Friday
19 Jan 2018

‘കടലിരമ്പുന്ന ശംഖില്‍’ ഓര്‍മകള്‍ നിറഞ്ഞു

By: Web Desk | Friday 16 June 2017 1:53 AM IST

 

കൊല്ലം: തിങ്ങിനിറഞ്ഞ കൊല്ലം പ്രസ്‌ക്ലബ് ഹാള്‍. വല്ലാത്തൊരു നിശബ്ദത ഘനീഭവിച്ചുകിടന്നു. ക്ഷണിച്ചും ക്ഷണിക്കപ്പെടാതെയും പലപല ദേശങ്ങളില്‍ നിന്ന് ചാത്തന്നൂര്‍ മോഹനെ ഹൃദയത്തോട് ചേര്‍ത്തവര്‍ ഓര്‍മകളുടെ കൂടുംപേറിയെത്തി. പിന്നെ ‘കടലിരമ്പുന്ന ശംഖി’ല്‍ ഓര്‍മകള്‍ നിറഞ്ഞ് തൂവി.
ചാത്തന്നൂര്‍ മോഹന്റെ ഒന്നാംചരമവാര്‍ഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ചടങ്ങ് വികാരനിര്‍ഭരമായിരുന്നു. ചാത്തന്നൂര്‍ മോഹന്‍ എന്ന സുഹൃത്തിനെ, കവിയെ, ഗാനരചയിതാവിനെ, പാട്ടുകാരനെ, പത്രപ്രവര്‍ത്തകനെ, മനുഷ്യസ്‌നേഹിയെ അവര്‍ വാക്കുകളില്‍ ഓര്‍ത്തെടുത്തു. കവി ചവറ കെ എസ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ ചടങ്ങ് കഥാകാരന്‍ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ ഒരു മനസ് കവിതയിലും ജീവിതത്തിലും സൂക്ഷിച്ച വ്യക്തിയായിരുന്നു ചാത്തന്നൂര്‍ മോഹനെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. അഭിജാതമായ, കുലീനമായ എന്തോ ഒന്ന് അദ്ദേഹത്തിന്റെ കവിതയില്‍ ഉണ്ടായിരുന്നു. മലയാളകവിതയുടെ യൗവനത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിവുള്ള കവിയായിരുന്നു മോഹന്‍. വാക്കുകള്‍ ഹൃദയത്തിലൂടെ ഒഴുക്കിയ, സംഗീതസാന്ദ്രമായ അനുഭവമായിരുന്നു മോഹന്‍ കവിതകളെന്ന് പെരുമ്പടവം അനുസ്മരിച്ചു.
കവിതയില്‍ വ്യത്യസ്തനായിരുന്നു ചാത്തന്നൂര്‍ മോഹനെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ചവറ കെ എസ് പിള്ള പറഞ്ഞു. കടലിരമ്പുന്ന ശംഖാണ് ജീവിതമെന്ന് കവിതയിലൂടെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. തനിക്ക് എന്തുകിട്ടും എന്നതിലുപരി തനിക്ക് എന്ത് കൊടുക്കാന്‍ കഴിയും എന്ന് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു മോഹനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്റെ അകവും പുറവും സംഗീതസാന്ദ്രമായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. തന്റെ ‘ജെസ്സി’ എന്ന കവിതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷപരിപാടിയില്‍ ജെസ്സി മനോഹരമായ ശബ്ദത്തില്‍ ചൊല്ലിക്കൊണ്ടാണ് തന്നോടുള്ള സ്‌നേഹവും കരുതലും മോഹന്‍ കാട്ടിയത്. അത്ഭുതകരമായ കല്‍പനകളാണ് മോഹന്‍ തന്റെ കവിതകളില്‍ അവതരിപ്പിച്ചത്. കേരളകൗമുദി ഓണപ്പതിപ്പില്‍ തന്റെ കവിത ആദ്യമായി അച്ചടിച്ചുവന്നത് ചാത്തന്നൂര്‍ മോഹന്‍ ഓണപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണെന്ന് കുരീപ്പുഴ അനുസ്മരിച്ചു.
സൗമ്യവും ദീപ്തവുമായ ഒരു വ്യക്തിത്വമായിരുന്നു ചാത്തന്നൂര്‍ മോഹനെന്ന് മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞു. തൂലികാ സുഹൃത്തായിരുന്ന മോഹന്‍ തന്റെ വീട്ടിലേക്ക് ആദ്യം എത്തിയതും അവിടെയിരുന്ന് ‘പൊല്‍തിങ്കള്‍കല പൊട്ടുതൊട്ട ഹിമവല്‍ശൈലാഗ്രശൃംഗത്തില്‍’ എന്ന പാട്ട് മോഹന്‍ പാടിയതുകേട്ട് തന്റെ അമ്മ ആ പാട്ട് വീണ്ടും പാടിച്ചതും മണമ്പൂര്‍ രാജന്‍ബാബു ഓര്‍ത്തെടുത്തു. അനസൂയ വിശുദ്ധമായ മഹദ് വ്യക്തിയായിരുന്നു ചാത്തന്നൂര്‍ മോഹനെന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന എസ് നാസര്‍ പറഞ്ഞു.
കൊല്ലം എസ്എന്‍ കോളജില്‍ പഠിക്കുന്ന കാലം മുതലേ തന്റെ ആത്മസുഹൃത്തായിരുന്ന മോഹനെ ഡോ. പ്രസന്നരാജന്‍ അനുസ്മരിച്ചു. കൊല്ലത്തേക്ക് സ്ഥലംമാറിവന്ന കെ പി അപ്പന്‍സാറിനെ വൈഎംസിഎയില്‍ മോഹനുമൊന്നിച്ച് പോയി കണ്ട രംഗം പ്രസന്നരാജന്‍ ഓര്‍ത്തെടുത്തു. കര്‍മ്മരംഗങ്ങളില്‍ ആത്മാര്‍ത്ഥതയുടെ കൈമുദ്ര ചാര്‍ത്തിയ വ്യക്തിയായിരുന്നു മോഹനെന്നും ജീവിതത്തിലെ എല്ലാ രംഗങ്ങളിലും മാതൃകയായിരുന്നു അദ്ദേഹമെന്നും ഡോ. ജി പത്മറാവു അനുസ്മരിച്ചു. ചാത്തന്നൂര്‍ മോഹന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടേറെ വേദികളില്‍ പാടിയ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി’ എന്ന പാട്ട് ആലപിച്ചുകൊണ്ടാണ് പിന്നണിഗായിക ലതിക ചാത്തന്നൂര്‍ മോഹന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
എന്‍ബിഎസ് പ്രസിദ്ധീകരിച്ച ചാത്തന്നൂര്‍ മോഹന്റെ സമ്പൂര്‍ണ്ണ കവിതാസമാഹാരം ‘ഗസലിന്റെ ഗാന്ധാരം’ പെരുമ്പടവം ശ്രീധരന്‍ ലതികയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കരകുളം ചന്ദ്രന്‍, ഫ്രാന്‍സിസ് ടി മാവേലിക്കര, മുഞ്ഞിനാട് പത്മകുമാര്‍, ആശ്രാമം ഭാസി, ഡി സുധീന്ദ്രബാബു, അനന്തുമോഹന്‍ എന്നിവരും മോഹനെ അനുസ്മരിച്ചു. ഭാര്യ ജയകുമാരിയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.