ഓപ്പ ഈ ഇരിപ്പിരുന്നാൽ….

ഓപ്പ ഈ ഇരിപ്പിരുന്നാൽ….
March 19 04:55 2017

ഒറ്റയടിപ്പാതകൾ
സി രാധാകൃഷ്ണൻ

ആളും നാഥനും ഉണ്ടായിരിക്കുക എന്നതാണ്‌ ഒരു വീടിെ‍ൻറ ഏറ്റവും വലിയ സുകൃതമായി പറയപ്പെടാറ്‌. ഒരു നാടിെ‍ൻറ കാര്യത്തിലും അതു വളരെ ശരിയാണ്‌. ഉള്ളതുകൊണ്ട്‌ അരിയും ഉപ്പും വാങ്ങി ദിവസം കഴിയാനോ ആർഭാട കെട്ടുകല്യാണത്തിന്‌ കാണവും വിറ്റ്‌ ധൂർത്തു കാട്ടാനോ ഏത്‌ കൊള്ളരുതാത്ത കാരണവർക്കും കഴിയും. നാളത്തെ സുരക്ഷയും സുസ്ഥിതിയും ഉറപ്പു വരുത്തുന്നവനാണ ്‌ യഥാർത്ഥ നാഥൻ.
മുൻനോട്ടമില്ലാതെ ഭരിച്ചു ഭരിച്ച്‌ കേരളത്തിെ‍ൻറ ഗതി അധോഗതിയായി. വെള്ളമില്ല, വെളിച്ചമില്ല, ഉണ്ണാനില്ലെന്നല്ല അരിമണിയൊന്നു കൊറിക്കാൻപോലും ഇല്ല. നമ്മോളം പ്രബുദ്ധരല്ലെന്നു നാം കരുതുന്ന തമിഴുനാട്ടുകാർക്ക്‌ കാണാൻ കഴിയുന്നത്ര ദൂരംപോലും മുന്നോട്ടു കാണാൻ നമുക്ക്‌ കഴിയുന്നില്ല. വെള്ളത്തിെ‍ൻറ കാര്യംതന്നെ ആദ്യം എടുക്കാം.
ഇത്രയും നദികളുള്ള ഈ നാട്ടിൽ കുടിവെള്ളക്ഷാമമെന്നു കേൾക്കുമ്പോൾ അന്യദേശക്കാർ മൂക്കത്ത്‌ വിരൽ വെച്ച്‌ അന്തിച്ചു നിൽക്കുന്നു. നൂറു കിലോമീറ്റർ ശരാശരി വീതിയിൽ രണ്ടായിരം അടിയോളം ചെരിഞ്ഞു കിടക്കുന്ന, സമൃദ്ധമായി മഴ കിട്ടുന്ന ഇവിടെ വെള്ളക്ഷാമമോ! അതെ, ആ മഹാത്ഭുതം സംഭവിക്കുന്നു! പെയ്യുന്ന മഴയിൽ ഭൂരിഭാഗവും പാഴായിപ്പോകുന്നതിനാൽ ആണ്ടുനീളെ മഴ കിട്ടിയാലും പോരാ എന്ന സ്ഥിതിയാണ്‌ നമുക്ക്‌. കുടം കമഴ്ത്തി വെച്ച്‌ വെള്ളമൊഴിച്ചാൽ എത്ര നേരം ആ നനവ്‌ നിൽക്കും?
കുളങ്ങളുടെയും കിണറുകളുടെയും കാര്യമൊക്കെ പോകട്ടെ, ഈ നദികളെ ശരിയായി ഉപയോഗിക്കാമെങ്കിൽ പരിഹരിക്കാവുന്നതല്ലേ ഉള്ളൂ പ്രശ്നം? ഓരോ നദിയിലും ഓരോ നൂറടി താഴ്ചയ്ക്കോ അഞ്ചു കിലോമീറ്റർ ഇടവിട്ടോ ഓരോ തടയണയോ അടിയണയോ പണിതാൽ എല്ലാ നദികളും വൻതടാകങ്ങളുടെ ഒരു മാലയായി വേനലിൽ നിലനിൽക്കുമല്ലോ. ജലം മണ്ണിൽ നിറയുകയും ഒരു കിണറും ഒരു കുളവും വറ്റാതിരിക്കയും ചെയ്യുമല്ലോ.
ഇതിനു പക്ഷേ, നദികളെ കുറിച്ച്‌ ആഴത്തിൽ പഠിക്കുകയും നീരൊഴുക്ക്‌ നിരീക്ഷിച്ച്‌ കണക്കെടുക്കുകയും വരുംവരായ്കകൾ വിലയിരുത്തുകയും വരവുചെലവുകൾ നിജപ്പെടുത്തുകയും വേണം. ഇപ്പറഞ്ഞതിനാണല്ലോ ആസൂത്രണം എന്ന വാക്ക്‌ ഉപയോഗിക്കേണ്ടത്‌. കേന്ദ്രത്തിലും സംസ്ഥാനത്തും ആസൂത്രണസമിതികളില്ലേ? രണ്ടു സർക്കാറുകളുടെയും വക വികസനഫണ്ടുകളും ഇല്ലേ? സംസ്ഥാനശാസ്ത്രസാങ്കേതിക പരിസ്ഥിതികൗൺസിൽപോലെ കാക്കത്തൊള്ളായിരം ഇൻസ്റ്റിറ്റിയൂട്ടുകളും കൗൺസിലുകളും ഇല്ലേ? ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ പിന്നെ ഇവർക്കെല്ലാം എന്താണ്‌ പണി? ഈ സ്ഥാപനങ്ങൾ ചെലവിടുന്ന കാശുകൊണ്ട്‌ ഈ നാട്ടിനും നാട്ടാർക്കും എന്തു പ്രയോജനം?
നൂറും ആയിരവും കോടി മുടക്കി പണിത സംഗതികളുടെ സ്ഥിതി എന്താണ്‌ എന്ന്‌ അന്വേഷിക്കാൻ ആരും ആവശ്യമില്ലെന്നാണോ? ഇവിടെയിതാ എെ‍ൻറ കൺമുന്നിൽ ഇരുനൂറോളം കോടി ചെലവായ ചമ്രവട്ടം പദ്ധതി മരിച്ചു കിടക്കുന്നു. കൊട്ടും കുരവയുമായി ഒരു ഇടതുപക്ഷസർക്കാർ പണിതതാണിത്‌. ഒരു പാലവും ഒരു ജലസംഭരണിയും ഒരുമിച്ച്‌ നിർമ്മിച്ചു. പക്ഷേ, ജലസംഭരണിയിൽ ഒരു ദിവസംപോലും വെള്ളം നിർത്താനായില്ല. എല്ലാം ചോരുകയാണ്‌. പദ്ധതിയുടെ കരാറുകാർ, പാലങ്ങളുടെയും ജലസംഭരണികളുടെയും കാര്യത്തിൽ ലോകത്തെല്ലാരും പാലിക്കുന്ന എല്ലാ മുൻകരുതലുകളും കാറ്റിൽ പറത്തി, പദ്ധതിയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകൾവരെ നീളെ ടിപ്പറിൽ മണലെടുത്ത്‌ പുഴയെ കോന്നിരിക്കുന്നു.
ഈ മണലിൽ തങ്ങിനിന്ന വെള്ളം വേനലിൽ കരയിലെ കിണറും കുളവും വറ്റുമ്പോൾ അവയിലേക്ക്‌ ഊറി വരുമായിരുന്നു. ഇപ്പോൾ കിണറിലെയും കുളത്തിലെയും നാഴിയുരി വെള്ളം പുഴയിലേക്ക്‌ ഊറിയിറങ്ങി ചളിക്കുഴികളിൽ നിറഞ്ഞ്‌ ആവിയായി തീർന്നുപോകുന്നു!
കെട്ടിന്നടിയിലൂടെ ഊർന്നുപോകുന്ന വെള്ളം പാലത്തിെ‍ൻറ കാലുകൾക്കടിയിലൂടെയല്ല പോകുന്നതെന്നതിന്‌ ഒരു ഉറപ്പുമില്ല. ഇങ്ങനെ പോയാൽ പാലം എത്ര കാലം എന്നതും ജ്യോതിഷഭാഷയിൽ ചിന്ത്യം തന്നെ!
ഈ ചുറ്റുവട്ടത്തൊന്നും കുടിവെള്ളമില്ല. ഓർക്കണം, മഴ കഷ്ടിയായിരുന്ന ഇക്കഴിഞ്ഞ വർഷകാലത്തുപോലും കേരളത്തിനു മുഴുവൻ കുടിക്കാൻ വേണ്ട വെള്ളം ഈ ഒരു പുഴയിലൂടെ മാത്രം കടലിലേക്കു പോയി!
അമ്പതാണ്ടു മുമ്പ്‌, ഒരു പദ്ധതിയും ഇല്ലാതിരുന്ന കാലത്ത്‌, ഇവിടെ ആറായിരം ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്നു. ഇപ്പോൾ നിറപുത്തരിക്കു കൊയ്യാൻ അരയേക്കറിൽ പോലും നെൽകൃഷി ഇല്ല! നെല്ലെന്നല്ല ഒരു കൃഷിയും ഇല്ല. അത്രക്കു വികസിച്ചു, ഈ ഗ്രാമം!
ആകട്ടെ ഇപ്പോൾ പുഴയിൽ വെള്ളമില്ലെന്നിരിക്കെ ചോർച്ച വല്ല കളർ-ട്രേയ്സിങ്ങും ഉപയോഗിച്ച്‌ കൃത്യമായി കണ്ടെത്താവുന്നതാണ്‌. അതിന്‌ ഒരു വിധ ശ്രമവും നടക്കുന്നില്ല. ഇ ശ്രീധരനെപ്പോലെ വിവരമുള്ള ആരെയെങ്കിലുമൊന്നു വിളിച്ച കാണിച്ച്‌ ദുഃസ്ഥിതിക്കു പരിഹാരം കാണാവുന്നതല്ലെ? ചോർച്ച മാറ്റാൻ ഇന്ദ്രജാലമൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കോൺക്രീറ്റ്‌ തൂണുകളോ ഇരിമ്പുപ്ലേറ്റുകളോ ഉപയോഗിച്ച്‌ പെയിലിങ്ങ്‌ നടത്തിയോ വെറും സിമൻറ ്‌ ഗ്രൗട്ട്‌ ഉയർന്ന മർദ്ദത്തിൽ ഇൻജെക്റ്റ്‌ ചെയ്തോ ചോർച്ച അടയ്ക്കാമെന്ന്‌ ഏതെങ്കിലും ഒരു സിവിൽ എൻജിനീയറിങ്ങ്‌ ഡിപ്ലോമക്കാരനോടു ചോദിച്ചാൽ അറിയാം!
അല്ല, ഇനിയും കുറെ പണം സാധാരണ സർക്കാർ മുറകളിൽ പല പോക്കറ്റുകളിൽ പോയേ തീരൂ എന്നാണെങ്കിൽ അങ്ങനെയാകട്ടെ, എന്തുകൊണ്ട്‌ അതും ചെയ്യുന്നില്ല? ഒരു പ്രദേശത്തെ മുഴുവൻ ഒരു പദ്ധതിയുടെ പേരിൽ കൊന്നവർ ഈ ശ്മശാനത്തിലൂടെ നിത്യേന തേരാപാരാ കടന്നുപോകുന്നുമുണ്ട്‌, കണ്ടിട്ടും കണ്ടു എന്നു ഭാവിക്കാതെ.
ഇതിലേറെ കഷ്ടമാണ്‌ വൈദ്യുതിയുടെ കഥ. ഉൽപാദിപ്പിക്കുന്നതിൽ എത്ര ശതമാനമാണ്‌ ഉപഭോക്താവിനു കിട്ടുന്നതെന്ന്‌ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? പാതിമുക്കാലും വഴിനഷ്ടമാണ്‌. ലൈൻ ലോസ്‌ എന്നാണ്‌ സാങ്കേതികനാമം. ഓരോ വർഷവും നാം തൈകൾ വനമഹോത്സവമായി നടുകയും അവ കമ്പിയിൽ തൊടുന്നതിനാൽ ശിരച്ഛേദം ചെയ്യുകയും ചെയ്യുന്നു! രണ്ടിനും വേറെവേറെ ഫണ്ടുണ്ട്‌. ചെമ്പുകമ്പി മാറ്റി അലൂമിനിയമാക്കിയപ്പോഴേ വഴിനഷ്ടം ഇരട്ടിയായി. ചെമ്പിനുള്ളതിെ‍ൻറ ഇരട്ടിയാണ്‌ അലൂമിനിയത്തിന്‌ പ്രവാഹപ്രതിരോധം. പ്രതിരോധത്തിെ‍ൻറ തൻപെരുക്കത്തിന്‌ ആനുപാതികമാണ്‌ ചൂടായി പാഴാകുന്ന വൈദ്യുതി.
എന്നിട്ടിപ്പോൾ വിതരണത്തിനു തികയാത്തതിനാൽ അതിരപ്പിള്ളികൂടി വേണംപോലും! വനനശീകരണംകൊണ്ട്‌ മൊട്ടയായ കുന്നുകളിൽ പെയ്യുന്ന മഴ ഉടനടി ഒലിച്ചിറങ്ങി കടലിൽ എത്തുന്നതിനാൽ വേനലിൽ എവിടെയുണ്ടാകാനാണ്‌ പദ്ധതിപ്രദേശത്ത്‌ കറന്റുൽപാദിപ്പിക്കാൻ വെള്ളം? സന്തുലിത ജൈവാവസ്ഥയുടെ ഒരു ഭാഗംകൂടി ശ്മശാനഭൂമിയായിട്ട്‌, ആയിരക്കണക്കിന്‌ കോടി പണവും പാഴായിട്ട്‌, ആർക്കെന്തു ഗുണമാണ ്‌ ഉണ്ടാകാൻ പോകുന്നത്‌?
ഈ നാടിെ‍ൻറ ഹൃദയം, കരൾ, ആമാശയം, തലച്ചോർ എന്നിങ്ങനെ നിർണായകങ്ങളായ അവയവങ്ങളുടെ നിജസ്ഥിതി എന്താണെന്ന്‌ ആലോചിക്കാൻ ആർക്കും ബാദ്ധ്യത ഇല്ലേ? അരയും തലയും മുറുക്കി ഇറങ്ങിയില്ലെങ്കിൽ ഒരു കാര്യം തീർച്ചയാണ്‌ – ജനാധിപത്യവ്യവസ്ഥിതിയിലൂടെ ഇവിടെ നിലവിൽ വരുന്ന അവസാനത്തെ സർക്കാരായിരിക്കും ഇത്‌. അറിഞ്ഞില്ലെന്നു വേണ്ട!

  Categories:
view more articles

About Article Author