കള്ളപ്പണം പിടിക്കാൻ ബ്രിട്ടനിൽ 12 വശമുള്ള നാണയം

കള്ളപ്പണം പിടിക്കാൻ ബ്രിട്ടനിൽ 12 വശമുള്ള നാണയം
January 02 04:45 2017

ലണ്ടൻ: രാജ്യത്ത്‌ കള്ളപ്പണം വ്യാപകമായതോടെ ബ്രിട്ടീഷ്‌ സർക്കാർ നട്ടം തിരിയുകയാണ്‌. കള്ളപ്പണത്തിന്റെ ഒഴുക്കിന്‌ അറുതിവരുത്താൻ നിലവിലുള്ള നാണയങ്ങൾ പിൻവലിച്ച്‌ 12 വശങ്ങളുള്ള ഒരു പൗണ്ട്‌ നാണയം പുറത്തിറക്കാനാണ്‌ ബ്രിട്ടൺ തീരുമാനിച്ചിരിക്കുന്നത്‌. മാർച്ച്‌ 28ന്‌ നാണയം പുറത്തിറങ്ങും
പഴയ ഒരു പൗണ്ട്‌ നാണയം ഒക്ടോബർ 15 വരെ ഉപയോഗിക്കാം. കാലാവധി തീരുന്നതിന്‌ മുമ്പ്‌ ബാങ്കിൽ നൽകി മാറ്റിവാങ്ങണമെന്ന്‌ പൊതുജനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.
1.3 ബില്യൺ വിലയുള്ള നാണയങ്ങളുടെ മൂന്നിലൊരു ഭാഗം പിഗ്ഗി ബാങ്കുകളിലും സേവിംഗ്‌ ജാറുകളിലുമായാണ്‌ സൂക്ഷിച്ചിരിക്കുന്നതെന്നാണ്‌ സർക്കാരിന്റെ കണക്കുകൂട്ടൽ. ജനങ്ങളിൽ നിന്ന്‌ തിരിച്ചുലഭിച്ച്‌ അസാധുവാക്കിയ നാണയങ്ങൾ ഉരുക്കി പുതിയ 12 വശങ്ങളുള്ള നാണയങ്ങൾ നിർമ്മിക്കും. കഴിഞ്ഞ മുപ്പത്‌ വർഷമായി രംഗത്തുണ്ടായിരുന്ന നാണയങ്ങളാണ്‌ പിൻവലിക്കുന്നത്‌.
2014 ബജറ്റിലാണ്‌ പുതിയ രൂപത്തിലുള്ള നാണയം പ്രഖ്യാപിച്ചത്‌. ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയം എന്ന അവകാശവാദത്തോടെയാണ്‌ കട്ടിംഗ്‌ എഡ്ജ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ദി റോയൽ മിന്റ്‌ നാണയം നിർമ്മിക്കുന്നത്‌. നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നാണയത്തിന്റെ വ്യാജനെ നിർമ്മിക്കാനാവില്ലെന്നും റോയൽ മിന്റ്‌ അവകാശപ്പെടുന്നു. 15 കാരനായ ഡേവിഡ്‌ പിയേഴ്സ്‌ ആണ്‌ പുതിയ നാണയത്തിന്റെ രൂപകൽപ്പന നിർവ്വഹിച്ചത്‌. മറ്റ്‌ മത്സരാർഥികളുടെ ആറായിരത്തോളം നിർദ്ദേശങ്ങളെ പരാജയപ്പെടുത്തിയാണ്‌ ഡേവിഡിന്റെ നാണയ മാതൃക അംഗീകാരം നേടിയത്‌.
പുതിയ നാണയം രണ്ട്‌ വ്യത്യസ്ത ലോഹങ്ങൾ ഉപയോഗിച്ചാണ്‌ നിർമ്മിക്കുന്നത്‌. സ്വർണ്ണനിറത്തിൽ നാണയത്തിന്റെ അരികുചേർന്നുള്ള വളയം നിക്കലും പിച്ചളയും ചേർത്താണ്‌ നിർമ്മിച്ചിരിക്കുന്നത്‌. അകത്തുള്ള വെള്ളിനിറത്തിലുള്ള പ്രതലം നിർമ്മിക്കാൻ നിക്കൽ പൊതിഞ്ഞ ലോഹസങ്കരമാണ്‌ ഉപയോഗിച്ചത്‌. ഒരു പൗണ്ടിന്‌ ഏകദേശം 83 ഇന്ത്യൻ രൂപയാണ്‌ മൂല്യം

  Categories:
view more articles

About Article Author