കരിഞ്ചന്തയിൽ വൃക്ക വിൽപന; 16 പേർക്ക്‌ തടവ്‌

കരിഞ്ചന്തയിൽ വൃക്ക വിൽപന; 16 പേർക്ക്‌ തടവ്‌
January 02 04:44 2017

ബീജിങ്‌: കരിഞ്ചന്തയിൽ വൃക്ക വിൽപന നടത്തിയതിന്‌ ചൈനയിൽ 16 പേർക്ക്‌ തടവ്‌. അഞ്ച്‌ വർഷത്തെ തടവിനാണ്‌ ചൈനയിലെ പ്രദേശിക കോടതി ഉത്തരവിട്ടിരിക്കുന്നത്‌. ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ളവരാണ്‌ തട്ടിപ്പ്‌ സംഘത്തിലുള്ളത്‌.
നിയമവിരുദ്ധമായി വൃക്ക മറ്റീവ്ക്കൽ ശസ്ത്രക്രിയ നടത്തിയതായുള്ള വിവരം പുറത്തുവന്നതോടെയാണ്‌ പ്രതികൾ പൊലീസ്‌ പിടിയിലായത്‌. അവയവങ്ങളുടെ വിൽപന കരിഞ്ചന്തയിൽ എത്തിനിൽക്കുന്ന അവസ്ഥ ചൈനയിൽ വലിയ നിയമവിരുദ്ധ സംഘങ്ങളുടെ നിർമിതിക്ക്‌ കാരണമാകുന്നുണ്ട്‌.
ഇന്റർനെറ്റിലൂടെയാണ്‌ വൃക്ക ദാതാവിനെയും സ്വീകർത്താവിനെയും കണ്ടെത്തിയിരുന്നത്‌. രണ്ട്‌ ഡോക്ടർമാരും ഒരു നഴ്സും ഒരു അനസ്തീഷ്യസ്റ്റുമാണ്‌ പ്രധാനമായും രഹസ്യ വൃക്ക മറ്റീവ്ക്കൽ ശസ്ത്രിക്രിയക്ക്‌ നേതൃത്വം നടത്തിയിരുന്നത്‌. അവയവദാനത്തിനുള്ള ആളുകളുടെ കുറവാണ്‌ ഇത്തരമൊരു ബ്ലാക്ക്‌ മാർക്കറ്റിലേക്ക്‌ വഴിവെച്ചത്‌. 57000 ഡോളറാണ്‌ രോഗികളോട്‌ അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നതെന്ന്‌ ചൈനയിലെ ഷാൻഡോങ്ങ്‌ പ്രവിശ്യയിലെ ജിനാൻ നഗരത്തിലെ ലിഷിയ ജില്ലാ കോടതി പറഞ്ഞു.
2007 മുതൽ മനുഷ്യാവയവങ്ങൾ വിൽപന നടത്തുന്നത്‌ ചൈന നിയമം കൊണ്ട്‌ വിലക്കിയിരുന്നു. അവയവദാനത്തിൽ ലോകത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണ്‌ ചൈനയ്ക്കുള്ളത്‌. 0.6 ശതമാനം ആളുകൾ മാത്രമാണ്‌ ഇവിടെ അവയവദാനത്തിന്‌ തയ്യാറാകുന്നത്‌.

  Categories:
view more articles

About Article Author