Thursday
24 May 2018

‘കരയാൻ മാത്രം രണ്ടു കണ്ണുമായ്പ്പിറന്ന ഞാൻ…’

By: Web Desk | Tuesday 4 July 2017 4:45 AM IST

ഇന്ന്‌ ഇടപ്പള്ളി രാഘവൻപിള്ളയുടെ എൺപത്തിയൊന്നാം ചരമവാർഷികം

മലയാള കാൽപനിക കവിതയിൽ മരണത്തിന്റെ സൗന്ദര്യം ആവിഷ്ക്കരിച്ച കവിയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. കാൽപനികതയുടെ രൂപ-ഭാവ-ഭാഷയിൽ ഒരു ഉടച്ചുവാർക്കലായിരുന്നു അദ്ദേഹത്തിന്റെ കവിത. മനുഷ്യൻ എപ്പോഴും ദു:ഖത്തിന്റെ ചങ്ങലക്കെട്ടിലാണ്‌ എന്ന്‌ ഇടപ്പള്ളി വിശ്വസിച്ചിരുന്നു. ‘ഞാൻ ഏകനാണ്‌, കൂടെപ്പിറപ്പുകളില്ല, മിത്രങ്ങളില്ല, അയൽക്കാരില്ല, സമൂഹമില്ല’ എന്നു വിളിച്ചു പറഞ്ഞ കാൽപനിക തത്ത്വചിന്തകൻ റൂസോയുടെ മനസായിരുന്നു ഇടപ്പള്ളിക്ക്‌. മലയാളത്തിലെ ആദ്യത്തെ ‘കാൽപനികവാദിയായ അന്യൻ’ എന്നാണ്‌ നിരൂപകൻ കെ പി അപ്പൻ ഇടപ്പള്ളിയെ വിശേഷിപ്പിച്ചത്‌.
‘എനിക്ക്‌ ഒരു പാട്ടു പാടുവാൻ ആഗ്രഹമുണ്ട്‌. എന്റെ മുരളി തകർന്നുപോയി’ എന്ന്‌ വിലപിച്ചുകൊണ്ട്‌ ഇരുപത്തിയേഴാം വയസിൽ സ്വന്തം ജീവിതത്തിന്‌ വിരാമമിട്ട കവിയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. സ്വയം കുത്തി മുറിവേൽപ്പിക്കുന്ന ഒരു മനസായിരുന്നു ഇടപ്പള്ളിയുടേത്‌. ആ മുറിവുകളിൽ നിന്നും പൊടിഞ്ഞ രക്തത്തിൽ മുക്കിയ പേനകൊണ്ടാണ്‌ അദ്ദേഹം കവിതകൾ എഴുതിയത്‌. മനുഷ്യൻ എപ്പോഴും ദു:ഖത്തിന്റെ ചങ്ങലക്കെട്ടിലാണ്‌ എന്ന്‌ ഇടപ്പള്ളി വിശ്വസിച്ചിരുന്നു. ‘ഞാൻ ഏകനാണ്‌, കൂടെപ്പിറപ്പുകളില്ല, മിത്രങ്ങളില്ല, അയൽക്കാരില്ല, സമൂഹമില്ല’ എന്നു വിളിച്ചു പറഞ്ഞ കാൽപനിക തത്ത്വചിന്തകൻ റൂസോയുടെ മനസായിരുന്നു ഇടപ്പള്ളിക്ക്‌. മലയാളത്തിലെ ആദ്യത്തെ ‘കാൽപനികവാദിയായ അന്യൻ’ എന്നാണ്‌ നിരൂപകൻ കെ പി അപ്പൻ ഇടപ്പള്ളിയെ വിശേഷിപ്പിച്ചത്‌. ദുഖത്തിന്റെ ചങ്ങലക്കെട്ടിൽ നിന്നുള്ള മോചനം എന്ന നിലയിലാണ്‌ ഇടപ്പള്ളി ആത്മഹത്യയുടെ കരിമ്പടം പുതച്ചത്‌.
മലയാള കാൽപനിക കവിതയിൽ മരണത്തിന്റെ സൗന്ദര്യം ആവിഷ്ക്കരിച്ച കവിയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. കാൽപനികതയുടെ രൂപ-ഭാവ-ഭാഷയിൽ ഒരു ഉടച്ചുവാർക്കലായിരുന്നു അദ്ദേഹത്തിന്റെ കവിത. വളരെ സങ്കീർണ്ണമായിരുന്നു ഇടപ്പള്ളിയുടെ ജീവിതം. എറണാകുളം ജില്ലയിൽ ഇടപ്പള്ളി ഇളവക്കര പാണ്ഡവത്ത്‌ വീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും മീനാക്ഷിയമ്മയുടെയും മൂത്തപുത്രനായി 1909 മെയ്‌ 30ന്‌ ജനനം. അർബുദം പിടിപ്പെട്ട അമ്മ ഇടപ്പള്ളിയുടെ കുട്ടിക്കാലത്ത്‌ തന്നെ ആത്മഹത്യ ചെയ്തു. രണ്ടാനമ്മയുടെ പീഡനം സഹിക്കവയ്യാതെ അനുജൻ നാടുവിട്ടു. ഇടപ്പള്ളി വടക്കുംഭാഗത്ത്‌ ഹയർഗ്രേഡ്‌ വെർണാക്കുലർ സ്കൂളിലും എറണാകുളം സെന്റ്‌ ആൽബർട്ട്‌ ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ഈ കാലത്താണ്‌ ഇടപ്പള്ളിയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും സുഹൃത്തുക്കളാകുന്നത്‌. അവർ ഒരേ ക്ലാസിൽ പഠിച്ചു. കവിതകൾ എഴുതി. കവിതകൾ വായിച്ചു. ചർച്ച ചെയ്തു. വിമർശിച്ചു. ഇടപ്പള്ളി വായനശാലയും ഇടപ്പള്ളി സാഹിത്യ സമാജവും ഇരു കവികളുടേയും സർഗാത്മക ജീവിതത്തെ തെല്ലൊന്നുമല്ല പരിപോഷിപ്പിച്ചത്‌. കൊടിയ ദാരിദ്ര്യവും പട്ടിണിയും പിതാവിന്റെ സ്നേഹമില്ലായ്മയും രണ്ടാനമ്മയുടെ പീഡനങ്ങളും ഉള്ളിലൊതുക്കിയ ഇടപ്പള്ളിക്ക്‌ ജീവിതം ദു:ഖമാണെന്ന തിരിച്ചറിവുണ്ടാക്കി. ജീവിതമാർഗത്തിനായി പലവഴികളും തിരഞ്ഞ ഇടപ്പള്ളിയെ പിതാവ്‌ ഇംഗ്ലീഷ്‌ പഠിക്കാനായി സെന്റ്‌ ആൽബർട്ട്‌ സ്കൂളിൽ ചേർത്തു. അവിടെ ഒരു വീട്ടിൽ താമസിച്ച്‌ വീട്ടിലെ പെൺകുട്ടിക്ക്‌ ട്യൂഷൻ എടുത്ത്‌ ജീവിതമാർഗം കണ്ടെത്തുകയായിരുന്നു ഇടപ്പള്ളി. ക്രമേണ ഈ പെൺകുട്ടിയുമായി ഇടപ്പള്ളി തീവ്രാനുരാഗത്തിലായി. ഇടപ്പള്ളി കവിതയിലെ പ്രേമഭാവം ഈ ബന്ധത്തിന്റെ പ്രചോദനത്തിൽ നിന്ന്‌ ഉണ്ടായതാണ്‌. പ്രണയകഥ വീട്ടുകാർ അറിഞ്ഞതോടെ രാഘവൻപിള്ള അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിരാശയും മരണബോധവും ഇടപ്പള്ളിയുടെ ഹൃദയത്തെയും കവിതയെയും നിരന്തരം പീഡിപ്പിച്ചുകൊണ്ടേയിരുന്നു. വിഷാദം, അപകർഷതാബോധം, പ്രേമതരളത, മരണഭീതി, എന്നിവയാണ്‌ ഇടപ്പള്ളിക്കവിതയുടെ ഭാവധാരകൾ. നഷ്ടപ്രണയത്തിൽ അന്തർമുഖനായ കവി നാടുവിട്ട്‌ തിരുവനന്തപുരത്തെത്തി. ‘ശ്രീമതി’ എന്ന മാസികയുടെ ഓഫീസിൽ അക്കൗണ്ടന്റായും ‘കേരളകേസരി’യിൽ ക്ലാർക്കായും പ്രവർത്തിച്ചു. പിന്നീട്‌ അദ്ദേഹം കൊല്ലത്തേക്ക്‌ താമസം മാറ്റി. 1935ൽ ആദ്യ കവിതാസമാഹാരമായ ‘തുഷാരഹാരം’ പ്രസിദ്ധീകരിച്ചു. തുടർന്ന 1936ൽ ‘ഹൃദയസ്മിതം’, ‘നവസൗരഭം’ എന്നീ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
പ്രണയഭംഗവും തീവ്രമായ മരണാഭിമുഖ്യവും ജീവിത നൈരാശ്യവും ഇടപ്പള്ളിയെ ആത്മഹത്യയിലേക്ക്‌ നയിച്ചു. തന്റെ പ്രണയഭാജനത്തിന്റെ വിവാഹക്ഷണക്കത്ത്‌ അദ്ദേഹത്തിന്റെ ആത്മബലം തകർത്തുകളഞ്ഞു. കാമുകിയുടെ വിവാഹദിവസം തന്നെ അദ്ദേഹം ആത്മഹത്യ ചെയ്തു.
ഇറ്റാലിയൻ കാൽപനിക കവി ലിയോപാർഡിയോടാണ്‌ ഇടപ്പള്ളിയെ നിരൂപകർ താരതമ്യപ്പെടുത്തുന്നത്‌. മരണത്തിന്‌ തൊട്ടു മുമ്പ്‌ മൂന്നു കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ‘മണിനാദം’ എന്ന കവിതയ്ക്ക്‌ അവതാരിക എഴുതിയപ്പോൾ കേസരി ബാലകൃഷ്ണപിള്ള ഇങ്ങനെ കുറിച്ചു; ‘ഈ ലേഖകന്റെ ദൃഷ്ടിയിൽ ഇടപ്പള്ളി രാഘവൻപിള്ള ഒരു മഹാകവിയായി നിൽക്കുന്നു. വരുന്ന സാഹിത്യചരിത്രം അത്‌ തെളിയിക്കുകതന്നെ ചെയ്യും.’ ഇടപ്പള്ളിയുടെ മരണശേഷം ആ കവിയെ വീണ്ടെടുക്കുന്നതാണ്‌ നമ്മൾ പിന്നീട്‌ കണ്ടത്‌. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പട്ടടയുടെ തീപ്പൊരി കണ്ട കവിയായിരുന്നു ഇടപ്പള്ളി. അദ്ദേഹം എഴുതി;
“മരണമേ മമ സ്വാഗതം ഭൂവിൽ മേ-
ലമരണമെന്നാശിപ്പതില്ല ഞാൻ
ധരണിയാമിരുൾക്കുണ്ടിൽ നിന്നെന്നേയ്ക്കും
ശരണമേകുക ശാശ്വതാനന്ദമേ..”
മരണത്തിന്റെ സൗന്ദര്യത്തിൽ വല്ലാതെ ആകൃഷ്ടനായ കവിയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. താൻ കണ്ട ജീവിതത്തിന്റെ വ്യർത്ഥതയിൽ നിന്ന്‌ രക്ഷപ്പെടാൻ ഇടപ്പള്ളി മരണത്തെ ഗാഢമായി പ്രണയിച്ചു.
അദ്ദേഹത്തിന്റെ മിക്ക കവിതകളിലും മരണത്തിന്റെ തീവ്രമായ ബിംബങ്ങൾ നിറഞ്ഞിരുന്നു. എല്ലാ മികച്ച കലാസൃഷ്ടിയും പോലെ ആത്മഹത്യയും ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ നിന്നാണ്‌ പിറക്കുന്നതെന്ന്‌ പാശ്ചാത്യ ദാർശനിക എഴുത്തുകാരൻ കമ്യു പറയുന്നുണ്ട്‌. തന്റെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാർശനിക പ്രശനമായിട്ടാണ്‌ കമ്യു ആത്മഹത്യയെ കണ്ടത്‌. അത്തരം ഒരു ദാർശനിക അന്വേഷണത്തിന്‌ അവസരം ഒരുക്കിക്കൊണ്ടാണ്‌ 1936 ജൂലൈ നാലിന്‌ ഇടപ്പള്ളി രാഘവൻ പിള്ള ആത്മഹത്യ ചെയ്തത്‌.