ഔഷധ സസ്യങ്ങൾ കൊണ്ടൊരു പൂന്തോട്ടം

ഔഷധ സസ്യങ്ങൾ കൊണ്ടൊരു പൂന്തോട്ടം
May 13 04:45 2017

ആരോഗ്യ സംരക്ഷണത്തിൽ പ്രധാന സ്ഥാനം ഔഷധ സസ്യങ്ങൾക്കുണ്ട്‌. ഒരു കാലത്ത്‌ കേരളം ഔഷധ സസ്യങ്ങളുടെ ഒരു കലവറയായിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ നമ്മുടെ സംസ്ഥാനത്തുനിന്ന്‌ ഔഷധ സസ്യങ്ങൾ അതിവേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ചില സസ്യങ്ങൾ വംശനാശത്തിന്റെ ഭീഷണിയിലായിരിക്കുകയാണ്‌. ഇതിനു പരിഹാരമായി ഔഷധ സസ്യകൃഷി വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. പലയിനം ഔഷധസസ്യങ്ങളും ഉദ്യാനങ്ങൾക്ക്‌ അലങ്കാരമായി നട്ടുപിടിപ്പിക്കാവുന്നതാണ്‌.
സാധാരണയായി വന്യാവസ്ഥയിൽ കണ്ടുവരുന്ന നിരവധി ഔഷധസസ്യങ്ങളെ ഗൃഹാങ്കണങ്ങളിലെ ആകർഷകമായ ഉദ്യാനസസ്യമായി വളർത്തിയെടുക്കുവാൻ സാധിക്കും. ഉദ്യാനത്തിന്‌ ശോഭ വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ വർണം, രൂപം, ആകൃതി വിശേഷം മുതലായവ നൽകുന്ന വിവിധതരം ഔഷധ സസ്യങ്ങൾ ഉദ്യാനത്തിൽ വളർത്താവുന്നതാണ്‌. ഇത്‌ വീടിന്മോടി കൂട്ടുകയും മാനസികമായ ഉല്ലാസത്തിനും സന്തോഷത്തിനും കാരണമാകുകുയും ചെയ്യും. ഈ ഉദ്യാനങ്ങൾ നമ്മുടെ പരിസരത്തെ ഔഷധ സമ്പന്നമാക്കുകയും ഗൃഹചികിത്സക്കാവശ്യമായ ഔഷധസസ്യങ്ങൾ നൽകുകയും കുടുംബത്തിന്റെ വരുമാനം വർധിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യും.
ഉദ്യാനത്തിന്റെ പ്രധാന ഘടകങ്ങളായ മരങ്ങൾ, കുറ്റിച്ചെടികൾ, വാർഷിക സസ്യങ്ങൾ, പച്ചപ്പുൽത്തകിടി, മുള, കള്ളിമുൾച്ചെടികൾ, വേലി, പാതയോരങ്ങളിലുള്ള ചെറിയ വേലി, പൂമെത്ത, തൂക്കുചട്ടികൾ, പടർന്നുവളരുന്ന ചെടികൾ, ഉദ്യാനത്തിന്റെ കവാടത്തിനു മുകളിൽ വളച്ചു പടർത്തി വളർത്തുന്ന ചെടികൾ, കൃതിമപാറ അഥവാ ശിലോദ്യാനം, താമരക്കുളം, പല ആകൃതിയിൽ മുറിച്ചുവളർത്തുന്ന സസ്യങ്ങൾ, കുള്ളൻവൃക്ഷങ്ങൾ മുതലായവ നിർമിക്കുവാൻ പറ്റിയ പലയിനം ഔഷധസസ്യങ്ങൾ ലഭ്യമാണ്‌. ഈ സസ്യങ്ങൾ ഉപയോഗിച്ച്‌ നല്ല ആകർഷകമായ ഉദ്യാനം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.
നല്ല പച്ചത്തഴപ്പ്‌ കൊണ്ടും ഇലകളുടെ ആകൃതിവിശേഷം കൊണ്ടും ക്രമീകരണം കൊണ്ടും ആകർഷിക്കപ്പെടുന്ന തൂജ, ഞാവൽ, അണലിവേഗം മുതലായ ഔഷധസസ്യങ്ങൾ ഇലകളുടെ ഭംഗിക്കുവേണ്ടിയും നല്ല ആകർഷകമായ പൂക്കളുള്ള അശോകം, കണിക്കൊന്ന, രാജമല്ലി, മന്ദാരം മുതലായവയും തണൽ നൽകുന്ന മരങ്ങളായ വേപ്പ്‌, കരിങ്ങാലി, നെല്ലി മുതലായവയും ഉദ്യാനത്തിൽ വച്ചുപിടിപ്പിക്കാവുന്നതാണ്‌. പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന കുറ്റിച്ചെടികളായ ചെത്തി, ചെമ്പരത്തി, കൊടുവേലി, നന്ദ്യാർവട്ടം, മാതളനാരകം മുതലായവ ഉദ്യാനത്തിന്‌ വർണഭംഗി വർധിപ്പിക്കുന്നവയാണ്‌.
നയനാകർഷകമായ പച്ചപ്പുൽ തകിടികൾ കറുകപ്പുല്ല്‌ ഉപയോഗിച്ചും നിർമിക്കാവുന്നതാണ്‌. ചുരുങ്ങിയ കാലം മാത്രം നിൽക്കുന്ന നിത്യകല്യാണി, അക്രാവ്‌, കോഴിവാലൻ മുതലായവ ഉപയോഗിച്ചുള്ള പൂമെത്ത ഉദ്യാനത്തിന്‌ മോടി കൂട്ടുന്നവയാണ്‌. പടർന്നു വളരുന്ന ശംഖുപുഷ്പം, ശതാവരി, വാൽമുതക്ക്‌, സോമലത, വെളുത്തുള്ളി വള്ളി, ഗോളാകൃതിയിൽ കിഴങ്ങുകളുള്ള മേന്തോന്നി മുതലായവയും ഉദ്യാനത്തിന്‌ മോടി കൂട്ടുന്നവയാണ്‌. പടർന്നുവളരുന്ന ശംഖുപുഷ്പം, ശതാവരി, പാൽമുതക്ക്‌, സോമലത, വെളുത്തുള്ളി വള്ളി, ഗോളാകൃതിയിൽ കിഴങ്ങുകളുള്ള മേന്തോന്നി മുതലായവയും ഉദ്യാനത്തിൽ ഉൾപ്പെടുത്താവുന്നതാണ്‌.
ഉദ്യാനത്തിനുചുറ്റും ഔഷധസസ്യങ്ങൾകൊണ്ടുതന്നെ വേലിയുണ്ടാക്കാം ആടലോടകം, ചെറുതേക്ക്‌, കരിനൊച്ചി തുടങ്ങിയവ വേലിയായി വളർത്താം. ഇടയ്ക്കിടെ വേലിക്കാലായി പതിമുഖവും ഇവയിൽ കയർ വരിഞ്ഞതുപോലെ ശതാവരിയും പടർത്തി വളർത്താം.
ഉദ്യാനത്തിനകത്ത്‌ പാതയോരങ്ങളിൽ കുറ്റിച്ചെടികൾ ഉപയോഗിച്ച്‌ ചെറിയ വേലികൾ ഉണ്ടാക്കുവാൻ മയിലാഞ്ചി ഉപയോഗിക്കാം. മാൻ, മയിൽ, മുയൽ മുതലായ പല ആകൃതികളിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന ടോപ്പയേരി (്ു‍ശമൃ്യ‍) എന്നറിയപ്പെടുന്ന അലങ്കാരത്തിനുയോജിച്ച ഔഷധസസ്യങ്ങളാണ്‌ തൂജ, മയിലാഞ്ചി മുതലായവ.
ഉദ്യാനത്തിലുള്ള മരങ്ങൾക്ക്‌ ചുറ്റുമുള്ള തറ 1530 സെന്റീമീറ്റർ ഉയരത്തിൽ സിമന്റുകൊണ്ട്‌ കെട്ടിയെടുത്ത്‌ അതിൽ പൂച്ചട്ടികളിൽ വളർത്തിയ ചെടികൾ അടുക്കിവെക്കുന്ന രീതിയാണ്‌ ട്രോപ്പി (്ീ‍ു‍വ്യ) എന്ന പേരിൽ അറിയപ്പെടുന്നത്‌. തണൽ ഇഷ്ടപ്പെടുന്നവയും പൂച്ചട്ടികളിൽ വളർത്താവുന്നതുമായ ആരോഗ്യപ്പച്ച, പനികൂർക്ക, അക്രാവ്‌, സർപ്പഗന്ധി, കച്ചോലം, ബ്രഹ്മി, അരുത, രംഭ, തിപ്പലി മുതലായവ ഇതിനായി ഉപയോഗിക്കാം.
പ്രകൃതിദത്തമായ പാറക്കെട്ടുകളും കല്ലുകളിൽ ഇടകലർന്ന്‌ വളർന്നു നിൽക്കുന്ന വൃക്ഷലതാദികൾ അടങ്ങുന്ന ദൃശ്യമാണ്‌ റോക്കറി അഥവാ ശിലോദ്യാനം. ഔഷധ സസ്യങ്ങളായ കറ്റാർവാഴ, കള്ളിമുൾച്ചെടികൾ, മരൾ മുതലായവ ശിലോദ്യാനത്തിന്‌ യോജിച്ചവയാണ്‌. കുള്ളൻ വൃക്ഷങ്ങളായി അരയാൽ, പേരാൽ മുതലായവ വളർത്തി ഉദ്യാനത്തിന്റെ മോടി വർധിപ്പിക്കാം. ഔഷധോദ്യാനം നിർമിക്കുന്നത്‌ മാനസികോല്ലാസത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും സഹായകരമാകും. ഒഴിവുവേളകളിൽ ഉദ്യാനപരിപാലനം ഏറ്റവും നല്ല വിനോദോപാദിയാണ്‌.
ഔഷധോദ്യാനത്തിന്‌ ഉപയോഗിക്കാവുന്നവ: ഇലകളുടെ ഭംഗിക്കായി വളർത്താവുന്ന മരങ്ങൾ (തൂജ, യൂക്കാലിപ്റ്റസ്‌, രാമനാമപ്പച്ച, സൗഹൃദച്ചീര, അണലിവേഗം, ഞാവൽ, കായം), ആകർഷകമായ പൂക്കൾ ഉള്ള മരങ്ങൾ (അശോകം, കണിക്കൊന്ന, രാജമല്ലി, മന്ദാരം), തണൽ നൽകുന്ന മരങ്ങൾ (ചന്ദനം, രക്തചന്ദനം, നെല്ലി വേപ്പ്‌), കുറ്റിച്ചെടികൾ (ചെമ്പരത്തി, മാതളനാരകം, അരളി, ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ചെത്തി, ചിറ്റാടലോടകം), വേലി (ചിക്കൂർമാനിസ്‌, ആടലോടകം, പതിമുഖം, അമുക്കുരം, ബ്രഹ്മി, കച്ചോലം, തിപ്പലി, സർപ്പഗന്ധി, കരിനൊച്ചി), പാതയോരങ്ങളിലുള്ള ചെറിയവേലി (മെയിലാഞ്ചി, തൂജ), പൂമെത്ത (ശവനാറി, അക്രാവ്‌, നാലുമണിച്ചെടി), ചെടിച്ചട്ടിയിൽ വളർത്തുന്നവ (ആരോഗ്യപ്പച്ച, അരുത, വയമ്പ്‌, ആഫ്രിക്കൻ മല്ലി, പനിക്കൂർക്ക, പുളിയാറില), പടർന്നു വളരുന്നവ (സോമലത, ശതാവരി, പാൽമുതക്ക്‌, ശംഖുപുഷ്പം, വെളുത്തുള്ളി വള്ളി, ഈശ്വരമൂലി, ചക്കരക്കൊല്ലി, ചങ്ങലംപരണ്ട, മേന്തോന്നി), പുൽത്തകിടി( കറുകപ്പുൽ), ശിലോദ്യാനത്തിനു യോജിച്ചത്‌ (കറ്റാർവാഴ, കള്ളിച്ചെടികൾ, മരൾ), കുള്ളൻ വൃക്ഷങ്ങൾ (അരയാൽ, പേരാൽ).

  Categories:
view more articles

About Article Author