിവരുടെ ശിഷ്യയാൺ്‌. എം ജയചന്ദ്രൻ, യേശുദാസ്‌, കാവാലം ശ്രീകുമാർതുടങ്ങി നിരവധി പേർ ഫോണിൽ കൂടിയും സംഗീതം പഠിപ്പിക്കാറുണ്ടെന്ന്‌ വിജയലക്ഷ്മി പറയുന്നു.
സ്റ്റേജ്‌ പരിപാടികൾ ഒരുപാട്‌ ചെയ്തിരുന്നെങ്കിലും സിനിമയിലേക്കുള്ള കാൽവയ്പായിരുന്നു വിജയലക്ഷ്മി എന്ന ഗായികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്‌. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട്‌ തന്നെ സംഗീതാസ്വാദകരുടെ ഹൃദയം കവരാൻ വിജയലക്ഷ്മിക്കായി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ‘സെല്ലുലോയിഡിലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട്‌ ഒരിക്കലെങ്കിലും മൂളാത്തവർ കുറവായിരിക്കും. ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ സമിതിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹയായി. മാത്രമല്ല, വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെടുകയായിരുന്നു. അതോടെ കൂടുതൽ അവസരങ്ങളും കൈവന്നു. തുടർന്ന്്‌ കമൽ സംവിധാനം ചെയ്ത നടൻ എന്ന സിനിമക്കു വേണ്ടി പാടിയ പാട്ടിനു മികച്ച ഗായികക്കുള്ള പുരസ്കാരവും നേടി. ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ ‘ഒറ്റയ്ക്കു പാടുന്ന പാട്ട്‌…’ എന്നു തുടങ്ങുന്ന പാട്ടു പാടിയാണ്‌ സംസ്ഥാന പുരസ്കാരം നേടിയത്‌. അന്യഭാഷാ ഗാനങ്ങളും വിജലക്ഷ്മി പാടിത്തുടങ്ങിയിട്ടുണ്ട്‌.വിദേശ രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കാനായി വിദേശ രാജ്യങ്ങളിലും പോകാറുണ്ട്‌.
ഇപ്പോൾ അഭിനയത്തിന്റെ മേഖലയിലേക്കും കടന്നിരിക്കുകയാണ്‌ ഈ കലാകാരി.ഏഴുദേശങ്ങൾക്കും അകലെ എന്ന സിനിമയിലാണ്‌ അഭിനയിച്ചത്‌. ഇതിനോടകം തന്നെ ശ്രദ്ധേയമായ ഒരുപിടി ഗാനങ്ങളാണ്‌ വിജയലക്ഷ്മിക്ക്‌ തിലകം ചാർത്തിയത്‌. പ്രാർത്ഥനയും സാധനയും, പാട്ടുപഠനവും, സ്റ്റേജ്‌ പരിപാടികളും, റിക്കോർഡിങ്ങും ഒക്കെയായി സജീവമായ വിജയലക്ഷ്മി കുടുംബ ജീവിതത്തിലേക്ക്‌ കടക്കുന്നതിന്റെ സന്തോഷത്തിലാണ്‌. തൃശൂർ സ്വദേശിയായ സന്തോഷാണ്‌ വരൻ. തന്റെ സംഗീത സപര്യയിൽ കൂട്ടായി ഒരു കലാകാരനെത്തന്നെ കിട്ടിയതിന്റെ സന്തോഷം വിജയലക്്ഷ്മി മറച്ചുവയ്ക്കുന്നില്ല.
വ്യത്യസ്തമാർന്ന ശബ്ദവും, ഒറ്റക്കമ്പിയിൽ തീർത്ത ഗായത്രി വീണയുമായി സംഗീതത്തിൽ ഇനിയും ഒരുപാട്‌ ദൂരം പിന്നിടാനുള്ള ഉറച്ച തീരുമാനമാണ്‌ തന്റെ വിജയമെന്ന്‌ പറയുമ്പോഴും കാഴ്ചയുടെ വിസ്മയലോകത്തേക്ക്‌ എത്താനുള്ള ആഗ്രഹവും അവർ മറച്ചുവയ്ക്കുന്നില്ല. ഇതിനായുള്ള ചികിത്സകളും നടക്കുന്നുണ്ടെന്ന്‌ വിജയലക്ഷ്മി പറയുന്നു.
കിട്ടിയ പുരസ്ക്കാരങ്ങൾക്കും അനുമോദനങ്ങൾക്കും വിജയലക്ഷ്മി നന്ദി പറയുന്നത്‌ ദൈവത്തിനോടാണ്‌. പിന്നെ നിഴലായി, കൂട്ടായി കൂടെയുള്ള അച്ഛനോടും അമ്മയോടും. ഗായത്രി മന്ത്രത്തിന്റെ പരിശുദ്ധി പോലെ വീണയിൽ നിന്നുയരുന്ന സംഗീതവും സ്വരനാദവും ഓരോ മലയാളിയുടെയും മനസിൽ നിറയ്ക്കുകയാണവർ. സംഗീതത്തിന്റെ പുത്തൻ പടവുകളിലേക്കുള്ള യാത്രയിലാണ്‌ വിജയലക്ഷ്മി ഇപ്പോഴും…

view more articles

About Article Author