കഥ | പ്രകൃതി എന്ന മാതാവ്‌

കഥ | പ്രകൃതി എന്ന മാതാവ്‌
March 29 04:45 2017

നമ്മൾ ജനിച്ചത്‌ പ്രകൃതിയെന്ന അമ്മയുടെ മടിയിലേയ്ക്ക്‌ ആണ്‌. നാം നടക്കാൻ പഠിച്ചതും ഈ പ്രകൃതിയെന്ന അമ്മയുടെ മടിയിൽ ആണ്‌. ഒരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ എല്ലാ സൗഭാഗ്യത്തിന്റെയും കാരണം ഈ അമ്മയാണ്‌. നമുക്ക്‌ ആവശ്യമുള്ള എല്ലാ സാധനങ്ങളും പ്രകൃതി തരും. പക്ഷേ തിരിച്ചുകൊടുക്കുന്നത്‌ ദ്രോഹവും വേദനയും മാത്രം. ഒരിടത്ത്‌ ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ ഓരോ പ്രാവശ്യവും മരം വെട്ടുമ്പോൾ പകരമായി മറ്റൊരു മരം വയ്ക്കാറുണ്ടായിരുന്നു. കാലം കഴിഞ്ഞുപോയി, ആ മരം വെട്ടുകാരൻ വൃദ്ധനായി. പഴയതുപോലെ ജോലി ചെയ്യുവാൻ കഴിയാതെയായി. അതുകൊണ്ട്‌ മകൻ കുടുംബഭാരം ഏറ്റെടുത്തു. മകൻ അച്ഛനെ പോലെയല്ല. മരം വെട്ടുന്നതോടൊപ്പം മറ്റൊരു വൃക്ഷ തൈ വച്ചു പിടിപ്പിക്കാനൊന്നും മിനക്കെടാറില്ല. ഇത്‌ ശ്രദ്ധിച്ച അച്ഛൻ മകനെ ശാസിച്ചു. ‘ഒരു വൃദ്ധന്റെ വ്യാമോഹം’ അവൻ കേട്ടില്ല എന്ന്‌ നടിച്ചു. അച്ഛന്റെ അവസാന നാളിൽ മകനെ അരികിലേയ്ക്ക്‌ വിളിച്ചു പറഞ്ഞു ‘മോനേ, നിന്റെ പ്രവൃത്തിയുടെ ഫലം നീ മാത്രം അല്ല അനുഭവിക്കുന്നത്‌ ഒട്ടനേകം നിഷ്കളങ്കരും നിരപരാധികളുമായ ജന്തുക്കളും നമുക്ക്‌ ചുറ്റും ഉണ്ട്‌. അവരും കൂടിയാണ്‌. ഇനിയും സമയം ഉണ്ട്‌ നിന്റെ തെറ്റുതിരുത്താൻ…’ ഇത്രയും പറഞ്ഞുതീർന്നിട്ട്‌ അച്ഛൻ ഉറങ്ങി എത്ര വിളിച്ചാലും കണ്ണുതുറക്കാത്ത ഉറക്കത്തിലേയ്ക്ക്‌.
പക്ഷേ മകൻ അച്ഛന്റെ അവസാന വാക്കുകൾ ചെവിക്കൊണ്ടില്ല, അവൻ പഴയപോലെ മരം വെട്ടിക്കൊണ്ടിരുന്നു. ദിനംപ്രതി ചൂടുകൂടി. ചൂട്‌ അസഹ്യമായി തീർന്നു. കിണറുകളിലെ വെള്ളം വറ്റി ഭൂമി വരണ്ട്‌ വിണ്ടുകീറി. അങ്ങനെ ഒരുനാൾ കാടിന്‌ തീപിടിച്ചു. തീ പടർന്ന്‌ അയാളുടെ വീടിനേയും നശിപ്പിച്ചു. പക്ഷേ അവൻ രക്ഷപെട്ടു. അവനപ്പോൾ അച്ഛൻ പറഞ്ഞത്‌ മനസിലായിയെങ്കിലും വളരെ വൈകിയിരുന്നു. അനേകം ആൾക്കാരും ജന്തുക്കളും ആ തീയിൽ വെന്തുമരിച്ചു….
സുഹൃത്തുക്കളെ, മരം വെട്ടുന്നതും പ്രകൃതിയെ നശിപ്പിക്കുന്നതും എല്ലാം സ്വന്തം അമ്മയെ വേദനിപ്പിക്കുന്നതിന്‌ തുല്യമാണ്‌. പ്രകൃതിയെ രക്ഷിക്കുക, എന്നാൽ പ്രകൃതി നമ്മളേയും രക്ഷിക്കും.
ആദിത്യകൃഷ്ണ അജിമോൻ
ക്ലാസ്‌: 9 സി
എസ്സിഎസ്‌എച്ച്‌എസ്‌എസ്‌
തിരുവല്ല, പുത്തൻപുരയിൽ,
ചേരപുറം, കടുത്തുരുത്തി,
കോട്ടയം

  Categories:
view more articles

About Article Author