കട്ടപ്പ ബാഹുബലിയെ കൊന്നപ്പോൾ മലയാള ചിത്രങ്ങൾക്ക്‌ തിയേറ്റർ വിട്ടൊഴിയാൻ വിധി

കട്ടപ്പ ബാഹുബലിയെ കൊന്നപ്പോൾ മലയാള ചിത്രങ്ങൾക്ക്‌ തിയേറ്റർ വിട്ടൊഴിയാൻ വിധി
April 28 04:45 2017

സ്വന്തം ലേഖകൻ
കോഴിക്കോട്‌: ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പനയിലും കേരളത്തിൽ ചരിത്രം സൃഷ്ടിക്കുകയാണ്‌ എസ്‌ എസ്‌ രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി. ചിത്രത്തിന്റെ മൂന്ന്‌ ദിവസത്തെ ഓൺലൈൻ ബുക്കിംഗ്‌ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. പല തിയേറ്ററിലും ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനിലൂടെ വിറ്റഴിഞ്ഞിട്ടുണ്ട്‌. ഡിജിറ്റൽ പണമിടപാടിന്റെ കാലത്ത്‌ ടിക്കറ്റുകൾ പൂർണ്ണമായും ഓൺലൈനിലൂടെ തന്നെ വിറ്റഴിക്കാമെന്ന നിലപാടിലാണ്‌ പല തിയേറ്ററുകാരും.
ബാഹുബലി രണ്ടാം ഭാഗത്തിന്‌ അനുഭവപ്പെട്ടേക്കാവുന്ന തിരക്ക്‌ പ്രതീക്ഷിച്ച്‌ പലരും നേരത്തെ തന്നെ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക്‌ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന്‌ റീലീസ്‌ ദിവസത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയി. ഇതോടെയാണ്‌ ശനി, ഞായർ ദിവസങ്ങളിലെ ഷോകൾക്ക്‌ ആളുകൾ ടിക്കറ്റ്‌ തിരക്കിയിറങ്ങിയത്‌. കേരളത്തിൽ 200 ഓളം തീയറ്ററുകളിൽ ബാഹുബലി-2 റിലീസ്‌ ചെയ്യുന്നത്‌. കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു? രണ്ടുവർഷക്കാലം സിനിമാ പ്രേമികളെ ആകാംക്ഷയിലാഴ്ത്തിയ ചോദ്യത്തിന്‌ ഉത്തരം തേടി പ്രേക്ഷകർ എത്തുമ്പോൾ തിയേറ്റർ പരിസരം ജനനിബിഡമാകുമെന്ന്‌ ഉറപ്പാണ്‌.
ഇതേസമയം കോടികൾ ചെലവഴിച്ച ബാഹുബലി എത്തുന്നതോടെ തിയേറ്ററിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്ന പല ചിത്രങ്ങൾക്കും തിയേറ്റർ വിട്ടൊഴിയേണ്ടിവരും. സിദ്ധാർത്ഥ്‌ ശിവ സംവിധാനം ചെയ്ത്‌ നിവിൻ പോളി നായകനായി അഭിനയിച്ച സഖാവ്‌, രഞ്ജൻ പ്രമോദിന്റെ ബിജു മേനോൻ ചിത്രം രക്ഷാധികാരി ബൈജു ഒപ്പ്‌ തുടങ്ങിയവയ്ക്കൊപ്പം നേരത്തെ പുറത്തിറങ്ങിയ ഗ്രേറ്റ്‌ ഫാദർ, ടേക്ക്‌ ഓഫ്‌ തുടങ്ങിയ ചിത്രങ്ങളും നല്ല രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ്‌ ബാഹുബലി എത്തുന്നത്‌. ബാഹുബലി പുറത്തിറങ്ങിയാൽ ചിത്രം മാറ്റുമെന്ന്‌ മുൻകൂട്ടി പറഞ്ഞുകൊണ്ടാണ്‌ പല തിയേറ്ററുകാരും രക്ഷാധികാരി ബൈജു പ്രദർശിപ്പിക്കാൻ തയ്യാറായതെന്ന്‌ സംവിധായകൻ രഞ്ജൻ പ്രമോദ്‌ പറഞ്ഞിരുന്നു. ബാഹുബലിയുടെ ഓളത്തിനിടയിലും പ്രേക്ഷകർ രക്ഷയാകുമെന്ന പ്രതീക്ഷയിലാണ്‌ രഞ്ജൻ പ്രമോദ്‌. എന്നാൽ ബാഹുബലിക്ക്‌ വേണ്ടി തിയേറ്റർ ഒഴിഞ്ഞു കൊടുക്കുന്ന ചിത്രത്തിന്‌ വരും ദിവസങ്ങളിൽ മറ്റ്‌ വൻ റിലീസുകൾ വരുന്ന സാഹചര്യത്തിൽ തിയേറ്ററിൽ തിരിച്ചെത്തുകയെന്നുള്ളത്‌ എളുപ്പമാവില്ല.
പ്രധാന നഗരങ്ങളിലെല്ലാം ഒന്നിലധികം തിയേറ്ററുകളിലാണ്‌ ബാഹുബലി പ്രദർശിപ്പിക്കുന്നത്‌. ഉൾഗ്രാമങ്ങളിലെ തിയേറ്ററിൽ പോലും മൂന്നും നാലും തിയേറ്ററിൽ ചിത്രമെത്തുന്നുണ്ട്‌. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല സ്വീകാര്യത ലഭിച്ചിരുന്നു. മലയാളം, തമിഴ്‌, ഹിന്ദി പതിപ്പുകൾക്ക്‌ പുറമെ തെലുങ്ക്‌ ഒറിജിനൽ പതിപ്പും കേരളത്തിലെ ചില കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തുന്നുണ്ട്‌.

  Categories:
view more articles

About Article Author