കലാഭവൻ മണിയുടെ മരണം: സിബിഐ അന്വേഷണം തുടങ്ങി

കലാഭവൻ മണിയുടെ മരണം: സിബിഐ അന്വേഷണം തുടങ്ങി
May 19 04:45 2017

തൃശൂർ:”കലാഭവൻ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച്‌ സിബിഐ അന്വേഷണം ആരംഭിച്ചു. ചാലക്കുടി പൊലീസിൽ നിന്ന്‌ ഇന്നലെ സിബിഐ കേസ്‌ ഫയൽ ഏറ്റുവാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിഐ കൊച്ചി യൂണിറ്റ്‌ ഏറ്റെടുത്തത്‌.
അന്വേഷണ ചുമതല വഹിക്കുന്ന സിബിഐ ഡിവൈഎസ്പി ജോർജ്ജ്‌ ജെയിംസിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഡി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്നലെ ഉച്ചയോടെ രേഖകൾ ഏറ്റുവാങ്ങിയത്‌. ഏഴ്‌ വാല്യങ്ങളടങ്ങിയ 2229 പേജുള്ള കേസ്‌ ഡയറി, പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌, രാസപരിശോധന റിപ്പോർട്ട്‌, ഡിജിറ്റൽ രേഖകൾ തുടങ്ങിയവയാണ്‌ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ വി എസ്‌ ഷാജുവിൽ നിന്നും ഏറ്റുവാങ്ങിയത്‌.
2016 മാർച്ച്‌ ആറിനാണ്‌ കലാഭവൻ മണി മരണമടഞ്ഞത്‌. ഒഴിവുകാല വസതിയായ പാഡിയിൽ അവശനിലയിൽ കണ്ടെത്തിയ മണി ആശുപത്രിയിലെത്തിച്ചതിന്‌ ശേഷമാണ്‌ മരിച്ചത്‌. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫോറൻസിക്‌ രേഖകളിലെ വൈരുദ്ധ്യം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയുമാണ്‌ സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമുള്ളവർ ഉയർത്തിയത്‌. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽ ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ്‌ പൊലീസ്‌ പരിശോധിച്ചത്‌.

  Categories:
view more articles

About Article Author