Monday
17 Dec 2018

കഥകളില്‍ പടരുന്ന തീ

By: Web Desk | Sunday 11 March 2018 8:25 AM IST

ഡോ ആര്‍ സുനില്‍കുമാര്‍

മകാല ജീവിതത്തെ അനുഭവിപ്പിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് രാജുകൃഷ്ണന്റെ കഥകള്‍. ‘വഴികളില്‍ ഇരുള്‍ നിറയുമ്പോള്‍’, ‘ചുംബന സ്ഥലികള്‍ക്ക് മേല്‍ പടരുന്ന തീ’ എന്നീ രണ്ടു കഥാസമാഹാരങ്ങളും വായനയെ ക്ലേശകരമായ ഒരനുഷ്ഠാനമാക്കി മാറ്റുന്നില്ല. ഭാഷയില്‍ ദുര്‍ഗ്രഹതയുടെ പിരിമുറുക്കം ഉണ്ടാക്കുന്നില്ല. രോഗാതുരമായ സാമൂഹികാവസ്ഥയില്‍ നിന്നും പ്രകൃതിയേയും മനുഷ്യനേയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നിശ്ശബ്ദമായ വിലാപങ്ങളാണ് ഈ സമാഹാരങ്ങളിലെ കഥകളില്‍ നിന്നുയരുന്നത്.
കഥയ്ക്കു വേണ്ട ഇതിവൃത്തം തന്റെ ജീവിതപരിസരങ്ങളില്‍ നിന്നും കണ്ടെത്താനുള്ള കഴിവ് ഈ കഥാകാരനുണ്ട്. കഥയിലൂടെ കഥാകൃത്ത് സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ നമുക്ക് അപരിചിതരല്ല. അവര്‍ നമ്മള്‍ തന്നെയെന്ന് തോന്നുംവിധം നമ്മുടെ മനസ്സില്‍ ജീവിക്കുന്നവരാണ്. ഇത് എഴുത്തുകാരന്റെ സാമൂഹികാഭിമുഖ്യത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹ ജീവിതവുമായി അത്രയേറെ ഇടപഴകുന്നതുകൊണ്ടാണ് താന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കഥാകൃത്തിന്റെ മനസ്സില്‍ മുന്‍കൂട്ടി തെളിയുന്നത്.
കഥാകൃത്തിന് ഒരു ജീവിതദര്‍ശനം അനിവാര്യമാണെന്നും, തനെഴുതുന്ന കഥകളില്‍ ഈ ദര്‍ശനത്തിന്റെ സൗരഭ്യമുണ്ടാകണമെന്നുമുള്ള ബോധ്യത്തോടെ രാജു കൃഷ്ണന്‍ രണ്ടു സമാഹാരങ്ങളുമായി മലയാള ചെറുകഥയുടെ രഥ്യയിലേക്ക് പ്രവേശിക്കുന്നത്. തന്റെ കഥകളിലൂടെ രാജുകൃഷ്ണന്‍ യാന്ത്രികമാകുന്ന സമകാലജീവിതത്തെ മാത്രമല്ല, അനാഥമാകുന്ന ജീവിതത്തെയും തൊട്ടു കാണിക്കുന്നു. അനുഭവങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും മറുപുറത്തേക്കാണ് ഇദ്ദേഹത്തിന്റെ കഥകള്‍ അനുവാചകരെ നയിക്കുന്നത്. നര്‍മ്മത്തിന്റെ ഒരാശ്ലേഷം മിക്ക കഥകളേയും അനുഗ്രഹിക്കുന്നുണ്ട്. ഈ നര്‍മ്മം ജീവിതത്തിന്റെ സത്യസന്ധതയെയാണ് സ്പര്‍ശിക്കുന്നത്.

‘ചുംബനസ്ഥലികള്‍ക്ക് മേല്‍ പടരുന്ന തീ’ എന്ന രണ്ടാം സമാഹാരത്തില്‍ പതിനൊന്നു കഥകളാണ് ഇടംപിടിച്ചിട്ടുള്ളത്. പ്രണയം, സദാചാരം, ധാര്‍മ്മികത, സ്ത്രീ പുരുഷബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ രാഷ്ട്രീയമായി ഇഴപിരിച്ചെടുക്കാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കഥകളില്‍ പൊതുവേ കാണുന്നത്. ജീവിതത്തെക്കുറിച്ച് ഒന്നും അറിയേണ്ടതില്ലെന്ന് ധരിക്കുന്ന അകംപൊള്ളയായ മനുഷ്യരുടെ ലോകത്ത് കഥയെഴുത്ത് വലിയതോതിലുള്ള ആന്തരികജാഗ്രതയും നിയന്ത്രണവും ഏകാഗ്രതയുമെല്ലാം ആവശ്യപ്പെടുന്ന ഒരു ക്രിയയായിത്തീരുന്നു.

കപടസദാചാരം, സ്വാര്‍ത്ഥതയുടെ വളക്കൂറിടമാണെന്ന് സ്ഥിരീകരിക്കുന്ന ‘ചുംബനസ്ഥലികള്‍ക്കുമേല്‍ പടരുന്ന തീ’ നമ്മുടെ സമൂഹത്തിന് നേര്‍ക്ക്പിടിക്കുന്ന കണ്ണാടിയാണ്. ഈ കഥയിലെ നന്ദനയും സൂരജും പുതുതലമുറയുടെ പ്രതിനിധികളാണ്. അമ്പലപ്പറമ്പിലെ പ്രണയസൗഹൃദത്തിന് അവര്‍ക്ക് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. ”പ്രണയം ജീവന്റെ കനലാണ് ജീവനില്‍ നിന്ന് ഒരിക്കലും എരിഞ്ഞുതീരാത്ത വേദന. ആരിലുമുണ്ടത്. കള്ളന്റെയും കച്ചവടക്കാരന്റെയും ഉള്ളില്‍.” തുടങ്ങിയ വരികള്‍ കഥയെ ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് മടക്കിക്കൊണ്ടുപോകുന്നു.
ആധുനികസമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണ് വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍. ‘ആകാശത്തിലെ പറവകള്‍’ എന്ന കഥ ഈ യാഥാര്‍ത്ഥ്യത്തെ വ്യക്തമാക്കിതരുന്നു. നാഗരികതയ്ക്കും ഗ്രാമീണതയ്ക്കുമിടയില്‍ വാര്‍ദ്ധക്യത്തിലെ ഏകാന്തതകളെ ഉദാരമായി അവതരിപ്പിക്കാന്‍ കഥാകൃത്തിന് കഴിയുന്നു. ”ഭൂമിയുടെ നെഞ്ചിനു മേല്‍ പൊട്ടിമുളച്ച് കുത്തനെ എഴുന്നുനില്‍ക്കുന്ന കള്ളിമുള്‍ച്ചെടികള്‍ പോലെ കെട്ടിടസമുച്ചയങ്ങള്‍” എന്ന ബിംബകല്പന നവീന ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ വിരിമാറിലേക്കുള്ള ഒരു കുന്തമുനയാണ്.
അധികാരരാഷ്ട്രീയമെന്ന വ്യവഹാരം ഒരു പ്രത്യേക ഇനം പ്രൊഫഷണലുകളുടേതായി മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്ന കഥയാണ്. ‘അദ്രുമാന്റെ നായക്കുട്ടി.’ രാഷ്ട്രീയം ഇന്ന് ചൂതുകളിയാണ്. അഴിമതിയും ആത്മവഞ്ചനയും കപടനാട്യങ്ങളും നിറഞ്ഞ രാഷ്ട്രീയരംഗവുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ മലിനമായ ഒരു സംസ്‌കാരത്തെയാണ് നമുക്ക് തൊട്ടറിയാന്‍ കഴിയുക. ഇതിനുദാഹരണമാണ് ഈ കഥയിലെ അദ്രുമാന്റെ ജീവിതം. അതോടൊപ്പം ഈ കഥയിലെ ലൈംഗികവര്‍ണ്ണനകളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ലൈംഗികതയുടെ അതിപ്രസരമെന്ന് ചില വായനക്കാര്‍ക്ക് തോന്നാമെങ്കിലും ഈ കഥയിലെ മനുഷ്യബന്ധങ്ങളുടെ ആഴങ്ങളെ വിശകലനം ചെയ്യണമെങ്കില്‍ അത് ആവശ്യമായി വരുന്നു. ലോക ജീവിതത്തെക്കുറിച്ച് വര്‍ണ്ണിക്കുന്ന എഴുത്തുകാരന് ലൈംഗികതയെ ഒഴിച്ചു നിര്‍ത്താനാവില്ല.
‘കരള്‍ ഇതള്‍കൊഴിയുന്ന പുഴയോരം’ അഗാധപരിസ്ഥിതി ശാസ്ത്രത്തിന്റെ കരങ്ങളാല്‍ നെയ്‌തെടുക്കപ്പെട്ട കഥയാണ്. വഴിയോരത്തെ വടവൃക്ഷത്തിന്റെയും പുഴയുടെയും ജീവിതം പറയുന്ന ഈ കഥ മനുഷ്യദുരന്തത്തിന്റെ നിലവിളിയുടെ ദൈന്യം പേറുന്ന ഒന്നാണ്. ദുരനിറഞ്ഞ സമകാലയന്ത്രമനുഷ്യന്‍ പ്രകൃതിയെ എങ്ങനെ നിഷേധിക്കുന്നുവോ അതിന്റെ തിരിച്ചടി മരണമായി അവനെ പുണരുമെന്ന് ഈ കഥ പഠിപ്പിക്കുന്നു. നാട്ടുപച്ചയുടെ കുളിരും തണലും വായനാനുഭവമായി കിട്ടുന്നു എന്നതാണ് ഈ കഥയുടെ ഫലശ്രുതി.
നര്‍മ്മത്തില്‍ നിന്നും തുടങ്ങി ദു:ഖപര്യവസായിയായി തീരുന്ന കഥയാണ് ‘ഭ്രാന്ത്’. സ്വകാര്യത നഷ്ടപ്പെടുന്ന മനുഷ്യന്റെ ദുരന്തത്തെയാണ് ഈ കഥ അടിവരയിടുന്നത്. മണ്ണില്‍ നിന്നും കൃഷിയില്‍ നിന്നുമുള്ള അന്യവല്‍ക്കരണം ആധുനിക സമൂഹത്തില്‍ സൃഷ്ടിച്ച അന്യവല്‍ക്കരണത്തെ ഈ കഥ രേഖപ്പെടുത്തുന്നു.
നീട്ടിയെഴുതാമായിരുന്ന കഥകളെ ആറ്റിക്കുറുക്കി അകഥകളായിട്ടും (അിശേേെീൃ്യ) എഴുതാന്‍ ഈ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. കാളീകാളിമയാര്‍ന്നോളെ, പാമ്പ് തുടങ്ങിയ കഥകള്‍ ഇതിന് തെളിവാണ്. അനുവാചകമനസ്സില്‍ ഇടംതേടുന്ന ഏതെങ്കിലും ഒരു കാര്യം മിക്ക കഥകളിലും കാത്തുവയ്ക്കുവാന്‍ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിന്റെ കൊച്ചു കൊച്ചു തുണ്ടുകളെ ഘടനാപൊരുത്തത്തോടെ അവതരിപ്പിക്കുന്നതിലാണ് രാജുകൃഷ്ണന്റെ ശ്രദ്ധ ഓരോ കഥയിലും പതിഞ്ഞിരിക്കുന്നത്.

രാജുകൃഷ്ണന്റെ ഓരോ കഥയ്ക്കും ഓരോ ശരീരഭാഷയുണ്ട്. വായനക്കാരെ കഥയിലേക്ക് ആകര്‍ഷിച്ചടിപ്പിക്കുന്നത് ഈ ശരീരഭാഷയാണ്. വായനക്കാരെ സംഭ്രമിപ്പിക്കാനും ആസ്വാദനത്തെ ഉത്തേജിപ്പിക്കാനും ഈ ഭാഷയ്ക്ക് കഴിയും. അതിശയോക്തി ഈ ഭാഷയുടെ ഒരു ഘടകമാണ്. ആഖ്യാനത്തിന്റെ മികവ് മറ്റൊരു ഘടകമാണ്. പ്രമേയവും ആഖ്യാനതന്ത്രവും ശരീരവും ആത്മാവും പോലെ ഉരുകിച്ചേരുമ്പോഴാണ് കഥ വിജയസോപാനമേറുന്നത്.