Monday
23 Jul 2018

ഓണത്തിനിടെ ദിലീപിന്റെ പുട്ടുക്കച്ചവടക്കാർ

By: Web Desk | Monday 17 July 2017 4:55 AM IST

വാതിൽപ്പഴുതിലൂടെ
ദേവിക
അതാണ്‌ പണ്ടുള്ളവർ പറയുന്നത്‌. എല്ലാത്തിനും ഒരു യോഗം വേണമെന്ന്‌. എല്ലാം ഒത്തുവരാൻ ഒരു കാലം വേണമെന്ന്‌. സൂപ്പർസ്റ്റാർ! അതോ സൂപ്പർ തഗ്ഗോ? ദിലീപിന്റെ ജയിൽവാസം കാണുമ്പോഴാണ്‌ ഇതെല്ലാം ഓർത്തുപോയത്‌. ആലുവായിൽ മണിമന്ദിരം, ആലുവായിൽ തന്നെ തന്റെ മെഗാതിയേറ്റർ. പോരാഞ്ഞ്‌ ആലുവായിൽത്തന്നെ സ്വന്തം ജയിലും. ഇതിനെയാണ്‌ അനുഭവയോഗം എന്നു ജ്യോതിഷികൾ പറയുന്നത്‌, ഗജകേസരിയോഗം കാരാഗ്രഹ വാസം ഫലം എന്ന്‌. ദിലീപ്‌ എന്ന ഗോപാലകൃഷ്ണന്റെ ജാതകത്തിൽ എവിടെയോ എഴുതിവച്ചിട്ടുണ്ടത്രേ. ഇതൊന്നും പോരാഞ്ഞ്‌ ആലുവായ്ക്ക്‌ ഏറെ അകലെയല്ലാതെ ഈ മഹാനടന്റെ സ്വന്തം കോർപ്പറേറ്റ്‌ സ്ഥാപനമായ ‘ദേ പുട്ടുകട’യും.
അതൊക്കെ എന്തോ ആകട്ടെ. നടൻ ദിലീപിന്റെ ജയിൽവാസത്തോടെ കത്തിപ്പടരുന്ന ആശങ്കാജനകമായ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളുടെ അടിവേരുകൾ തേടാതെ ഉപരിപ്ലവമായ പൈങ്കിളിക്കഥകളിലും ആപൽക്കരമായ അഭിപ്രായ രൂപീകരണത്തിലും അക്ഷരകേരളം അഭിരമിക്കുന്നതു കാണുമ്പോൾ അതീവ നൊമ്പരം തോന്നുന്നു. ദിലീപിന്റെ കൊടും കുറ്റകൃത്യത്തെ വികലമായാണ്‌ പലപ്പോഴും വിലയിരുത്തുന്നത്‌. സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമിക്കും നടിയെ പീഡിപ്പിച്ച കേസിലെ പ്രതി ദലീപിനും തമ്മിൽ അന്തരമേതുമില്ല. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന്‌ തള്ളിയിട്ടു കൊന്നു മാനഭംഗപ്പെടുത്തി. ദിലീപാകട്ടെ പ്രൊഫഷണൽ ക്രിമിനലായ പൾസർ സുനിക്ക്‌ ക്വട്ടേഷൻ നൽകി നടിയെ മാനഭംഗപ്പെടുത്തി. ഓടുന്ന കാറിൽ നിന്നു പുറത്തേയ്ക്ക്‌ ചാടാനാവാതെ വന്നതുകൊണ്ട്‌, അതുകൊണ്ടുമാത്രം ആ നടി ചോരയിൽ കുളിച്ച്‌ കൊല്ലപ്പെട്ടില്ല.
ദിലീപിന്റെയും ഗോവിന്ദച്ചാമിയുടേയും കുറ്റകൃത്യങ്ങൾക്ക്‌ സമാനതകളും ഏറെ. എന്തായാലും പൊലീസ്‌ അതിശ്ലാഘനീയമായ രീതിയിൽ അന്വേഷണവുമായി മുന്നോട്ടുപോവുകയും ദിലീപ്‌ അഴികളെണ്ണുകയും ചെയ്യുന്നതിനിടയിൽ സമൂഹമാധ്യമങ്ങളിലൂടെ അയാളെ പുണ്യാളവൽക്കരിക്കാനുള്ള ഹീനശ്രമങ്ങൾ പരക്കെ ആരംഭിച്ചത്‌ പ്രബുദ്ധ കേരളത്തെ നടുക്കുന്നു. സമൂഹമാധ്യമങ്ങൾ കുറ്റവാളികളെ വെള്ളപൂശാൻ മാത്രമല്ല കുറ്റകൃത്യങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിടാനും പര്യാപ്തമാണെന്ന്‌ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പശ്ചിമബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളെ ക്രിമിനൽ വൽക്കരിക്കുന്ന ഈ ഹീനതയ്ക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ നാടുവാഴുന്ന ബിജെപിയാണെന്ന കാര്യം സംഗതിയുടെ ഗൗരവം വർധിപ്പിക്കുപ്പോൾ കേരളത്തിലും ക്രിമിനൽവൽക്കരണത്തിനനുകൂലമായി സമൂഹമാധ്യമങ്ങളെക്കൊണ്ട്‌ ചുടുചോറ്‌ വാരിക്കുന്നതു കാണുമ്പോൾ ഭയം തോന്നുന്നു.
ബംഗാളിൽ ജൂലൈ രണ്ടിന്‌ പ്രവാചക നബിയെ അവഹേളിച്ചുകൊണ്ട്‌ ബിജെപിക്കാരനായ ഒരു പയ്യൻ ഫെയിസ്ബുക്ക്‌ പോസ്റ്റിട്ടു. തുടർന്ന്‌ വടക്കൻ പർഗാനയിൽ അരങ്ങേറിയ വർഗീയകലാപങ്ങൾ ഇനിയും ശമിച്ചിട്ടില്ല. ഇതിനിടെ ബിജെപി ദേശീയവക്താവായ നൂപുർശർമയും ദേശീയ ജോയിന്റ്‌ സെക്രട്ടറി ശിവപ്രകാശും ചേർന്ന്‌ ഫെയ്സ്ബുക്കിൽ ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു. കത്തിക്കാളുന്ന വാഹനവ്യൂഹങ്ങളുടെ ചിത്രം. പശ്ചിമബംഗാളിലെ ഹിന്ദുമേഖലകളിൽ മുസ്ലിങ്ങൾ നടത്തുന്ന നരനായാട്ടിന്റെ ചിത്രം എന്നൊരു അടിക്കുറുപ്പും. പോരേ പൂരം. ഹിന്ദുക്കൾ മുസ്ലിം ന്യൂനപക്ഷ മേഖലകളിൽ വർഗീയ ലഹളകൾ അഴിച്ചുവിടാൻ ഈ ചിത്രം മാത്രം മതിയായിരുന്നു. യഥാർത്ഥത്തിൽ 15 വർഷം മുമ്പ്‌ ഗുജറാത്തിൽ ബിജെപി നടത്തിയ മുസ്ലിം വംശീയഹത്യാ പരമ്പരയ്ക്കിടയിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കുന്ന ചിത്രങ്ങളായിരുന്നു ബംഗാളിലെ മുസ്ലിം അക്രമമെന്ന പേരിൽ ബിജെപി നേതാക്കൾ പുറത്തുവിട്ടത്‌.
ജനക്കൂട്ടം നോക്കിനിൽക്കെ തൂവെള്ള വസ്ത്രം ധരിച്ച ഒരു തടിമാടൻ പേടിച്ചരണ്ട ഒരു യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ഹിന്ദു സഹോദരിമാരും പെൺമക്കളും ബംഗാളിൽ വ്യാപകമായി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം എന്ന അടിക്കുറുപ്പും. സത്യമെന്തായിരുന്നു, ‘ഔരത്‌ ഖിലോന നഹി’ എന്ന പ്രസിദ്ധമായ ഒരു ഭോജ്പുരി സിനിമയിലെ രംഗമായിരുന്നു അത്‌. ബംഗാളിൽ അധികാരം പിടിക്കാൻ ബിജെപി നടത്തുന്ന നാറുന്ന സമൂഹമാധ്യമ തന്ത്രങ്ങൾ പ്രബുദ്ധ കേരളത്തിൽ കോടികൾ മുടക്കി ബലാൽസംഗക്കേസിലെ പ്രതി ദിലീപിന്‌ വേണ്ടിയും പയറ്റുന്നതു കാണുമ്പോഴാണ്‌ നാം ലജ്ജിച്ചു തല താഴ്ത്തി പോകുന്നത്‌.
മാധ്യമങ്ങൾ തിരുത്തൽ ശക്തികളാവുമ്പോൾ കുറ്റവാളികളുടെ കൂട്ടുകാർ പ്രയോഗിക്കുന്ന ഒരു പതിവ്‌ പദമുണ്ട്‌. മാധ്യമവിചാരണ. നക്സൽ വർഗീസിന്റെ ഘാതകനായിരുന്ന ഐ ജി ലക്ഷ്മണയുടെ പുത്രി സംഗീതാ ലക്ഷ്മണ മുതൽ എഴുത്തുകാരിലെ കിടിമന്നനായ സക്കറിയ വരെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ മാധ്യമവിചാരണ എന്ന പദം എടുത്തുവീശി ദിലീപിനെ വെള്ള പൂശുന്നു. മഹാനായ അടൂർ ഗോപാലകൃഷ്ണൻ പോലും ദിലീപിനെ മഹത്വവൽക്കരിക്കാൻ നോക്കുമ്പോൾ എന്തോ വല്ലാത്ത പന്തികേട്‌.
സിനിമാ നടനും പൊതുപ്രവർത്തകനും രണ്ട്‌ വിഭിന്ന മേഖലകളിൽ വ്യാപരിക്കുന്നവരാണെന്ന്‌ ജനത്തിന്‌ പച്ചവെള്ളം പോലെ അറിയാം. സിനിമാരംഗത്തുനിന്നും പൊതുപ്രവർത്തനത്തിലേയ്ക്ക്‌ കടന്നാൽ പിന്നെ ജനങ്ങളുടെ കാവലാളുകളാവണം അവർ. പൊതുപ്രവർത്തനരംഗത്തുനിന്നും ലഭിച്ച എംപി, എംഎൽഎ പദവികൾ വഹിക്കുന്നവരുടെ ഉത്തരവാദിത്വം വളരെ വലുതാണ്‌. പ്രത്യേകിച്ചും അവർ ഇടതുപക്ഷക്കാരാവുമ്പോൾ. എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിൽ ‘അമ്മ’യുടെ യോഗം കഴിഞ്ഞപ്പോൾ ഇരയ്ക്കെതിരെ ചാടിവീണ്‌ ദിലീപിന്‌ കവചം തീർത്ത എംഎൽഎമാരായ മുകേഷും ഗണേഷ്കുമാറും മാധ്യമപ്രവർത്തകരെ കടിച്ചുകീറാൻ തുനിയുന്ന ദൃശ്യങ്ങൾ നാണക്കേടായിപോയി. പ്രത്യേകിച്ചും നാടകകുലപതിയും കറകളഞ്ഞ കമ്മ്യൂണിസ്റ്റുമായ ഒ മാധവന്റെയും നാടക ചക്രവർത്തിനിയും കമ്മ്യൂണിറ്റുമായ വിജയകുമാരിയുടെയും മകൻ മുകേഷിന്റെ ദിലീപിന്‌ വേണ്ടിയുള്ള ഗ്രാൻഡ്‌ പെർഫോർമൻസ്‌ മഹാനാണക്കേടായിപോയി.
നമ്മുടെ എംപിമാർക്കും എംഎൽഎമാർക്കും ഒരു പെരുമാറ്റച്ചട്ടം അടിയന്തിരവും അനിവാര്യവുമാണെന്നും ദിലീപ്‌ സംഭവത്തോടെ വ്യക്തമായിരിക്കുന്നു. ബിരിയാണി അരിയുടെയും ബ്ലെയിഡു കമ്പനിയുടേയും വാർക്കക്കമ്പിയുടെയും പരസ്യങ്ങളിൽ ഇന്നസെന്റും മുകേഷും പ്രത്യക്ഷപ്പെടുന്നത്‌ ജനത്തിന്‌ തീർത്തും അരോചകമായാണ്‌ തോന്നാറ്‌. എംപിയും എൽഎയുമെന്ന നിലയിൽ ജനത്തെ സേവിക്കാൻ മതിയായ വേതനവും അലവൻസുകളും യാത്രാപ്പടിയും നിയോജകമണ്ഡല വികസന ഫണ്ടും സർക്കാർ വാരിക്കോരി നൽകുമ്പോൾ പരസ്യനായകന്മാരായി അധികവരുമാനമുണ്ടാക്കുന്നത്‌ നിയമവിരുദ്ധം കൂടിയാണ്‌. ഈ പ്രതിഫലങ്ങളിൽ കള്ളപ്പണവും വെള്ളപ്പണവും നികുതി വെട്ടിപ്പുമെല്ലാമുള്ളപ്പോൾ എന്തിനീ ‘എച്ചിത്തരം’ എന്ന്‌ സമ്മതിദായകർ ചോദിക്കുക സ്വാഭാവികം.
ദിലീപിന്റെ ക്രിമിനൽ കാണ്ഡത്തോടെ എത്ര പേരാണ്‌ കേരളത്തിലെ മാളങ്ങളിലൊളിച്ചു കഴിയുന്നത്‌. കേരളം ഇത്രയധികം മാളബഹുലമാണെന്ന്‌ ഇപ്പോഴല്ലേ അറിയുന്നത്‌. എന്തിനുമേതിനും ഈ ദുനിയാവിൽ പ്രസ്താവനയിറക്കുന്ന കുമ്മനത്തിന്റെ പൊടി പോലും കാണാനില്ല. കെപിസിസി എംപാനൽ പ്രസിഡന്റ്‌ എം എം ഹസനെ കണ്ടവരുണ്ടോ എന്ന്‌ ഇന്ദിരാഭവന്റെ ഭിത്തിയിൽ പോസ്റ്റര്റെഴുതി ഒട്ടിക്കേണ്ടി വരുന്നു. ചെന്നിത്തലയ്ക്കും മിണ്ടാട്ടമില്ല. ദിലീപിനെ പൊക്കിയതു സർക്കാരായതിനാൽ അതിനെ വിമർശിക്കാൻ സുധീരനും സ്കോപ്പില്ല. ഇതിനിടെ കൂടും കുടുക്കയുമെടുത്ത്‌ വീരനും കൂട്ടരും ഇടതുമുന്നണിയിലേയ്ക്ക്‌ മടങ്ങുന്നുവെന്നായപ്പോൾ മൗനം വാചാലം, മൗനം വിദ്വാനഭൂഷണം എന്ന നിരാശ. എന്തെങ്കിലും പറഞ്ഞാൽ ദിലീപ്‌ അതെല്ലാം മുക്കിക്കളയുമെന്ന ഭയവും.
‘കാട്ടിക്കൊട്ട്‌, കൂട്ടിക്കൊട്ട്‌, മണ്ടിക്കള’ എന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോൾ അത്‌ സംഭവിച്ചിരിക്കുന്നു. സിനിമയിലെ പെൺകൂട്ടായ്മ എന്ന സംഘടനയുണ്ടാക്കിയ മഞ്ജുവാര്യർ മുൻ ഭർത്താവ്‌ ദിലീപ്‌ അഴികളെണ്ണുമ്പോൾ ഗൾഫിൽ സ്വർണാഭരണശാലകളുടെ ഉൽഘാടനത്തിരക്കിൽ. ഫെയ്സ്ബുക്കിലെങ്കിലും നാല്‌ നല്ല വർത്തമാനം പറയേണ്ടേ. അതുമില്ലാ മറ്റു കൂട്ടായ്മക്കിളികളും ചിലയ്ക്കുന്നില്ല. ദിലീപ്‌ ജയിൽ ചപ്പാത്തിയും ചിക്കനും കഴിക്കുന്നതിൽ ബലേഭേഷ്‌ വിളിക്കാൻ രമ്യാനമ്പീശൻ മാത്രം. അവിടെ രമ്യയെങ്കിൽ ഇവിടെ ഞാനുണ്ട്‌ എന്ന മട്ടിൽ ദിലീപിന്റെ ജയിൽ വിമോചനം കാത്ത്‌ ഫെയ്സ്ബുക്കിൽ പാത്രം നിരത്തി സംഗീതാലക്ഷ്മണും. പെട്ടെന്ന്‌ വാ ദിലീപേ, ഡബിൾ ബുൾസ്‌ഐയും അപ്പത്തരങ്ങളും കൂമ്പാരം കൂട്ടിവച്ച്‌ അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി കാത്തിരിക്കുന്ന സംഗീതയുടെ ഒരു ചിത്രം കൂടി പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ എന്തൊരു ആനച്ചന്തവും മേളച്ചന്തവുമായിരുന്നേനെ.