ഓർമകളുടെ പ്രഭാവലയത്തിൽ ഓർമനഷ്ടപ്പെട്ടവരേയും ചേർത്ത്‌ നിർത്താം

ഓർമകളുടെ പ്രഭാവലയത്തിൽ ഓർമനഷ്ടപ്പെട്ടവരേയും ചേർത്ത്‌ നിർത്താം
September 21 05:10 2016
  • ഇന്ന്‌ ലോക അൽഷിമേഴ്സ്‌ ദിനം

രാജേഷ്‌ രാജേന്ദ്രൻ
ഇന്ന്‌ സെപ്റ്റംബർ 21, ലോക അൽഷിമേഴ്സ്‌ ദിനം അഥവാ മറവിരോഗദിനം. മനുഷ്യന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനമായ ഒന്നാണ്‌ ഓർമകൾ സൂക്ഷിക്കാനുമുള്ള കഴിവ്‌. ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മാരകരോഗമായ ക്യാൻസർ ബാധിച്ച്‌ വേദനയോട്‌ മല്ലടിക്കുന്ന രോഗികൾക്കുപോലും ബന്ധുക്കളുടേയോ സുഹൃത്തുക്കളടേയോ സാന്ത്വനവാക്കുകൾ ഒരു പരിധിവരെയെങ്കിലും ആശ്വാസമേകും. എന്നാൽ അൽഷിമേഴ്സ്‌ രോഗം ബാധിച്ച രോഗിക്ക്‌ ബന്ധുക്കളുടേയോ മിത്രങ്ങളുടേയോ വാക്കുകൾ ആശ്വാസമാകില്ല. കാരണം അവരുടെ ബോധമണ്ഡലത്തിൽ നിന്നും ഓർമ ചെറുതരിപോലും അവശേഷിപ്പിക്കാതെ പടിയിറങ്ങിയിട്ടുണ്ടാവാം.
നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണവുമാകുന്ന രോഗമാണ്‌ അൽഷിമേഴ്സ്‌. പൊതുവിൽ 65 വയസിനുമുകളിലുള്ളവരിലാണ്‌ കണ്ടുവരുന്നതെങ്കിലും ഈ അടുത്തകാലത്തായി പ്രായംകുറഞ്ഞവരിലും ഈ രോഗം കണ്ടുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽഷിമേഴ്സ്‌ ഒരു മറവിരോഗമാണ്‌. കാര്യങ്ങൾ ഓർമിക്കാനും വിചിന്തനം ചെയ്യാനും മനസിലാക്കാനുമുള്ള മനസിന്റെ കഴിവുകൾ നഷ്ടമാകുന്നു എന്നതാണ്‌ ഈ രോഗത്തിന്റെ മുഖ്യാവസ്ഥ. ഈ രോഗം മേധാക്ഷയം എന്നറിയപ്പെടുന്നു. 1906 ൽ ഡോ. അലോയിസ്‌ അൽഷിമർ എന്ന ജർമൻ ഡോക്ടറാണ്‌ ഈ രോഗം ആദ്യമായി കണ്ടുപിടിച്ചത്‌. ഈ രോഗം വരുന്നതിന്റെയോ രോഗത്തിന്റെ കാഠിന്യം വർധിക്കുന്നതിന്റെയോ കാരണങ്ങൾ ഇപ്പോഴും വൈദ്യശാസ്ത്രത്തിന്‌ അന്യമാണ്‌. ജനിതകവും പാരിസ്ഥിതികവുമായ കാര്യങ്ങളും ഈ രോഗത്തിന്‌ ആധാരമായേക്കാമെന്നു കരുതപ്പെടുന്നു. തലച്ചോറിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ മൂലം അതിന്റെ പ്രവർത്തനങ്ങൾ താറുമാറാവുകയും ക്രമേണ മനസിന്റെ കഴിവുകൾ നിരന്തരമായി നഷ്ടമാവുകയും ചെയ്യുന്നതായി ഡോ. അലോയിസ്‌ അൽഷിമർ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. രോഗി ഓർമകളുടെ ലോകത്ത്‌ നിന്ന്‌ ക്രമേണ അകലുന്നു. ഒടുവിൽ കേൾക്കുന്ന ശബ്ദമോ, ദൃശ്യമോ, രാത്രിയെന്നോ പകലെന്നോ എന്തിന്‌ സ്വന്തം ദേഹംപോലും മറന്ന്‌ ഭയാനകമായ ഒരു സ്ഥിതിയിലേക്ക്‌ രോഗി എത്തപ്പെടുന്നു. ഇവിടെയാണ്‌ അൽഷിമേഴ്സ്‌ എന്ന രോഗത്തിന്റെ തീവ്രത.
ഒരു കാര്യത്തിലും താൽപര്യമില്ലായ്മ, ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്‌, ഓർമക്കുറവ്‌, സാധാരണ ചെയ്യുന്ന ദിനചര്യകൾ ചെയ്യാൻ കഴിയാതെ വരിക, ആലോചിച്ച്‌ കാര്യങ്ങൾ മനസിലാക്കുവാനുള്ള കഴിവുകൾ നഷ്ടമാവുക, നിത്യം ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെയെങ്കിലും വച്ച്‌ മറക്കുക, ഒടുവിൽ സ്ഥലകാലബോധം നഷ്ടമാകുന്ന രീതിയിലേക്കെത്തുമ്പോൾ അത്‌ മറവിരോഗ ലക്ഷണമായി കണക്കാക്കാം.
ഓരോ രോഗികളിലും വിഭിന്ന ലക്ഷണങ്ങളാണ്‌ കണ്ടുവരുന്നത്‌. വർഷങ്ങൾക്ക്‌ മുമ്പുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ തൊട്ടടുത്ത ദിവസം നടന്ന കാര്യം ചിലപ്പോൾ ഓർമയിൽ വന്നില്ലെന്നിരിക്കാം. ഈ ലക്ഷണ വൈരുധ്യം രോഗനിർണയത്തെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. പുതിയ ഓർമകൾ രൂപപ്പെടുന്ന ടെമ്പറൽ ദളങ്ങൾ, ഹിപ്പോകമ്പസ്‌ എന്നിവയിലാണ്‌ ആദ്യഘട്ടത്തിൽ തകരാറുണ്ടാകുന്നത്‌. പിന്നീട്‌ കോർട്ടക്സ്‌ ചുരുങ്ങുന്നതിന്റെ ഫലമായി ചിന്താശേഷി, ആസൂത്രണം, ഓർമ എന്നിവ നശിച്ചുതുടങ്ങുന്നു. പതുക്കെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ താറുമാറാകുന്നു. ഒടുവിൽ മരണത്തിന്റെ അമ്മത്തൊട്ടിലിലേയ്ക്ക്‌. ലോകത്ത്‌ ഏകദേശം നാലുകോടിയോളം അൽഷിമേഴ്സ്‌ ബാധിതരുണ്ടെന്നാണ്‌ കണക്ക്‌. ഇന്ത്യയിൽ ഏകദേശം 31 ലക്ഷത്തിലധികമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.
രോഗികളായ ഉറ്റവരോടും സഹജീവികളോടും സ്നേഹമുള്ള പരിചരണവും തങ്ങളെക്കൊണ്ടാകുന്ന സഹായ-സഹകരണങ്ങളുമായി നമുക്കോരോരുത്തർക്കും ഓർമയുടെ വസന്തത്തിൽ നിന്നും പടിയിറങ്ങിയ അൽഷിമേഴ്സ്‌ രോഗികൾക്കായി കൈകോർത്ത്‌ പിടിക്കാം.

  Categories:
view more articles

About Article Author