കഴക്കൂട്ടം-അടൂർ മാതൃകാ സുരക്ഷാ റോഡ്‌ ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം-അടൂർ മാതൃകാ സുരക്ഷാ റോഡ്‌ ഉദ്ഘാടനം ചെയ്തു
January 12 04:44 2017

തിരുവനന്തപുരം: കഴക്കൂട്ടം മുതൽ അടൂർ വരെ നടപ്പിലാക്കുന്ന മാതൃകാ സുരക്ഷ റോഡ്‌ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പുമന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു. കേരള പൊതുമരാമത്ത്‌ വകുപ്പിന്റെ ഭാഗമായ കെഎസ്റ്റിപി, ലോകബാങ്ക്‌ സഹായത്തോടെ നടപ്പിലാക്കുന്ന രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.
ചടങ്ങിൽ സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. മേയർ അഡ്വ. വി കെ പ്രശാന്ത്‌, ഡോ. എ സമ്പത്ത്‌ എം പി ,അഡ്വ. ഡി കെ മുരളി എംഎൽഎ, മറ്റ്‌ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കെഎസ്റ്റിപി രണ്ടാംഘട്ട പദ്ധതിയിൽ 2403 കോടി രൂപയുടെ എട്ടു റോഡുകളുടെ പുനരുദ്ധാരണവും നവീകരണവുമാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇതിൽ ഉൾപ്പെട്ട പ്രധാന പദ്ധതിയാണ്‌ കഴക്കൂട്ടം മുതൽ അടൂർ വരെയുളള 78.65 കി.മീ ദൈർഘ്യമുളള മാതൃകാ സുരക്ഷാ റോഡ്‌. അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിനാണ്‌ ഡി പി ആർ തയ്യാറാക്കിയിട്ടുളളത്‌. റോഡുകളുടെ വികസനം സാധ്യമാക്കുന്നതിനോടൊപ്പം വാഹനങ്ങളുടെയും, കാൽനട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ ഇന്ന്‌ റോഡ്‌ സുരക്ഷയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. അതിനനുസരിച്ചാണ്‌ ഇത്‌ നടപ്പിലാക്കുന്നത്‌. 146 കോടി രൂപയുടെ അടങ്കൽ വരുന്ന ഈ പ്രവൃത്തിക്ക്‌ കരാർ നൽകിക്കഴിഞ്ഞു. പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി 16 മാസമാണ്‌. പൂർത്തീകരിച്ചു കഴിഞ്ഞാൽ ഇതേ കരാർ കമ്പനി തന്നെ ആറു വർഷത്തേക്ക്‌ റോഡ്‌ പരിപാലനം കൂടി നടത്തേണ്ടതുണ്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന ഈ റോഡിൽ ഓരോ ജില്ലയിലും ഒരു കിലോ മീറ്റർ വീതം പുതിയ സാങ്കേതികവിദ്യയായ പ്ലാസ്റ്റിക്‌ മിശ്രിതം ഉപയോഗിച്ചാണ്‌ റോഡ്‌ പണിയുന്നത്‌.
ഈ പ്രവൃത്തിയുടെ പൂർത്തീകരണത്തോടുകൂടി അപകട നിരക്ക്‌ ഗണ്യമായി കുറയുകയും ഇത്‌ അന്തർദേശീയ നിലവാരത്തിലുളള ഒരു മാതൃകാ റോഡായി മാറുകയും ചെയ്യും. കേരളത്തിൽ ഇത്തരത്തിലുള്ള 10 റോഡുകൾ കൂടി മാതൃകാ സുരക്ഷാ റോഡായി വികസിപ്പിക്കാൻ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുണ്ട്‌. ഇതിന്റെ വിജയത്തിനായി പോലീസ്‌, മോട്ടോർ വാഹന വകുപ്പ്‌, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്‌ എന്നീ വകുപ്പുകളുടെ സംയുക്തസമിതി രൂപീകരിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author