ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രിക്ക്‌ അതൃപ്തി

ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രിക്ക്‌ അതൃപ്തി
April 21 04:45 2017

സ്വന്തം ലേഖകൻ
കോട്ടയം: മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിൽ കുരിശ്‌ തകർത്ത സംഭവത്തിൽ ജില്ലാ ഭരണകൂടത്തെ വിളിച്ച്‌ സർക്കാരിന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ്‌ ഹെഡ്‌ ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ലൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുകയും പ്രതീക്ഷയോടെ ആശ്രയിക്കുകയും ചെയ്യുന്നതാണ്‌ കുരിശ്‌. അതിന്റെ മേൽ കൈവയ്ക്കുന്നതിന്‌ മുമ്പ്‌ സർക്കാരിനോട്‌ ചോദിക്കണമായിരുന്നു. എൽഡിഎഫ്‌ സർക്കാർ കുരിശിനെതിരാണെന്ന അനാവശ്യമായ വികാരം സൃഷ്ടിക്കൻ സംഭവം ഇടയാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
തെറ്റായ ഒരു നീക്കത്തെയും സർക്കാർ വച്ചുപൊറുപ്പിക്കില്ല. കുരിശ്‌ സ്ഥാപിച്ചതിൽ ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികളുണ്ടായിട്ടുണ്ടെങ്കിൽ ക്രൈസ്തവ സഭയുമായി ആലോചിച്ചശേഷമാണ്‌ നടപടി സ്വീകരിക്കേണ്ടിയിരുന്നത്‌. അവരോട്‌ സംസാരിച്ചിരുന്നുവെങ്കിൽ അവർതന്നെ മാറ്റിയേനെ, പിണറായി ചൂണ്ടിക്കാട്ടി.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. കൈയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ സ്വീകരിക്കും. എന്നാൽ, വർഷങ്ങളായി താമസിക്കുന്ന കുടിയേറ്റക്കാർക്ക്‌ സർക്കാർ എല്ലാ സംരക്ഷണവും നൽകും. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു നടപടിക്കും സർക്കാർ കൂട്ടുനിൽക്കില്ല. ഇക്കാര്യം നേരത്തെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥൻമാരും പങ്കെടുത്ത യോഗത്തിൽ വ്യക്തമാക്കിയതാണ്‌. ഏപ്രിൽ 30ന്‌ മുമ്പ്‌ അർഹരായവർക്ക്‌ പട്ടയം നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന്‌ വ്യക്തമാക്കിയതുമാണ്‌.
സർക്കാർ നൽകിയ പട്ടയത്തിലെ സർവേ നമ്പറിലെ തെറ്റിന്റെ പേരിൽ അവരെ കൈയേറ്റക്കാരായി കാണാനാവില്ല. തെറ്റുതിരുത്തിക്കൊടുക്കേണ്ട ബാധ്യത സർക്കാരിനാണ്‌. അതിന്‌ എങ്ങനെ ജനം ഉത്തരവാദികളാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ നടപടികളോട്‌ സർക്കാർ വിട്ടുവീഴ്ചചെയ്യില്ല. കുരിശു ചുമക്കാൻ സർക്കാരില്ല. ബാക്കി കാര്യങ്ങൾ ഇന്ന്‌ വിശദമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

  Categories:
view more articles

About Article Author