കള്ളപ്പണവും സ്വകാര്യബാങ്കുകളും സ്വകാര്യ ബാങ്ക്‌ ജീവനക്കാരും

April 01 04:45 2017

സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും കൈയ്യിലുള്ള പണം കോർപ്പറേറ്റ്‌ പെട്ടികളിൽ എത്തിക്കുക എന്ന ദൗത്യമാണ്‌ ഇപ്പോൾ മോഡി സർക്കാർ നിർവഹിക്കുന്നത്‌. കറൻസി നിരോധനപ്രഖ്യാപനം ദേശവിരുദ്ധവും ജനവിരുദ്ധവും ആണെന്ന്‌ മോഡി അനുകൂലികൾ പോലും ഇന്ന്‌ സമ്മതിക്കുകയാണ്‌. കോർപ്പറേറ്റ്‌ കൊള്ളയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കറൻസി നിരോധനം. കള്ളപ്പണം തടയാനാണ്‌ കറൻസി നിരോധിച്ചതെങ്കിലും കള്ളപ്പണം വെളുപ്പിക്കാൻ സർക്കാർ തന്നെ എല്ലാ ഒത്താശകളും ചെയ്തുവരുന്ന കാര്യം പൊതുസമൂഹം ഗൗരവമായി കാണണം.
നവലിബറൽ നയങ്ങൾ തുടരുമ്പോൾ പൊതുമേഖലയ്ക്ക്‌ സ്ഥാനമില്ല. പൊതുമേഖലാ ബാങ്കുകൾക്ക്‌ ശവപ്പെട്ടി ഒരുക്കുകയാണ്‌ മോഡി സർക്കാർ. സ്വകാര്യ വിദേശ ബാങ്കുകളെ താലോലിക്കുകയാണ്‌ സംഘികൾ. സാമൂഹ്യ പ്രതിബദ്ധത പൊതുമേഖലാ ബാങ്കുകൾക്ക്‌ മാത്രമാണ്‌ ബാധകം. കേവലം ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കുകൾ സമൂഹത്തിൽ ക്ലാസ്‌ ബാങ്കിങ്‌ പ്രോത്സാഹിപ്പിക്കുകയാണ്‌. ദേശസാൽക്കരണത്തിലൂടെ ഇന്ത്യൻ സമൂഹം നേടിയ പുരോഗതി പിറകോട്ട്‌ വലിക്കുന്ന നയങ്ങളാണ്‌ മോഡി സർക്കാർ തുടരുന്നത്‌. 1991-നു ശേഷം രൂപീകൃതമായ പല വമ്പൻ സ്വകാര്യബാങ്കുകളും അപ്രത്യക്ഷമായ കഥകൾ മോഡി ഇനിയും പഠിച്ചിട്ടില്ല എന്നതല്ല പ്രശ്നം. അദ്ദേഹത്തിന്റെ പാത നവലിബറൽ നയങ്ങളുടേതാണ്‌ എന്നതാണ്‌. തകരുന്ന സ്വകാര്യ ബാങ്കുകളെ സംരക്ഷിക്കാൻ പൊതുമേഖലാ ബാങ്കുകൾ തന്നെ വേണമായിരുന്നു. എന്നിട്ടും പൊതുമേഖലയുടെ പ്രാധാന്യം മറന്നുകൊണ്ട്‌ ദേശ-വിദേശ കുത്തുകകൾക്ക്‌ യഥേഷ്ടം വിഹരിക്കാൻ വാതിൽ തുറന്നിടുകയാണ്‌ ഭരണാധികാരികൾ.
1994-ൽ തുടങ്ങിയ ഗ്ലോബൽ ട്രസ്റ്റ്‌ ബാങ്കിന്റെ കാര്യം ഓർക്കുക. 2001-ൽ കേതൻപരേഖ്‌ ഉൾപ്പെടെ ഉന്നതർ നടത്തിയ ഓഹരി കുംഭകോണത്തിൽ ഗ്ലോബൽ ട്രസ്റ്റ്‌ ബാങ്ക്‌ തകർന്നു. ഈ ബാങ്ക്‌ ഏറ്റെടുത്ത ഓറിയന്റൽ ബാങ്ക്‌ ഓഫ്‌ കൊമേഴ്സിന്‌ ഓഹരി കുംഭകോണത്തിലെ 1000 കോടിയുടെ നഷ്ടം സഹിക്കേണ്ടിവന്നു. നഷ്ടം സഹിക്കാനും അതിനുവേണ്ടി പ്രവർത്തിച്ച സ്വകാര്യ സ്ഥാപനം ഏറ്റെടുക്കാനും പൊതുമേഖല തന്നെ വേണം. ഗ്ലോബൽ ട്രസ്റ്റ്‌ ബാങ്കിനുപുറമെ ടൈംസ്‌ ബാങ്ക്‌, സെഞ്ചൂറിയൻ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ പഞ്ചാബ്‌ എല്ലാം അപ്രത്യക്ഷമായി.
സ്വകാര്യ ബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന വാർത്തകൾ സാധാരണ ജനങ്ങളെ ഞെട്ടിക്കുകയാണ്‌. 2011-ൽ കോബ്രാ പോസ്റ്റ്‌ എന്ന ഓൺലൈൻ മാധ്യമം ബാങ്കുകൾ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറംലോകത്തെ അറിയിച്ചിരുന്നു. അത്തരം ഗൗരവമേറിയ വിഷയങ്ങൾ നമ്മുടെ മാധ്യമങ്ങൾ ഏറ്റെടുത്തില്ല. കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലുകൾ അന്നത്തെക്കാളും ഇന്ന്‌ കൂടുതൽ പ്രസക്തമാണ്‌. ഈ വെളിപ്പെടുത്തലുകളിൽ അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ല.
കോബ്രാപോസ്റ്റിന്റെ പ്രവർത്തകർ ബാങ്കുകളിൽ നേരിട്ട്‌ പോയപ്പോൾ ഉണ്ടായ നേരനുഭവങ്ങളാണ്‌ പുറംലോകത്തെ അറിയിച്ചത്‌. ഡൽഹി പാർലമെന്റ്‌ സ്ട്രീറ്റിലെ നിരവധി ബാങ്കുക ൾ പത്രപ്രവർത്തകർ നേരിട്ട്‌ സന്ദർശിച്ചു. സാധാരണ ജനങ്ങൾ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാൻ പാലിക്കേണ്ട ഒരു നിയമവും കള്ളപ്പണക്കാർക്ക്‌ ബാധകമല്ല. കെവൈസി മാനദണ്ഡമനുസരിച്ച്‌ ബാങ്കിൽ അക്കൗണ്ട്‌ തുടങ്ങാൻ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം. എന്നാൽ കള്ളപ്പണവുമായി ചെല്ലുന്നവർക്ക്‌ ഒരു രേഖയും ആവശ്യമില്ല. ആധാർകാർഡ്‌, പാൻകാർഡ്‌ തുടങ്ങിയ ഒരു രേഖയും നൽകാതെ കോടിക്കണക്കിന്‌ രൂപയാണ്‌ നിമിഷനേരംകൊണ്ട്‌ വെളുപ്പിക്കുന്നത്‌. കെവൈസി, ആദായനികുതി നിയമങ്ങൾ, റിസർവ്വ്‌ ബാങ്ക്‌ നിബന്ധനകൾ തുടങ്ങി എല്ലാ നിയമങ്ങളും സ്വകാര്യബാങ്കുകൾ ലംഘിക്കുകയാണ്‌. ഈ പ്രക്രിയ തുടരുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്‌ ഏതാനും ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്യുന്നതും നടപടികൾ സ്വീകരിക്കുന്നതും. അതുകൊണ്ടൊന്നും പ്രശ്നപരിഹാരമാവുകയില്ല. ഈ പ്രക്രിയ സ്വകാര്യ ബാങ്കുകളിൽ തുടർന്നുകൊണ്ടേയിരിക്കും. ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിബന്ധനമൂലമാണ്‌ താഴേതട്ടിലുള്ള ജീവനക്കാർ ഈ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്‌. കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നതിന്‌ 2013-ൽ റിസർവ്വ്‌ ബാങ്ക്‌ ആക്സിസ്‌ ബാങ്കിനെതിരെ പിഴയിട്ടിരുന്നു. 5 കോടി രൂപ പിഴയടച്ചിട്ടും ഇന്ന്‌ അവർ കള്ളപ്പണം വെളുപ്പിച്ചുകൊണ്ടേയിരിക്കുന്നു. തെറ്റായ കാര്യങ്ങൾ, രാജ്യദ്രോഹകരമായ കാര്യങ്ങൾ തുടരാൻ ആക്സിസ്‌ ബാങ്ക്‌ അധികാരികൾക്ക്‌ ഒരു മടിയും ഇല്ല.
നവംബർ 8-നു ശേഷം ആക്സിസ്‌ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും കണ്ടെടുത്ത കള്ളപ്പണം ഭീമമാണ്‌. രണ്ട്‌ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്തു. 19 ഉദ്യോഗസ്ഥരെ സസ്പെന്റ്‌ ചെയ്തു. താഴെതട്ടിലുള്ള ജീവനക്കാരെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ഒടുവിൽ അവരെ ബലിയാടാക്കുകയും ചെയ്യുന്നു. പ്രേരണ നൽകുന്ന ഉന്നതർ പാരിതോഷികങ്ങൾ പറ്റി വിരമിക്കുന്ന കാഴ്ചയാണ്‌ കണ്ടുവരുന്നത്‌. ആക്സിസ്‌ ബാങ്കിന്റെ സിഇഒ ശിഖാശർമ ഡിസംബർ 18-ന്‌ ആക്സിസ്‌ ബാങ്കിന്റെ ഇടപാടുകാർക്ക്‌ അയച്ച ഇ-മെയിൽ സന്ദേശം വായിക്കുക. “ചില ജീവനക്കാരുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച്‌ സമീപകാലത്തുണ്ടായ മാധ്യമവാർത്തകൾ എന്നെ നിരാശനാക്കുന്നുണ്ട്‌. ഞങ്ങളുടെ വിരലിലെണ്ണാവുന്ന ചില ജീവനക്കാരുടെ ചെയ്തികൾ മൂലം നിങ്ങളുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാൽ ഇനി അവ ആവർത്തിക്കാതിരിക്കാൻ ആവുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്‌. അത്തരത്തിലുള്ള എല്ലാ ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിച്ചിട്ടുമുണ്ട്‌.”
ഏഴ്‌ വർഷം മുമ്പാണ്‌ ശിഖാശർമ ആക്സിസ്‌ ബാങ്കിന്റെ അധികാരിയായി എത്തിയത്‌. അതിനുശേഷം ബാങ്കിന്റെ ബിസിനസിൽ ഇടപാടുകാരെ ആകർഷിക്കാൻ നിബന്ധനകൾ എല്ലാം കാറ്റിൽപറത്തി. ശാഖകളെ നിയന്ത്രിക്കാൻ റീജിയണൽ ഓഫീസും അതിനു മുകളിൽ ഹെഡ്‌ഓഫീസും എന്ന നിലയിലായിരുന്നു ആക്സിസ്‌ ബാങ്കിന്റെ പ്രവർത്തനം തുടരുന്നത്‌. ശിഖാശർമയുടെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി ശാഖകൾക്കും റീജിയണൽ ഓഫീസുകൾക്കും മധ്യേ ക്ലസ്റ്റർ ഹെഡ്‌ എന്ന പേരിൽ ഉദ്യോഗസ്ഥരെ നിയമിച്ചു. ഒരു ക്ലസ്റ്റർ ഹെഡിന്‌ 15 ശാഖകളുടെ ചുമതലയാണ്‌ നൽകിയത്‌. ശാഖകളിലെ ജീവനക്കാരിൽ താങ്ങാൻ പറ്റാത്ത രീതിയിൽ ബിസിനസ്‌ ലക്ഷ്യങ്ങൾ അടിച്ചേൽപ്പിച്ചു. ഇതോടെ ആക്സിസ്‌ ബാങ്കിലെ ബാങ്കിങ്‌ രീതിയും ശൈലികളും മാറാൻ തുടങ്ങി. നിയമങ്ങൾ എല്ലാം കാറ്റിൽ പറന്നു. ബിസിനസും ലാഭവും വർധിപ്പിക്കണം. അതിന്‌ എന്തും ചെയ്യാം എന്ന അവസ്ഥയാണ്‌ നിലവിൽ വന്നത്‌. 2015-ൽ സ്വയം വിരമിക്കൽ പദ്ധതി പ്രകാരം പല ഉന്നത ഉദ്യോഗസ്ഥരും ആക്സിസ്‌ ബാങ്കിനോട്‌ വിടപറഞ്ഞു. ഈ കൂട്ട വിടപറയലിന്റെ കാരണം അന്വേഷിച്ച്‌ നാം കൂടുതൽ അലയേണ്ടതില്ല. 2000 ജനുവരി മുതൽ 2009 ഏപ്രിൽ വരെ പി ജെ നായക്‌ ആയിരുന്നു ആക്സിസ്‌ ബാങ്കിന്റെ ചെയർമാൻ. പൊതുമേഖലാ ബാങ്കിങ്ങിന്റെയും ഗ്രാമീണ ബാങ്കിങ്ങിന്റെയും ഗ്രാമീണ ബാങ്കിങ്ങിന്റെയും സർവനാശത്തിന്‌ വഴിയൊരുക്കാൻ നിർദേശങ്ങൾ സമർപ്പിച്ച വ്യക്തിയാണ്‌ പി ജെ നായക്‌.
സാർവദേശീയ ബാങ്കിങ്‌ രംഗത്തും ഇത്തരം പ്രവണതകൾ കൂടിക്കൂടി വരികയാണ്‌. തെറ്റായ കാര്യങ്ങൾ ചെയ്യാൻ താഴെക്കിടയിലുള്ള ജീവനക്കാരെ നിർബന്ധിക്കുകയും ഒടുവിൽ അവരെ ബലിയാടാക്കുകയും ചെയ്യുന്നു. വെൽസ്‌ ഫാർഗോ ബാങ്കിൽ കോടിക്കണക്കിന്‌ വ്യാജ അക്കൗണ്ടുകൾ തുടങ്ങി. ഈ അക്കൗണ്ടുകളിൽ ഫീസ്‌ ഈടാക്കി ബാങ്കിന്റെ ലാഭം കൃത്രിമമായി വർധിപ്പിച്ചു. ഇതിന്റെ മറവിൽ പാരിതോഷികങ്ങൾ വാങ്ങി ഉന്നതർ റിട്ടയർ ചെയ്തു. ഇന്ന്‌ വെൽസ്‌ ഫാർഗോയിലെ ജീവനക്കാർ നിയമനടപടികൾ നേരിടുകയാണ്‌. ഇതേ അവസ്ഥയാണ്‌ ഇന്ത്യൻ ബാങ്കിങ്ങിൽ തുടരാൻ പോകുന്നത്‌. ആക്സിസ്‌ ബാങ്ക്‌ ഉൾപ്പെടെ കള്ളപ്പണം വെളുപ്പിക്കാൻ താഴെക്കിടയിലെ ജീവനക്കാരെ നിർബന്ധിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ മണിമാളികയിൽ ജീവിതം സുഖിച്ചുകഴിയുകയാണ്‌. തന്റെ ഗതികേടുകൊണ്ട്‌ ഇത്തരം നീച പ്രവർത്തികൾക്ക്‌ കൂട്ടുനിൽക്കേണ്ടിവരുന്ന ജീവനക്കാരന്‌ ജയിൽവാസം. അവന്റെ കുടുംബം അനാഥമാകുന്നു.
ഒരു കാരണവും കൂടാതെ തൊഴിലാളികളെ പിരിച്ചുവിടാൻ ആക്സിസ്‌ ബാങ്കിന്‌ സാധിക്കുന്നത്‌ മോഡി ഭരണത്തിന്റെ സംരക്ഷണം കൊണ്ട്‌ മാത്രമാണ്‌. ആക്സിസ്‌ ബാങ്കിലെ സ്റ്റാഫ്‌ റൂൾ 3.5 പ്രകാരം ഒരു ജീവനക്കാരനെ മതിയായ കാരണങ്ങളൊന്നുമില്ലാതെതന്നെ പിരിച്ചുവിടാവുന്നതാണ്‌. ഇതു പ്രകാരം പിരിച്ചുവിടപ്പെട്ട ജീവനക്കാരന്‌ വേറൊരു തൊഴിലും ലഭിക്കില്ല. തൊഴിലാളിയുടെ ജീവിതം ഒരു കടലാസിൽ ഒതുങ്ങുന്നു.
ഷൈവാലി പളിവൽ പതിനാലു വർഷത്തെ ബാങ്കിങ്‌ പരിചയമുള്ള ഉദ്യോഗസ്ഥയാണ്‌. ആറുവർഷമായി ആക്സിസ്‌ ബാങ്കിൽ ജോലി ചെയ്തുവരുന്നു. ആക്സിസ്‌ ബാങ്കിന്റെ രാജസ്ഥാനിലെ ആദ്യ വനിതാ മാനേജർ. ബാങ്കിന്റെ ജയ്പൂർ ശാഖയിലായിരുന്നു നിയമനം. അവരുടെ നേതൃത്വത്തിൽ ജയ്പൂർ ശാഖ മികച്ച ശാഖയായി മാറി. എന്നാൽ കോർ ബാങ്കിങ്‌ സംവിധാനം ഉപയോഗിച്ച്‌ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്‌ അധികാരികളെ ചൊടിപ്പിച്ചു. അവർ അധികാരികളുടെ നോട്ടപ്പുള്ളിയായി. മ്യൂച്വൽ ഫണ്ട്‌ ഇടപാടുകളിൽ കണ്ടെത്തിയ ചില പിശകുകൾ പുറത്തറിയിച്ചതാണ്‌ അവർ ചെയ്തതായി ആരോപിക്കുന്ന കുറ്റം. അധികാരികൾ വിദൂര സ്ഥലത്തേയ്ക്ക്‌ സ്ഥലം മാറ്റിയാണ്‌ പ്രതികാര നടപടികൾ തുടങ്ങിയത്‌. അനീതിക്കെതിരെ പോരാട്ടം തുടരാൻ തന്നെ അവർ തീരുമാനിച്ചു. മ്യൂച്വൽ തിരിമറികൾ, കള്ളപ്പണം, ഉന്നതരുടെ അനധികൃതമായ ഇടപെടൽ എല്ലാം അവർ ചോദ്യം ചെയ്തു. സ്റ്റാഫ്‌ റൂളിന്റെ 3.5 വകുപ്പ്‌ അനുസരിച്ച്‌ അവരെ ബാങ്കിൽ നിന്നും പിരിച്ചുവിട്ടു. 2014 ജൂലൈ 31-നാണ്‌ പിരിച്ചുവിട്ടത്‌. അന്യായമായ പിരിച്ചുവിടലിനെതിരെ കോടതിയിൽ കേസ്‌ തുടരുകയാണ്‌.
ആക്സിസ്‌ ബാങ്കിലെ വൈസ്‌ പ്രസിഡന്റായിരുന്നു ശരത്‌ ശുക്ല. കഴിഞ്ഞ ഒമ്പത്‌ വർഷമായി ആക്സിസ്‌ ബാങ്കിലെ വെൽത്ത്‌ മാനേജ്മെന്റ്‌ ഡിവിഷണിൽ ജോലി ചെയ്യുന്നു. ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ശുക്ലയെ അധികാരികൾ മുക്തകണ്ഠം പ്രശംസിച്ചു. ബാങ്കിന്റെ രഹസ്യങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട്‌ 2015 മാർച്ച്‌ 17-ന്‌ അധികാരികൾക്ക്‌ നൽകിയ റിപ്പോർട്ട്‌ അഭിനന്ദനത്തിനു പകരം ശിക്ഷിക്കാനാണ്‌ അധികാരികൾ ഉപയോഗിച്ചത്‌. ഉന്നത ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടൽ ചൂണ്ടിക്കാട്ടിയത്‌ അധികാരികളെ രോഷാകുലരാക്കി. ഇടപാടുകളിൽ കൃത്രിമം കാട്ടിയത്‌ ചൂണ്ടിക്കാട്ടാതിരിക്കാൻ സത്യസന്ധനായ ശുക്ലയ്ക്ക്‌ സാധിച്ചില്ല. ആക്സിസ്‌ ബാങ്കിന്റെ സബ്സിഡിയറിയായ ആക്സിസ്‌ കാപിറ്റലുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രശ്നങ്ങൾ ഉയർന്നത്‌. ഒടുവിൽ സ്റ്റാഫ്‌ റൂളിന്റെ 3.5 വകുപ്പു പ്രകാരം ശുക്ലയെ പിരിച്ചുവിട്ടു. അന്യായമായ പിരിച്ചുവിടലിനെതിരെ മുംബൈ ഹൈക്കോടതിയിൽ കേസ്‌ തുടരുന്നു.
മോഡി ഭരണം തുടരുമ്പോൾ സ്വകാര്യ ബാങ്കുകളും കോർപ്പറേറ്റുകളും ആഹ്ലാദനൃത്തം ചവിട്ടുകയാണ്‌. കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്ന സ്വകാര്യ ബാങ്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ റിസർവ്വ്‌ ബാങ്കും സർക്കാരും തയ്യാറല്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബാങ്കിങ്‌ സ്ഥാപനങ്ങളുടെ ലൈസൻസ്‌ റദ്ദാക്കണം. സാമ്പത്തികരംഗത്തെ അനാശാസ്യപ്രവണതകൾ അവസാനിപ്പിക്കണം. റിസർവ്വ്‌ ബാങ്കും ധനമന്ത്രാലയവും നീതി പാലിക്കണം. ജനവിരുദ്ധ പരിഷ്കാരങ്ങൾ ആപത്താണെന്ന്‌ തിരിച്ചറിയുക. ആക്സിസ്‌ ബാങ്ക്‌ ഉൾപ്പെടെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വേണം.
കെ ജി സുധാകരൻ

view more articles

About Article Author