കയ്യെത്തുംദൂരത്ത്‌ ഒരു കുട്ടിക്കാലം കഴുകന്മാർ കൊത്തിക്കീറും കുട്ടിക്കാലം…

കയ്യെത്തുംദൂരത്ത്‌ ഒരു കുട്ടിക്കാലം കഴുകന്മാർ കൊത്തിക്കീറും കുട്ടിക്കാലം…
March 13 05:00 2017

വാതിൽപ്പഴുതിലൂടെ
ദേവിക

കൈതപ്രത്തിന്റെ “കയ്യെത്തുംദൂരെ ഒരു കുട്ടിക്കാലം, മഴവെള്ളം പോലെ ഒരു കുട്ടിക്കാലം, അമ്മക്കിളിയുടെ ചിറകിലൊതുങ്ങും കുട്ടിക്കാലം” എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ഒരു ഗൃഹാതുരത്വത്തിന്റെ മധുരംപുരട്ടിയ നൊമ്പരമാണ്‌ മനസിൽ ഓടിക്കയറുക. ശൈശവ ബാല്യങ്ങളുടെ സ്മേരഭാവകാലം. നിഷ്കളങ്കതയിലും നിർഭയതയിലുമുള്ള ഒരു ആഘോഷക്കാലം.
ഇപ്പോൾ ആ ഗാനം കേൾക്കുമ്പോൾ ആ ഭംഗികളുടെ രൂപകങ്ങൾക്ക്‌ വിഹ്വലതയുടെ രൂപമാറ്റം. അമ്മക്കിളി ഇരതേടിപ്പോകുമ്പോൾ, അച്ഛൻകിളിയുടെ കാവലില്ലാതിരിക്കുമ്പോൾ കഴുകന്മാർ പക്ഷിക്കൂടുകളിൽ കയറി കിളിക്കുഞ്ഞുങ്ങളെ കൊത്തിച്ചീന്തുന്ന വന്യമായ ഒരു കാലം നമ്മെ വലയം ചെയ്തിരിക്കുന്നു. ‘മനുഷ്യൻ എന്തു സുന്ദരമായ പദം’ എന്ന മാക്സിംഗോർക്കിയുടെ ശബ്ദതാരാവലിയുടെ അർഥരാഹിത്യകാണ്ഡം. മുലപ്പാൽ മണംമാറാത്ത രണ്ടു വയസായ കിടാവിനെ മുതൽ തൊണ്ണൂറുകാരിയെ വരെ ലൈംഗികമായി പീഡിപ്പിക്കുന്നു.
ആധ്യാത്മികതയുടെ മാർക്കറ്റിങ്‌ നടത്തുന്ന അമ്പലങ്ങളും പള്ളികളും അനാഥാലയങ്ങളും ആശ്രമങ്ങളും സന്യാസിമഠങ്ങളും അൾത്താരകളും ശ്രീലകങ്ങളും പുരോഹിതവർഗത്തിന്റെയും അവരുടെ കങ്കാണിമാരുടേയും ലൈംഗിക അരാജകത്വത്തിന്റെ പ്രദക്ഷിണവഴികളാവുമ്പോൾ മലയാളി മനുഷ്യത്വത്തിൽ നിന്ന്‌ കാടത്തത്തിലേക്ക്‌ പ്രയാണവഴിവെട്ടിയിരിക്കുന്നുവെന്ന വിഭ്രാത്മകമായ അവസ്ഥ.
എന്തേ നമുക്കീ ദുരന്തങ്ങൾ? ചെറുത്തുനിൽപിന്റെയും തിന്മകൾക്കെതിരായ ഇതിഹാസതുല്യമായ രക്തരൂക്ഷിത പടയോട്ടങ്ങളുടേയും ഭൂമിയിലാണ്‌ വന്യതയുടെ ഈ തിമിർത്താട്ടം എന്നു വരുമ്പോഴാണ്‌ മലയാളി നാണംകൊണ്ടു ശിരസുതാഴ്ത്തേണ്ടത്‌. ഏതു ഭരണത്തിലും നീതിനിഷേധങ്ങൾ പൊതിഞ്ഞുവയ്ക്കാൻ പൊലീസിന്‌ ഒരുന്യായമുണ്ടാകും, ‘മുകളിൽ നിന്ന്‌ ഒരു വിളിവന്നിരുന്നു’ എന്ന ന്യായം! ഈ വിളി ശരിയാകാം, തെറ്റാകാം. പക്ഷേ നീതിനിരാസത്തിനുള്ള സംജ്ഞയാണ്‌ ഈ ‘വിളി’ പ്രയോഗം.
ആത്മഹത്യകൾ അഗ്നിച്ചിറകുകളാവുമ്പോൾ മാത്രമാണ്‌ പൊതുസമൂഹം സത്യാന്വേഷണത്തിന്‌ കച്ചകെട്ടിയിറങ്ങുക. ഓച്ചിറ അഴീക്കലിൽ വാലന്റൈൻ ദിനത്തിൽ കടൽ കാണാനിറങ്ങിയ രണ്ടു യുവതീയുവാക്കളെ സദാചാര പൊലീസ്‌ ചമഞ്ഞ വലിയവീട്ടിലെ ചില കൊച്ചമ്പ്രാക്കൾ അപമാനിച്ചപ്പോഴും മർദ്ദിച്ചപ്പോഴും പൊലീസ്‌ പറഞ്ഞത്‌ മുകളിൽ നിന്നു വിളിയുണ്ടെന്നായിരുന്നു. സദാചാര പൊലീസും സമൂഹമാധ്യമങ്ങളും ആ ഇണകളിലെ അനീഷിനെ അപമാനത്തിന്റെ തീമലകൾക്കിടയിലിട്ടു പിന്നെയും പീഡിപ്പിച്ചപ്പോൾ അയാൾ ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. അപ്പോഴാണ്‌ പൊലീസ്‌ വിളിമറന്ന്‌ സദാചാര പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്‌. നീതിലഭിക്കണമെങ്കിൽ ഇര ആത്മഹത്യ ചെയ്തു കാണിക്കണം എന്ന നിയമസംഹിത തിരുത്തപ്പെടണം. രതീഷിന്റെ കൂട്ടുകാരിക്കെതിരെ വധഭീഷണി മുഴങ്ങിത്തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയുമുണ്ട്‌. ആ പെൺകിടാവിന്റെ ആത്മഹത്യ കൂടിയായലേ കേസ്‌ നിലനിൽക്കൂ എന്നാണോ പൊലീസ്‌ കരുതുന്നത്‌!
വാളയാറിലെ ഒരു ദരിദ്ര പെൺകുട്ടി കൃതിക എന്ന 14 കാരി ആത്മഹത്യ ചെയ്തപ്പോൾ പൊലീസിന്റെ കേസ്‌ ഡയറിയിൽ മരണകാരണം മനോവ്യഥയായി! എഫ്‌ഐആർ എഴുതാൻ നമ്മുടെ പണ്ടത്തെ പൊലീസുകാർ കിടിമന്നന്മാരായിരുന്നു. ഒരു യുവാവിനെ വെട്ടിയും കുത്തിയും കൊന്ന്‌ മൃതദേഹം കടലോരത്തു വലിച്ചിഴച്ചുകൊണ്ടിട്ട പ്രതികളെ രക്ഷിക്കാൻ പണ്ടത്തെ പൊലീസ്‌ എഴുതിയ മഹസർ ഇങ്ങനെ: “മൃതദേഹത്തിൽ മാക്രി കടിച്ചനിരവധി ആഴത്തിലുള്ള മുറിവുകൾ കാണപ്പെടുകയും അവ മരണകാരണമാവുകയും ചെയ്തിട്ടുള്ളതുമാകുന്നു. രണ്ടാം സംഗതി കൃത്യം നടത്തിയ ശേഷം കൊലയാളിയായ പ്രസ്തുത മാക്രി ജഡം വലിച്ചിഴച്ചു കടപ്പുറത്തുകൊണ്ടിട്ടിട്ടുള്ളതുമാകുന്നു. മൂന്നാം സംഗതി മാക്രിയുടെ മേൽവിലാസം ലഭ്യമല്ലാതായിട്ടുള്ളതുമാകുന്നു!” കുട്ടി ലൈംഗികപീഡനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മറച്ചുവച്ചായിരുന്നു വാളയാർ പൊലീസിന്റെ മാക്രി മഹസർ!
ശരണ്യയുടെ അനുജത്തി ഏഴുവയുള്ള ശരണ്യ ഒന്നരമാസത്തിനുശേഷം. എത്താത്ത കഴുക്കോലിൽ തൂങ്ങി മരിച്ചപ്പോഴാണ്‌ കൃതികയെന്ന കുട്ടിയുടെ ആത്മഹത്യയായ കൊലക്കേസും പൊന്തിയത്‌. മരണാനന്തര നീതിക്ക്‌ ആത്മഹത്യാവഴികൾ പറഞ്ഞുതരുന്ന പൊലീസ്‌. ശരണ്യയേയും പീഡനത്തിനിരയാക്കിയശേഷം കൊന്നുകെട്ടിതൂക്കുകയായിരുന്നുവെന്ന്‌ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരിക്കുന്നു. കൃതികയുടെ കൊല പൂഴ്ത്തിവച്ചില്ലായിരുന്നുവെങ്കിൽ ശരണ്യയെന്ന കുരുന്നിനും ഒരു കുട്ടിക്കാലം നിഷേധിക്കപ്പെടുമായിരുന്നോ?
പതിനാറുകാരിയെ ഗർഭിണിയാക്കിയശേഷം ആ കുട്ടി പ്രസവിച്ചപ്പോൾ കുഞ്ഞിനെ മുലയൂട്ടാൻപോലും അനുവദിക്കാതെ ധ്യാനകേന്ദ്രത്തിലൊളിപ്പിച്ച കൊട്ടിയൂരിലെ വികാരത്തിടമ്പായ റോബിൻ വടക്കുഞ്ചേരിയെന്ന വികാരിയച്ചൻ, പതിനേഴുകാരിയെ ഗർഭിണിയാക്കിയ മാനന്തവാടി അതിരൂപതാ കാത്തലിക്‌ യൂത്ത്മൂവ്മെന്റ്‌ നേതാവ്‌ സിജോ ജോർജ്ജ്‌, വയനാട്ടിൽ മുസ്ലിം യത്തീംഖാനയിലെ ഏഴു പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ച മനുഷ്യപിശാചുക്കൾ, ഏഴു വയസുകാരിയെ കശക്കിയെറിഞ്ഞ പെരിന്തൽ മണ്ണ ചക്കിങ്ങൽ തൊടിയിലെ കമ്മാലി എന്ന 66 കാരൻ, ഇടുക്കി വെള്ളപ്പാറയിലെ ക്ഷേത്രശ്രീലകത്ത്‌ ദേവന്റെ തിരുമുമ്പിൽ 70 കാരിയെ മാനഭംഗപ്പെടുത്തിയ ഇരുപതുകാരൻ വൈശാഖ്‌ എന്ന പൂജാരി, നാറുന്നതും മണക്കുന്നതും തമ്മിലുള്ള ഭേദം തിരിച്ചറിയാനുള്ള ത്രാണി നമുക്കു കൈമോശം വന്നുവോ?
‘ഉമ്മൻചാണ്ടി ഏതാ വിത്ത്‌’ എന്ന്‌ മുമ്പൊരു ചാനൽ ചർച്ചയിൽ സരസനായ മുൻ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. ബാബുപോൾ പറഞ്ഞത്‌ ഓർമവരുന്നു. കേരള രാഷ്ട്രീയത്തിലെ ‘മാസ്റ്റർ മാനിപ്പുലേറ്റർ’ എന്ന്‌ നിരീക്ഷകർ ഉമ്മൻചാണ്ടിക്ക്‌ ഒരു വിളിപ്പേരിട്ടിട്ടുണ്ട്‌. എതിരാളിയെ നിഗ്രഹിക്കാൻ എന്തിനും പോന്നവൻ. വി എം സുധീരൻ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ പിന്നാമ്പുറത്തുനിന്നും ഒരു പൊട്ടിച്ചിരികേൾക്കുന്നത്‌ ഉമ്മൻചാണ്ടിയുടേതാണോ? എന്തായാലും കോൺഗ്രസ്‌ കടന്നൽക്കൂട്‌ കല്ലെറിഞ്ഞ്‌ താഴെയിട്ടശേഷമാണ്‌ സുധീരൻ പടിയിറങ്ങുന്നത്‌. വാർഡ്‌ കമ്മിറ്റി പ്രസിഡന്റ്‌ പരുന്തു നസീർ മുതൽ ബൂത്തുകമ്മിറ്റി സെക്രട്ടറി തവളക്കണ്ണൻ ചന്ദ്രനും കെ സുധാകരനും പി ടി തോമസുമടക്കമുള്ളവർ കെപിസിസി പ്രസിഡന്റാകാൻ സന്നദ്ധതയറിയിച്ചു കഴിഞ്ഞിട്ടുണ്ട്‌. ഒരു പടുതിയിലായ കോൺഗ്രസിനെ നയിക്കാൻ ഈ പ്രതിഭകൾ തന്നെ ധാരാളം!
ലോകവനിതാ ദിനത്തിൽ വന്ന രണ്ട്‌ വാർത്തകളിൽ നിറഞ്ഞുനിന്നത്‌ വനിതാ കമ്മിഷൻ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചറും ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതുമായിരുന്നു. പതിനാറുകാരിയെ പീഡിപ്പിച്ച്‌ കത്തോലിക്കാസഭയ്ക്കു സന്തതിവർധനയുണ്ടാക്കിയ കേസിലെ പ്രതികളായ വികാരി റോബിനേയും കന്യാസ്ത്രീകളേയും വാഴ്ത്തപ്പട്ടവരായി പ്രഖ്യാപിക്കണമെന്നാണ്‌ റോസക്കുട്ടിടീച്ചറുടെ ആവശ്യം. നല്ല സുഖമില്ലാത്ത അവർ ചെയ്യുന്ന സേവനത്തെ വാഴ്ത്തുകയല്ലേ വേണ്ടതെന്ന്‌ ഈ റോസാപ്പൂ കോൺഗ്രസുകാരി പറയുമ്പോൾ തോന്നിപ്പോകുന്നത്‌ റോസക്കുട്ടിയുടെ വീടിന്‌ ഏറെയകലെയല്ല ഇടുക്കിയെന്നാണ്‌. ഇടുക്കി പദ്ധതിയിൽ നിന്ന്‌ ഡയറക്ടറായി ഒരു ഷോക്കുമതി ഈ സൂക്കേട്‌ അങ്ങ്‌ മാറിക്കൊള്ളും!
പശുവിന്റെ മൂത്രത്തേയും ചാണകത്തേയും കുറിച്ചുള്ള ഗവേഷണത്തിന്‌ മോഹൻഭാഗവതിന്‌ ഡോക്ടറേറ്റ്‌ നൽകാൻ മഹാരാഷ്ട്രയിലെ നിമൽ ആൻഡ്‌ ഫിഷറീസ്‌ സയൻസ്‌ സർവകലാശാല തീരുമാനിച്ചത്രേ. ഇനി സംഘികൾക്ക്‌ തങ്ങളുടെ നേതാവിനെ ഡോ. പശുപതി എന്ന്‌ അഭിസംബോധന ചെയ്യാം! ഒരാൾകൂടി പശുമൂത്രത്തിൽ ഡോക്ടറേറ്റ്‌ കുപ്പായം തുന്നിനിൽപുണ്ട്‌. ഹരിയാനയിലെ ബിജെപി മന്ത്രി അനിൽവിജ്‌. പശുവാണ്‌ ഓക്സിജൻ ശ്വസിക്കുകയും ഉഛ്വസിക്കുകയും ചെയ്യുന്ന ഏകജന്തുവെന്നാണ്‌ ഈ മണ്ടുഗുണ്ടോദര ജന്തുവിന്റെ കണ്ടുപിടിത്തം!

  Categories:
view more articles

About Article Author