ഓർമ്മശക്തി നിലനിർത്താൻ നല്ല രീതികൾ, നല്ല ഭക്ഷണം

ഓർമ്മശക്തി നിലനിർത്താൻ നല്ല രീതികൾ, നല്ല ഭക്ഷണം
December 06 04:45 2016

ഡോ. റഹീനാഖാദർ
ഒരു പ്രായം കഴിയുന്നതോടെ മറവി എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്‌. ചില പ്രത്യേക ഭക്ഷണ കൂട്ടുകൾ തലച്ചോറിന്‌ സൗഹൃദഭക്ഷണങ്ങളായി മാറുമെന്ന്‌ ചിക്കാഗോയിലെ റഷ്‌ സർവകലാശാല നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അവരുടെ നിഗമനങ്ങളനുസരിച്ച്‌ നിത്യാഹാരത്തിൽ 600-700 ഗ്രാം ഇലക്കറികൾ ഉൾപ്പെടെയുള്ള വിവിധ പച്ചക്കറികൾ, 100-200 ഗ്രാം വരെ പഴവർഗങ്ങൾ (പ്രമേഹരോഗികൾക്കും രണ്ടുതരം പഴങ്ങൾ ആകാം-പേരക്ക, പപ്പായ, തക്കാളി, ആപ്പിൾ) രണ്ട്‌ നെല്ലിയ്ക്ക, മഞ്ഞനിറത്തിലുള്ള പച്ചക്കറി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണമെന്നാണ്‌. ബ്ലൂബെറി, സ്ട്രാബെറി എന്നിവയും ഉത്തമമാണ്‌. പാശ്ചാത്യരാജ്യങ്ങളിൽ സുലഭമായിട്ടുള്ള ഒലിവ്‌ ഓയിലാണ്‌ അവർ നിർദേശിക്കുന്നത്‌. എന്നാൽ നമ്മുടെ നാട്ടിലെ തവിടെണ്ണ അതിനു പകരമാണ്‌. പക്ഷേ ശുദ്ധമായ തവിടെണ്ണയാണോ വിപണിയിൽ ലഭ്യമാകുന്നതെന്ന്‌ മാത്രം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുഴുധാന്യങ്ങൾ (മൈദാ കൊണ്ടുള്ള വിഭവങ്ങളല്ല) ബീൻസ്‌, കടല തുടങ്ങിയ പയറുവർഗങ്ങൾ, കറിവച്ച മത്സ്യങ്ങൾ ഉപയോഗിക്കണമെന്നും അവർ പറയുന്നു. ജീവകം ‘ഇ’, ജീവകം ‘സി’ എന്നിവയുടെ സ്രോതസുകളായ മുഴുധാന്യങ്ങളും ധാരാളം പച്ചക്കറികളും പ്രത്യേകം നിർദേശിക്കുന്നു. പ്രായമായവർ ഇവ ഗുളികരൂപത്തിൽ കഴിക്കേണ്ടിവരും. ആഗിരണവും ഉപാപചയവും കുറവായതുകൊണ്ടാണത്‌. ഒമേഗാ-3 അടങ്ങിയിട്ടുള്ള ചാള, ചൂര, സാൽമൺ മത്സ്യങ്ങൾ കറിവച്ചതോ പ്ലാക്സ്‌ കുരുക്കൾ വറുത്തുപൊടിച്ചതോ കഴിച്ചാൽ ഒമേഗാ-3 ലഭിക്കും.
ചിലപ്പോഴൊക്കെ ഓർമ്മ നശിക്കുന്നതായി എല്ലാവർക്കും തോന്നുന്നുണ്ടാകാം. ശാസ്ത്രീയമായി പറയുന്നത്‌ 30 വയസുമുതൽ ഓർമ്മ കുറഞ്ഞുതുടങ്ങുന്നു എന്നാണ്‌. 65 വയസ്‌ കഴിഞ്ഞവരിൽ 15 ശതമാനം ആളുകൾ ‘അൾഷിമേഴ്സ്‌’ എന്ന മറവിരോഗമുള്ളവരാണ്‌ എന്നാണ്‌ കണക്കുകൾ. വയോധികരുടെ എണ്ണം കൂടിവരുന്ന ഇന്ന്‌ ഇത്‌ പ്രത്യേക പരിഗണന അർഹിക്കുന്നു.
‘ന്യൂറോളജി ആർക്കിവ്സി’-ൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട്‌ അനുസരിച്ചു ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ള ജീവകം ‘എ’, ‘സി’ ഇ എന്നിവ തലച്ചോറിലെ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന ‘ഫ്രീറാഡിക്കിൾസു’കളെ പ്രതിരോധിച്ച്‌ ‘അൾഷിമേഴ്സി’നെ പ്രതിരോധിക്കുന്നു എന്നാണ്‌.
നാം ദിവസവും പച്ചക്കറികൾ കഴിക്കുന്നതുകൊണ്ട്‌ മാത്രമായില്ല. 20-30 ശതമാനം ജീവകം ‘സി’യും ‘ബി’യും തെറ്റായ പാചകരീതി മൂലം നഷ്ടപ്പെട്ടുപോകുന്നു. വെള്ളവും ചൂടും വെയിലും ഈ ജീവകങ്ങളെ നശിപ്പിക്കുന്നു. പച്ചക്കറികൾ അരിയുന്നതിനു മുമ്പ്‌ കഴുകുക, വലിയ കഷ്ണങ്ങളായി അരിയുക, തിളച്ചവെള്ളത്തിൽ പച്ചക്കറികൾ പാകം ചെയ്യാനിടുക, ഒരുപാട്‌ വെന്തുപോകാതെയും ആവശ്യത്തിനുമാത്രം വെള്ളം ഉപയോഗിച്ചും പാചകം ചെയ്യുക എന്നിവ ജീവകനഷ്ടം പരിഹരിക്കുന്നു. ഹോമോസിസ്റ്റിൻ എന്ന മാംസഘടകം രക്തത്തിൽ കൂടുകയാണെങ്കിൽ ഇത്‌ തലച്ചോറിന്റെ പ്രവർത്തനങ്ങളെ തടയുന്നു. മാംസാഹാരം എത്ര കുറയ്ക്കുന്നുവോ അത്രയും നന്ന്‌. പൊരിച്ചമത്സ്യവും മാംസവും ആഹാരത്തിൽ നിന്ന്‌ ഒഴിവാക്കുക.
കട്ടൻചായയും ഗ്രീൻ റ്റീയും (ഒരുദിവസം മൂന്ന്‌ കപ്പുമാത്രം) കഴിക്കുന്നത്‌ തലച്ചോറിനെ പ്രതികുലമായി ബാധിക്കുന്ന ഒരു എൻസൈമിനെ നശിപ്പിക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിനും ഉപകരിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.
തലച്ചോറിനെ എപ്പോഴും ചോദ്യം ചെയ്യുന്ന ജോലികളിൽ ഏർപ്പെടുന്നതും ഓർമ്മശക്തി നിലനിർത്തും. പ്രായമാകുന്നതോടെ ഒരാൾ തലച്ചോറിന്റെ പത്തുശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നാണ്‌ ശാസ്ത്രീയ നിഗമനം. പത്രങ്ങളിൽ വരുന്ന ക്രോസ്‌ വേർഡ്‌-പദാവലി-ചീട്ടുകളി, കമ്പ്യൂട്ടർ കളി, മതഗ്രന്ഥങ്ങളുടെ അർഥം മനസിലാക്കി-സ്ഫുടതയോടുള്ള പാരായണം-ഇവയൊക്കെ ചെയ്യുമ്പോൾ തലച്ചോറിന്‌ ജോലി ചെയ്യേണ്ടതായി വരുന്നു. പുതിയ ഒരു ഭാഷ പഠിക്കുക, ഏതെങ്കിലും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിക്കുക, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, റസിഡന്റ്സ്‌ സംഘടനകളിൽ ഭാഗഭാക്കാകുക, മറ്റുള്ളവരെ സഹായിക്കുവാനുള്ള സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുക എന്നിവയും മനസിനേയും തലച്ചോറിനേയും പ്രവർത്തനനിരതമാക്കുന്നു. ദിവസവും അൽപ്പനേരം പ്രായത്തിനനുസൃതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നതും തലച്ചോറിലേയ്ക്കുള്ള രക്തപരിചംക്രമണത്തെ സഹായിക്കുന്നു.
മധുരപലഹാരങ്ങൾ, കൊഴുപ്പള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ശീതള പാനീയങ്ങൾ, വറുത്ത പലഹാരങ്ങൾ ഇവയൊക്കെ ഒഴിവാക്കണം. എല്ലാ ദിവസവും അഞ്ചോ ആറോ കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, വാൾനട്ട്‌, ബദാം, ഉണങ്ങിയ മുന്തിരി എന്നിവ കഴിക്കുന്നത്‌ ഓർമ്മശക്തി നിലനിർത്തും. നമ്മുടെ ആയുർവേദം ബ്രഹ്മിയുടെ ഉപയോഗം എടുത്തുപറയുന്നുണ്ട്‌.
ആരോഗ്യമെന്നു പറയുന്നത്‌ രോഗമില്ലായ്മ അല്ല. എന്നാൽ ശരീരത്തിനും മനസിനും ഉപകാരപ്രദമായ രീതികൾ ആവിഷ്കരിച്ചാൽ മാത്രമേ ആരോഗ്യം കൈവരിക്കുകയുള്ളൂ. 37 ശതമാനത്തോളം ആളുകൾ മാനസിക പിരിമുറുക്കത്തിലാണ്‌ ജീവിക്കുന്നതെന്നാണ്‌ മറ്റൊരു പഠനം പറയുന്നത്‌. പിരിമുറുക്കം, വിഷാദദരോഗത്തിലേയ്ക്കും വിഷാദരോഗം, അൾഷിമേഴ്സ്‌ എന്ന മറവിരോഗത്തിലും ചെന്നുചേരുന്നു എന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. അൾഷിമേഴ്സ്‌ ഉള്ള രോഗികളിൽ ബി 12 ജീവകങ്ങളുടെ കുറവ്‌ കാണാറുണ്ട്‌. സസ്യജന്യമായ ഭക്ഷണങ്ങളിൽ ഇതു കുറവായതുകൊണ്ട്‌ ഗുളികകൾതന്നെ കഴിക്കേണ്ടിവരുന്നു. ചിട്ടയായ ശീലങ്ങളോടെയുള്ള ജീവിതം ഓർമ്മശക്തി നിലനിർത്തുമെന്നത്‌ തീർച്ചയാണ്‌.

  Categories:
view more articles

About Article Author